
ആലുവയിൽ അഞ്ചു വയസു മാത്രം പ്രായമുള്ള ചാന്ദ്നി എന്ന പെൺകുട്ടിയെ ഒരു കൊടും ക്രിമിനൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന സംഭവം കേരളത്തെ നടുക്കിയിട്ട് ഏറെയായിട്ടില്ല. ഇതര സംസ്ഥാനത്തുനിന്നുവന്ന് ഇവിടെ ജോലി ചെയ്തു ജീവിക്കുന്ന ഒരു കുടുംബത്തിലെ കുട്ടിയെ ഇതര സംസ്ഥാനക്കാരനായ അസഫക് ആലം എന്ന അക്രമി പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. മാർക്കറ്റിനുള്ളിലെ മാലിന്യക്കൂമ്പാരത്തിൽ ചാക്കിൽ പൊതിഞ്ഞ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കൊലപാതകം ഒരുപാടു ചോദ്യങ്ങൾ കേരളത്തിനു മുന്നിൽ ഉയർത്തിയതാണ്. പെൺകുട്ടികളുടെ സുരക്ഷയും സമൂഹത്തിൽ ലഹരിയുടെ സ്വാധീനവും ക്രിമിനലുകളുടെ അഴിഞ്ഞാട്ടവും എല്ലാം അതിൽ ഉൾപ്പെടുന്നതാണ്. ക്രിമിനലുകൾക്ക് സ്വൈരവിഹാരം നടത്താൻ സൗകര്യമുള്ള ഇടമായി കേരളം മാറുന്നുണ്ടോ എന്ന ചോദ്യം സ്വാഭാവികമായും വലിയ ആശങ്ക ഉയർത്തുന്നതാണ്. മലപ്പുറം ചേളാരിയിൽ നാലുവയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായതു പോലുള്ള സംഭവങ്ങൾ അതിനു ശേഷവും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ ആലുവയിൽ മറ്റൊരു നടുക്കുന്ന പീഡന സംഭവം കൂടിയുണ്ടായിരിക്കുന്നു. ചാത്തൻപുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം ഞെട്ടലോടെയാണു കേരളം കേട്ടത്. ബിഹാർ സ്വദേശികളുടെ കുടുംബത്തിൽ പെട്ട പെൺകുട്ടി അമ്മയ്ക്കും സഹോദരങ്ങൾക്കും ഒപ്പം വീട്ടിൽ ഉറങ്ങുകയായിരുന്നു. തുറന്നു കിടന്ന ജനലിലൂടെ താക്കോൽ കൈക്കലാക്കി വാതിൽ തുറന്ന പ്രതി കുട്ടിയെ എടുത്ത് പുറത്തിറങ്ങി വാതിൽ പൂട്ടുകയായിരുന്നു എന്നാണു പറയുന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടും കുട്ടിയെ കൊണ്ടുപോകുന്നതു കണ്ടും പുറത്തുവന്ന അയൽവാസി മറ്റ് അയൽക്കാരെ വിവരമറിയിച്ച് അവർക്കൊപ്പം തെരച്ചിൽ നടത്തി. ആളുകൾ തെരച്ചിൽ നടത്തുന്നു എന്നറിഞ്ഞപ്പോഴാണ് പ്രതി കുട്ടിയെ സമീപത്തുള്ള വയലിൽ ഉപേക്ഷിച്ചു കടന്നുകളഞ്ഞത് എന്നു വേണം കരുതാൻ. ചോരയൊലിച്ച നിലയിൽ പെൺകുട്ടി തെരച്ചിൽ നടത്തിയിരുന്ന നാട്ടുകാർക്ക് അടുത്തേക്ക് ഓടിയെത്തുകയായിരുന്നുവത്രേ.
