ഉഷ്ണതരംഗത്തെ കരുതിയിരിക്കുക| മുഖപ്രസംഗം

തുടർച്ചയായി 40 ഡിഗ്രിക്കു മുകളിലാണ് പാലക്കാട്ടെ താപനില
symbolic image
symbolic image

കൊടുംചൂടിൽ കത്തിയെരിയുന്ന കേരളത്തിൽ ഉഷ്ണതരംഗം ഉയർത്തുന്ന ഭീഷണി ജനങ്ങൾ സ്വയം പ്രതിരോധത്തിലൂടെ നേരിടേണ്ട ദിവസങ്ങളാണിത്. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലും കടുത്ത ചൂട് ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. തുടർച്ചയായി 40 ഡിഗ്രിക്കു മുകളിലാണ് പാലക്കാട്ടെ താപനില. തൃശൂർ, കോഴിക്കോട്, കൊല്ലം തുടങ്ങിയ ജില്ലകളിൽ 39 ഡിഗ്രി താപനില വരെയാണു വരും മണിക്കൂറുകളിൽ പ്രതീക്ഷിക്കുന്നത്. വയനാടും ഇടുക്കിയും ഒഴികെ എല്ലാ ജില്ലകളിലും 37 ഡിഗ്രിക്കു മുകളിൽ താപനില ഉണ്ടാവുമെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ട്. പകൽ മാത്രമല്ല രാത്രിയും പുലർച്ചെയും എല്ലാം പതിവിലും ഉയർന്ന ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ മഴ കാര്യമായി കുറഞ്ഞതിനാൽ ചുട്ടുപൊള്ളുന്നതിനു താത്കാലിക ശമനം പോലും പലയിടത്തും കിട്ടുന്നില്ല.

പാലക്കാടും കണ്ണൂരും കോഴിക്കോടും മലപ്പുറത്തും ആലപ്പുഴയിലും സൂര്യാഘാതമേറ്റുള്ള മരണമുണ്ടായിട്ടുണ്ട്. മലപ്പുറത്ത് അറുപത്തിമൂന്നു വയസുള്ള മുഹമ്മദ് ഹനീഫയാണ് കഴിഞ്ഞ ദിവസം സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കോഴിക്കോട്ട് പന്നിയങ്കര സ്വദേശി വിജേഷ് പെയ്ന്‍റിങ് ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റു മരിച്ചതും കഴിഞ്ഞ ദിവസം. കുഴഞ്ഞു വീണ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കേയാണു മരിച്ചത്. പാലക്കാട് ഒരു മാസത്തിനിടെ രണ്ടു പേർ സൂര്യാഘാതമേറ്റു മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കുഴഞ്ഞുവീണുള്ള മരണങ്ങൾ പലതുണ്ടായിട്ടുണ്ട്. കടുത്ത ചൂടും സൂര്യാഘാതവും ഇവരിൽ പലരുടെയും മരണത്തിനു കാരണമായിട്ടുണ്ടാവാം. സൂര്യാഘാതമേറ്റ് ചികിത്സ തേടിയവരും വിവിധ ഭാഗങ്ങളിലുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് കർശന നിയന്ത്ര‍ണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ദുരന്ത നിവാരണ അഥോറിറ്റിയുടെ അവലോകന യോഗത്തിൽ തീരുമാനമുണ്ടായിരിക്കുന്നത്.

