എന്തൊരു ഗതികേടാണിത്? ആരായാലും ചോദിച്ചുപോകും. അതും എല്ലാത്തിലും "നമ്പർ വൺ' എന്നു വിശേഷിപ്പിക്കുന്ന ഈ കേരളത്തിൽ. എരുമേലിയിൽ രാവിലെ ഉണർന്നെഴുന്നേറ്റു വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ഗൃഹനാഥനെ ഒരു കാട്ടുപോത്ത് വന്ന് കുത്തിക്കൊല്ലുന്നു..! അതേ പോത്ത് റബർ കൃഷി നോക്കാൻ പോയ ആളെ കുത്തിവീഴ്ത്തുന്നു. കൊല്ലം അഞ്ചലിൽ കിലോമീറ്ററുകളുടെ അകലെപ്പോലും കാടില്ലാത്ത മറ്റൊരിടത്ത് ഒരു കാട്ടുപോത്ത് വന്ന് ഒരു പാവം പ്രവാസിയെ കുത്തിക്കൊല്ലുന്നു. കൂടെയുണ്ടായിരുന്ന ആൾ മരത്തിൽ കയറിയതിനാൽ രക്ഷപ്പെടുന്നു.
ഇതൊക്കെ കേട്ട് ഞെട്ടിയിരിക്കുമ്പോൾ അടുത്ത വാർത്ത വരുന്നതു ചാലക്കുടിയിൽ നിന്ന്. അവിടെയും ഒരു കാട്ടുപോത്ത് നാടിളക്കി വിളയാടുകയാണ്. തൃശൂരിൽ സഹോദരങ്ങൾ യാത്ര ചെയ്ത സ്കൂട്ടർ കാട്ടുപന്നി ഇടിച്ചുവീഴ്ത്തി എന്നാണ് അടുത്ത വാർത്ത. അപ്പോഴതാ, തേൻ ശേഖരിക്കാൻ പോയ ഒരു ആദിവാസി യുവാവിനെ കരടി ആക്രമിച്ചു എന്ന് ഫ്ലാഷ് ന്യൂസ്.
കാട്ടാനകൾ, കാട്ടുപോത്തുകൾ, കരടി, കടുവ, പുലി, കാട്ടുപന്നി... ജനങ്ങൾക്ക് ഊരുറപ്പിച്ചു ജീവിക്കാൻ വയ്യാത്ത അവസ്ഥയാണിപ്പോൾ കേരളത്തിലെ പല പ്രദേശങ്ങളിലും. അതിനു പശ്ചിമഘട്ടമെന്നോ മലയോരമെന്നോ മധ്യകേരളമെന്നോ തീരമേഖലയെന്നോ വ്യത്യാസമില്ല. ആളുകളെ ഓടിച്ചിട്ടു കടിക്കുന്ന, കുട്ടികളെ കടിച്ചുകീറുന്ന തെരുവുനായ്ക്കളുടെ പ്രശ്നം കുറെ മുമ്പൊക്കെ ഏറെ ചർച്ച ചെയ്ത് അവസാനിച്ചതാണ്. പാമ്പുകളുടെ പ്രശ്നം ഇപ്പോൾ ആരും ഗൗനിക്കാറുപോലുമില്ല.
ചുരുക്കത്തിൽ, കേരളം വലിയൊരു പ്രതിസന്ധിയിലാണ്. വന്യജീവികളെ, ആക്രമണകാരികളായ ജന്തുക്കളെ പേടിച്ച് വാതിലടച്ച് അകത്തിരിക്കേണ്ട അവസ്ഥ. ഇതിനൊരു പരിഹാരമില്ലേ എന്ന് ജനങ്ങൾ അലമുറയിടുകയാണ്. കൃഷി നശിപ്പിക്കുന്ന മൃഗങ്ങൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾക്കും അപ്പുറമാണിപ്പോൾ ജീവനെടുക്കുന്ന മൃഗങ്ങൾ. അവയെ പാട്ട കൊട്ടി ഓടിക്കണമെന്നതേ നിലവിൽ ചെയ്യാനുള്ളൂ. കൊല്ലാൻ വരുന്ന മൃഗത്തെ കൊല്ലാനുള്ള അനുമതി പോലും സാധാരണ ജനങ്ങൾക്കില്ല. ഇന്നലെ ഒരു പാവം മനുഷ്യനെ കുത്തിക്കൊന്ന കാട്ടുപോത്ത് കുഴിയിലേക്കു വീണു ചത്തു. എന്നാൽ, അതിന്റെ പേരിൽ എത്ര പേർ കേസിൽ പ്രതികളാകും എന്നതു കാണാനിരിക്കുന്നതേയുള്ളൂ.
മനുഷ്യജീവനുള്ള വിലയേക്കാൾ വലുതാണിപ്പോൾ കേരളത്തിൽ കാട്ടുമൃഗങ്ങൾക്കുള്ളത്. അവയ്ക്കു സംരക്ഷണമൊരുക്കുകയാണ് അധികാരികൾ. കാടുകളിൽ മൃഗങ്ങളുടെ എണ്ണം പെരുകിയതിനാലാണ് അവ പരസ്പരം പോരടിച്ച് പരാജയപ്പെടുന്നവർ നാട്ടിലേക്കിറങ്ങുന്നത് എന്നു വിദഗ്ധരൊക്കെ പറയുന്നുണ്ട്. കാട്ടുപോത്തുകളും കാട്ടുപന്നികളും സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവികളല്ല എന്നു വാദമുയരുന്നു. അത്യപൂർവ വിഭാഗമല്ലാത്തതിനാൽ അവയുടെ എണ്ണം പെരുകിയാൽ കൊല്ലുന്നതിൽ തെറ്റില്ല എന്ന നിർദേശവും പല വിദഗ്ധരും മുന്നോട്ടുവച്ചിട്ടുണ്ട്. ഇതൊക്കെ പരിഗണിക്കാൻ ആരെങ്കിലുമുണ്ടോ?
ജനങ്ങളുടെ ജീവനാണു പ്രധാനം. അതു കഴിഞ്ഞേ മൃഗങ്ങളുടെ അവകാശങ്ങൾ വരുന്നുള്ളൂ. നാട്ടിലേക്കൊരു കാട്ടുമൃഗം ഇറങ്ങിയാൽ, അത് ആനയായാലും കാട്ടുപോത്തായാലും കരടിയായാലും കാട്ടുപന്നിയായാലും അവയുടെ ആക്രമണത്തിൽ നിന്നു മനുഷ്യരെ സംരക്ഷിക്കുക എന്നതാവണം പരമപ്രധാനമായ കർത്തവ്യം. അതിനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്.