സിഎജി റിപ്പോർട്ട്: വാസ്തവം അറിയണം

സാൻ ഫാർമയ്ക്ക് 100 ശതമാനം അഡ്വാൻസ് തുക നൽകിയെന്നും പറയുന്നുണ്ട്.
cag report: we need to know the truth
സിഎജി റിപ്പോർട്ട്: വാസ്തവം അറിയണം
Updated on

കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ വലിയ തോതിലുള്ള ക്രമക്കേടു നടന്നിട്ടുണ്ടെന്ന സിഎജി റിപ്പോർട്ട് സംസ്ഥാനത്ത് രാഷ്‌ട്രീയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. ഇങ്ങനെയൊരു ആരോപണം ഇതിനുമുൻപും ഉയർന്നിട്ടുള്ളതും ഏറെ വിവാദമായതുമാണ്. ഇപ്പോൾ സിഎജി അതു വീണ്ടും ചൂണ്ടിക്കാണിക്കുമ്പോൾ വിഷയത്തിനു കൂടുതൽ ഗൗരവസ്വഭാവം കൈവരുന്നുണ്ട്. കിറ്റ് വാങ്ങേണ്ടിവന്ന അടിയന്തര സാഹചര്യം ഓർമപ്പെടുത്തിക്കൊണ്ട് സർക്കാർ ഈ ഇടപാടിനെ ന്യായീകരിക്കുമ്പോൾ അവസരം മുതലെടുത്തുള്ള അഴിമതിയാണു നടന്നിരിക്കുന്നതെന്ന നിലപാടിലാണു പ്രതിപക്ഷം.

അതിനിടെ, അഴിമതി ആരോപണ‍വുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പ്രതിപക്ഷ നേതാവ് നിയമസഭയിൽ അവതരിപ്പിച്ചിട്ടുമുണ്ട്. മെഡിക്കൽ സർവീസ് കോർപ്പറേഷനിലെ നിർണായക രേഖകൾ പുറത്തുവിട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് അവകാശപ്പെടുന്നത് 550 രൂപയ്ക്ക് കിറ്റ് നൽകിയ കമ്പനിയെ ഒഴിവാക്കിയതും 1550 രൂപയ്ക്ക് സാൻ ഫാർമയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചതും ഒരേ ദിവസമാണെന്നാണ്. കമിഴ്ന്നുവീണാൽ കാൽപ്പണവുമായി പൊങ്ങുന്ന കൊള്ളക്കാരായി സർക്കാർ മാറിയെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി. 550 രൂപയിൽ കുറവുവരുത്താൻ തയാറാവില്ലെന്ന് അറിയിച്ച കമ്പനിക്കു പകരം 1550 രൂപയ്ക്ക് കിറ്റു നൽകുന്ന കമ്പനിയെ സ്വീകരിച്ചതിലും വലിയ അഴിമതിയെന്തുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്.

അനിത ടെക്സിക്കോട്ട് എന്ന കമ്പനിക്കാണ് 25000 പിപിഇ കിറ്റുകൾ 550 രൂപയ്ക്കു വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഇ മെയിൽ അയച്ചത്. അതേദിവസം വൈകിട്ട് നെഗോഷ്യേറ്റ് ചെയ്തപ്പോഴാണ് 550 രൂപയിൽ വില കുറയ്ക്കാനാവില്ലെന്നു കമ്പനി അറിയിച്ചതത്രേ. അതുകൊണ്ട് അവരിൽ നിന്ന് 10000 കിറ്റ് മാത്രം വാങ്ങാൻ തീരുമാനിക്കുകയും 1550 രൂപ നിരക്കിൽ 15000 കിറ്റുകൾ വാങ്ങാൻ സാൻ ഫാർമയെ തെരഞ്ഞെടുക്കുകയും ചെയ്തു എന്നാണു പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

അതേദിവസം രാത്രിയോടെ തന്നെ സാൻ ഫാർമയ്ക്ക് 100 ശതമാനം അഡ്വാൻസ് തുക നൽകിയെന്നും പറയുന്നുണ്ട്. തിടുക്കത്തിൽ പിപിഇ കിറ്റ് വാങ്ങേണ്ട സാഹചര്യമായിരുന്നു എന്നത് ശരിയാവാം. കൊവിഡ് വൈറസിനെ എങ്ങനെയും നേരിടാനുള്ള യുദ്ധത്തിലായിരുന്നല്ലോ നമ്മൾ. പിപിഇ കിറ്റുകൾക്ക് ക്ഷാമം നേരിടുന്ന സമയമായിരുന്നു അത് എന്നതും വാസ്തവമാണ്. പിപിഇ കിറ്റുകൾ മാത്രമല്ല മാസ്ക്കും സാനിറ്റൈസറുമൊക്കെ വ്യാപകമായി ഉപയോഗിക്കേണ്ട സാഹചര്യമായിരുന്നു.

സംസ്ഥാനത്ത് ആവശ്യത്തിന് ഉത്പാദനമില്ലാത്ത സാഹചര്യവും. അടിയന്തരമായി അവ ആവശ്യമായി വരുമ്പോൾ ക്ഷാമം കണക്കിലെടുത്ത് തത്കാലത്തേക്കെങ്കിലും ഉയർന്ന വില നൽകേണ്ടിവന്നേക്കാം. എന്നാൽ, പ്രതിപക്ഷ നേതാവിന്‍റെ ആരോപണം ശരിയാണെങ്കിൽ വില കുറച്ച് കിറ്റ് തരാമെന്നു പറഞ്ഞ കമ്പനിയെ ഒഴിവാക്കി മൂന്നിരട്ടി വിലയ്ക്ക് കിറ്റ് വാങ്ങിയത് എന്തിനാണ് എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നതാണ്.

