വോട്ടർ പട്ടിക പരിഷ്കരണം സംശയ നിഴലിൽ ആകരുത്

ആധാർ കാർഡും വോട്ടർ ഐഡിയും റേഷൻ കാർഡും അർഹത തെളിയിക്കാനുള്ള രേഖകളായി പരിഗണിച്ചാൽ ലക്ഷക്കണക്കിനാളുകളുടെ നെട്ടോട്ടത്തിന് അവസാനമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്
bihar voters list revison editorial

വോട്ടർ പട്ടിക പരിഷ്കരണം സംശയ നിഴലിൽ ആകരുത്

Updated on

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടർ പട്ടികയിൽ സമഗ്ര പരിഷ്കരണം (സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ-എസ്ഐആർ) നടത്താനുള്ള തെരഞ്ഞെടുപ്പു കമ്മിഷന്‍റെ തീരുമാനം വലിയ രാഷ്‌ട്രീയ വിവാദത്തിനു വഴിവച്ചിരിക്കുകയാണ്. ഈ സമയത്തു വോട്ടർ പട്ടിക പുതുക്കുന്നത് ലക്ഷക്കണക്കിനു വോട്ടർമാരെ പുറത്താക്കാൻ കാരണമാവുമെന്നാണ് കോൺഗ്രസും ആർജെഡിയും അടക്കം പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യം ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പാറ്റ്നയിൽ വലിയ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചിരുന്നു. വോട്ടു ചെയ്യാനുള്ള ജനങ്ങളുടെ അവകാശം ഭീഷണി നേരിടുന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. കുറെയാളുകളുടെ വോട്ടുകൾ ഇല്ലാതാക്കാനുള്ള നീക്കം ബിഹാറിലെ യുവാക്കൾ അംഗീകരിക്കില്ലെന്നും രാഹുൽ കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം, അനർഹരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കാനാണ് ഇപ്പോഴത്തെ പുതുക്കൽ നടപടിയെന്ന് തെരഞ്ഞെടുപ്പു കമ്മിഷൻ അവകാശപ്പെടുന്നു. ഈ വർഷം അവസാനമാണ് ബിഹാറിൽ തെരഞ്ഞെടുപ്പു നടക്കേണ്ടത്. ജൂൺ 24നു തുടങ്ങിയ വോട്ടർ പട്ടിക പരിഷ്കരണം ജൂലൈ 25നു പൂർത്തിയാക്കുമെന്നാണു കമ്മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിന് കരടു വോട്ടർ പട്ടികയും സെപ്റ്റംബർ 30ന് അന്തിമ വോട്ടർ പട്ടികയും പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരിക്കുന്നു. എട്ടുകോടിയോളം വോട്ടർമാരാണ് ബിഹാറിലുള്ളത്. വോട്ടർ പട്ടികയിൽ അവസാനമായി സമഗ്ര പരിഷ്കരണം നടത്തിയ 2003ൽ ഉണ്ടായിരുന്ന അഞ്ചു കോടിയോളം വോട്ടർമാർക്ക് വോട്ടവകാശം തെളിയിക്കുന്നതിനു പുതിയ രേഖകളൊന്നും ആവശ്യമില്ല. അവർ അപേക്ഷ നൽകിയാൽ മതി. അതേസമയം, ബാക്കിയുള്ള മൂന്നു കോടിയോളം വോട്ടർമാർ അർഹതയുള്ളവരെന്നു തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കണം. ജനനത്തീയതിയോ പൗരത്വമോ തെളിയിക്കുന്നതിനുള്ള രേഖയാണു ഹാജരാക്കേണ്ടത്. ആ രേഖകളിൽ ആധാറോ വോട്ടർ ഐഡിയോ റേഷൻ കാർഡോ ഉൾപ്പെടാത്തത് വലിയ വിമർശനം ക്ഷണിച്ചുവരുത്തുകയായിരുന്നു. ജനനത്തീയതിയും സ്ഥലവും വ്യക്തമാക്കുന്ന മറ്റു രേഖകൾ കിട്ടാൻ നെട്ടോട്ടമോടേണ്ട അവസ്ഥയായി. ഇത്തരത്തിലുള്ള പരിഷ്കരണത്തിനെതിരേ സുപ്രീം കോടതിയിലും ഹർജിയെത്തി. ആധാർ പൗരത്വത്തിനു തെളിവല്ല എന്ന നിലപാട് കമ്മിഷൻ സ്വീകരിച്ചിരുന്നു.

