പറക്കാൻ നേരം പെരുവഴി കാട്ടരുത്| മുഖപ്രസംഗം

ബസിലായാലും ട്രെയ്‌നിലായാലും വിമാനത്തിലായാലും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കേണ്ട ജീവനക്കാർക്ക് വളരെ വലിയ ഉത്തരവാദിത്വമാണുള്ളത്
air india express
air india express

സ്വകാര്യവത്കരണത്തിനു ശേഷവും എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ഗതികേടു മാറിയിട്ടില്ലെന്നു വരുന്നതു വളരെയേറെ നിരാശയുണ്ടാക്കുന്നതാണ്. കഴിഞ്ഞ മണിക്കൂറുകളിലുണ്ടായ ഒരൊറ്റ സംഭവം മതി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അതിന്‍റെ വിശ്വാസ്യതയും പ്രൊഫഷനൽ സമീപനവും ഇനിയും അരക്കിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്നു ബോധ്യപ്പെടാൻ. സീനിയര്‍ ക്യാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽ പണിമുടക്കിനെത്തുടർന്നു ചൊവ്വാഴ്ച രാത്രി മുതൽ തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളാണ് മുൻകൂട്ടി യാതൊരു അറിയിപ്പുമില്ലാതെ റദ്ദാക്കിയത്. അലവൻസ് കാര്യം അടക്കമുള്ള കമ്പനി നയങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുക്കുകയായിരുന്നു. ഇതോടെ ഷെഡ്യൂൾ അനുസരിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ നടത്താൻ കമ്പനിക്കു കഴിയാതായി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആയിരക്കണക്കിനു യാത്രക്കാരാണു കുടുങ്ങിപ്പോയത്. യാത്രക്കാരെ കൃത്യമായി വിവരങ്ങൾ അറിയിക്കുന്നതിലും യാത്ര മുടങ്ങിയവർക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലും വരെ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ആക്ഷേപം ഉയരുമ്പോൾ ഒട്ടും നിസാരമായി ഇതിനെ കാണാൻ കഴിയില്ല.

കേരളത്തില്‍ മാത്രം എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ നിരവധി സര്‍വീസുകളാണു റദ്ദാക്കിയത്. കരിപ്പൂരില്‍ നിന്നുള്ള റാസല്‍ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് വിമാനങ്ങളും തിരുവനന്തപുരത്തു നിന്നുള്ള മസ്‌കറ്റ്, ദുബായ്, അബുദാബി, വിമാനങ്ങളും നെടുമ്പാശേരിയില്‍ നിന്നുള്ള ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടുന്നുണ്ട്. നെടുമ്പാശേരിയില്‍ നിന്നു ബംഗളൂരുവിലേക്കുള്ള വിമാനവും റദ്ദാക്കി. കണ്ണൂരിൽ നിന്നുള്ള സർവീസുകളും മുടങ്ങിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയും ഇന്നലെ അതിരാവിലെയും വിമാനത്താവളങ്ങളിലെത്തിയ നൂറുകണക്കിനു യാത്രക്കാർ ചെക് ഇൻ ചെയ്തതിനു ശേഷമാണ് സർവീസ് റദ്ദാക്കിയെന്ന് അറിയുന്നത്. അതിനും മണിക്കൂറുകൾ മുൻപ് തുടങ്ങിയതാണ് വീടുകളിൽ നിന്ന് വിമാനത്താവളത്തിലേക്കുള്ള അവരുടെ യാത്രയും അതിനായുള്ള ഒരുക്കങ്ങളും. യാത്രാപദ്ധതി തകിടം മറിഞ്ഞാൽ പ്രവാസികൾ അനുഭവിക്കേണ്ടിവരുന്ന ദുരിതം എത്ര വലുതാണെന്ന് അനുഭവിച്ചവർക്കേ മനസിലാവൂ. എന്തെന്തു സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസിയും വിദേശ യാത്രകൾക്ക് വിമാനത്താവളങ്ങളിലെത്തുന്നത്. അവിടെ അവരുടെ പ്രതീക്ഷകളല്ലേ അവിടെ പൂത്തുനിൽക്കേണ്ടത്, അല്ലാതെ കണ്ണീരും നിരാശയും പ്രതിഷേധവുമല്ലല്ലോ.