ഇതിനു വ്യക്തമായ മറുപടി നൽകാൻ സർക്കാരിനു ബാധ്യതയുണ്ട്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണം പരിശോധിക്കാമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരിക്കുന്നത്. എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. വില കുറച്ച് കിട്ടാനില്ലാത്തതിനാൽ വില കൂട്ടി വാങ്ങി എന്ന വാദം ദുർബലമാക്കുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ വെളിപ്പെടുത്തൽ.

നിശ്ചിത വിലയെക്കാൾ 300 ശതമാനം വരെ കൂട്ടി പിപിഇ കിറ്റുകൾ വാങ്ങിയ വകയിൽ പൊതുഖജനാവിന് 10.23 കോടി രൂപയുടെ അധികച്ചെലവുണ്ടായി എന്നാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്. സാൻ ഫാർമ കമ്പനിക്ക് 100 ശതമാനം വിലയും മുൻകൂർ നൽകിയാണ് ഇടപാട് നടത്തിയതെന്നും സിഎജി റിപ്പോർട്ട് പറയുന്നുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ടെൻഡർ നടപടികൾ ഒഴിവാക്കിയത് എന്നതിനു ന്യായീകരണമുണ്ടാവും.

എന്നാൽ, മുഴുവൻ തുകയും മുൻകൂർ നൽകേണ്ടിയിരുന്നോ എന്ന ചോദ്യം അപ്പോഴും ബാക്കിയാണ്. കൊവിഡ് കാലത്ത് കാലാവധി കഴിഞ്ഞ മരുന്നു നല്‍കിയിട്ടില്ലെന്നും ശ്വാസം മുട്ടി കേരളത്തിൽ ആരും മരിക്കുകയോ വെന്‍റിലേറ്റർ ലഭിക്കാതെ ആരുടെയും ജീവൻ നഷ്ടമാവുകയോ ചെയ്തിട്ടില്ലെന്നും കേരളത്തിൽ ഒരു പുഴയിലും മൃതദേഹം ഒഴുകി നടന്നിട്ടില്ലെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അവകാശപ്പെടുന്നുണ്ട്. കൊവിഡിനെ പ്രതിരോധിക്കുന്നതിൽ കേരളം ഏതെങ്കിലും തരത്തിൽ പുറകിലായി എന്നു പറയുന്നില്ല. സർക്കാരിന്‍റെയും ആരോഗ്യ മന്ത്രാലയത്തിന്‍റെയും പ്രവർത്തനം മികച്ച രീതിയിൽ തന്നെയായിരുന്നു. എന്നാൽ, അതിനിടയിലും ആരെങ്കിലും എന്തെങ്കിലും വഴിവിട്ട നീക്കങ്ങൾ സ്വന്തം താത്പര്യങ്ങൾക്കായി നടത്തിയിട്ടുണ്ടെങ്കിൽ അതു കണ്ടെത്തുക തന്നെ വേണം. അഴിമതിയും സ്വജനപക്ഷപാതവും നടത്താനുള്ള മറയായി ദുരന്തങ്ങളെ ഉപയോഗിക്കാനാവില്ല.

പിപിഇ കിറ്റ് വിവാദം ഉയർന്ന സമയത്ത് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവന നമ്മുടെ മുന്നിലുണ്ട്. കൊവിഡ് പർച്ചേസിൽ ഒരഴിമതിയും നടന്നിട്ടില്ലെന്നും അടിയന്തര സാഹചര്യത്തിലായിരുന്നു ആദ്യ പർച്ചേസ് നടത്തിയതെന്നും ശൈലജ പറയുകയുണ്ടായി. അന്നു ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനാണു പരിഗണന നൽകിയത്. ആരോഗ്യ പ്രവർത്തകർ അപകടത്തിലാവുമെന്ന അവസ്ഥ വന്നപ്പോഴാണ് 500 രൂപയുടെ പിപിഇ കിറ്റ് 1,500 രൂപയ്ക്കു വാങ്ങേണ്ടിവന്നത്. വിലയൊന്നും നോക്കേണ്ട, ആളുകളുടെ ജീവനാണു വലുത് എന്ന വിശ്വാസത്തിലാണ് ആദ്യം ഈ കിറ്റുകൾ വാങ്ങിയത്.

50,000 കിറ്റ് 1,500 രൂപയ്ക്കു വാങ്ങാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. കുറച്ചു കിറ്റുകൾ വാങ്ങിയപ്പോഴേയ്ക്കും മാർക്കറ്റിൽ വില കുറയാൻ തുടങ്ങി. തുടർന്ന് 35,000 പിപിഇ കിറ്റിന്‍റെ ഓർഡർ റദ്ദാക്കി മാർക്കറ്റിൽ വരുന്ന വിലയ്ക്കു വാങ്ങി- ഇതായിരുന്നു ശൈലജയുടെ നിലപാട്. എന്നാൽ, പ്രതിപക്ഷ നേതാവ് പറയുന്നത് ഇതുമായി യോജിക്കുന്നതല്ല. വാസ്തവം എന്താണെന്ന് അതുകൊണ്ടുതന്നെ ജനങ്ങൾക്ക് അറിയേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com