എന്നാൽ, ആധാർ കാർഡും വോട്ടർ ഐഡിയും റേഷൻ കാർഡും ആധികാരിക രേഖകളായി പരിഗണിക്കണമെന്നാണ് പ്രഥമദൃഷ്ട്യാ തങ്ങളുടെ അഭിപ്രായമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ സമയത്തിലും കോടതി സംശയം പ്രകടിപ്പിച്ചിരിക്കുന്നു. എന്തായാലും പരിഷ്കരണം തുടരാനുള്ള അനുമതിയും കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ജൂലൈ 28നാണ് കേസിൽ തുടർന്നു വാദം കേൾക്കുന്നത്. തെരഞ്ഞെടുപ്പു കമ്മിഷന്‍റെ പരിശോധനാ അവകാശത്തിൽ കോടതി സംശയം പ്രകടിപ്പിക്കുന്നില്ല. അതേസമയം, തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇത്തരത്തിലുള്ള പരിശോധന എന്നതു കോടതി ചൂണ്ടിക്കാണിക്കുന്നു. ഈ പരിഷ്കരണം നേരത്തേ ആകാമായിരുന്നല്ലോ എന്നാണു കോടതി ചോദിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ കമ്മിഷൻ ആവശ്യപ്പെടുന്ന രേഖകളുണ്ടാക്കി വോട്ടവകാശം ഉറപ്പാക്കാനാവില്ല എന്ന പരാതിയാണു പലരും ഉന്നയിക്കുന്നത്. കമ്മിഷനു ചെയ്യാനാവുന്നതു തടയില്ല, എന്നാൽ ചെയ്യാനാവാത്തത് അനുവദിക്കുകയുമില്ല എന്നാണു കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാദം കേൾക്കാതെ ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കില്ലെന്ന് കമ്മിഷൻ കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്. വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ച് ഉയർന്നിട്ടുള്ള എല്ലാ ആശങ്കകളും പരിഹരിക്കാൻ കോടതിയുടെ ഇടപെടൽ ഉപകരിക്കട്ടെ.

ആധാർ കാർഡും വോട്ടർ ഐഡിയും റേഷൻ കാർഡും അർഹത തെളിയിക്കാനുള്ള രേഖകളായി പരിഗണിച്ചാൽ ലക്ഷക്കണക്കിനാളുകളുടെ നെട്ടോട്ടത്തിന് അവസാനമാവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞിട്ട് ഒരു വർഷമായി. ഇതുവരെ വോട്ടർ പട്ടിക പരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കാതിരുന്ന കമ്മിഷൻ അവസാന നിമിഷം അതിന് ഇറങ്ങിപ്പുറപ്പെട്ടതിനെയാണ് പ്രതിപക്ഷ കക്ഷികൾ ചോദ്യം ചെയ്യുന്നത്. ഭരണത്തിലുള്ളവർക്കു വേണ്ടിയാണ് കമ്മിഷന്‍റെ നീക്കം എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നുണ്ട്.

തെരഞ്ഞെടുപ്പു കമ്മിഷൻ രാഷ്‌ട്രീയമായി പക്ഷം പിടിക്കുന്നു എന്ന ആരോപണം ഉയരുന്നത് ജനാധിപത്യത്തിനു നല്ലതല്ല. എല്ലാവരെയും ഉൾക്കൊള്ളാനും എല്ലാവരുടെയും പരാതികൾ പരിഗണ‍ിക്കാനും കമ്മിഷനു കഴിയട്ടെ. ബിഹാറിനു ശേഷം കേരളം അടക്കം അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും വോട്ടർ പട്ടികയിലെ പരിഷ്കരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. അസം, തമിഴ്നാട്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിലാണ് കേരളത്തിനു പുറമേ അടുത്തവർഷം തെരഞ്ഞെടുപ്പുള്ളത്. എല്ലായിടത്തും വോട്ടർ പട്ടികയിലെ ഇരട്ടിപ്പും അർഹതയില്ലാത്തവരുടെ കടന്നുകയറ്റവും ഒഴിവാക്കേണ്ടതുണ്ട്. അതിനുള്ള നടപടികൾ പക്ഷേ, ഏറ്റവും സുതാര്യമായിരിക്കണം. തെരഞ്ഞെുപ്പു കമ്മിഷൻ സംശയനിഴലിലാകുന്നത് ഒട്ടും ആരോഗ്യകരമല്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com