മൃഗങ്ങളുടെ ആക്രമണം കേരളത്തെ നടുക്കുന്നു

കടുവയും പുലിയും ആനയും മറ്റു വന്യമൃഗങ്ങളും ഏതു സമയത്തും ആക്രമിക്കാമെന്നു ഭയന്നു കഴിയുന്നവരുടെ പരാതികൾക്ക് ഒരു വിലയും വനം വകുപ്പ് നൽകുന്നില്ല.
Animal attacks rock Kerala

മൃഗങ്ങളുടെ ആക്രമണം കേരളത്തെ നടുക്കുന്നു

File Image
Updated on

തെരുവു നായകളെ ഭയന്ന് നാട്ടിലിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണു കേരളത്തിൽ പലയിടത്തുമുള്ളത്. നായകളുടെ കടിയേറ്റു ചികിത്സ നടത്തേണ്ടിവരുന്നത് നിരവധിയാളുകൾക്കാണ്. നായ ആക്രമിച്ചു പരുക്കേൽപ്പിച്ച വാർത്തകൾ നിത്യേനയെന്നോണം പല സ്ഥലങ്ങളിൽ നിന്നും നാം കേൾക്കുന്നുണ്ട്. പേപ്പട്ടിയുടെ കടിയേറ്റവർ വാക്സിൻ എടുത്ത ശേഷവും പേ ബാധിച്ചു മരിക്കുന്നതും ആവർത്തിക്കുകയാണ്. സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷബാധയേറ്റു മൂന്നു കുട്ടികളാണു മരിച്ചത്. തെരുവു നായകൾ പെറ്റു പെരുകി ജനജീവിതത്തിനു വെല്ലുവിളി ഉയർത്തുന്നതു തടയാൻ കാര്യക്ഷമമായ ഒരു നടപടിയും ഉണ്ടാവുന്നില്ലെന്നതാണു വാസ്തവം. അത് ഒരുവശം മാത്രമാണ്. മറുവശത്ത് കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിലിറങ്ങി ജനങ്ങളെ ചവിട്ടിയും കടിച്ചും കീറുകയും കൊല്ലുകയുമാണ്.

കടുവയും പുലിയും ആനയും മറ്റു വന്യമൃഗങ്ങളും ഏതു സമയത്തും ആക്രമിക്കാമെന്നു ഭയന്നു കഴിയുന്നവരുടെ പരാതികൾക്ക് ഒരു വിലയും വനം വകുപ്പ് നൽകുന്നില്ല. ഓരോ ദുരന്തമുണ്ടാവുമ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ പരാതിയുമായി നാട്ടുകാർ രംഗത്തുവരാറുണ്ട്. അതിശക്തമായ പ്രതിഷേധം ഉയരാറുണ്ട്. ജനപ്രതിനിധികൾ ശബ്ദമുയർത്താറുണ്ട്. അതൊക്കെ ഏതാനും മണിക്കൂറുകൊണ്ട് അവസാനിക്കും. പിന്നെയും വന്യമൃഗങ്ങൾ ജനങ്ങൾക്കിടയിലിറങ്ങും.

മനുഷ്യന്‍റെയും വളർത്തു മൃഗങ്ങളുടെയും ജീവനെടുക്കും, കൃഷി നശിപ്പിക്കും. വന്യമൃഗങ്ങളെ തടയാൻ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പലതുണ്ട്. പക്ഷേ, പലയിടത്തും ഫലപ്രദമായി അവയൊന്നും നടപ്പാവാറില്ല. ഇത്തരത്തിൽ നിരന്തരമായി മൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവേണ്ടിവരുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ കടക്കാതിരിക്കാനുള്ള സംവിധാനം ഒരുക്കാൻ സർക്കാരിനു കഴിയുന്നില്ലെങ്കിൽ എന്തു വിശ്വസിച്ചാണ് ജനങ്ങൾ അവിടെ കഴിഞ്ഞുകൂടുക.

മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടിൽ ഇന്നലെ രാവിലെ റബർ ടാപ്പിങ്ങിനു പോയ തൊഴിലാളിയെയാണ് കടുവ ആക്രമിച്ചു കൊന്നത്. റബർ തോട്ടത്തിൽ ടാപ്പിങ്ങിനെത്തിയ രണ്ടു പേർക്കു നേരേ കടുവ പാഞ്ഞടുക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപെട്ടു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുൾ ഗഫൂറിനെയാണ് കടുവ കടിച്ചുകൊന്നത്. കടുവ വലിച്ചിഴച്ചു കൊണ്ടുപോവുന്നതു കണ്ടുനിൽക്കാനേ കൂടെയുണ്ടായിരുന്നയാൾക്കു കഴിഞ്ഞുള്ളൂ. നേരത്തേ മുതൽ ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. വളർത്തു മൃഗങ്ങളെ കടുവ കൊന്നിട്ടുണ്ട്. ശല്യം സഹിക്കവയ്യാതായപ്പോൾ ഈ പ്രദേശത്തുള്ളവർ ആടുവളർത്തൽ നിർത്തുകയും ചെയ്തു. കടുവയുടെ കാൽപ്പാട് കാണിച്ചു കൊടുത്തിട്ടും വനം വകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മൂന്നു വർഷമായി ഇവിടെ കടുവയുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുൻപ് പ്രക്ഷോഭവും നടന്നിരുന്നു. അബ്ദുൾ ഗഫൂർ കൊല്ലപ്പെട്ടതിനെത്തുടർന്ന് പ്രദേശത്തു നാട്ടുകാരുടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയർന്നത്. ഇതേത്തുടർന്ന് ഗഫൂറിന്‍റെ ഭാര്യയ്ക്ക് താത്കാലിക ജോലി നൽകാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകുകയുണ്ടായി. പത്തു ലക്ഷം രൂപ നഷ്ടപരിഹാരത്തിന്‍റെ ആദ്യ ഗഡുവായ അഞ്ചു ലക്ഷം രൂപ ഇന്നലെ തന്നെ നൽകാനും തീരുമാനമായി. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടാൽ കൃത്യമായി നഷ്ടപരിഹാരം നൽകുന്നതിനു പോലും നാട്ടുകാർ രംഗത്തുവരണമെന്നതാണു സ്ഥിതി.

കഴിഞ്ഞ മാസമാണ് പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് അലൻ എന്ന യുവാവു മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ഈ പ്രദേശത്ത് കാട്ടാനയുടെ ശല്യമുണ്ടെന്ന് മൂന്നു മാസം മുൻപേ പരാതിപ്പെട്ടിട്ടും വനം വകുപ്പിനു ഫലപ്രദമായ നടപടി സ്വീകരിക്കാനായില്ലെന്ന് നാട്ടുകാർ അന്നു ചൂണ്ടിക്കാണിച്ചിരുന്നു. ഒറ്റയാൻ പതിവായി വന്ന് നാശനഷ്ടങ്ങൾ വരുത്തിയപ്പോൾ നാട്ടുകാർ പൗരസമിതി രൂപവത്കരിച്ചാണ് ഡിഎഫ്ഒയ്ക്ക് പരാതി നൽകിയത്. ഡിഎഫ്ഒ നേരിട്ടെത്തി സ്ഥലം പരിശോധിക്കുകയും ഒരു മാസത്തിനകം വൈദ്യുത വേലി സ്ഥാപിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തത്രേ. പക്ഷേ, വേലി യാഥാർഥ്യമായില്ല.

ഫലം ഒരു യുവാവിന്‍റെ ജീവൻ നഷ്ടപ്പെട്ടു. വന്യജീവി ആക്രമണ സാധ്യതയുള്ള ഇരുനൂറോളം ഗ്രാമങ്ങൾ സംസ്ഥാനത്തുണ്ടെന്നാണു കണക്ക്. 35 ലക്ഷത്തോളം ജനങ്ങൾ വനങ്ങളോടു ചേർന്നു താമസിക്കുന്നുണ്ട്. ഇവരുടെയൊക്കെ ജീവനും കൃഷിയും മറ്റു സ്വത്തുകളും ഭീഷണി നേരിടുകയാണ്. വേലിയും മതിലും കിടങ്ങുമൊക്കെ പരിഹാര മാർഗങ്ങളായി പ്രഖ്യാപിച്ചു കോടികൾ ചെലവഴിച്ചു കഴിഞ്ഞിട്ടും വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു കൂടുകയാണു ചെയ്യുന്നത്.

കാടുകളിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ മൃഗങ്ങൾ പെരുകുന്നതാണ് അവ നാട്ടിലിറങ്ങുന്നതു വർധിപ്പിക്കുന്നതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അക്കേഷ്യ, യൂക്കാലിപ്റ്റസ്, തേക്ക് പ്ലാന്‍റേഷനുകൾ ഉൾപ്പെടെയുള്ള അശാസ്ത്രീയമായ നടപടികൾ മൂലം വനത്തിൽ വന്യമൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വെള്ളത്തിന്‍റെ ലഭ്യതക്കുറവും പ്രശ്നമാണത്രേ. ഇത്തരം വിഷയങ്ങളെല്ലാം സമഗ്രമായ പഠനത്തിനു വിധേയമാക്കേണ്ടതാണ്. ഇതുവരെ ശല്യമില്ലാതിരുന്ന മേഖലകളിലും വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ടെന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com