ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷാവസരം

ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് നേടുന്നത്.
A time for celebration for Indian cricket

ഇന്ത്യൻ ക്രിക്കറ്റിന് ആഘോഷാവസരം

Updated on

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ആവേശഭരിതരാണ്. പാക്കിസ്ഥാനെ കീഴടക്കി ഏഷ്യാ കപ്പ് കിരീടം ചൂടിയത് ആഘോഷിക്കാനുള്ള വക തന്നെയാണ്. 41 വർഷത്തെ ഏഷ‍്യാ കപ്പ് ചരിത്രത്തിൽ ആദ‍്യമായാണ് ഇന്ത‍്യയും പാക്കിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയത്. ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിൽ കലാശപ്പോരിലെ ത്രില്ലറിൽ ഇന്ത്യ നേടിയ വിജയം കോടിക്കണക്കിന് ആരാധകർ കാത്തിരിക്കുന്നതായിരുന്നു.

എന്നു മാത്രമല്ല ടൂർണമെന്‍റിൽ മൂന്നു തവണയാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാക്കിസ്ഥാനെതിരേ അനായാസ വിജയമായിരുന്നു ഇന്ത്യയുടേത്. സൂര‍്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം ടൂർണമെന്‍റിൽ തോൽവി അറിഞ്ഞിട്ടേയില്ലെന്നതും എടുത്തുപറയണം. അത്ര ഗംഭീര പ്രകടനമായിരുന്നു ടീമിന്‍റേത്. ടി 20 ഫോർമാറ്റിൽ ഇന്ത്യയുടെ ആധിപത്യം ആവർത്തിച്ചു വ്യക്തമാക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിന്‍റെയും ഓപ്പറേഷൻ സിന്ദൂറിന്‍റെയും പശ്ചാത്തലത്തിൽ പാക് താരങ്ങളുമായി ഹസ്തദാനം നടത്താൻ ഇന്ത്യൻ ടീം തയാറായില്ലെന്നത് ഈ ടൂർണമെന്‍റിന്‍റെ പ്രത്യേകതയാണ്. മൂന്നു തവണ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഹസ്തദാനത്തിൽ നിന്ന് ഇന്ത്യൻ താരങ്ങൾ വിട്ടുനിന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചപ്പോൾ ആ വിജയം ഇന്ത്യൻ സൈനികർക്കും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കുമാണ് നായകൻ സൂര‍്യകുമാർ യാദവ് സമർപ്പിച്ചത്.

പാക്കിസ്ഥാൻ ആഭ്യന്തര മന്ത്രിയും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാനും എസിസി പ്രസിഡന്‍റുമായ മുഹസിൻ നഖ്‌വിയിൽ നിന്ന് കലാശപ്പോരിനു ശേഷം ജേതാക്കൾക്കുള്ള ട്രോഫിയും ഇന്ത്യൻ ടീം ഏറ്റുവാങ്ങിയില്ല. മറ്റാരെങ്കിലും ട്രോഫി നൽകട്ടെ എന്നതായിരുന്നു ഇന്ത്യൻ ടീമിന്‍റെ നിലപാട്. നഖ്‌വി ഇതിനു സമ്മതിക്കാതെ ട്രോഫിയുമായി സ്റ്റേഡിയം വിട്ടത് ഇന്ത്യയുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഏഷ്യാ കപ്പിൽ നിന്നു ലഭിച്ച മാച്ച് ഫീസ് മുഴുവൻ ഇന്ത്യൻ സൈനികർക്കും പഹൽഗാം ആക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കും നൽകുമെന്നും സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യക്കെതിരേ ഭീകരപ്രവർത്തനം പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് മത്സരത്തിലെ തോൽവികൾക്കു പുറമേ ക്രിക്കറ്റിൽ നിന്നു കിട്ടിയ കനത്ത തിരിച്ചടിയായി ഇതിനെ കാണാവുന്നതാണ്. ഇതേക്കുറിച്ചുള്ള ചർച്ചകൾ വരുംദിവസങ്ങളിലും ക്രിക്കറ്റിലും പുറത്തുമുണ്ടാവും. ഫൈനലിലെ ഇന്ത്യയുടെ വിജയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത് "മൈതാനത്തെ ഓപ്പറേഷൻ സിന്ദൂർ' എന്നാണ്.

ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് നേടുന്നത്. ഏഷ്യാകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയം നേടിയിട്ടുള്ളതും ഇന്ത്യയാണ്. അതേസമയം, രണ്ടു തവണയാണു പാക്കിസ്ഥാൻ ചാംപ്യൻമാരായിട്ടുള്ളത്. ഒരു സമ്മർദത്തിനും ഇന്ത്യ അടിപ്പെടില്ലെന്നു തെളിയിച്ച ടൂർണമെന്‍റാണിത്. ബിസിസിഐ പ്രഖ്യാപിച്ച 21 കോടി രൂപയുടെ പാരിതോഷികം ടീമിന്‍റെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമാണ്. അവസാന ഓവർ വരെ ആവേശം മുറ്റിനിന്ന ഫൈനലിൽ പാക്കിസ്ഥാന്‍റെ ചെറിയ സ്കോർ പിന്തുടർന്ന ഇന്ത്യ രണ്ടു പന്തും അഞ്ചു വിക്കറ്റും ശേഷിക്കെയാണ് ലക്ഷ്യത്തിലെത്തിയത്.

ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 146 റൺസിന് ഓൾഔട്ടാകുകയായിരുന്നു. 30 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ് പാക് നിരയെ തകർത്തു എന്നു പറയാം. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്ഷർ പട്ടേൽ എന്നിവർ രണ്ടു വീതം വിക്കറ്റ് നേടി. സാഹിബ്സാദാ ഫർഹാനും (57) ഫഖർ സമനും (46) ചേർന്ന് 84 റൺസിന്‍റെ ഓപ്പണിങ് കൂട്ടുകെട്ടുയർത്തിയപ്പോൾ പാക്കിസ്ഥാനു വലിയ സ്കോർ മുന്നിൽ കാണാൻ കഴിഞ്ഞതാണ്, പക്ഷേ, ഇന്ത്യൻ ബൗളർമാർ പിന്നീട് അവരെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചു. 113 റൺസിൽ രണ്ടാം വിക്കറ്റും വീണ ശേഷം പാക്കിസ്ഥാൻ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

അതേസമയം തുടക്കത്തിൽ തകർച്ച നേരിട്ട ഇന്ത്യയെ തിലക് വർമയുടെ ധീരമായ ബാറ്റിങ് വിജയത്തിലേക്കു നയിച്ചു. 53 പന്തിൽ 69 റൺസെടുത്തു പുറത്താകാതെ നിന്ന തിലക് വർമ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ഒന്നാകെ ആവേശം കൊള്ളിക്കുകയായിരുന്നു. അഭിഷേക് ശർമയെയും സൂര്യകുമാർ യാദവിനെയും ശുഭ്മാൻ ഗില്ലിനെയും 20 റൺസ് എടുക്കുന്നതിനിടെ നഷ്ടമായ ഇന്ത്യ പ്രതീക്ഷയിലേക്കു തിരിച്ചുവന്നത് തിലക് വർമയും സഞ്ജു സാംസണും (24) ചേർന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ്.

സഞ്ജു പുറത്തായ ശേഷം ശിവം ദുബെ(33)യെ കൂട്ടുപിടിച്ച് തിലക് സ്കോർ ഉയർത്തി. അവസാന ഓവറിൽ ജയിക്കാൻ 10 റൺസ് വേണമെന്ന ഘട്ടത്തിൽ ഹാരിസ് റൗഫിന്‍റെ രണ്ടാമത്തെ പന്ത് സിക്സറടിച്ച തിലക് ഇന്ത്യയെ ജയത്തിനു തൊട്ടടുത്തെത്തിച്ചു. നാലാമത്തെ പന്ത് ബൗണ്ടറി കടത്തിയ റിങ്കു സിങ് വിജയം പൂർത്തിയാക്കുകയും ചെയ്തു. തുടക്കത്തിലെ തകർച്ചയിലും പതറാതെ പിടിച്ചുനിന്ന് പൊരുതിക്കയറിയ യുവനിര ഇന്ത്യൻ ക്രിക്കറ്റിനു നൽകുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല.

2022നു ശേഷം തുടർച്ചയായി മൂന്ന് ഏകദിനങ്ങളിലും നാല് ടി 20കളിലും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഇതുവരെ നടന്ന ടി 20 മത്സരങ്ങളിൽ ബഹുഭൂരിഭാഗവും വിജയിച്ചിട്ടുള്ളത് ഇന്ത്യയാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച ടി 20 ടീമാണ് ഇന്ത്യയുടേതെന്ന സുനിൽ ഗവാസ്കറുടെ വിശേഷണം ഇപ്പോഴത്തെ ടീമിനുള്ള അംഗീകാരമാണ്. 22കാരൻ തിലക് വർമയുടെ ദുബായ് സ്റ്റേഡിയത്തിലെ വീരോചിതമായ ബാറ്റിങ് ക്രിക്കറ്റ് ആരാധകരുടെ മനസിൽ എന്നുമുണ്ടാവും. തിലക് വർമയിൽ നിന്നു കിട്ടിയ പ്രഹരം പാക്കിസ്ഥാനും മറക്കാനാവില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com