
സംസ്ഥാനത്ത് പൊതുമരാമത്തു വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഓട്ടോമേറ്റഡ് മൊബൈൽ ക്വാളിറ്റി ടെസ്റ്റിങ് ലാബുകൾ നിലവിൽ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ച ഈ ലാബുകൾ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും അടക്കം പൊതുമരാമത്ത് വകുപ്പിന്റെ നിർമാണ പ്രവർത്തനങ്ങളിൽ ഗുണമേന്മ ഉറപ്പാക്കുന്നതിനു സഹായിക്കുമെന്നാണു പറയുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിലെത്തി തത്സമയ പരിശോധനയാണ് ഈ ലാബുകൾ നടത്തുക. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും കേന്ദ്രമായാണ് ഈ ലാബുകൾ പ്രവർത്തിക്കുന്നത്. എല്ലാ ജില്ലകളിലും മിനി ലാബ് സജ്ജമാക്കാനും ആലോചനയുണ്ട്.
സിമന്റ്, മണൽ, മെറ്റൽ, ബിറ്റുമിൻ, കോൺക്രീറ്റ്, ടൈൽ തുടങ്ങി വെള്ളത്തിന്റെ ഗുണനിലവാരം വരെ പരിശോധിച്ച് എല്ലാം വേണ്ടരീതിയിലാണെന്ന് ഉറപ്പുവരുത്താൻ സഞ്ചരിക്കുന്ന ലാബുകൾക്കു കഴിയുമെന്നു സർക്കാർ അവകാശപ്പെടുന്നു. അങ്ങനെയാണെങ്കിൽ അത് സംസ്ഥാനത്തു പൊതുമരാമത്തു പ്രവൃത്തികളിൽ പലപ്പോഴും പരാതിയായി ഉയരാറുള്ള നിലവാരത്തകർച്ചയ്ക്കു പരിഹാരം കാണാനുള്ള മാർഗമായി മാറും. പൊതുമുതലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലെ പ്രധാന ചുവടുവയ്പ്പ് എന്നു പറയാം. കാര്യക്ഷമമായ രീതിയിൽ ഈ ലാബുകൾ പ്രവർത്തിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഇനിയുള്ള നാളുകളിൽ ഉറപ്പാക്കട്ടെ. അതതു സമയത്ത് പ്രശ്നങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുന്നതും എളുപ്പമാവും.
അത്യാധുനിക നോൺ ഡിസ്ട്രക്റ്റീവ് ടെസ്റ്റിങ് ഉപകരണങ്ങളാണു മൂന്നുകോടിയോളം രൂപ ചെലവഴിച്ച് സജ്ജമാക്കിയ മൊബൈൽ ലാബുകളിലുള്ളത്. പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥർ, പരിശോധനാ റിപ്പോർട്ടുകൾ അപ്പപ്പോൾ ഉന്നത ഉദ്യോഗസ്ഥർക്കു കൈമാറാനുള്ള സംവിധാനങ്ങൾ എന്നിവയൊക്കെ ഈ ലാബുകളിലുണ്ട്. അതുകൊണ്ടു തന്നെ കാര്യക്ഷമമായ പ്രവർത്തനത്തിനു ലാബുകൾ തയാറാണ്. അവ വേണ്ടപോലെ ഉപയോഗിക്കാനുള്ള താത്പര്യവും ദൃഢനിശ്ചയവുമാണ് ഇനി വേണ്ടത്. വേണ്ടിവന്നാൽ നേരിട്ടു വന്നു പരിശോധിക്കാൻ ലാബ് സംവിധാനമുണ്ട് എന്നു ഭംഗിവാക്ക് പറഞ്ഞതുകൊണ്ടായില്ലല്ലോ.
