ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റക്കാരനായി കാണുന്ന ബിബിസിയുടെ ഡോക്യുമെന്ററി ഇവിടെ വലിയ രാഷ്ട്രീയ വിവാദത്തിനാണു കാരണമായിട്ടുള്ളത്. ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള നേരത്തേ പ്രസിദ്ധീകരിക്കാത്ത റിപ്പോർട്ട് ആധാരമാക്കിയാണ് ഡോക്യുമെന്ററി തയാറാക്കിയിട്ടുള്ളതെന്നാണു ബിബിസി അവകാശപ്പെടുന്നത്. രണ്ടു ഭാഗങ്ങളുള്ള ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം യുകെയിൽ സംപ്രേഷണം ചെയ്തത് കഴിഞ്ഞയാഴ്ചയായിരുന്നു. സ്വാഭാവികമായും അത് ഇന്ത്യയിലും ചർച്ചയായി. ഐടി നിയമം നൽകുന്ന അടിയന്തര അധികാരം ഉപയോഗിച്ച് ഇന്ത്യൻ പ്ലാറ്റ്ഫോമുകളിൽ ഈ ഡോക്യുമെന്ററി തടഞ്ഞ കേന്ദ്ര സർക്കാർ അതിനു പറയുന്ന ന്യായം ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ താത്പര്യങ്ങൾക്കു ഹാനികരമാവുന്നത് എന്നതാണ്. അടിസ്ഥാനരഹിതമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ആരോപണങ്ങളിലൂടെ രാജ്യത്തു മതസ്പർധ വളർത്താൻ സഹായിക്കുന്നതാണ് ഇതെന്നും സർക്കാർപക്ഷം അവകാശപ്പെടുന്നു. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ തടയണമെന്ന് യു ട്യൂബിനും ട്വിറ്ററിനും സർക്കാർ നിർദേശം നൽകിയിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ.
അതേസമയം, നരേന്ദ്ര മോദിക്കെതിരേ പുതിയ ആയുധം ലഭിച്ചതിന്റെ ആവേശത്തിലാണു പ്രതിപക്ഷ നേതാക്കളിൽ ഏറെയും. ഡോക്യുമെന്ററിക്കുള്ള കേന്ദ്ര സർക്കാർ നിരോധനം മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കൈകടത്തലായി അവർ വിശേഷിപ്പിക്കുന്നു. ഡോക്യുമെന്ററിക്കു പരമാവധി പ്രചാരം നൽകാനാണ് അവരുടെ പദ്ധതികളും. എന്നാൽ, അത്തരം നിലപാടു സ്വീകരിക്കുന്നവർ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിക്കുന്നവരാണെന്നു ബിജെപിയും കുറ്റപ്പെടുത്തുന്നു. കേന്ദ്രം വിലക്കിയ ഡോക്യുമെന്ററി കേരളത്തിലും വ്യാപകമായി പ്രദർശിപ്പിക്കാനാണു ബിജെപി ഇതര യുവജന- വിദ്യാർഥി സംഘടനകൾ ശ്രമിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുവേദികളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും എസ്എഫ്ഐയും എംഎസ്എഫും കെഎസ്യുവും എല്ലാം രംഗത്തുണ്ട്. ഈ നീക്കം തടയാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിരിക്കുന്നു. ഇക്കാര്യത്തിൽ ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിന്റെ ആവശ്യകതയെന്തെന്ന് എല്ലാ ഭാഗത്തും ആലോചന വേണം എന്നതാണ് ഇതുമായി ബന്ധപ്പെട്ടു പറയാനുള്ളത്.
രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നു തന്നെയാണു ഗുജറാത്ത് കലാപം. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയുണ്ടായ കലാപത്തിൽ അദ്ദേഹം വിമർശന വിധേയനുമായി. സ്വാഭാവികമായും അന്വേഷണങ്ങളും കോടതി നടപടികളും ഉണ്ടായതാണ്. മോദിക്കെതിരേ രാജ്യവ്യാപകമായി ബിജെപി ഇതര കക്ഷികൾ ഗുജറാത്ത് കലാപം വിഷയമാക്കി. പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദി എത്തിയപ്പോഴും പ്രധാന ആരോപണമായി മുഴുവൻ എതിരാളികളും ഉയർത്തിയതു ഗുജറാത്ത് കലാപമാണ്. മരണത്തിന്റെ വ്യാപാരി എന്നാണു മോദിയെ കോൺഗ്രസ് അക്കാലത്തു വിശേഷിപ്പിച്ചിരുന്നത്. എന്നാൽ, മോദിക്കെതിരായ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടില്ല. സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മിഷൻ മോദിക്കു ക്ലീൻ ചിറ്റ് നൽകി. കലാപം തടയാൻ ഗുജറാത്ത് സർക്കാർ ഒന്നും ചെയ്തില്ല എന്ന ആരോപണം കമ്മിഷൻ നിരാകരിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തിയ സുപ്രീം കോടതി മോദിയെ കുറ്റവിമുക്തനാക്കിയതിന് എതിരായ ഹർജിയും തള്ളി. രാജ്യത്തെ ജനങ്ങളും പരമോന്നത കോടതിയും മോദി കുറ്റക്കാരനല്ലെന്നു വിധിച്ചിട്ടും രാജ്യത്തെ പ്രതിപക്ഷത്തിന് അതു ബോധ്യമാവുന്നില്ല എന്നാണു ബിജെപിയുടെ വാദം.
രാജ്യത്തെ പരമോന്നത കോടതി തള്ളിയ ആരോപണങ്ങളാണ് മറ്റൊരു പൊതുതെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ വീണ്ടും ബിബിസി ഡോക്യുമെന്ററിയിലൂടെ ഉയരുന്നത് എന്നതു വസ്തുതയാണ്. നിങ്ങൾക്ക് ഇവിടുത്തെ നിയമ സംവിധാനങ്ങളെയാണോ ബിബിസിയെയാണോ വിശ്വാസം എന്നു ബിജെപി ചോദിക്കുന്നതും ഈ പശ്ചാത്തലത്തിൽ. രാജ്യം ജി 20 കൂട്ടായ്മയുടെ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോഴാണ് ഈ ഡോക്യുമെന്ററി വിവാദം എന്നതും പ്രാധാന്യമുള്ളതാണ്. അതേസമയം, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതുപോലുള്ള നിരോധനങ്ങൾ എന്തു മാത്രം ഫലവത്താണ് എന്നതും ആലോചിക്കേണ്ടതാണ്. ഒരുപക്ഷേ, നിരോധനം കൊണ്ടാവും ഇതിന് ഇത്രമാത്രം പ്രാധാന്യം കൈവരുന്നതു തന്നെ. അതല്ലെങ്കിൽ പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ വരുന്നു എന്നതിലപ്പുറം പ്രാധാന്യമൊന്നും ഇതിനുണ്ടാവുമായിരുന്നില്ല. ഇന്ത്യയിൽ തടഞ്ഞു എന്നതു കൊണ്ട് ലോക രാജ്യങ്ങളിൽ ഇത് കാണാതിരിക്കുകയുമില്ല.