

സെപ്റ്റംബർ ഇരുപത്തിമൂന്നിന് ചൈനീസ് നഗരം ഹാങ്ഷൂവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യയുടെ ഫുട്ബോൾ ടീമിന് അവസരം വേണമെന്ന ആവശ്യവുമായി ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും ടീമിന്റെ ഹെഡ് കോച്ച് ഇഗോർ സ്റ്റിമാക്കും രംഗത്തുവന്നിരിക്കുകയാണ്. രാജ്യത്തെ നിരവധി ഫുട്ബോൾ ആരാധകരും ഇതേ മോഹം വച്ചുപുലർത്തുന്നുണ്ട്. ദേശീയ ഫുട്ബോളുമായി ബന്ധപ്പെട്ട പലരും ചൈനയിൽ ഇന്ത്യൻ ടീമിന് അവസരം നൽകണമെന്ന് പരസ്യമായി അഭിപ്രായപ്പെട്ടുകഴിഞ്ഞു.
സമീപകാലത്ത് പ്രതീക്ഷ പകരുന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. കഴിഞ്ഞ മാസം ഭുവനേശ്വറിൽ നടന്ന ഇന്റർകോണ്ടിനന്റൽ കപ്പിൽ ഇന്ത്യയാണു ചാംപ്യൻമാരായത്. ഫൈനലിൽ ഉയർന്ന റാങ്കുകാരായ ലബനനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ചു. അടുത്തിടെ സമാപിച്ച സാഫ് ചാംപ്യൻഷിപ്പിലും ഇന്ത്യയാണു ജേതാക്കൾ. മുൻ ക്രൊയേഷ്യൻ താരം കൂടിയായ സ്റ്റിമാക്കിനു കീഴിൽ വിദഗ്ധ പരിശീലനം ലഭിക്കുന്ന ഇരുപത്തിമൂന്നു വയസിൽ താഴെയുള്ള ടീമിനെ ഏഷ്യാഡിന് അയയ്ക്കാൻ നേരത്തേ ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, ഏഷ്യാഡിൽ പങ്കെടുക്കാൻ ദേശീയ കായിക മന്ത്രാലയം നിർദേശിച്ച പൊതുനിബന്ധന ഫുട്ബോൾ ടീമിന് അവസരം നിഷേധിക്കുന്നതാണ്. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ എട്ടു സ്ഥാനങ്ങളിൽ വരുന്ന ഇനങ്ങളിൽ മാത്രം ഇന്ത്യൻ ടീം പങ്കെടുത്താൽ മതി എന്നതാണ് ഈ മാനദണ്ഡം. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ റാങ്കിങ്ങിൽ നമ്മുടെ സ്ഥാനം പതിനെട്ടാമതാണ്.
എന്നാൽ, ഈ റാങ്കുവച്ച് ഇപ്പോഴത്തെ ടീമിനെ അളക്കരുതെന്നാണ് സ്റ്റിമാക്ക് അഭ്യർഥിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെയും സ്പോർട്സ് മന്ത്രി അനുരാഗ് ഠാക്കുറിന്റെയും ഇടപെടലും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ കായിക മന്ത്രാലയം തന്നെ ടീമിന് അവസരം നിഷേധിക്കുന്നത് ഉചിതമായിരിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയെക്കാൾ താഴ്ന്ന റാങ്കുള്ള പല ടീമുകളും ഏഷ്യാഡിന് എത്തുന്നുണ്ട്. ഫുട്ബോളിൽ താഴ്ന്ന റാങ്കുള്ള ടീമുകൾ വിജയിക്കുന്ന അവസരങ്ങൾ ഉണ്ടായിട്ടുമുണ്ട്. അതിനാൽ തന്നെ ഏഷ്യൻ റാങ്കിന്റെ പേരിൽ അവസരം നിഷേധിക്കാതിരുന്നാൽ താരങ്ങൾക്ക് നല്ലൊരു അവസരമാണു ലഭിക്കുക. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യൻ ടീമിന് ഏഷ്യാഡ് അവസരം നിഷേധിക്കപ്പെടുന്നത് എന്നുകൂടി ഓർക്കണം. 2018ലെ ഏഷ്യാഡിലും ഇന്ത്യൻ ടീമിന് മോശം റാങ്ക് ചൂണ്ടിക്കാണിച്ച് അവസരം നിഷേധിക്കുകയായിരുന്നു.
ഒരു ഫിഫ ടൂർണമെന്റിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ചത് 2017ലെ അണ്ടർ 17 ലോകകപ്പിനായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്ലൊരു യുവ ടീമിനെ വാർത്തെടുക്കാനുണ്ടായ ശ്രമങ്ങളുടെ തുടർച്ചയാണ് അണ്ടർ 23 ടീമിൽ കാണുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഏറെ കഠിനാധ്വാനം ചെയ്ത ടീമാണിത്. കഴിഞ്ഞ അണ്ടർ 23 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഇങ്ങനെയൊരു യുവടീമിന് ഏഷ്യാഡ് പോലുള്ള വലിയ വേദിയിൽ പങ്കാളിത്തം കിട്ടുന്നത് അവരുടെ ആത്മവിശ്വാസവും പരിചയ സമ്പത്തും വർധിപ്പിക്കുമെന്നത് കായിക മന്ത്രാലയം പരിഗണിക്കേണ്ടതാണ്. 2002 മുതൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇരുപത്തിമൂന്നു വയസിൽ താഴെയുള്ളവർക്കായാണു മത്സരം. ഒരു ടീമിൽ ഇരുപത്തിമൂന്നു വയസിൽ കൂടുതലുള്ള മൂന്നു പേരെ മാത്രമാണ് അനുവദിക്കുന്നത്. അണ്ടർ 23 വിഭാഗത്തിൽ മികച്ചൊരു തലമുറയെ വാർത്തെടുക്കാൻ വലിയ തോതിലുള്ള പരിശ്രമങ്ങൾ നടന്നു കഴിഞ്ഞ സാഹചര്യം ഓർത്താൽ അവർക്ക് ഏഷ്യാഡ് അവസരം നൽകണമെന്ന് സ്വാഭാവികമായും തോന്നേണ്ടതാണ്.
ഏഷ്യാഡില്‍ പങ്കെടുക്കാനായാല്‍ രാജ്യത്തെ ഫുട്ബോളിനും അണ്ടര്‍ 23 ടീമിനും അതു നല്ല ഊര്‍ജമാകുമെന്ന് ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരന് ചൂണ്ടിക്കാണിക്കുകയുണ്ടായി. വ്യക്തമായ കാരണമുണ്ടെങ്കില്‍ താരങ്ങളുടെയും ടീമുകളുടെയും പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡത്തില്‍ മാറ്റം വരുത്താമെന്ന് കായിക മന്ത്രാലയം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ദേശീയ കായിക ഫെഡറേഷനും അയച്ച കത്തില്‍ പറയുന്നുണ്ട്. ഇത് ഫുട്ബോൾ ടീമിനെ പരിഗണിക്കാൻ കഴിയുന്ന വ്യവസ്ഥയാണ്.