സർക്കാരിന് എത്രയെത്ര സംവിധാനങ്ങളാണ് ഓരോ മേഖലയിലും ഉള്ളത്. ആധുനിക സാങ്കേതിക വിദ്യകളും അതുപയോഗിച്ചുള്ള പ്രവർത്തന സംവിധാനങ്ങളും ഒക്കെ ഏർപ്പെടുത്തുന്നതിൽ കാണിക്കാറുള്ള താത്പര്യം പിന്നീട് അത് ഉപയോഗിക്കുന്നതിൽ കാണണമെന്നില്ല. കോടികൾ ചെലവഴിച്ച് ഏർപ്പെടുത്തിയ പലതും തുരുമ്പെടുത്തു നശിക്കുന്നതു പിന്നീടു കാണുകയും കേൾക്കുകയും ചെയ്യാറുള്ളതാണ്. വേണ്ടപ്പെട്ടവരുടെ കാര്യത്തിൽ ഗുണമേന്മാ പരിശോധനയൊക്കെ പേരിനു മാത്രമായി ചുരുങ്ങുകയാണെങ്കിൽ എന്തുണ്ടായിട്ടെന്തു കാര്യം. നിരീക്ഷണവും പരിശോധനയും നിഷ്പക്ഷമാവുക, അതിനുള്ള ഏറ്റവും പുതിയ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കുക എന്നിവയൊക്കെയാണു പ്രധാനം. സഞ്ചരിക്കുന്ന ലാബുകൾ എവിടെയാണു തുരുമ്പെടുത്തു കിടക്കുന്നത് എന്നറിയാത്ത അവസ്ഥ ഉണ്ടാവാതിരിക്കണം.
അഴിമതിയാണ് റോഡുകളുടെയും പാലങ്ങളുടെയും നിർമാണ കാര്യത്തിൽ സംസ്ഥാനം നേരിടുന്ന പ്രധാന വിഷയം. എത്രയോ അഴിമതിക്കഥകൾ കേട്ടു മടുത്ത നാടാണിത്. പാലാരിവട്ടം പാലം ആരുടെ മനസിലും പെട്ടെന്ന് ഓർമ വരുന്ന ഉദാഹരണം. പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത് ഒരു വർഷമാവുമ്പോഴേക്കും കുഴികൾ കണ്ടുതുടങ്ങിയ പാലത്തിൽ പിന്നീടു കണ്ടുപിടിച്ച തകരാറുകൾ കേരളം മുഴുവൻ ചർച്ച ചെയ്തതാണ്. കരാറുകാരുടെയും ഉദ്യോഗസ്ഥരുടെയും വീഴ്ചയ്ക്കൊപ്പം രാഷ്ട്രീയ ആരോപണങ്ങളും ഈ പാലം നിർമാണവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. കോടികളുടെ അഴിമതിയാരോപണങ്ങൾ ഉയർന്ന പൊതുമരാമത്തു പ്രവർത്തനങ്ങൾ അതിനു മുൻപും പിന്നീടും ഉണ്ടായിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്.
വീതം വയ്പ്പു കഴിഞ്ഞ് ബാക്കിയുള്ള പണം കൊണ്ട് പാലവും റോഡുമൊക്കെ പണിത് ഒപ്പിക്കുമ്പോൾ അതിന്റേതായ പ്രശ്നങ്ങൾ അവയ്ക്കുണ്ടാവുക സ്വാഭാവികം. പഞ്ചായത്ത് റോഡ് മുതൽ ഹൈവേകൾ വരെയുള്ളവയുടെ നിർമാണത്തിൽ അഴിമതിയും ഗുണനിലവാരത്തകർച്ചയും കണ്ടു ശീലിച്ചവരാണു മലയാളികൾ. അതിനൊക്കെ ഒരു മാറ്റം വരുമെങ്കിൽ നാട് കൈയടിച്ചു സ്വീകരിക്കും. സർക്കാരിന്റെ പദ്ധതികൾക്കു ഗുണനിലവാരം ഉറപ്പാക്കുന്നത് ജനവിശ്വാസം ആർജിക്കുന്നതിൽ നിർണായക ഘടകം തന്നെയാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിച്ച് പദ്ധതികൾക്കായി വകയിരുത്തുന്ന തുക മുഴുവൻ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്നു വിലയിരുത്താൻ പുതിയ ലാബുകൾ സഹായിക്കട്ടെ. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ വലിയ മാറ്റമാണ് ഇതു കൊണ്ടുവരുകയെന്ന സർക്കാരിന്റെ അവകാശവാദം യാഥാർഥ്യമാവുകയും ചെയ്യട്ടെ.