അമീബിക് മസ്തിഷ്ക ജ്വരം: ഭീഷണി അവഗണ‍ിക്കരുത് | മുഖപ്രസംഗം

Amoebic encephalitis: Don't ignore the threat
അമീബിക് മസ്തിഷ്ക ജ്വരം: ഭീഷണി അവഗണ‍ിക്കരുത് | മുഖപ്രസംഗം representative image

രാജ്യത്ത് ഏറ്റവും മികച്ച നിലയിലാണു കേരളത്തിലെ ആരോഗ്യരംഗം എന്നാണു നാം പൊതുവേ അഭിമാനിക്കുന്നത്. ആരോഗ്യ സൂചികകളിൽ കേരളം മുന്നിൽ തന്നെയാണ്. ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക്, സ്ത്രീ പുരുഷ അനുപാതം, ആയൂർദൈർഘ്യം തുടങ്ങിയ സൂചികകളിലൊക്കെ കേരളത്തിന് അഭിമാനിക്കാവുന്ന കണക്കുകളാണുള്ളത്. പൊതുജനാരോഗ്യ മേഖലയിൽ വർഷങ്ങൾ കൊണ്ട് കേരളം നേടിയിട്ടുള്ള പുരോഗതി മറ്റു പല സംസ്ഥാനങ്ങളെയും അസൂയപ്പെടുത്തുന്നതാണ്. പൊതുജനാരോഗ്യ ശൃംഖലയുടെ ആധുനികവത്കരണം അടക്കം പ്രവർത്തനങ്ങളിലും സംസ്ഥാനം ശ്രദ്ധിക്കുന്നുണ്ട്. അപ്പോഴും പലവിധ രോഗങ്ങൾ വർധിച്ചുവരുന്ന നാടായി കേരളം മാറിയിരിക്കുന്നു എന്നത് ആശങ്കയോടെ കാണേണ്ടതാണ്.

ഒരുവശത്ത് ജീവിതശൈലീ രോഗങ്ങളുടെ വ്യാപനമുണ്ട്. മറുവശത്ത് എലിപ്പനിയും ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഹെപ്പറ്റൈറ്റിസ് എയും ഹെപ്പറ്റൈറ്റിസ് ബിയും ടൈഫോയ്ഡും മഞ്ഞപ്പിത്തവും തുടങ്ങി വെസ്റ്റ്നൈൽ പനിയും അമീബിക് മസ്തിഷ്ക ജ്വരവും വരെ ജനങ്ങളിൽ ആശങ്ക പരത്തുകയാണ്. നിപ വൈറസ് ഒന്നിലേറെ തവണ കേരളത്തെ വിറപ്പിച്ചുകഴിഞ്ഞു. രോഗങ്ങളെക്കുറിച്ചുള്ള ആശങ്കയൊഴിഞ്ഞുള്ള നേരം നമുക്കില്ല എന്നതാണവസ്ഥ. രോഗം പിടിപെടാനുള്ള സാധ്യത വർധിപ്പിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞാലും അതിനു പരിഹാരം കാണാൻ നമുക്കു കഴിയുന്നില്ല. മാലിന്യ നിർമാർജനത്തിനും പരിസര ശുചീകരണത്തിനും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. മഴക്കാലമായാൽ സംസ്ഥാനം രോഗക്കിടക്കയിലാവുന്നതു പതിവായിരിക്കുന്നു. ജൂൺ മാസത്തിൽ മാത്രം രണ്ടര ലക്ഷത്തോളം പേർ വിവിധ തരം പകർച്ചപ്പനികൾക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണു കണക്ക്. എഴുപതിലേറെ പേർ പനിയും മഞ്ഞപ്പിത്തവുമൊക്കെ ബാധിച്ചു മരിച്ചിട്ടുണ്ട്. ഇപ്പോഴും ആശുപത്രികളിൽ പനിബാധിതരുടെ തിരക്കാണ്.

