
പൊതു സെൻസസിനൊപ്പം ജാതി സെൻസസ്
രാജ്യത്തെ പതിനാറാമത്തെയും സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള എട്ടാമത്തെയും സെൻസസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. 13,000 കോടി രൂപ ചെലവു വരുന്ന ഈ മഹായജ്ഞം രാജ്യത്തെ ജനസംഖ്യയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ലഭ്യമാക്കുന്നതിനു വേണ്ടിയാണ്. എല്ലാ വ്യക്തികളുമായും ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രക്രിയ രാജ്യത്തിനു വളരെ നിർണായകമാണ്. കൃത്യമായ സ്ഥിതിവിവരക്കണക്കുകൾ ലഭ്യമല്ലാത്ത രാജ്യത്തിന് അതിന്‍റെ ഭാവിപദ്ധതികൾ വേണ്ടവിധം ആവിഷ്കരിച്ചു നടപ്പാക്കാനും ബുദ്ധിമുട്ടാവും. വികസനത്തിന് ഉതകുന്ന നടപടികളെടുക്കാൻ എപ്പോഴും വിശ്വസനീയമായ കണക്കുകൾ ആവശ്യമുണ്ട്. ജനസംഖ്യയുടെ വിവിധ ഘടകങ്ങളെക്കുറിച്ചുള്ള കുറ്റമറ്റ വിവരശേഖരണ പ്രക്രിയ അതിന് അനിവാര്യമാണ്. ഭരണനിർവഹണം ഫലപ്രദമാവുന്നതിനു സെൻസസിലൂടെ ശേഖരിക്കുന്ന കണക്കുകൾ ഉപകരിക്കും.
34 ലക്ഷം എന്യൂമറേറ്റർമാരും സൂപ്പർവൈസർമാരും 1.3 ലക്ഷം സെൻസസ് പ്രവർത്തകരും ഈ യജ്ഞവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുമെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഡിജിറ്റൽ രീതികളിലൂടെയാണ് ഈ സെൻസസ് നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റ സമാഹരിക്കുമ്പോഴും കൈമാറുമ്പോഴുമൊക്കെ ഡേറ്റ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. അതിനു കർശന നടപടികൾ സ്വീകരിക്കുമെന്ന വാക്കു പാലിക്കാൻ സർക്കാരിനു കഴിയണം. ഡാറ്റയുടെ ദുരുപയോഗം തടയുന്നത് അത്യന്താപേക്ഷിതമാണ്. അതിനു പ്രത്യേക ശ്രദ്ധ തന്നെ നൽകേണ്ടതുണ്ട്. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം സമയബന്ധിതമായി സെൻസസ് നടപടികൾ ആരംഭിക്കാൻ സർക്കാരിനു കഴിയുമെന്നും കരുതുക.
16 വർഷത്തിനു ശേഷമാണ് രാജ്യത്തൊരു സെൻസസ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട് ഇക്കുറി. സെൻസസുകൾക്കിടയിലെ 10 വർഷത്തെ ഇടവേള തന്നെ കുറയ്ക്കേണ്ടതുണ്ടെന്നു വിദഗ്ധർ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഇത്രയും കാലതാമസമുണ്ടാവുന്നത്. ലഡാഖ്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളിലെ മഞ്ഞുമൂടിക്കിടക്കുന്ന മേഖലകളിൽ 2026 ഒക്റ്റോബർ ഒന്നിനും മറ്റു ഭാഗങ്ങളിൽ 2027 മാർച്ച് ഒന്നിനുമാണ് സെൻസസ് ആരംഭിക്കുക. 2011ലെ സെൻസസിനു ശേഷം 2027ലേക്ക് എത്തുമ്പോൾ ഒന്നര പതിറ്റാണ്ടിന് അപ്പുറമാവുന്നു. 2021ൽ നടക്കാനിരുന്ന സെൻസസിന് പ്രാഥമിക ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് മഹാമാരി വ്യാപിക്കുന്നത്. ഇതോടെ സെൻസസ് പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയായിരുന്നു. പിന്നീട് നടപടികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന ആരോപണം പ്രതിപക്ഷ നേതാക്കൾ ഉയർത്തിയിരുന്നു.