ഉച്ചകോടികളിൽ ഉരുത്തിരിയുന്നത്

ഇന്ത്യ ആധിപത്യം വഹിക്കുന്ന ഇതുസംബന്ധിച്ച രണ്ടാമത്തെ ഉച്ചകോടിയായിരുന്നു കൊച്ചിയിലേത്
antarctic treaty consultative summit
antarctic treaty consultative summit

ലോക പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യത്തിന് ഊന്നൽ നൽകി കൊച്ചിയിൽ കഴിഞ്ഞ 20 മുതൽ 30 വരെ നടന്ന 46 -ാമത് അന്‍റാർട്ടിക് ട്രീറ്റി കൺസൾട്ടേറ്റീവ് ഉച്ചകോടി സമാപിച്ചു. ഇതിന്‍റെ സ്മരണയ്ക്കായി സമ്മേളനം നടന്ന ഗ്രാൻഡ് ഹയാത്തിൽ പ്രതിനിധികൾ തെങ്ങിൻ തൈകൾ നട്ടു. പാലടയടക്കം മൂന്നിനം പ്രഥമനുൾപ്പെടുന്ന കേരളീയ സദ്യ വിളമ്പി നമ്മുടെ ആതിഥേയ രുചിയും പ്രതിനിധികളെ അനുഭവിപ്പിക്കാനും സാധിച്ചു.

ഇന്ത്യ ആധിപത്യം വഹിക്കുന്ന ഇതുസംബന്ധിച്ച രണ്ടാമത്തെ ഉച്ചകോടിയായിരുന്നു കൊച്ചിയിലേത്. 56 രാജ്യങ്ങളിൽ നിന്നുള്ള 350ഓളം പ്രതിനിധികൾ അന്‍റാർട്ടിക്ക സംരക്ഷണത്തിന് വേണ്ടിയുള്ള നൂതന പദ്ധതികൾ 10 ദിവസം നീണ്ട ചർച്ചയിൽ അവതരിപ്പിച്ചു. 29 വർഷത്തിന് ശേഷം 2053ലാകും ഇത്തരത്തിൽ അടുത്ത ഉച്ചകോടി ഇന്ത്യയിൽ നടക്കുക. ഇതിന് മുൻപ് 2007ൽ ഡൽഹിയിലായിരുന്നു സമാന ഉച്ചകോടി. പരിസ്ഥിതിലോല മേഖലയായ അന്‍റാർട്ടിക്കയുടെ സംരക്ഷണം ഉറപ്പുവരുത്തി മാത്രമേ അവിടെ ടൂറിസം പ്രോത്സാഹിപ്പിക്കാവൂവെന്നാണ് ഇന്ത്യയുടെ നിലപാട്. അന്‍റാര്‍ട്ടിക്കയുടെ ആവാസ വ്യവസ്ഥയ്ക്ക് സംരക്ഷണ കവചമൊരുക്കണമെന്നതാണ് ആവശ്യം. ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണം വർഷം തോറും കുത്തനെ ഉയരുകയാണ്. ഇതുമൂലം ആവാസ വ്യവസ്ഥയ്ക്ക് സംഭവിച്ചിരിക്കുന്ന ആഘാതം കൈകാര്യം ചെയ്യുക, അതിനുവേണ്ട നിയന്ത്രണങ്ങളും ചട്ടങ്ങളും കൊണ്ടുവരിക എന്നിവയായിരുന്നു ചര്‍ച്ചകളുടെ ഊന്നൽ.

കേരളം ഉഷ്ണതരംഗത്തിന്‍റെ ആഘാതത്തിൽ ചുട്ടുപൊള്ളിയ ദിവസങ്ങളിലാണ് ഈ ആഗോള ഉച്ചകോടിയുടെ വേദി ഒരുങ്ങിയത്. സമാപന സമ്മേളനം നടക്കുമ്പോൾ കൊച്ചി മാത്രമല്ല ഉഷ്ണം രൂക്ഷമായിരുന്ന കേരളമാകെ കനത്ത മഴയിൽ വെള്ളപ്പൊക്ക ദുരിതത്തിലാണ്. അതേസമയം ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു . കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ കൊടും ചൂടിൽ മലയാളി പൊലീസുകാരന്‍ മരിച്ചത്.

