
മഴക്കാലമായതോടെ പകർച്ചപ്പനികളുടെ ഭീഷണിയും വർധിക്കുകയാണു സംസ്ഥാനത്ത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പൊതുവേ ഭംഗിയായി നടത്തിയിട്ടുണ്ടെന്നും രോഗവ്യാപനത്തിനുള്ള സാധ്യതകൾ തടയാൻ വേണ്ട മുന്നൊരുക്കങ്ങൾ എടുത്തിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേണ്ടത്ര ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉപേക്ഷ കാണിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം അതു തിരുത്തേണ്ടിയിരിക്കുന്നു. ശേഷിച്ച ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി തന്നെ നടത്താൻ തയാറാവണം. ഒപ്പം ആരോഗ്യ പ്രവർത്തകർ ജാഗ്രത വർധിപ്പിക്കുകയും വേണം.
മാലിന്യ നിർമാർജനം, പരിസര ശുചീകരണം, കൊതുക് ഉറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കൂടി കഴിഞ്ഞാലേ സർക്കാരും തദ്ദേശ സ്ഥാപനങ്ങളും സ്വീകരിക്കുന്ന നടപടികൾക്ക് കൃത്യമായ ഫലമുണ്ടാകൂ. ജീവിക്കുന്ന പരിസരം വൃത്തിയായി സൂക്ഷിക്കുകയെന്നത് ആ മേഖലയിലെ ജനങ്ങളുടെ കൂടി കടമയാണ്. സ്കൂളുകൾ, കോളെജുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ശുചിത്വം ഉറപ്പാക്കാൻ ബന്ധപ്പെട്ട വ്യക്തികളും താത്പര്യം കാണിക്കണം. തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുക, വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, മുഴുവൻ ഓടകളും വൃത്തിയാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയാക്കാനുണ്ടെങ്കിൽ അതിന് അമാന്തം ഉണ്ടാവരുത്.
ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എന്‍ വൺ തുടങ്ങി പലവിധ പകർച്ച വ്യാധികളുടെ കാലമാണ് മഴക്കാലം. സംസ്ഥാനത്തു പലയിടങ്ങളിൽ നിന്നുമായി നിരവധി ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. എലിപ്പനിയും ഇതിനൊപ്പമുണ്ട്. പനി ബാധിച്ച് ദിവസവും ആയിരക്കണക്കിനാളുകളാണ് ഇപ്പോൾ സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെത്തുന്നത്. ആരോഗ്യ വകുപ്പ് ജാഗ്രതയോടെ രംഗത്തുണ്ടെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. പകർച്ചപ്പനികൾക്കെതിരേ ജില്ലാതലത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ജില്ലാതല പ്രവർത്തനങ്ങൾ സംസ്ഥാന തലത്തിൽ വിലയിരുത്തി കൃത്യമായ നടപടികൾ സ്വീകരിക്കാൻ പകർച്ചപ്പനി സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശിച്ചു. പനി ക്ലിനിക്കുകളുടെ പ്രവർത്തനം, മെഡിക്കൽ കോളെജുകളിൽ പ്രത്യേക വാർഡും ഐസിയുവും സജ്ജമാക്കുന്നത് തുടങ്ങി പലവിധ നടപടികൾ ഊർജിതമാക്കേണ്ടതുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്നും ഉപകരണങ്ങളും ടെസ്റ്റ് കിറ്റുകളും ആവശ്യത്തിനുണ്ടെന്നും ഉറപ്പാക്കണം.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആളുകൾക്ക് ഡെങ്കിപ്പനി ബാധിക്കുന്ന ജില്ലയായി എറണാകുളം മാറിയിരിക്കുകയാണ്. ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് എട്ടു പേർ മരിച്ചു കഴിഞ്ഞു. മരണസംഖ്യ ഉയരുന്നത് ആശങ്കയും ഉയർത്തുന്നുണ്ട്. കൊച്ചി കോർപ്പറേഷനിലും തൃക്കാക്കര നഗരസഭയിലും രോഗവ്യാപനം രൂക്ഷമാണ്. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലും ഡെങ്കി പടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഏഴായിരത്തിലേറെ പനി ബാധിതരാണ് എറണാകുളം ജില്ലയില്‍ മാത്രം ആശുപത്രികളിൽ ചികിത്സ തേടിയത്. പ്ലാസ്റ്റിക് മാലിന്യം പലയിടത്തും തുറസായ സ്ഥലത്തു കിടക്കുന്നത് കൊച്ചിയില്‍ രോഗഭീഷണി ഉയര്‍ത്തുന്നുണ്ട്.
ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന തൃക്കാക്കരയില്‍ കര്‍മ്മ പദ്ധതിയുമായി നഗരസഭയും ആരോഗ്യവകുപ്പും രംഗത്തുവന്നിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കര്‍മ പദ്ധതി രൂപീകരണ യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ആരോഗ്യ സേന രൂപവത്കരിക്കുന്നതും ഡ്രൈ ഡേ ആചരിക്കുന്നതും ബോധവത്കരണ പ്രവര്‍ത്തനങ്ങൾ നടത്തുന്നതും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുന്നതും പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഓടകളും കാനകളും വൃത്തിയാക്കുന്നതും അടക്കം നടപടികൾ തൃക്കാക്കരയെ പകർച്ച വ്യാധി ആശങ്കയിൽ നിന്ന് കരകയറ്റട്ടെ. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആശുപത്രികളിൽ പനി ബാധിതര്‍ നിറഞ്ഞ അവസ്ഥയാണ്. പരിശോധനയില്‍ നിരവധി പേർക്ക് ഡെങ്കി സ്ഥിരീകരിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയിൽ കൂടുതലായി ഉണ്ടാവേണ്ടതാണ്. ഡെങ്കിപ്പനി തിരിച്ചറിയാൻ വൈകുന്നത് പലപ്പോഴും അപകടകരമാവുന്നുണ്ട്. അതിനാൽ തന്നെ ശരിയായ ചികിത്സ ശരിയായ സമയത്ത് ലഭ്യമാവുന്നുവെന്ന് ഉറപ്പാക്കാൻ കഴിയണം.