ഒരുപക്ഷേ കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത് സംശയം തോന്നിയപ്പോൾ അയൽക്കാർ കാണിച്ച ജാഗ്രത കൊണ്ടാവാം. പീഡനങ്ങൾ തടയുന്നതിനടക്കം കുട്ടികളുടെ സുരക്ഷയ്ക്ക് സമൂഹം മൊത്തത്തിൽ ജാഗ്രത കാണിക്കേണ്ട കാലഘട്ടമാണിത്. തനിക്കു ചുറ്റുമുള്ള സമൂഹത്തിൽ അക്രമികൾക്കും ക്രിമിനലുകൾക്കും ഇടം കിട്ടുന്നില്ലെന്ന് ഉറപ്പിക്കാനുള്ള ജാഗ്രതയുണ്ടാവണം. സംശയകരമായ വിധത്തിൽ എന്തെങ്കിലും കണ്ടാലും അതു തന്നെ ബാധിക്കാതിരുന്നാൽ മതി എന്ന ചിന്താഗതി അപകടകരമാണ്. ആലുവയിൽ ചാന്ദ്നി കൊല്ലപ്പെട്ട മാർക്കറ്റ് പ്രദേശത്ത് നേരത്തേ മുതൽ സാമൂഹിക വിരുദ്ധർ തമ്പടിച്ചിരിക്കുകയായിരുന്നു. മാർക്കറ്റ് സമയം കഴിഞ്ഞാൽ സ്വബോധമുള്ള ആരും ഇവിടേക്ക് എത്തിനോക്കാറില്ല. ഓപ്പൺ ബാർ എന്ന് തൊഴിലാളികൾ വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തുനിന്ന് സാമൂഹിക വിരുദ്ധരെ ഒഴിവാക്കാൻ പൊലീസ് അടക്കം ആരും ശ്രമിച്ചില്ല എന്നതാണ് ഒരു പാവം പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്തിയത്. അധികൃതർ അടക്കം ആരും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചാൽ എവിടെയും ക്രിമിനലുകൾക്കു വിലസാൻ അവസരമുണ്ടാവും.
കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വ്യാജസിദ്ധൻ അറസ്റ്റിലായത് ഇന്നലെയാണ്. കൂത്തുപറമ്പിനടുത്ത് മന്ത്രവാദ കേന്ദ്രം നടത്തുന്നയാളാണ് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്. പഠനത്തിൽ മികവുണ്ടാകാൻ വേണ്ടിയാണ് പെൺകുട്ടിയെ രക്ഷിതാക്കൾ ഈ കേന്ദ്രത്തിലേക്കു കൊണ്ടുവന്നതത്രേ. ഇയാളുടെ മന്ത്രവാദ കേന്ദ്രത്തിനെതിരേ നാട്ടുകാരിൽ നിന്നു നേരത്തേ പരാതികളുണ്ടായിരുന്നതാണ്. യുവജന സംഘടനകൾ കേന്ദ്രത്തിലേക്കു പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അതെല്ലാം അവഗണിച്ച പൊലീസും മറ്റ് ഉത്തരവാദപ്പെട്ടവരുമല്ലേ ഇയാൾക്ക് അവസരമുണ്ടാക്കിക്കൊടുത്തത്.
ചാത്തൻപുറത്ത് എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിട്ടുള്ള തിരുവനന്തപുരം ചെങ്കൽ സ്വദേശി ഇതാദ്യമായല്ല ക്രിമിനൽ സ്വഭാവം കാണിക്കുന്നത്. 2017ൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിൽ പിടിയിലായതാണ് ഇയാളത്രേ. പിന്നീട് ജാമ്യത്തിലിറങ്ങിയതാണ്. സ്ഥിരം മോഷ്ടാവുമാണ് ഇയാൾ. രാത്രി മാത്രമാണ് ഇയാൾ വീടിനു പുറത്തിറങ്ങാറുള്ളതെന്നു സമീപവാസികൾ പറയുന്നുണ്ട്. ഇത്തരക്കാർക്ക് ഒരു പ്രയാസവുമില്ലാതെ എവിടെയും കടന്നുചെന്ന് എന്ത് അക്രമവും ആവർത്തിക്കാൻ കഴിയുന്ന സ്ഥിതിവിശേഷമാണ് ആശങ്കപ്പെടുത്തുന്നതായുള്ളത്.
ചാന്ദ്നിയെ പീഡിപ്പിച്ചു കൊന്ന അസഫക് ആലം മുൻപ് ഡൽഹിയിലും പോക്സോ കേസിലെ പ്രതിയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾ ജാമ്യത്തിലിറങ്ങിയാണ് കേരളത്തിലേക്കു വന്നത്. കൊടും ക്രിമിനലായിരുന്ന ഇയാൾക്ക് ഇവിടെ യാതൊരു സംശയവും തോന്നാത്ത വിധം താമസിക്കാനും ഒരു പെൺകുട്ടിയുടെ ജീവൻ പിച്ചിച്ചീന്താനും കഴിഞ്ഞു. ലഹരി വസ്തുക്കളുടെ കടത്തും ഉപയോഗവും അടക്കമുള്ള ദുഷ്പ്രവണതകൾ ഇവിടെ വർധിച്ചുവരുന്നുണ്ട്. ശരിയായ ജാഗ്രത പുലർത്തിയില്ലെങ്കിൽ കൂടുതൽ അപകടകരമായ സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിച്ചേരും. പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമായി കാണേണ്ടതാണ്. നിയമം കർശനമായി നടപ്പാക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നു ശ്രമങ്ങളുണ്ടാവണം.