സജീവ വിഷയമായി സിഎഎയും| മുഖപ്രസംഗം

എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും പ്രതികരണങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും സമാധാനം തകർക്കുന്നതും ലക്ഷ്യമിട്ടാവരുത്
സജീവ വിഷയമായി സിഎഎയും| മുഖപ്രസംഗം

രാജ്യത്ത് ഏറെ വിവാദമുയർത്തിയ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാർലമെന്‍റ് ബിൽ പാസാക്കി നാലു വർഷത്തിനു ശേഷം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെയാണ് സിഎഎ നടപ്പാവുന്നത്. ബിൽ കൊണ്ടുവരുമ്പോൾ തന്നെ വലിയ പ്രതിഷേധം ഉയർത്തിയ പ്രതിപക്ഷ കക്ഷികൾ ഇപ്പോഴും സർക്കാരിനെതിരേ രംഗത്തുണ്ട്. നിയമത്തിനെതിരേ മുൻപ് വലിയ തോതിലുള്ള പ്രക്ഷോഭവും ഉണ്ടായതാണ്. മുസ്‌ലിങ്ങളോടു വിവേചനം കാണിക്കുന്നതാണ് ഈ നിയമം എന്നാണ് എതിർക്കുന്നവരുടെ ആക്ഷേപം. എന്നാൽ, മുസ്‌ലിംകൾക്കിടയിൽ ഇതേക്കുറിച്ച് ആശങ്കയുണ്ടാവുന്നത് പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചതുകൊണ്ടാണെന്നാണ് കേന്ദ്ര സർക്കാരും ബിജെപിയും പറയുന്നത്. രാജ്യത്തെ ഒരു ജനവിഭാഗങ്ങളെയും ബാധിക്കുന്നതല്ല ഈ നിയമമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നുണ്ട്.

എന്തായാലും പൊതുതെരഞ്ഞെടുപ്പിനു തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് സിഎഎ നടപ്പാവുന്നത് എന്നതാണു പ്രത്യേകം ശ്രദ്ധിക്കേണ്ടത്. 2019 ഡിസംബറിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കിയതാണ് ഇതിനുള്ള ബിൽ. സാധാരണ നിലയിൽ പാർലമെന്‍റ് പാസാക്കുന്ന ബിൽ നിയമമായാൽ ആറു മാസത്തിനകം ചട്ടങ്ങൾ രൂപീകരിച്ച് വിജ്ഞാപനം ചെയ്യേണ്ടതാണ്. എന്നാൽ, ചട്ടം രൂപീകരിക്കുന്നതിന് ഇതുവരെ ആറു മാസം വീതം ഇടവേള നീട്ടിക്കൊടുക്കുകയായിരുന്നു കേന്ദ്ര സർക്കാർ ചെയ്തത്. നരേന്ദ്ര മോദിയുടെ രണ്ടാം സർക്കാരിന്‍റെ അവസാന നാളുകളിൽ നിയമം പ്രാബല്യത്തിൽ വരുന്നു എന്നതു കൊണ്ടു തന്നെ അടുത്ത തെരഞ്ഞെടുപ്പിൽ ചൂടുള്ള വിഷയമായി ഇതു മാറുകയാണ്. രാജ്യത്തിന്‍റെ മുക്കിലും മൂലയിലും ഇതു ചർച്ച ചെയ്യപ്പെടും. ജനങ്ങൾ അന്തിമ വിധിയെഴുതുമ്പോൾ സിഎഎയോടുള്ള ജനങ്ങളുടെ പൊതുവായ നിലപാടും വ്യക്തമാക്കപ്പെടും.