മണ്‍സൂണിന്‍റെ സ്വഭാവം മാറിയെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറിയും ഉച്ചകോടിയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തിന്‍റെ തലവനുമായ ഡോ. എം. രവിചന്ദ്രന്‍ പറഞ്ഞു. ചിലയിടത്ത് വരള്‍ച്ച, ചില ഭാഗങ്ങളില്‍ വെള്ളപ്പെക്കം എന്നിങ്ങനെയാണിപ്പോള്‍. ഇവിടുത്തെ തീവ്രമഴ അവിടെ മഞ്ഞുരുക്കത്തിലേക്കും നേരെ തിരിച്ചും സംഭവിക്കുന്നു. സമുദ്ര നിരപ്പ് ഉയരുന്ന പ്രശ്‌നം വലിയ കടല്‍ത്തീരമുള്ള ഇന്ത്യയ്ക്കും പ്രശ്‌നമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പശ്ചിമഘട്ട പരിസ്ഥിതി സമിതി അധ്യക്ഷൻ ആയിരിക്കേ ഡോ. മാധവ ഗാഡ്ഗിൽ ശ്രദ്ധയിൽപ്പെടുത്തിയ ഒരു വസ്തുതയുണ്ട്: മഹാരാഷ്‌ട്ര- ഛത്തീസ്‌ഗഢ് ദേശീയപാതയ്ക്ക് കരിങ്കല്ല് വേണ്ടിവന്നപ്പോൾ അശാസ്ത്രീയ ഖനനം കാരണം സ്ഥലവാസികൾ പൊറുതിമുട്ടി. തുടർന്ന് മഹാരാഷ്‌ട്രയിലെ ഗോത്രവർഗത്തിലെ ഗോണ്ട് വിഭാഗത്തിലെ സ്ത്രീകൾ സ്വന്തമായി ക്വാറികൾ നടത്താൻ മുന്നോട്ടുവന്നു. നിയമങ്ങളെല്ലാം പാലിച്ച് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്‍റെ നിയന്ത്രണത്തിലായിരുന്നു ഖനനം. ഒരു പരിധി കഴിഞ്ഞപ്പോൾ കൂടുതൽ ഖനനം ആപത്താണെന്ന് തിരിച്ചറിഞ്ഞ് ട്രാക്റ്റർ വാങ്ങി ആ സ്ത്രീകൾ കൃഷിയിലേക്കിറങ്ങി. അതിലൂടെ വീണ്ടും ലഭിക്കാത്ത പ്രകൃതിവിഭവത്തെ അവർ ഭാവിതലമുറയ്ക്കായി പുനർലഭ്യമാക്കുകയായിരുന്നു.

ഇവിടെയും എന്തുകൊണ്ട് ആ മാതൃക പരീക്ഷിച്ചുകൂടാ? കുടുംബശ്രീ പോലെ അഭിമാന സംരംഭം ലോകത്തിനു തന്നെ മാതൃകയായി കേരളീയ പൊതുജീവിതത്തിൽ നിറഞ്ഞുനിൽക്കേ എന്തുകൊണ്ടാണു പരിസ്ഥിതിലോല മേഖലകളിലെ ക്വാറികളുടെയെങ്കിലും നടത്തിപ്പ് അവർക്ക് വിട്ടുകൊടുക്കുന്നത് സർക്കാർ ആലോചിക്കാത്തത്?

മഹാരാഷ്‌ട്രയിലെ മറ്റൊരനുഭവം ഗാഡ്ഗിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മാലേശ്വർ പരിസ്ഥിതിലോല പ്രദേശമാണ്. അവിടെ കുഴൽക്കിണർ കുഴിക്കുന്നതിന് വിലക്കുണ്ട്. എന്നാൽ, ഉദ്യോഗസ്ഥർക്ക് 20,000 രൂപ കൈക്കൂലി കൊടുത്താൽ ആർക്കും കുഴൽക്കിണർ കുഴിക്കാൻ അനുമതി കിട്ടും!