പ്രൊഫഷണൽ കോളെജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മേയ് ആറുവരെ അടിച്ചിടുകയാണ്. സ്കൂൾ വിദ്യാർഥികളുടെ അവധിക്കാല ക്ലാസുകൾ 11 മണി മുതൽ മൂന്നു മണി വരെ ഒഴിവാക്കാനും നിർദേശമുണ്ട്. പൊലീസ്, അഗ്നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻസിസി, എസ്പിസി തുടങ്ങിയവയുടെ പരീശിലന കേന്ദ്രങ്ങളിൽ പകൽ സമയത്തെ പരേഡും ഡ്രില്ലുകളും ഒഴിവാക്കണമെന്നും നിർദേശിക്കുന്നുണ്ട്. ആസ്ബസ്റ്റോസ്, ടിൻ ഷീറ്റുകൾ മേൽക്കൂരയായിട്ടുള്ള തൊഴിലിടങ്ങൾ പകൽ സമയം അടച്ചിടുക, ഇത്തരം വീടുകളിൽ താമസിക്കുന്നവരെ ക്യാംപുകളിലേക്കു മാറ്റുക തുടങ്ങി നിരവധി നിർദേശങ്ങൾ യോഗം നൽകുന്നുണ്ട്. രാവിലെ പതിനൊന്നു മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ടു സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. പതിനൊന്നു മുതൽ മൂന്നു വരെയുള്ള സമയം സൂര്യപ്രകാശത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ പാകത്തിനു ജോലിസമയം ക്രമീകരിക്കാൻ കഴിയണം. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളും വഴിയോരക്കച്ചവടക്കാരും ഇക്കാര്യത്തിൽ ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രായമായവരും ഗുരുതര രോഗമുള്ളവരും കുട്ടികളും ഗർഭിണികളും പ്രത്യേക ജാഗ്രത പുലർത്തണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്ക‍ണമെന്നു വിദഗ്ധർ നിർദേശിക്കുന്നുണ്ട്. കാലാവസ്ഥാ വകുപ്പിന്‍റെയും ദുരന്ത നിവാരണ അഥോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുകയെന്നത് ഈ സാഹചര്യത്തിൽ വളരെ പ്രധാനമാണ്.

സംസ്ഥാനത്തു കുടിവെള്ളക്ഷാമം രൂക്ഷമാവുന്ന പല പ്രദേശങ്ങളുമുണ്ട്. കിണറുകളും കുളങ്ങളും നദികളും എല്ലാം വറ്റുകയാണ്. സംസ്ഥാനം അപ്പാടെ വറ്റിവരണ്ടു കിടക്കുന്ന സാഹചര്യത്തിൽ ഓരോ തുള്ളി വെള്ളവും വിലപ്പെട്ടത്. ഉള്ളത് പാഴാക്കികളയാതിരിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വം. വെള്ളമില്ലാത്തവർക്ക് അതെത്തിച്ചുകൊടുക്കുന്നതിലുണ്ടാവുന്ന പാളിച്ചകൾ അധികാരികൾ ഒഴിവാക്കേണ്ടതുമാണ്. കുടിവെള്ളം ഉറപ്പുവരുത്തുന്നതിൽ തദ്ദേശ സ്ഥാപനങ്ങളുടെ ശക്തമായ ഇടപെടലാണ് ഈ ദിവസങ്ങളിൽ ഉണ്ടാവേണ്ടത്. മറ്റൊരു ഭീഷണി അഗ്നിബാധയുമായി ബന്ധപ്പെട്ടാണ്. മാർക്കറ്റുകളിലും മാലിന്യം ശേഖരിക്കുന്ന കേന്ദ്രങ്ങളിലും തുടങ്ങി തീപിടിക്കാനുള്ള സാധ്യത എവിടെയുമുണ്ട്. പൊതുസ്ഥലങ്ങളിൽ ‍അഗ്നി പടരുന്നത് ഒഴിവാക്കാൻ പതിവിലും കൂടുതൽ ജാഗ്രത ‍ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ പുലർത്തേണ്ടിയിരിക്കുന്നു. ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലും നിർബന്ധമായും ഉറപ്പുവരുത്തേണ്ടതാണ്. സാധാരണയെക്കാൾ നാലും അഞ്ചും ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനില രേഖപ്പെടുത്തുന്ന ഈ ദിവസങ്ങളിൽ അതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന നിർജലീകരണം അടക്കം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് സ്വയം ബോധ്യമുണ്ടാവുകയും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com