ഏറെ വിവാദമുയർത്തിയ ഒരു നിയമം നിലനിൽക്കുന്നതോ തിരസ്കരിക്കപ്പെടുന്നതോ ജനങ്ങളുടെ വോട്ട് കൂടി അടിസ്ഥാനമാക്കിയാവും എന്നതാണ് ഇതിനർഥം. തങ്ങൾ അധികാരത്തിലെത്തിയാൽ സിഎഎ പിൻവലിക്കുമെന്നു കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കുന്നുണ്ടല്ലോ. “ഭരണഘടനാ വിരുദ്ധമായ’ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ കക്ഷികൾ അറിയിച്ചിട്ടുണ്ട്. ഈ നിയമത്തെച്ചൊല്ലിയുള്ള നിയമപോരാട്ടവും ജനങ്ങളുടെ “ഹിത പരിശോധന’യും ഒന്നിച്ചു നടക്കാനിരിക്കുകയാണ്. നിയമത്തെ എതിർത്തു തെരുവിൽ ഇറങ്ങുന്നവരും നിയമത്തിനു വേണ്ടി വാദിക്കുന്നവരും ഇതു മനസിൽ വയ്ക്കട്ടെ. തങ്ങളുടെ നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള മാർഗങ്ങൾ സ്വീകരിക്കുന്നതിന് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ അധികാരമുണ്ട്. അത് ഉപയോഗിക്കുന്നത് പക്ഷേ, അക്രമത്തിന്‍റെ പാതയിൽ നിന്നുകൊണ്ടാവരുത്. എതിർക്കുന്നവരുടെയും അനുകൂലിക്കുന്നവരുടെയും പ്രതികരണങ്ങൾ ജനങ്ങളെ തമ്മിലടിപ്പിക്കുന്നതും സമാധാനം തകർക്കുന്നതും ലക്ഷ്യമിട്ടാവരുത്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിംകൾ ഒഴികെ ആറു മതവിഭാഗങ്ങളിൽ പെട്ട അ‍ഭ‍യാർഥികൾക്ക് പൗരത്വത്തിനുള്ള നിബന്ധനകളിൽ ഇളവു നൽകുന്നതാണ് പുതിയ നിയമം. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രൈസ്തവ വിഭാഗങ്ങളിൽ പെട്ടവർക്കാണ് സിഎഎ പ്രകാരം പൗരത്വം ലഭിക്കുക. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും മതപരമായ പീഡനം അനുഭവിച്ച് നാടുവിടേണ്ടിവന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണു നിയമം എന്നത്രേ കേന്ദ്ര സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ഏറെക്കാലമായി രാജ്യത്തിന്‍റെ ശ്രദ്ധ കാത്തിരുന്ന ഒരു പ്രശ്നത്തിനുള്ള പരിഹാരമാണ് ഈ നിയമമെന്നും കേന്ദ്ര സർക്കാർ അവകാശപ്പെടുന്നു. മുസ്‌ലിങ്ങൾ ഈ നാടുകളിൽ മതപരമായ വിവേചനം നേരിടുന്നില്ല എന്നതാണ് അവരെ ഇതിൽ ഉൾപ്പെടുത്താത്തതിനു കാരണമായി പറയുന്നതും.

എന്നാൽ, ഒരു മതവിഭാഗത്തോടു വിവേചനം കാണിക്കുന്നത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നതല്ല എന്നു പ്രതിപക്ഷം ആരോപിക്കുന്നു. കേന്ദ്ര സർക്കാർ മതപരമായ വിവേചനം കാണിക്കുകയാണ് എന്നത്രേ അവരുടെ പരാതി. തെരഞ്ഞെടുപ്പു കാലത്ത് രാജ്യത്തു വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ഭര‍ണകക്ഷിയുടെ ശ്രമമെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. വിഷയം പരമോന്നത കോടതിയുടെ പരിഗണനയിലും ജനങ്ങളുടെ അന്തിമ വിധിയിലും ഇരിക്കുമ്പോൾ ഉചിതമായതു തന്നെ അന്തിമമായി നടപ്പാവുമെന്നു നമുക്കു വിശ്വസിക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com