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസ് കൂടി നടത്തണമെന്ന് കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടപ്പോൾ അതിനു കേന്ദ്ര സർക്കാർ മടികാണിക്കുന്നു എന്ന ആരോപണവും ഉയർന്നു. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ജാതി സെൻസസ്. ഇത് ഒരു വിഷയമായി ഉയർത്തി രാഷ്‌ട്രീയ നേട്ടം കൊയ്യാൻ കോൺഗ്രസും പ്രതിപക്ഷ കക്ഷികളും ശ്രമിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരും ബിജെപിയും ജാതി സെൻസസിന് അനുകൂലമായി പ്രതികരിക്കുന്നത്. ഇത്തവണ പൊതു സെൻസസിനൊപ്പം ജാതി സെൻസസ് നടക്കുന്നുമുണ്ട്. രാഷ്‌ട്രീയമായി വളരെയേറെ പ്രാധാന്യമുള്ള ഒരു നീക്കമാണിത്. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് സെൻസസിനൊപ്പം ജാതി സെൻസസും നടക്കുന്നത്. 1881ലും 1931ലും ബ്രിട്ടീഷുകാർ സമഗ്രമായ ജാതി കണക്കെടുപ്പു നടത്തിയിരുന്നു. സാമൂഹികമായ ഐക്യത്തെ ബാധിക്കുമെന്ന ആശങ്കയടക്കം കണക്കിലെടുത്ത് സ്വാതന്ത്ര്യത്തിനു ശേഷമുള്ള സെൻസസുകളിൽ ജാതി ഒഴിവാക്കുകയായിരുന്നു. എന്നാൽ, സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ അസമത്വങ്ങൾ പരിഹരിക്കുന്നതിന് ജാതി സെൻസസ് അനിവാര്യമാണെന്ന അഭിപ്രായം ഉയർന്നുവന്നു.
ജാതി സെൻസസ് പരിഗണിക്കുമെന്ന് 2010ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് ലോക്സഭയ്ക്ക് ഉറപ്പുനൽകി. ഇതുമായി ബന്ധപ്പെട്ട് മന്ത്രിതല സമിതിയുമുണ്ടാക്കിയിരുന്നു. ഭൂരിഭാഗം രാഷ്‌ട്രീയ കക്ഷികളും അന്ന് ജാതി സെൻസസിന് അനുകൂലമായി. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് ജാതിക്കണക്കുകളുടെ പ്രാധാന്യം പലരും ചൂണ്ടിക്കാണിച്ചു. മൻമോഹൻ സർക്കാർ സാമൂഹിക- സാമ്പത്തിക, ജാതി സെൻസസ് എന്ന പേരിൽ നടത്തിയ സർവെയിലെ വിവരങ്ങൾ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന് വിമർശനമുയർന്നു. പിന്നീട് ചില സംസ്ഥാനങ്ങൾ അവരുടേതായ ജാതി സർവെകൾ നടത്തുകയുണ്ടായി. ഈ സർവെകൾ അശാസ്ത്രീയമാണെന്നാണ് കേന്ദ്ര സർക്കാർ വാദം. പ്രത്യേക സർവെ നടത്താതെ ഇത്തവണത്തെ പ്രധാന സെൻസസിനൊപ്പം ജാതി സെൻസസും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. വിവിധ ജാതി വിഭാഗങ്ങളുടെ ജനസംഖ്യയെക്കുറിച്ചും അവരുടെ സാമൂഹിക- സാമ്പത്തിക നിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ കിട്ടുമെന്നതാണ് ജാതി സെൻസസിന്‍റെ നേട്ടമായി മാറുക. സമൂഹത്തിലെ അസമത്വങ്ങൾ പരിഹരിക്കുന്നതിനു നയപരിപാടികൾ ആവിഷ്കരിക്കാൻ ഈ കണക്കുകൾ സഹായിക്കുകയും ചെയ്യും.