
നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തി വീണ ഒരു വമ്പൻ പൊതുമേഖലാ സ്ഥാപനം സ്വകാര്യ വ്യവസായിക്കു കൈമാറിയപ്പോഴുണ്ടാവുന്ന മാറ്റങ്ങൾ ഗൗരവമായ പഠനം അർഹിക്കുന്നതാണ്. നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളും എന്തുകൊണ്ട് ഇങ്ങനെയാവുന്നുവെന്നു പരിശോധിക്കുമ്പോൾ എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു ശേഷമുള്ള തിരിച്ചുവരവും ആ പരിശോധനയുടെ ഭാഗമാക്കാവുന്നതാണ്. ആറു പതിറ്റാണ്ടിലേറെക്കാലത്തിനു ശേഷം സർക്കാർ നിയന്ത്രണത്തിൽ നിന്ന് എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് തിരിച്ചുവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞതേയുള്ളൂ. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ വൻ കെടക്കെണിയിൽ പെട്ടു കിടക്കുകയായിരുന്ന എയർ ഇന്ത്യയ്ക്ക് ഇനി തലപൊക്കാൻ കഴിയുമോ എന്ന സംശയം പോലും പ്രകടിപ്പിച്ചവരുണ്ട്.
1932ൽ ജെആർഡി ടാറ്റയുടെ നേതൃത്വത്തിൽ ടാറ്റ എയർ സർവീസസ് എന്ന പേരിൽ ആരംഭിച്ച വിമാനക്കമ്പനിയാണു പിന്നീട് എയർ ഇന്ത്യയായത്. ടാറ്റയുടെ കൈവശമിരിക്കുമ്പോൾ ആദ്യ വർഷം മുതൽ ലാഭത്തിലായിരുന്നു ഈ കമ്പനി. 1953ൽ ദേശസാത്കരിക്കപ്പെട്ടു. 68 വർഷത്തിനു ശേഷം എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് തിരിച്ചുവാങ്ങുമ്പോൾ മഹാരാജയുടെ മൊത്തം നഷ്ടം 60,000 കോടി രൂപയായിരുന്നു. പ്രതിദിനം 20 കോടിയോളം രൂപയുടെ നഷ്ടം വരുത്തുന്നുവെന്നു ചൂണ്ടിക്കാണിച്ചാണ് ഈ കമ്പനിയെ ഇനി കൊണ്ടുനടക്കാൻ കഴിയില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്. കമ്പനി കൈമാറുമ്പോൾ സർക്കാർ പറഞ്ഞത് കടക്കെണിയിൽ നിന്നു തിരിച്ചുകയറാനാവാത്ത സ്ഥാപനത്തിനായി പൊതുപണം ഇങ്ങനെ ധൂർത്തടിക്കാൻ വയ്യ എന്നായിരുന്നു. ഇതിനിടെ, രാജ്യത്തിന്റെ അഭിമാനച്ചിറകുകളായി പറന്നുനടന്ന സുവർണ കാലഘട്ടത്തിൽ നിന്ന് എത്രയോ താഴേക്കു പതിച്ചിരുന്നു ആ കമ്പനി. അവരാണ് ഇപ്പോൾ അതിരില്ലാത്ത ആകാശം കീഴടക്കാനുള്ള ദൗത്യത്തിൽ ഒരു വലിയ ചുവടു വച്ചിരിക്കുന്നത്; ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം വാങ്ങൽ കരാറിൽ ഒപ്പുവച്ചിരിക്കുന്നത്. 470 പുതിയ വിമാനങ്ങൾ വാങ്ങാനായുള്ള അവരുടെ രണ്ടു കരാറുകൾ ആഗോള വ്യോമയാന മേഖലയിലെ ചരിത്രമായി മാറുകയാണ്. ഫ്രഞ്ച് കമ്പനി എയർബസിൽ നിന്ന് 250 വിമാനങ്ങളാണു വാങ്ങുന്നത്; യുഎസിലെ ബോയിങ് കമ്പനിയിൽ നിന്ന് 220 വിമാനങ്ങളും.
