നേരത്തേ മലബാറിൽ ആശങ്ക ഉയർത്തിയ അമീബിക് മസ്തിഷ്ക ജ്വരം ഇപ്പോൾ തിരുവനന്തപുരത്തെയും ആശങ്കപ്പെടുത്തുകയാണ്. സംസ്ഥാന തലസ്ഥാനത്തു രോഗം ബാധിച്ച് ഒരാൾ മരിച്ചു. ആറു പേർ ചികിത്സയിലാണ്. മറ്റു ചിലർക്ക് രോഗം സംശയിക്കപ്പെടുന്നുമുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. രോഗബാധിതരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും നെയ്യാറ്റിൻകര പ്രദേശത്തെ പായല്‍ പിടിച്ചു കിടന്ന ഒരു കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായവരാണ്. ഒരാളുടെ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുന്നു. വീട്ടിലെ കിണർ വൃത്തിയാക്കിയപ്പോൾ അമീബ കലർന്ന വെള്ളവുമായി സമ്പർക്കമുണ്ടായി എന്നാണു നിഗമനം. അമീബയുള്ള വെള്ളവുമായി സമ്പർക്കത്തിൽ വരുമ്പോൾ മൂക്കിലൂടെ അതു ശരീരത്തില്‍ പ്രവേശിക്കുകയാണു ചെയ്യുന്നത്. ലോകത്ത് അപൂർവമായി മാത്രം കാണപ്പെടുന്ന ഈ രോഗം കേരളത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ഇപ്പോൾ ഉണ്ടാവുന്നു എന്നതാണ് ഇതിനെതിരേ അതീവ ജാഗ്രത ആവശ്യമാക്കുന്നത്. ഇതൊരു പകര്‍ച്ചവ്യാധിയല്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കു പകരുമെന്ന ഭീതി വേണ്ട. പക്ഷേ, കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുമ്പോൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുകയാണ്.
വേനല്‍ക്കാലത്ത് വെള്ളത്തിന്‍റെ അളവു കുറയുന്നതോടെ അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുമെന്നതിനാൽ മഴക്കാലത്തിനു ശേഷവും ഈ ജാഗ്രത വർധിച്ച അളവിൽ ഉണ്ടാവേണ്ടതുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, മൂക്കിലേക്കു വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യാതിരിക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നുണ്ട്. 97 ശതമാനമാണ് മരണനിരക്ക് എന്നതു കൊണ്ടുതന്നെ ഈ രോഗത്തെ ഗൗരവമായി പരിഗണിച്ചേ തീരൂ. കേരളത്തിൽ ചിലരെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നത് അത്രയും ആശ്വാസകരമാണ്. തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടെത്തി ചികിത്സ നൽകാൻ കഴിയുമ്പോഴാണു സുഖം പ്രാപിക്കാനുള്ള സാധ്യത കൂടുന്നത്. അതിനാൽ ചികിത്സ വൈകാതെ നോക്കേണ്ടത് അനിവാര്യമാണ്. ഇതു സംബന്ധിച്ച് ജനങ്ങളിൽ ബോധവത്കരണം നടത്താൻ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സർക്കാരിനും കഴിയണം. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച മാര്‍ഗരേഖ അടുത്തിടെ സംസ്ഥാനം പുറത്തിറക്കുകയുണ്ടായി. രാജ്യത്ത് ആദ്യമായാണ് ഈ മാർഗരേഖ പുറത്തിറക്കുന്നത്.
അടുത്തിടെ കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ ഓരോ കുട്ടികൾ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഫറോക്ക് സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാർഥി മൃദുൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ചത് കഴിഞ്ഞ മാസം ആദ്യമാണ്. ഫറോക്ക് കോളെജിനടുത്തുള്ള അച്ചൻകുളത്തിൽ കുളിച്ചതിനു ശേഷമാണ് തലവേദനയും ഛർദിയും അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സ്വദേശിനിയായ പതിമൂന്നുകാരി ദക്ഷിണ രോഗം ബാധിച്ചു മരിച്ചത് ജൂണിലായിരുന്നു. സ്കൂളിൽ നിന്ന് മൂന്നാറിലേക്കു പഠനയാത്ര പോയപ്പോൾ പൂളിൽ കുളിച്ചതിൽ നിന്നാണു രോഗബാധയുണ്ടായതെന്നാണു കരുതുന്നത്. മലപ്പുറം ജില്ലയിൽ അഞ്ചുവയസുകാരിയായ ഫദ്‌വ ഇതേ രോഗം ബാധിച്ചു മരിച്ചതു മേയ് മാസത്തിൽ. കടലുണ്ടിപ്പുഴയിൽ കുളിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ പനിയും തലവേദനയും മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫദ്‌വ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്.
കേരളത്തിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് 2016ൽ ആലപ്പുഴയിലാണ്. അതു മുതൽ ഏഴു വർഷത്തിനിടെ ആറു പേർക്കു മാത്രം ബാധിച്ച രോഗമാണ് ഈ വർഷം നാലു പേരുടെ ജീവനെടുത്തിരിക്കുന്നത്. 2016നു ശേഷം മലപ്പുറത്തും കോഴിക്കോടും തൃശൂരിലും കഴിഞ്ഞ വർഷം ആലപ്പുഴയിലും രോഗബാധയുണ്ടായിരുന്നു. ഏറ്റവും അവസാനം കോഴിക്കോട്ട് രോഗബാധയുണ്ടായ കുട്ടി 24 ദിവസത്തെ ചികിത്സയ്ക്കു ശേഷം അസുഖം മാറി പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടത് കഴിഞ്ഞ ദിവസമാണ്. രാജ്യത്തുതന്നെ ആദ്യമായി ഈ രോഗം ബാധിച്ച ഒരാൾ ജീവിതത്തിലേക്കു തിരിച്ചെത്തിയത് കഴിഞ്ഞ മാസം കോഴിക്കോട്ടു തന്നെയായിരുന്നു. തിക്കോടി സ്വദേശിയായ പതിനാലുകാരനായിരുന്നു അത്. കോഴിക്കോട് ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മറ്റൊരു കുട്ടിയുടെ ആരോഗ്യ നിലയിലും പുരോഗതിയുണ്ടെന്നാണു ഡോക്റ്റർമാർ പറയുന്നത്. അതിജീവനത്തിന്‍റെ ഈ വാർത്തകൾ ആശ്വാസം പകരുന്നതാണെങ്കിലും രോഗത്തെ ചെറുതായി കാണാവുന്ന സാഹചര്യമില്ല. കേരളം നേരിടുന്ന പുതിയ ഭീഷണിയായി അമീബിക് മസ്തിഷ്ക ജ്വരം മാറുന്നുണ്ട് എന്ന ബോധ്യത്തിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.