അധിക ശ്രദ്ധ വേണം മലമ്പാതകളിൽ

പ​ക​ൽ സ​മ​യ​മാ​യ​തി​നാ​ൽ മോശം കാലാവസ്ഥ, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ലത്രേ
careful when traveling

അധിക ശ്രദ്ധ വേണം മലമ്പാതകളിൽ

വാൽപ്പാറ ഹെയർപിൻ - file image

Updated on

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിൽ നിന്ന് വിനോദയാത്ര പോയ അധ്യാപകരടങ്ങിയ സംഘം സഞ്ചരിച്ച വാഹനം ത​മി​ഴ്നാ​ട്ടി​ലെ വാ​ൽ​പ്പാറ​യി​ൽ ചുരം ഇറങ്ങുമ്പോൾ നി​യ​ന്ത്ര​ണം വി​ട്ട് ഹെയർപിൻ വളവിൽ തലകീഴായി മറിഞ്ഞ് മുന്നൂറോളം അ​ടി താ​ഴ്ച​യി​ലേ​ക്കു വീണ് ഏ​ഴു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യും ഉ​ൾ​പ്പെ​ടെ ഒമ്പതു പേർ മരിച്ച അതിദാരുണ സംഭവമുണ്ടായത് കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ്. നാടിനു മുഴുവൻ നോവായി മാറിയ ഈ അപകടത്തിനു പിന്നാലെ മലമ്പാതകളിലെ, പ്രത്യേകിച്ച് ഹെയർപിന്നുകളിലെ യാത്രകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും കേരളം ചർച്ച ചെയ്യുന്നുണ്ട്. ഫോ​ഴ്സ് ട്രാ​വ​ല​ർ പോ​ലെ​യു​ള്ള വ​ലി​യ വാ​ഹ​നം ദു​ർ​ഘ​ട പാ​ത​ക​ളി​ലൂ​ടെ ഓ​ടി​ച്ച ഡ്രൈവറുടെ പ്രാ​യ​ക്കു​റ​വും പരിചയക്കുറവും അമിതമായ ബ്രേക്ക് ഉപയോഗവും അപകടത്തിലേക്കു നയിച്ചു എന്ന കണക്കുകൂട്ടലുകൾ ശരിവച്ചുകൊണ്ടാണു കഴിഞ്ഞ ദിവസം പൊള്ളാച്ചി ആർടിഒ മാധ്യമങ്ങളോടു പ്രതികരിച്ചത്. പ​ക​ൽ സ​മ​യ​മാ​യ​തി​നാ​ൽ മോശം കാലാവസ്ഥ, കാഴ്ചക്കുറവ് തുടങ്ങിയ പ്രശ്നങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ലത്രേ.

അമിതമായി ബ്രേക്ക് ഉപയോഗിച്ച് മലയോര പാതകളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ ബ്രേക്കിന്‍റെ കാര്യക്ഷമത പെട്ടെന്നു കുറയുകയും ബ്രേക്ക് തന്നെ ഇല്ലാതാവുകയും ചെയ്യുന്ന അവസ്ഥയായ ബ്രേക്ക് ഫേഡിങ് ആണ് ഈ അപകടത്തിലേക്കു നയിച്ചതെന്നു പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. തുടർച്ചയായി ബ്രേക്ക് ഉപയോഗിച്ചു വാഹനം ഇറക്കുമ്പോൾ ബ്രേക്ക് ഡ്രമ്മിലെയും പാഡിലെയും താപനില ഉയർന്ന് ബ്രേക്ക് സംവിധാനം തന്നെ തകരാറിലാവുന്ന അവസ്ഥയാണ് ബ്രേക്ക് ഫേഡിങ് ആയി പറയുന്നത്. ഗിയർ കുറച്ച് സ്വാ​ഭാ​വി​ക​മാ​യ എൻജിൻ ബ്രേക്കിങ് ഉപയോഗപ്പെടുത്തുന്നത് മലമ്പാതകളിൽ സുരക്ഷിത യാത്രയ്ക്കു സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. മലയിറങ്ങുമ്പോൾ ദീർഘനേരം തുടർച്ചയായി ബ്രേക്ക് അമർത്തിപ്പിടിക്കാതിരിക്കുക, താഴ്ന്ന ഗിയറുകൾ ഉപയോഗിക്കുക തുടങ്ങിയ നിർദേശങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ഇപ്പോൾ വിദഗ്ധർ നൽകുന്നുണ്ട്. എന്തായാലും നഗരങ്ങളിലും നിരപ്പുള്ള പ്രദേശങ്ങളിലും വാഹനം ഓടിക്കുന്ന അതേ രീതി മലമ്പാതകളിൽ സ്വീകരിക്കാനാവില്ല എന്നതു പരിചയ സമ്പന്നരായ ഡ്രൈവർമാർക്ക് അറിവുണ്ടാവേണ്ടതാണ്. പരിചയമില്ലാത്ത റോഡാണെങ്കിൽ അപകട സാധ്യത കൂടുകയും ചെയ്യും.