ഒരു പതിറ്റാണ്ടു മുൻപ് അമെരിക്കൻ എയർലൈൻസ് 460 എയർബസ്- ബോയിങ് വിമാനങ്ങൾ വാങ്ങിയതിന്റെ റെക്കോഡാണ് എയർ ഇന്ത്യ മറികടക്കുകയെന്നാണു വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഈ വിമാനങ്ങളെല്ലാം എത്തുകയും അവ ലോകത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ശൃംഖലയിൽ കണ്ണികളാവുകയും ചെയ്യുന്നതോടെ എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച വിമാനക്കമ്പനികളുടെ മുൻനിരയിലാവും. ബോയിങ് കമ്പനിയുമായുള്ള എയർ ഇന്ത്യയുടെ വിമാനം വാങ്ങൽ കരാർ ചരിത്രപരമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ പ്രതികരിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും രത്തൻ ടാറ്റയും അടക്കമുള്ളവർ പങ്കെടുത്ത വിഡിയൊ കോണ്‍ഫറന്‍സിലായിരുന്നു കഴിഞ്ഞ ദിവസം എയർബസ്- എയര്‍ ഇന്ത്യ കരാർ പ്രഖ്യാപനമുണ്ടായതും. ഇന്ത്യയ്ക്കും യുഎസിനും ഫ്രാൻസിനും ഈ കരാറുകൾ എത്രമാത്രം പ്രധാനമാണെന്ന് രാഷ്ട്രത്തലവൻമാരുടെ സാന്നിധ്യവും പ്രോത്സാഹനവും കാണിക്കുന്നുണ്ട്.
വ്യോമയാന മേഖലയിൽ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ. ഇനിയും ഏറെ വളർച്ചാ സാധ്യതകളുള്ള രാജ്യവുമാണ്. ഈ വളർച്ചയുടെ നേതൃത്വം ഏറ്റെടുക്കാൻ എയർ ഇന്ത്യ സന്നദ്ധമാവുന്നു എന്നതാണ് ഇപ്പോൾ മനസിലാക്കേണ്ടത്. വ്യോമഗതാഗതത്തിന്റെ അന്താരാഷ്ട്ര ഹബ്ബായി ഇന്ത്യ മാറാനുള്ള ശ്രമങ്ങളിലാണു കമ്പനിയുടെ നിർണായക സംഭാവനകൾ ഉറപ്പിക്കപ്പെടുന്നത്. വാണിജ്യ വിമാന നിർമാണ മേഖലയിലെ ഏറ്റവും പ്രമുഖരായ രണ്ടു കമ്പനികളാണ് എയർബസും ബോയിങ്ങും. അവരുമായുള്ള എയർ ഇന്ത്യയുടെ മെഗാ ഇടപാടുകൾ ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നതാണ്.
ഇരുനൂറു കോടിയോളം രൂപയുടെ പുതിയ ലോജിസ്റ്റിക്സ് സെന്റർ ഇന്ത്യയിൽ സ്ഥാപിക്കുമെന്ന് ബോയിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മേഖലയിലെ ഉപയോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണിത്. വിമാന നിർമാണത്തിൽ അടക്കം ഭാവിയിൽ എയർ ബസുമായി കൂടുതൽ സഹകരിക്കുന്നതിനെക്കുറിച്ച് ടാറ്റാ ഗ്രൂപ്പ് ആലോചിക്കുന്നതായും പറയുന്നുണ്ട്. വിദേശ വിമാനക്കമ്പനികളിലേക്ക് ആകർഷിക്കപ്പെട്ടതോടെ കമ്പനിയെ കൈവിട്ട യാത്രക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് എയർ ഇന്ത്യയുള്ളത്. ഇന്ധനക്ഷമതയുള്ള പുതിയ വിമാനങ്ങൾ എത്തുന്നത് കമ്പനിയുടെ നില കൂടുതൽ ഭദ്രമാക്കും. രാജ്യത്തെ വ്യോമയാന മേഖലയ്ക്ക് അതു മുതൽക്കൂട്ടാവുകയും ചെയ്യും.