

ഭരണവിരുദ്ധ വികാരം പ്രകടമായ ജനവിധി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ വളരെ വ്യക്തമായി മനസിലാക്കേണ്ട പ്രധാന കാര്യം എൽഡിഎഫ് ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ട് എന്നു തന്നെയാണ്. എതിരാളികളുടെ വിജയത്തിന്‍റെ മാറ്റോ സ്വന്തം പരാജയത്തിന്‍റെ ആഴമോ എത്ര കുറച്ചുകാണാൻ ശ്രമിച്ചാലും അത് ഒരു സ്വയം ആശ്വാസം എന്നതിനപ്പുറം പ്രസക്തമാവുന്നതല്ല. ""ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ടു വച്ചു'' തുടങ്ങിയ പരിഹാസങ്ങളും ആക്ഷേപങ്ങളും ജനങ്ങൾക്കു നേരേ ചൊരിഞ്ഞതുകൊണ്ടും ഒരു പ്രയോജനവുമില്ല. കേരളത്തിന്‍റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇടതു മുന്നണിക്കു തിരിച്ചടിയുണ്ടായിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന സമനിലയാണ് എന്നതു കൊണ്ടു മാത്രം യുഡിഎഫിനൊപ്പമാണ് തങ്ങളും എന്ന് അവകാശപ്പെടാൻ എൽഡിഎഫിനു കഴിയില്ല. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും സംസ്ഥാനത്തെ ഭരണമുന്നണിക്കു കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട്. ജില്ലാ പഞ്ചായത്തുകളുടെ മൊത്തമുള്ള ഡിവിഷനുകളുടെ എണ്ണമെടുത്താലും യുഡിഎഫാണു മുന്നിൽ. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പു ഫലവുമായി താരതമ്യം ചെയ്യുകയാണെങ്കിൽ വലിയ പ്രഹരമാണ് ഇക്കുറി ജനങ്ങൾ എൽഡിഎഫിനു നൽകിയിരിക്കുന്നത്. കഴിഞ്ഞ തവണ 11 ജില്ലാ പഞ്ചായത്തുകൾ നേടിയതാണ് എൽഡിഎഫ്. ഇക്കുറി അത് ഏഴിലേക്കു താഴ്ന്നിട്ടുണ്ടെങ്കിൽ തന്നെ ജനവികാരം എതിരാണെന്നു വ്യക്തമാണല്ലോ.
തദ്ദേശ തെരഞ്ഞെടുപ്പിൽ കക്ഷി രാഷ്ട്രീയം മാത്രമല്ല സ്ഥാനാർഥികളുടെ വിജയത്തിനു കാരണമാവുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടാറുണ്ട്. അതു സത്യവുമാണ്. വ്യക്തിബന്ധങ്ങൾ വോട്ടെടുപ്പിൽ സ്വാധീനം ചെലുത്തുക പതിവാണ്. ബന്ധുവും അയൽവാസിയും അടുത്ത സുഹൃത്തും ഒക്കെയായ സ്ഥാനാർഥിക്ക് കക്ഷി രാഷ്ട്രീയം നോക്കാതെ വോട്ടു ചെയ്യും. ഓരോ വാർഡിലും ഇത്തരത്തിൽ നിരവധി വോട്ടുകൾ വീഴും. ഇത്തരത്തിലുള്ള ഘടകങ്ങളൊക്കെ പരിഗണിച്ചാലും അതിനൊക്കെ അപ്പുറത്ത് എൽഡിഎഫിനു രാഷ്ട്രീയ തിരിച്ചടിയുണ്ട് എന്നു കാണാവുന്നതാണ്. അതല്ലെങ്കിൽ തെക്കു മുതൽ വടക്കു വരെ ഏതാണ്ട് ഒരു ട്രെൻഡ് ദൃശ്യമാവില്ലല്ലോ. ഈ തെരഞ്ഞെടുപ്പുകാലത്ത് കത്തിനിന്നിരുന്ന പല വിഷയങ്ങളുമുണ്ട്. ശബരിമലയിലെ സ്വർണക്കൊള്ള വിവാദവും രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണവും അതിൽ ഉൾപ്പെടുന്നവയാണ്. അതിനൊപ്പം സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനവും വിഷയമായിരുന്നു. സർക്കാർ ജനവിരുദ്ധമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചപ്പോൾ ജനക്ഷേമ സർക്കാർ എന്നായിരുന്നു ഇടതുവാദം. ക്ഷേമപെൻഷൻ വർധനയടക്കം എൽഡിഎഫ് നേട്ടങ്ങളുടെ പട്ടികയിൽ പെടുത്തി. വോട്ടു ചെയ്യുമ്പോൾ എല്ലാ വിഷയങ്ങളും ജനങ്ങളുടെ മനസിലുണ്ടായിരുന്നു എന്നു മറക്കരുത്. നേട്ടമുണ്ടാക്കിയത് യുഡിഎഫും ബിജെപിയുമാണ് എന്നു വരുമ്പോൾ എൽഡിഎഫ് ആഴത്തിൽ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുകയാണ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആവശ്യമായ തിരുത്തലുകൾ സിപിഎമ്മും ഇടതു മുന്നണിയും നടത്തേണ്ടതുണ്ട്. തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന ഭരണം എന്ന എൽഡിഎഫ് ലക്ഷ്യം ജനങ്ങളാണു നടപ്പാക്കേണ്ടത്. അതിനു ജനവിശ്വാസം