

ആളുകളുടെ ജീവനും മാനവും സംരക്ഷിക്കേണ്ടവരാണു പൊലീസുകാർ
cc tv footage
ആരെയും കൈയേറ്റം ചെയ്യാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന മിഥ്യാധാരണയിലാണു കേരളത്തിലെ ഒരു വിഭാഗം പൊലീസുകാർ ഇപ്പോഴുമുള്ളത് എന്നതു യാഥാർഥ്യമാണ്. കൈയിൽ കിട്ടുന്ന ആരെയും, അവർ പരാതിക്കാരായാലും ആരോപണം നേരിടുന്നവരായാലും, കൈത്തരിപ്പു മാറ്റാൻ രണ്ടു കൊടുക്കുന്നതു കൊണ്ട് ഒരു കുഴപ്പവുമില്ല എന്നു ധരിച്ചുവശായിട്ടുള്ളവർ ഇക്കാലത്തെ പൊലീസിലുണ്ടെങ്കിൽ അതു ജനങ്ങൾക്കു ഭീഷണിയാണ് എന്നു മാത്രമല്ല സംസ്ഥാനത്തിനു വലിയ നാണക്കേടുമാണ്. അത്തരം പൊലീസുകാരെ എത്രയും വേഗം ജനസേവനത്തിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ട്.
ആളുകളുടെ ജീവനും മാനവും സംരക്ഷിക്കേണ്ടവരാണു പൊലീസുകാർ. ശരീരസുരക്ഷ ഉറപ്പാക്കേണ്ടവരാണ്. പൊലീസ് യൂണിഫോം ശരീരത്തിൽ കയറുന്നതോടെ ഇടിക്കാനും അടിക്കാനും ചവിട്ടാനും ഒക്കെയുള്ള അധികാരം കൈവരുന്നില്ല. പൊലീസ് കസ്റ്റഡിയിലുള്ള വ്യക്തിക്കു മർദനമേറ്റിട്ടുണ്ടോയെന്നു പരിശോധിക്കാനുള്ള സംവിധാനമുള്ള നാടാണിത്. അറസ്റ്റിലായ വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുന്നതുപോലുള്ള സംവിധാനങ്ങൾ ഇവിടെയുണ്ട്.
കസ്റ്റഡി മർദനം ഗുരുതര കുറ്റമായി കാണുന്ന നാട്ടിൽ ഒരു കുറ്റവും ചെയ്യാതെ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്ന ഗർഭിണിയായ സ്ത്രീയെ വരെ മർദിക്കുന്നുവെങ്കിൽ അത്തരം പൊലീസുകാർക്കു കാര്യമായ തകരാറുണ്ട്. പുരുഷ പൊലീസ് ഉദ്യോഗസ്ഥന് സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ പോലും നിയമപരമായി അധികാരമില്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നത്. കസ്റ്റഡിയിലെടുത്ത ഭർത്താവിനെക്കുറിച്ച് അന്വേഷിക്കാൻ കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ എസ്എച്ച്ഒ ആയിരുന്ന ഉദ്യോഗസ്ഥൻ നെഞ്ചിൽ പിടിച്ചു തള്ളുകയും കരണത്തടിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്തുവന്നത് ഏതാനും ദിവസം മുൻപാണ്.
2024 ജൂണിൽ നടന്ന സംഭവത്തിൽ അന്നത്തെ എസ്എച്ച്ഒയെ ഇപ്പോൾ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ പുറത്തുവന്നതുകൊണ്ടു മാത്രമാണ് ഇങ്ങനെയൊരു നടപടി ഏറെ വൈകി ബന്ധപ്പെട്ടവർക്ക് എടുക്കേണ്ടിവന്നത്. അതുവരെ അദ്ദേഹം പൊലീസിനുള്ളിൽ മേലധികാരികളാൽ സംരക്ഷിക്കപ്പെട്ടു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ദൃശ്യങ്ങൾ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ഈ ഉദ്യോഗസ്ഥൻ ഇനിയും തന്‍റെ "തല്ലാനുള്ള അധികാരം' യഥേഷ്ടം പ്രയോഗിച്ചുകൊണ്ടിരിക്കുമായിരുന്നില്ലേ എന്നും ചിന്തിക്കണം.
ദൃശ്യങ്ങളൊന്നും പുറത്തുവരാത്ത എത്രയോ മർദനങ്ങൾ, അപമാനങ്ങൾ, ഇതുപോലെ പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നുണ്ടാവാം. സ്ത്രീകളുടെ മാനവും ശരീരസുരക്ഷയും സംരക്ഷിക്കപ്പെടാത്ത പൊലീസ് സ്റ്റേഷനുകൾ കേരളത്തിൽ ഒരിടത്തും ഉണ്ടാവില്ലെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണ്.