ഇതിനിടെയാണ് അമീബിക് മസ്തിഷ്ക ജ്വരം ഉയർത്തുന്ന ഭീഷണി കേരളം ഗൗരവത്തിലെടുക്കേണ്ടിവരുന്നത്. രണ്ടു മാസത്തിനിടെ മൂന്നു കുട്ടികൾ ഈ രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. ഫറോക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥി മൃദുൽ കഴിഞ്ഞ ദിവസമാണ് ഈ രോഗം ബാധിച്ചു മരിച്ചത്. ഫറോക്ക് കോളെജിനടുത്തുള്ള അച്ചൻകുളത്തിൽ കുളിച്ചതിനു ശേഷമാണ് ഈ കുട്ടിക്ക് തലവേദനയും ഛർദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സ്വദേശിനിയായ പതിമൂന്നുകാരി ദക്ഷിണ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത് കഴിഞ്ഞ മാസമാണ്. സ്കൂളിൽ നിന്ന് മൂന്നാറിലേക്കു പഠനയാത്ര പോയപ്പോൾ പൂളിൽ കുളിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നാണു കരുതുന്നത്. മലപ്പുറം ജില്ലയിൽ അഞ്ചുവയസുകാരിയായ ഫദ്‌വ ഇതേ രോഗം ബാധിച്ചു മരിച്ചത് മേയിലാണ്. കടലുണ്ടിപ്പുഴയിൽ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫദ്‌വ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി മാത്രം കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം എന്നാണു പറയുന്നത്. വെള്ളവുമായി സമ്പർക്കത്തിലാവുന്ന 10 ലക്ഷത്തോളം പേരിൽ 2.6 പേരിൽ മാത്രമാണ് ഈ രോഗം വരുന്നതെന്നു വിദഗ്ധർ പറയുന്നു. അമീബ വിഭാഗത്തിൽപെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗമുണ്ടാവുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ അകത്തുകടക്കുകയും തലച്ചോറിനെ ബാധിക്കുന്ന മസ്തിഷ്ക ജ്വരം ഉണ്ടാക്കുകയും ചെയ്യുകയാണ്.

കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോ ആയ വെള്ളത്തിൽ കുളിക്കുന്നത് രോഗം ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അപൂർവമായ ഈ രോഗത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനങ്ങൾ തന്നെ വളരെ കുറവാണ്. ഇങ്ങനെയൊരു രോഗം രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് മൂന്നു കുട്ടികളുടെ ജീവനെടുത്തു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. വ്യത്യസ്ത ജലസ്രോതസുകളിൽ നിന്നാണ് കുട്ടികൾക്ക് ഈ രോഗം ബാധിച്ചത് എന്നതും പ്രത്യേകമായി കണക്കിലെടുക്കേണ്ടതുണ്ട്. കേരളം മൊത്തത്തിൽ ശ്രദ്ധിക്കണം എന്നാണ് ഇതു കാണിക്കുന്നത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കുക തുടങ്ങിയ നിർദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകുന്നുണ്ട്. രോഗത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്നത‌ു രോഗപ്രതിരോധത്തിൽ വളരെ പ്രധാനമാണ്. കേരളത്തിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016ൽ ആലപ്പുഴയിലാണ്. അതു മുതൽ ഏഴു വർഷത്തിനിടെ ആറു പേർക്കു മാത്രം ബാധിച്ച രോഗമാണ് ഇപ്പോൾ മൂന്നു കുട്ടികളുടെ ജീവനെടുത്തിരിക്കുന്നത്. 2016നു ശേഷം മലപ്പുറത്തും കോഴിക്കോടും തൃശൂരിലും കഴിഞ്ഞ വർഷം ആലപ്പുഴയിലും രോഗബാധയുണ്ടായിരുന്നു. കേരളം നേരിടുന്ന പുതിയ ഭീഷണിയായി ഈ രോഗം മാറുന്നതു തടഞ്ഞേതീരൂ.

Trending

No stories found.

Latest News

No stories found.