എന്തായാലും സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ എക്‌സ്പ്രസ് കമ്പനിയോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നു. ടിക്കറ്റിന്‍റെ പണം മടക്കി വാങ്ങാനോ സര്‍വീസ് റീഷെഡ്യൂള്‍ ചെയ്യാനോ യാത്രക്കാര്‍ക്ക് അവസരം ഒരുക്കുമെന്നു കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. ഡിജിസിഎ ചട്ടങ്ങൾക്കനുസരിച്ച് യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും വിമാനക്കമ്പനി അധികൃതർ ഒരുക്കിക്കൊടുക്കേണ്ടതാണ്. അതിൽ വീഴ്ച വരുന്നുവെങ്കിൽ ഉചിതമായ നടപടിയെടുക്കാൻ മന്ത്രാലയം തയാറാവണം. ഇത്തരത്തിലുള്ള മിന്നൽ പണിമുടക്കുകൾ രാജ്യത്തുള്ള ഒരു വിമാനക്കമ്പനിയിലും ഇനി ആവർത്തിക്കാതിരിക്കട്ടെ. അവകാശങ്ങൾക്കു വേണ്ടി ശബ്ദിക്കാനും അവകാശനിഷേധങ്ങളിൽ പ്രതിഷേധിക്കാനും എല്ലാ ജീവനക്കാർക്കും കഴിയണം. പക്ഷേ, അവശ്യ സർവീസുകളിൽ ജനങ്ങളുടെ ദുരിതം മുൻകൂട്ടി കണ്ടുകൊണ്ടു തന്നെ വേണം ഏതു സമരമുറയും സ്വീകരിക്കാൻ.

ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റം എന്നല്ലാതെ ഇക്കഴിഞ്ഞ മണിക്കൂറുകളിൽ കണ്ട സമരരീതിയെ എങ്ങനെയാണു വിശേഷിപ്പിക്കുക. ബസിലായാലും ട്രെയ്‌നിലായാലും വിമാനത്തിലായാലും യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കേണ്ട ജീവനക്കാർക്ക് വളരെ വലിയ ഉത്തരവാദിത്വമാണുള്ളത്. അവർ യാത്രക്കാരോടുള്ള പ്രതിബദ്ധത ഏതു സാഹചര്യത്തിലും മറക്കാൻ പാടില്ല. വളരെ അത്യാവശ്യമായി വിദേശ രാജ്യങ്ങളിൽ എത്തേണ്ട എത്രയോ ആളുകളാണ് ഇന്നലെ രാജ്യത്തെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. വിദേശത്തുനിന്ന് അവധിയെടുത്ത് നാട്ടിൽ വന്നവർ അവധി തീരുന്നതിനു തൊട്ടുമുൻപാണു പലപ്പോഴും തിരിച്ചുപറക്കുക. ജോലിയിൽ പ്രവേശിക്കേണ്ട ദിവസം കണക്കാക്കി ആഴ്ചകൾക്കും മാസങ്ങൾക്കും മുൻപേ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രയ്ക്ക് വിമാനത്താവളങ്ങളിൽ എത്തിയവർ പെട്ടെന്നു സർവീസ് റദ്ദാക്കിയതു കണ്ട് അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ജോലി നഷ്ടപ്പെടാനുള്ള സാധ്യത വരെ അവരെ തുറിച്ചുനോക്കുകയാണ്. അത്യാവശ്യമായി മെഡിക്കൽ ആവശ്യങ്ങൾക്കു പോകുന്നവരും പഠന സംബന്ധമായ കാര്യങ്ങൾക്കു പോകുന്നവരും എല്ലാം പെരുവഴിയിലായിട്ടുണ്ടാവും. ഇവരെയൊക്കെ തികച്ചും അപ്രതീക്ഷിതമായി പെരുവഴിയിൽ തള്ളുന്ന അവസ്ഥയാണ് നമ്മുടെ ഒരു പ്രസ്റ്റീജ് വിമാനക്കമ്പനിയിലെ ജീവനക്കാർ സൃഷ്ടിക്കുന്നതെങ്കിൽ അവരെ എങ്ങനെയാണു പ്രൊഫഷനൽ എന്നു വിശേഷിപ്പിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com