കേരളത്തിലും മൈനിങ് ആൻഡ് ജിയോളജി വകുപ്പിലും മലിനീകരണ നിയന്ത്രണ ബോർഡിലും മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലുമൊക്കെ അഴിമതിയുടെ കുംഭമേളയാണ് നടക്കുന്നത്. പലതവണ ഇവിടങ്ങളിൽ വിജിലൻസ് പരിശോധന നടക്കുകയും അഴിമതി കണ്ടെത്തുകയും ചെയ്തു. അതിനുമപ്പുറം നടപടികൾ ഉണ്ടാവാത്തത് അഴിമതിക്കാർക്ക് ഉന്നതങ്ങളിലെ സ്വാധീനത്തിന്‍റെ തെളിവാണ്.

ഗൃഹ നിർമിതിക്കു വേണ്ടി മലയിടിക്കുന്നതിന്‍റെയും മറ്റും ആന്തരികഫലമാണ് മലയിടിച്ചിലും വെള്ളപ്പാച്ചിലുമെന്ന് തുറന്നുപറഞ്ഞത് രാജ്യം പദ്മശ്രീ നൽകി ആദരിച്ച വാസ്തുശില്പി ജി. ശങ്കർ. ഭൂവിനിയോഗത്തിന്‍റെ കാര്യത്തിൽ വരുത്തിയ വീഴ്ചകളാണ് പ്രളയ ദുരന്തം 2018ൽ കഠിനമായത്. ചെലവുകുറഞ്ഞ,പരിസ്ഥിതിക്കനുയോജ്യമായ, ഊർജം സംഭരിക്കുന്ന കെട്ടിടങ്ങളാവണം പ്രളയാനന്തര പുനർനിർമിതിക്ക് വേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിച്ചെങ്കിലും പ്രളയത്തിന്‍റെ വാർത്തകൾ പഴകിയതോടെ സർക്കാർ അതിന്‍റെ അഴിമതിയിലധിഷ്ഠിതമായ സംവിധാനങ്ങൾക്ക് വഴിയൊരുക്കുന്ന വ്യവസ്ഥാപിത കെട്ടിടനിർമാണ രീതികളിലേക്കു തന്നെ തിരിച്ചുപോയി. ഭൂമിക്ക് അനുരൂപമായ കെട്ടിട നിർമിതി കേരളത്തിൽപ്പോലും ഇപ്പോഴും സ്വപ്നമായി നിലനിൽക്കുന്നു.

അന്‍റാർട്ടിക്കിലെ മുതൽ തീരെ പ്രാദേശികമായ പിരിസ്ഥിതി വിഷയങ്ങളിൽ വരെ നക്ഷത്ര ഹോട്ടലുകളിൽ ഉച്ചകോടിക്കും ശില്പശാലക്കും സംവാദമാത്തിനും രാജ്യത്തൊട്ടാകെ ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപയാണ്. വിദഗ്ധർ വന്ന് ഇത്തരം യോഗങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു. എന്നാൽ, അതിനപ്പുറം അത്തരം അഭിപ്രായങ്ങളിൽ ഒരു നടപടിയുമുണ്ടാവുന്നില്ലെന്നതിന് ഒരുപാട് ഉദാഹരണങ്ങളുണ്ട്. കൊച്ചി ഉച്ചകോടിയിൽ പ്രതിനിധികൾ തെങ്ങിൻ തൈ നട്ടതും പ്രതിനിധികൾക്കും സംഘാടകർക്കും തൈകൾ നൽകിയതും നല്ല കാര്യം. ആ തൈകളെങ്കിലും തഴച്ചുവളരട്ടെ. ഉച്ചകോടികളിൽ ഉരുത്തിരിയുന്നത് കേവലം വാചകക്കസർത്തും ധൂർത്തും മാത്രമായി മാറുന്ന സമീപനം തിരുത്തപ്പെടുമെന്നു തന്നെ പ്രതീക്ഷിക്കാം.

Trending

No stories found.

Latest News

No stories found.