ലൈഫ് മിഷൻ ക്രമക്കേടുകൾ അന്വേഷിക്കപ്പെടട്ടെ

ലൈഫ് മിഷന്‍റെ ഭാഗമായി ഫ്ലാറ്റുകൾ നിർമിച്ചതിലുണ്ടായ അപാകതകളെക്കുറിച്ചു പരിശോധിക്കപ്പെടേണ്ടതുണ്ട്.
 Life Mission

ലൈഫ് പദ്ധതി

Updated on: 

സാമൂഹിക വികസനത്തിന്‍റെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടു പോകാവുന്ന നിർധനരെയും അഗതികളെയും പൊതുധാരയോടൊപ്പം ചേർക്കുന്നതിന് അവരുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷനു സർക്കാർ രൂപം നൽകിയത്. ഭവനരഹിതരായ ലക്ഷക്കണക്കിനാളുകൾക്കു സുരക്ഷിതമായ പാർപ്പിടം ഒരുക്കുന്നത് ഇതിന്‍റെ ഭാഗമാണ്. മുൻ എൽഡിഎഫ് സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി അവർ ഉയർത്തിക്കാണിച്ചിരുന്ന പ്രധാന പദ്ധതിയുമാണിത്. ലൈഫ് മിഷനിലൂടെ അഞ്ചു ലക്ഷത്തിലധികം വീടുകളുടെ നിർമാണം പൂർത്തിയാക്കിയെന്നും ഭൂരഹിതർക്കായി ഭവനസമുച്ചയങ്ങൾ നിർമിച്ചുവെന്നും എൽഡിഎഫ് സർക്കാർ അവകാശപ്പെട്ടിരുന്നു. ലൈഫ് പദ്ധതിയിൽ നിർമിച്ചിട്ടുള്ള വീടുകളിൽ ഇന്നു നിരവധിയാളുകൾ താമസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ നാടിന് ഏറെ ഗുണകരമായ പദ്ധതിയാണിത്. ഭവനരഹിതരായ മുഴുവൻ ആളുകൾക്കും സ്വന്തം ഭവനം ഒരുക്കിക്കൊടുക്കാൻ ഭവനപദ്ധതിയുടെ തുടർച്ച അനിവാര്യവുമാണ്.

അപ്പോഴും ലൈഫ് മിഷൻ പദ്ധതികളിലെ ക്രമക്കേടുകളെക്കുറിച്ചും അഴിമതികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തേണ്ടതും കുറ്റക്കാരെ കണ്ടെത്തി പുറത്തുകൊണ്ടു വരേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് ലൈഫ് മിഷന്‍റെ ഭാഗമായി ഫ്ലാറ്റുകൾ നിർമിച്ചതിലുണ്ടായ അപാകതകളെക്കുറിച്ചു പരിശോധിക്കപ്പെടേണ്ടതുണ്ട്. കോടിക്കണക്കിനു രൂപയുടെ അഴിമതി ഫ്ലാറ്റുകളുടെ നിർമാണത്തിലുണ്ടായിട്ടുണ്ടെന്ന ആരോപണം ശക്തമായിരിക്കെ യുഡിഎഫ് സർക്കാർ അതു കണ്ടില്ലെന്നു നടിക്കുന്നതല്ല ഉചിതമായ നടപടി. പാവപ്പെട്ട ജനങ്ങളെ ഗുണനിലവാരമില്ലാത്ത ഭവനങ്ങളിലെത്തിച്ച് അവർക്കു വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന പണത്തിൽ നിന്നു കവർച്ച നടത്തിയവരുണ്ടെങ്കിൽ അവർ മനുഷ്യത്വം തൊട്ടുതീണ്ടാത്തവരാണ്. ഗുണനിലവാരമില്ലാത്ത ഭവനസമുച്ചയങ്ങളിലെത്തിയ പാവപ്പെട്ടവർ അവിടെ അനുഭവിക്കുന്ന മുഴുവൻ ക്ലേശങ്ങൾക്കും കാരണം നിർമാണസമയത്തു ക്രമക്കേടു നടത്തിയവരാണ്. കൊച്ചിയിലെ മുണ്ടംവേലി ലൈഫ് ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടിനെക്കുറിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അതുകൊണ്ടു തന്നെ ഉചിതമായ നടപടിയായി. ക്രമക്കേടുകൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് പ്രാഥമിക അന്വേഷണം നടത്താനുള്ള അനുമതിയാണ് ഇപ്പോൾ ആഭ്യന്തര വകുപ്പ് നൽകിയിട്ടുള്ളത്. മിന്നല്‍ പരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിനു തീരുമാനമായിരിക്കുന്നത്. ഈ ഫ്ലാറ്റുകളിൽ ദുരിതജീവിതം നയിക്കുന്ന ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഈ അന്വേഷണത്തെ കാണുക. ഗൗരവമായ അന്വേഷണം വിഷയത്തിലുണ്ടാവണം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്.

