
വിശ്വനാഥൻ ആനന്ദിനു പിന്നാലെ ലോക ചെസിന് വീണ്ടും ഇന്ത്യയിൽ നിന്നൊരു ചാംപ്യൻ. അതും പതിനെട്ടു വയസു മാത്രം പ്രായമുള്ള അതുല്യ പ്രതിഭ. ദൊമ്മരാജു ഗുകേഷ് എന്ന തമിഴ്നാട്ടുകാരൻ അങ്ങനെ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. യുവതലമുറയിലെ കുട്ടികൾ ഇന്ത്യൻ ചെസിനു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ആവേശം പതിന്മടങ്ങായി വർധിപ്പിക്കാൻ ഉതകുന്ന ഗംഭീര നേട്ടമാണു ഗുകേഷിന്‍റെത്.
ലോക ചെസിൽ ഇന്ത്യയുടെ പ്രാധാന്യം അരക്കിട്ടുറപ്പിക്കുന്ന നേട്ടം. ലക്ഷക്കണക്കിനു ചെസ് പ്രേമികൾക്ക് ആഘോഷിക്കാൻ പറ്റിയ വിജയം. ലോക ചെസ് ചാംപ്യൻഷിപ്പ് കിരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്നതാണ് ഇനി മുതൽ ഗുകേഷിന്‍റെ വിശേഷണം. ഇതിലും വലിയൊരു സ്വപ്നം ഒരു ചെസ് താരത്തിന് എന്നെങ്കിലും സഫലമാക്കാനുണ്ടാവുമോ.
ഇന്ത്യയിൽ വളർന്നുവരുന്ന ഓരോ താരത്തിനും മാതൃകയായി ഇനി ഗുകേഷ് ഉണ്ടാവും. ഇനിയുള്ള നിരവധി വർഷങ്ങളിൽ ഈ താരത്തിന്‍റെ മുന്നേറ്റം ലോകം മുഴുവൻ ഉറ്റുനോക്കുകയും ചെയ്യും. 1985ൽ അനറ്റോളി കാർപ്പോവിനെ അട്ടിമറിച്ച് ലോക ചാംപ്യനാവുമ്പോൾ റഷ്യയുടെ ഗാരി കാസ്പറോവിനു പ്രായം 22 വയസായിരുന്നു. ലോക ചാംപ്യന്‍റെ പ്രായത്തിൽ അന്നു കാസ്പറോവ് സൃഷ്ടിച്ച റെക്കോഡാണ് ഇപ്പോൾ ഗുകേഷ് തിരുത്തിക്കുറിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ചെസ് താരമായ വിശ്വനാഥൻ ആനന്ദിന് അഞ്ചു തവണ ലോക ചാംപ്യനായ ചരിത്രമുണ്ട്.
ഇനി തുടർ വിജയങ്ങൾ നേടാനും ഇന്ത്യൻ ചെസിന്‍റെ അഭിമാനമായി തലയുയർത്തി നിൽക്കാനും ഗുകേഷിനും കഴിയട്ടെ. ലോക ചാംപ്യൻഷിപ്പിന്‍റെ 14 റൗണ്ട് പോരാട്ടത്തിൽ അവസാന മത്സരത്തിലെ അട്ടിമറി വിജയത്തിലൂടെയാണ് ഗുകേഷ് ചാംപ്യൻ പട്ടം ചൂടിയത്. നിലവിലുള്ള ചാംപ്യൻ ചൈനയുടെ ഡിങ് ലിറനെ അവസാനം മറികടന്ന ത്രില്ലിങ് ഗെയിം ഇന്ത്യൻ ചെസ് പ്രേമികൾ എളുപ്പമൊന്നും മറക്കില്ല. പോരാട്ടത്തിനൊടുവിൽ ലിറന് ആറരയും ഗുകേഷിന് ഏഴരയും പോയിന്‍റ്. സമനിലയിലേക്കു പോകുമെന്നു തോന്നിച്ച പതിനാലാം മത്സരത്തിൽ ലിറനു സംഭവിച്ച അബദ്ധം ഗുകേഷിനു തുണയായി എന്നും പറയാം. എതിരാളിക്കു പിഴയ്ക്കുമ്പോൾ അതു മുതലെടുക്കാൻ കഴിയുന്നത് ഏതു ഗെയിമിലും നേട്ടമാവുമല്ലോ.