ആർജിക്കേണ്ടതുണ്ട്. മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം. മണി ജനങ്ങൾക്കെതിരേ നടത്തിയ അധിക്ഷേപ പരാമർശം തീരെ തരംതാഴ്ന്നു പോയി. ക്ഷേമപെൻഷൻ അർഹതപ്പെട്ടവരുടെ അവകാശമാണ്. അതു ജനങ്ങളുടെ പണം തന്നെയാണ്. പെൻഷൻ വാങ്ങുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണ്. തന്‍റെ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും തെറ്റു പറ്റിയെന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും നന്ന്. ജനാധിപത്യത്തിൽ ജനങ്ങളെ അപഹസിക്കുന്ന വാക്കുകൾ ഒരു നേതാവിൽ നിന്നും ഉണ്ടാവാൻ പാടില്ലാത്തതാണ്. റോഡും പാലവും നിർമിക്കുകയും മറ്റു വികസന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തത് ഞങ്ങളാണ് എന്നൊക്കെ അവകാശപ്പെടുന്നതിൽ തെറ്റൊന്നുമില്ല. അതു ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിക്കുകയുമാവാം. എന്നാൽ, പറയുന്നതൊക്കെ ജനങ്ങൾ അതേപടി അംഗീകരിച്ചുകൊള്ളണം എന്നു മാത്രം ശഠിക്കരുത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം വിജയങ്ങളുടെ തിളക്കമാണ് യുഡിഎഫിന് ഏറെയും പറയാനുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ഗംഭീര വിജയം മാത്രമല്ല എടുത്തുപറയാനുള്ളത്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ജനങ്ങൾ നൽകിയ മുൻതൂക്കവും ശ്രദ്ധേയമാണ്. വിജയത്തിന്‍റെ ഈ ഗ്രാഫ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് എത്തിക്കുക എന്നതാണു യുഡിഎഫ് നേതാക്കൾക്കു മുന്നിലുള്ള ലക്ഷ്യം. അതിന് ഇനി വേണ്ടത് ഒറ്റക്കെട്ടായ പ്രവർത്തനമാണ്. നല്ലൊരു ഭരണം കാഴ്ചവയ്ക്കാനുള്ള കെട്ടുറപ്പ് മുന്നണിക്കുണ്ടെന്നു ജനങ്ങൾക്കു ബോധ്യപ്പെടണം. മുഖ്യമന്ത്രിസ്ഥാനത്തിനും മറ്റ് അധികാര കസേരകൾക്കും വേണ്ടി കടിപിടി കൂടുന്നതാവരുത് ഇനിയുള്ള ദിനങ്ങൾ. സംസ്ഥാനത്തെ ആറു കോർപ്പറേഷനുകളിൽ നാലിലും യുഡിഎഫാണു മുന്നിലെത്തിയത്. തെരഞ്ഞെടുപ്പു നടന്ന 86ൽ 54 മുനിസിപ്പാലിറ്റിയും യുഡിഎഫിനൊപ്പം തന്നെ. അഞ്ഞൂറിലേറെ ഗ്രാമപഞ്ചായത്തുകളിൽ അവർക്കു ഭരണം ലഭിച്ചിരിക്കുന്നു. എൽഡിഎഫിനു കിട്ടുന്നത് 350ൽ താഴെ ഗ്രാമപഞ്ചായത്തുകളാണ്. 152ൽ 79 ബ്ലോക്ക് പഞ്ചായത്തുകളും യുഡിഎഫ് വിജയിച്ചവയാണ്. ഈ ചിത്രം നൽകുന്ന മുൻതൂക്കം ആത്മവിശ്വാസമാർജിക്കാൻ യുഡിഎഫിന് ഉപകാരപ്പെടും. എന്നാൽ, അമിത വിശ്വാസം അപകടകരമായി മാറാം. എല്ലാം തീരുമാനിക്കുന്നതു ജനങ്ങളാണെന്ന ബോധ്യം യുഡിഎഫിനും ഉണ്ടാവണം.
ചരിത്രത്തിലാദ്യമായി കേരളത്തിലെ ഒരു കോർപ്പറേഷൻ ഭരണം കൈപ്പിടിയിലാക്കിയിരിക്കുകയാണു ബിജെപി. തിരുവനന്തപുരത്തെ വിജയം കേരളത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആവേശം പകരുന്നതാണ്. സംസ്ഥാന തലസ്ഥാനത്തെ മാതൃകയാക്കിയുള്ള പ്രവർത്തനങ്ങൾ അവർക്കു ഭാവിയിൽ ഉപകാരപ്പെടും.
ചിട്ടയായ സംഘടനാ പ്രവർത്തനമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിയിച്ചത്. 26 ഗ്രാമപഞ്ചായത്തുകളിൽ ബിജെപി ഭരണമാവുന്നു എന്നതും നേട്ടം തന്നെയാണ്. കഴിഞ്ഞ തവണ 19 ഗ്രാമപഞ്ചായത്തുകളാണ് എന്‍ഡിഎയ്ക്കു കിട്ടിയിരുന്നത്. അവർ ഭരണത്തിലുള്ള പാലക്കാട് മുനിസിപ്പാലിറ്റിയിൽ വീണ്ടും മുന്നിലെത്തിയിട്ടുണ്ട്. പന്തളം നഗരസഭ നഷ്ടമായെങ്കിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിൽ ഏറ്റവും വലിയ കക്ഷിയായി. ബിജെപി മുഖ്യപ്രതിപക്ഷമായ തദ്ദേശ സ്ഥാപനങ്ങളും പലതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കാനുള്ള ലക്ഷ്യത്തിലേക്കു പ്രതീക്ഷയോടെ നീങ്ങാൻ ഈ ഫലങ്ങൾ സഹായിക്കും.