ഗാന്ധിനഗറിൽ പേരണ്ടൂർ കനാൽ തീരത്ത് വെള്ളപ്പൊക്കവും ദുരിതങ്ങളും നിറഞ്ഞ പി ആൻഡ് ടി കോളനിയിൽ കഴിഞ്ഞിരുന്ന 78 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായാണ് 17 കോടിയോളം രൂപ ചെലവഴിച്ച് മുണ്ടംവേലിയിൽ ഫ്ലാറ്റ് നിര്‍മിച്ചത്. 2024 ജനുവരി അവസാനം പുതിയ ഫ്ലാറ്റിൽ താമസം തുടങ്ങുമ്പോൾ അവർ സ്വപ്നം കണ്ടതു സുരക്ഷിതവും സ്വസ്ഥവുമായ ജീവിതമാണ്. പക്ഷേ, ഈ നാളുകളിലൊക്കെ അവർക്ക് അനുഭവിക്കേണ്ടി വന്നതോ ദുരിതങ്ങളുടെ തുടർച്ചയും. താമസം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗുരുതരമായ അപാകതകള്‍ ഈ ഭവനസമുച്ചയത്തിൽ ദൃശ്യമായി. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുകയും ഭിത്തിയിലൂടെ വെള്ളം ഒലിച്ചിറങ്ങുകയും ഫ്ലാറ്റ് വാസയോഗ്യമല്ലാതായി തീരുകയും ചെയ്തു. മഴ പെയ്താൽ ചോർന്നൊലിക്കുന്ന ഫ്ലാറ്റിൽ ഭക്ഷണം പാചകം ചെയ്യാനോ ഉറങ്ങാനോ കഴിയാതായി. മുകൾ നിലയിലെ ശുചിമുറികളിൽ നിന്നുള്ള മലിനജലം താഴെയുള്ള താമസക്കാരുടെ അടുക്കളയിലും കിടപ്പുമുറികളിലും എത്തി. ഫാനുകൾ പൊട്ടിവീണു. ഭിത്തിയിലെ തേപ്പ് അടർന്നുവീണു. കെട്ടിടത്തിന്‍റെ തൊട്ടടുത്തുകൂടെയാണ് 110 കെവി ലൈൻ പോകുന്നത്. അതുമൂലം താമസക്കാരുടെ വൈദ്യുതോപകരണങ്ങൾ, ഫാനും മിക്സിയും ടിവിയുമൊക്കെ, കേടാകുന്നതു പതിവായി. ചുമരുകളിൽ നിന്നു ഷോക്കേൽക്കുന്നതും ഭീഷണിയായി. മലിനജലം റോഡിലേക്ക് ഒഴുകിയത് പരിസരവാസികളുടെ പരാതിക്ക് ഇടയാക്കി. സുരക്ഷിതമായ പാർപ്പിടം ആവശ്യപ്പെട്ട് ഫ്ലാറ്റ് നിവാസികൾ ഇപ്പോൾ സമരം നടത്തിവരികയാണ്. ഈ കെട്ടിട സമുച്ചയം പൊളിച്ചുകളയേണ്ടിവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞതു കഴിഞ്ഞ ദിവസമാണ്. ഫ്ലാറ്റ് താമസയോഗ്യമാക്കണമെങ്കിൽ 27 കോടിയോളം രൂപ ചെലവുവരുമെന്നാണ് ഐഐടി മദ്രാസിന്‍റെ വിദഗ്ധസംഘം നടത്തിയ പഠനത്തിൽ പറയുന്നത്. അതുകഴിഞ്ഞാൽ പോലും താമസിക്കാൻ കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. പുനരധിവാസ നടപടികളാണ് ഫ്ലാറ്റ് നിവാസികളും ആവശ്യപ്പെടുന്നത്.

ഫ്ലാറ്റ് നിർമാണത്തിലെ അപാകതയിൽ കരാറുകാരും ഉദ്യോഗസ്ഥരും പരസ്പരം പഴിചാരുകയാണു ചെയ്യുന്നത്. എസ്റ്റിമേറ്റ് വെട്ടിച്ചുരുക്കി പദ്ധതി തകരാറിലാക്കിയത് ജിസിഡിഎ ആണെന്നു നിര്‍മാണക്കരാർ എടുത്തിരുന്ന തൃശൂര്‍ ഡിസ്ട്രിക്റ്റ് ലേബർ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റിവ് സൊസൈറ്റി ആരോപിക്കുന്നു. കരാർ കമ്പനിയുടെ വീഴ്ചയാണു പ്രശ്നങ്ങൾക്കു കാരണമെന്ന് ജിസിഡിഎ കുറ്റപ്പെടുത്തുന്നു. എന്തായാലും കരാറുകാരുടെയും ജിസിഡിഎയുടെ എൻജിനീയറിങ് വിഭാഗത്തിന്‍റെയും ഭാഗത്തു നിന്നു ഗുരുതരമായ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാണിക്കുന്നവരുണ്ട്. ഇത്തരം പാളിച്ചകൾ ഇനിയും ആവർത്തിക്കാതിരിക്കണമെങ്കിൽ മുണ്ടംവേലിയിലെ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്കു വിധേയമാവുക തന്നെ വേണം.

നേരത്തേ ഇടുക്കി കരിമണ്ണൂരിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്‍റെ നിർമാണത്തിലും ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷം പിന്നിട്ടപ്പോഴേക്കും കെട്ടിടത്തിന്‍റെ വിവിധ ഭാഗങ്ങൾക്കു തകർച്ചയുണ്ടായി. കോഴിക്കോട് ചാത്തമംഗലം ലൈഫ് മിഷൻ ഭവനസമുച്ചയം പദ്ധതിയും വിവാദത്തിലാണ്. നിർമാണത്തിൽ ഗുരുതരമായ അപാകതകളും അഴിമതിയും നടന്നു എന്നാണ് ആരോപണം. നിർമാണം അനന്തമായി നീളുകയാണ്. ഇനിയും ഭവന സമുച്ചയങ്ങളുടെ നിർമാണത്തെക്കുറിച്ചു സർക്കാർ ആലോചിക്കുമ്പോൾ ഇതൊക്കെ പാഠമായി കണക്കിലെടുക്കേണ്ടതുണ്ട്.

logo
Metro Vaartha
www.metrovaartha.com