രണ്ട് ഏഷ്യക്കാർ തമ്മിൽ ഏറ്റുമുട്ടുന്നുവെന്ന വിശേഷണം ചാർത്തിക്കിട്ടിയ ചാംപ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ തന്നെ വിജയം നേടിയ ഡിങ് ലിറൻ ഇന്ത്യൻ കൗമാരക്കാരന്‍റെ ലക്ഷ്യം വളരെയകലെയാണെന്നു സൂചിപ്പിച്ചതാണ്. എന്നാൽ, മൂന്നാം ഗെയിമിലെ വിജയത്തോടെ ചൈനീസ് താരത്തിന് ഒപ്പം പിടിച്ചു ഗുകേഷ്. പിന്നീട് തുടർച്ചയായി ഏഴു ഗെയിമുകളാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ പോരാട്ടത്തിന്‍റെ സസ്പെൻസും വർധിച്ചു. പതിനൊന്നാം ഗെയിമിൽ വിജയം കണ്ട ഗുകേഷ് ഇന്ത്യൻ പ്രതീക്ഷകൾ വാനോളം ഉയർത്തി.
എന്നാൽ, അടുത്ത ഗെയിമിൽ തിരിച്ചടിച്ച് ചൈനീസ് താരം ഒപ്പമെത്തുകയായിരുന്നു. ഇതോടെ അവസാന ഗെയിം നിർണായകമായി. അതിൽ ഇന്ത്യൻ മോഹങ്ങൾ ചിറകടിച്ചു പറക്കുകയും ചെയ്തു. അവസാന ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ചാണ് നിലവിലുള്ള ചാംപ്യനെ ഗുകേഷ് അട്ടിമറിച്ചത്. ഈ ഗെയിം സമനിലയിലായിരുന്നെങ്കിൽ ലോക ചാംപ്യനെ കണ്ടെത്താൻ ടൈബ്രേക്കർ വേണ്ടിവരുമായിരുന്നു. അതിനുള്ള സാധ്യതകൾ പലരും ഉറപ്പിച്ചിരിക്കെയാണ് ഇന്ത്യൻ താരത്തിന്‍റെ മിന്നും വിജയം.
ഈ വർഷം ഏപ്രിലിൽ ലോക ചാംപ്യനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്തുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ അത്ഭുത വിജയം നേടിയാണ് ഗുകേഷ് ചൈനീസ് താരത്തോട് ഏറ്റുമുട്ടാൻ സിംഗപ്പുരിൽ എത്തിയത്. ക്യാനഡയിൽ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്‍റിൽ വമ്പൻമാരെയെല്ലാം മറികടന്നുള്ള ഇന്ത്യൻ കൗമാരക്കാരന്‍റെ മുന്നേറ്റം വിദഗ്ധരുടെ പ്രവചനങ്ങൾക്കെല്ലാം അപ്പുറമുള്ളതായിരുന്നു. ആ ടൂര്‍ണമെന്‍റില്‍ വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ഗുകേഷ് മാറിയപ്പോൾ മുതൽ ഇന്ത്യൻ ചെസ് പ്രേമികൾ കാത്തിരിക്കുന്നത് ഈ ദിവസങ്ങളായി.
അവരുടെ കാത്തിരിപ്പ് വിഫലമായതുമില്ല. 2014ല്‍ ആനന്ദിനു ശേഷം കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്‍റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരവും ഗുകേഷ് തന്നെയാണ്. ഏഴാം വയസിൽ ചെസ് കളിച്ചു തുടങ്ങിയ ഗുകേഷ് പന്ത്രണ്ടാം വയസിൽ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്ററായ താരമാണ്. ലോക ചെസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റഷ്യൻ ഗ്രാൻഡ് മാസ്റ്റർ സെർജി കര്യാക്കിന്‍റെ റെക്കോഡ് മറികടക്കാനുള്ള അവസരം 17 ദിവസത്തെ വ്യത്യാസത്തിലാണ് അന്ന് ഗുകേഷിനു നഷ്ടമായത്. വിശ്വനാഥൻ ആനന്ദിന്‍റെ വെസ്റ്റ് ബ്രിഡ്ജ് അക്കാഡമിയുടെ അഭിമാനമായി വളർന്ന ഗുകേഷ് ലോക, ഏഷ്യൻ യൂത്ത് ചെസ് ചാംപ്യൻഷിപ്പുകളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 2022ലെ ചെന്നൈ ചെസ് ഒളിംപ്യാഡിൽ വ്യക്തിഗത സ്വർണമെഡലണിയുകയും ഇന്ത്യയെ വെങ്കല മെഡലിലേക്കു നയിക്കുകയും ചെയ്തു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിനു വെള്ളി നേടിക്കൊടുത്തതിലും ഗുകേഷിനു പങ്കുണ്ട്. ഇനിയും നിരവധി ചെസ് റെക്കോഡുകൾ ഈ താരത്തിന്‍റേതായി രാജ്യത്തിനു ലഭിക്കട്ടെ.