രണ്ടു യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മഫ്തിയിലുള്ള പൊലീസുകാർ മർദിക്കുന്നതു കണ്ട് അതിന്‍റെ വിഡിയോ പകർത്തിയതിന്‍റെ പ്രതികാരം തീർക്കാൻ പൊലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തേടിയാണ് കുട്ടികളുമായി പൊലീസ് സ്റ്റേഷനിലേക്ക് ഗർഭിണിയായ യുവതി ഓടിച്ചെല്ലുന്നത്. ഭർത്താവിനെ മർദിക്കുന്നതു കണ്ടപ്പോൾ സ്റ്റേഷനുള്ളിലേക്കു കയറുകയായിരുന്നു എന്നാണ് അവർ പറയുന്നത്. അതിനാണ് യുവതിക്കും മർദനമേറ്റതും. മർദനത്തിനു ശേഷം കള്ളക്കേസും എടുത്തു.
സ്റ്റേഷനിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും കുട്ടികളെ നിലത്തെറിയാൻ ശ്രമിച്ചെന്നുമൊക്കെ പൊലീസ് പറഞ്ഞതു പച്ചക്കള്ളമെന്നു യുവതി വ്യക്തമാക്കുന്നുണ്ട്. ഡ്യൂട്ടി തടസപ്പെടുത്തിയെന്നു കുറ്റപ്പെടുത്തി ഭർത്താവിനെ റിമാൻഡ് ചെയ്യുകയുമുണ്ടായി. ബന്ധപ്പെട്ട സ്ഥലങ്ങളിലൊക്കെ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സ്പെഷൽ ബ്രാഞ്ചിന്‍റെ അന്വേഷണ റിപ്പോർട്ട് പൊലീസുകാരെ സംരക്ഷിക്കുന്നതായിരുന്നു.
മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ലഭിക്കാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും കിട്ടിയില്ല. സത്യാവസ്ഥ തെളിയിക്കാൻ സിസിടിവി ദൃശ്യങ്ങൾ തേടി ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഉത്തരവിലൂടെയാണു ദൃശ്യങ്ങൾ ലഭ്യമായതും. കുടുംബം നേരിടേണ്ടിവന്ന കടുത്ത മാനസിക സംഘർഷത്തിനിടയിലും നിയമപോരാട്ടം നടത്തി ദൃശ്യങ്ങൾ പുറത്തുകൊണ്ടുവന്ന യുവതി പൊലീസിന്‍റെ ഭയപ്പെടുത്തുന്ന മുഖം തുറന്നുകാണിക്കുകയാണു ചെയ്തിരിക്കുന്നത്.
തൃശൂർ ചൊവ്വന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ 2023 ഏപ്രിലിൽ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാർ അതിക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത് കഴിഞ്ഞ സെപ്റ്റംബറിലാണ്. വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പൊലീസിനോടു വിവരങ്ങൾ അന്വേഷിച്ചതിനാണ് യൂത്ത് കോൺഗ്രസ് നേതാവിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചതത്രേ.
മദ്യപിച്ചു പ്രശ്നമുണ്ടാക്കി, പൊലീസിനെ ഉപദ്രവിച്ചു, കൃത്യനിർവഹണം തടസപ്പെടുത്തി എന്നൊക്കെ പറഞ്ഞ് വ്യാജ എഫ്ഐആറും തയാറാക്കി. വൈദ്യപരിശോധനയിൽ യുവാവ് മദ്യപിച്ചിട്ടില്ലെന്നു മനസിലാവുകയും ചെയ്തു. മർദനത്തെത്തുടർന്ന് യുവാവിന്‍റെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടു. നിയമ പോരാട്ടത്തിലൂടെയാണ് ഈ കേസിലും പൊലീസ് മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നത്. മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തേ തന്നെ പൊലീസിന്‍റെ കൈവശമുണ്ടായിട്ടും അന്നു പൊലീസുകാർക്കെതിരേ പേരിനു മാത്രമുള്ള നടപടിയാണുണ്ടായത്.
ദൃശ്യങ്ങൾ പുറത്തുവന്നതിനു ശേഷം പൊലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചു. പൊലീസ് സേനയെ കളങ്കപ്പെടുത്തുന്നവരെ സംരക്ഷിക്കേണ്ടതോ ഉൾക്കൊള്ളേണ്ടതോ ആയ ബാധ്യത പൊലീസിനില്ലെന്നു മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
പക്ഷേ, കളങ്കിതർക്കു പൊലീസിൽ ഇപ്പോഴും സംരക്ഷണം കിട്ടുന്നുണ്ടെന്നതാണു ശരിയായ വസ്തുത. സത്യസന്ധരും സമർഥരുമായ നിരവധി ഉദ്യോഗസ്ഥർ നമ്മുടെ പൊലീസ് സേനയിലുണ്ട്. അവർ അവരുടെ ജോലി ഭംഗിയായി നിർവഹിക്കുന്നു. അവർക്കു കൂടി ചീത്തപ്പേരുണ്ടാക്കുകയാണു മോശം പെരുമാറ്റത്തിലൂടെ ഒരു വിഭാഗം ഉദ്യോഗസ്ഥർ ചെയ്യുന്നത്.