അപകടത്തിൽപെട്ട ടെമ്പോ ട്രാവലർ ഓടിച്ചിരുന്നത് കേ​വ​ലം 21 വ​യ​സു​കാ​രനായ ഡ്രൈവറാണ്. സ്വാഭാവികമായും പരിചയമില്ലായ്മ സംശയിക്കാം. ഡ്രൈവർ അടക്കം നാലു പേർക്ക് അപകടത്തിൽ പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പാങ്ങിൽ നിന്നു പുലർച്ചെ പുറപ്പെട്ട ഡ്രൈവർ ഉൾപ്പെടെ13 പേരടങ്ങിയ വിനോദയാത്രാ സംഘം ചാ​ല​ക്കു​ടി​യി​ൽ എ​ത്തി​യ ശേ​ഷം അ​തി​ര​പ്പി​ള്ളി, വാഴച്ചാൽ വ​ഴി മ​ല​ക്ക​പ്പാ​റ​യി​ലൂ​ടെ വാ​ൽ​പ്പാറ​യി​ലേ​ക്കു പോ​വുകയായിരുന്നു. തു​ട​ർ​ന്ന് പൊ​ള്ളാ​ച്ചി വ​ഴി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അപകട കാരണം കൃത്യമായി അറിയാൻ ഇതു സംബന്ധിച്ചു നടക്കുന്ന അന്വേഷണങ്ങൾ സഹായിക്കട്ടെ. വാൽപ്പാറ-​ ആളിയാർ റോഡിൽ 40 ഹെയർപിൻ വളവുകളാണുള്ളത്. അതുകൊണ്ടു തന്നെ ഈ പാതയിൽ വാഹനമോടിക്കുക ഏറെ ശ്രദ്ധ ആവശ്യമായ ജോലിയാണ്. അപകടമുണ്ടായ പതിമൂന്നാം വളവ് ഏറ്റവും അപകടം പിടിച്ച ഭാഗമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ മേഖലയിൽ പല അപകടങ്ങളുമുണ്ടായിട്ടുണ്ട്. റോഡിന്‍റെ വീതി വർധിപ്പിക്കുക, സുരക്ഷാ ഭിത്തികളുടെ ഉയരം കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ നേരത്തേ ഉയർന്നിരുന്നുവത്രേ. ഈ അപകടത്തിന്‍റെ സാഹചര്യത്തിൽ റോഡിന്‍റെ സുരക്ഷാ ​സംവിധാനങ്ങളിൽ ഇനിയും എന്തൊക്കെ മാറ്റം ആവശ്യമാണ് എന്നു കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത്തരം റോഡുകളിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കാര്യക്ഷമമായ നിരീക്ഷണം അടക്കം ആവശ്യമാണ്.

മലയോര മേഖലകളിലെയടക്കം കൊടുംവളവുകളും ഇറക്കങ്ങളുമൊക്കെയുള്ള റോഡുകളിൽ അപകടസാധ്യത കൂടുതലാണെന്ന ബോധ്യത്തോടെ വേണം വാഹനമോടിക്കാനെന്ന് ഓർമപ്പെടുത്തുന്ന ചെറുതും വലുതുമായ നിരവധി അപകടങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒരു സ്ത്രീയും ആറു മാസം പ്രായമുള്ള കുഞ്ഞും മരിച്ചതു കഴിഞ്ഞ ദിവസമാണ്. അപകടത്തിൽ പരുക്കേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരവുമാണ്. കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 200 അടിയോളം താഴ്ചയിലേക്കു മറിയുകയായിരുന്നു. വയനാട്ടിൽ മാനന്തവാടിക്കടുത്ത് തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്കു മറിഞ്ഞ് ഒമ്പതു പേർ മരിച്ച ദുരന്തമുണ്ടായത് 2023 ഓഗസ്റ്റിലാണ്. വളവു തിരിയുമ്പോൾ നിയന്ത്രണം വിട്ട ജീപ്പ് താഴോട്ടു പതിക്കുകയായിരുന്നു അന്ന്. ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയും അതിവേഗവും റോഡുകളിലെ സുരക്ഷാ സംവിധാനങ്ങളുടെ കുറവും എല്ലാം വാഹനാപകടങ്ങൾക്കു കാരണമാവുന്നുണ്ട്. ദൂ​ര​യാ​ത്ര​യ്ക്കു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​യ്ക്കു വി​ളി​ക്കു​മ്പോ​ൾ പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ഡ്രൈ​വ​ർ ത​ന്നെ ഉ​ണ്ടാ​ക​ണം എ​ന്ന് യാ​ത്ര​ക്കാ​ർ നി​ർ​ബ​ന്ധം പി​ടി​ക്ക​ണം. അ​ത് ന​മ്മു​ടെ ജീ​വ​ന്‍റെ സു​ര​ക്ഷ​യ്ക്കു സു​പ്ര​ധാ​ന​മാ​ണ്. റോഡ് അപകടങ്ങൾ കുറച്ചുകൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ഇനിയും ഊർജിതമായി തുടരേണ്ടതുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com