
സമ്മർദം കുറയ്ക്കാൻ രണ്ടു പരീക്ഷ
പഠന സമ്പ്രദായങ്ങളും പരീക്ഷാ രീതികളും എല്ലാം പുതിയ കാലത്തേക്കു മാറുകയാണ്. കേന്ദ്ര സർക്കാരിന്‍റെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം വലിയ മാറ്റങ്ങളാണു വിദ്യാഭ്യാസ രംഗത്തു കൊണ്ടുവരുന്നത്. നാലു വർഷ ബിരുദ കോഴ്സുകൾ പോലുള്ള മാറ്റങ്ങൾ ഈ നയത്തിന്‍റെ ഭാഗമാണ്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക, തൊഴിൽ നേടാൻ സഹായിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക, വിവര സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തുക, മാതൃഭാഷയിൽ പഠിക്കാൻ അവസരം നൽകുക തുടങ്ങി ഈ നയത്തിനു ലക്ഷ്യങ്ങൾ പലതാണ്. ഇന്ത്യയെ ആഗോള വിജ്ഞാനശക്തിയാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നയമെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്.
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ സമഗ്ര വികസനം ലക്ഷ്യമാക്കി പുനർരൂപകൽപ്പന ചെയ്യുമെന്നു വിദ്യാഭ്യാസ നയം വ്യക്തമാക്കുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പത്താം ക്ലാസ് പരീക്ഷകൾ രണ്ടു തവണ നടത്താനുള്ള സിബിഎസ്ഇയുടെ തീരുമാനത്തെയും കാണേണ്ടത്. ഈ അധ്യയന വർഷം മുതൽ ഇതു പ്രാബല്യത്തിൽ വരുമെന്ന് കഴിഞ്ഞ ദിവസം സിബിഎസ്ഇ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ തീരുമാനം സമ്മിശ്ര പ്രതികരണമാണ് ഉയർത്തുന്നത്. വിദ്യാർഥികൾക്ക് ഉപകാരപ്രദമാണ് രണ്ടു പരീക്ഷ എന്ന അഭിപ്രായം ശക്തമായുണ്ട്. എന്തായാലും ഈ പരിഷ്കാരം എന്തുമാത്രം വിജയകരമാവുമെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധരെല്ലാം ഉറ്റുനോക്കുകയാണ്. ആദ്യ പരീക്ഷ ഫെബ്രുവരിയിലും രണ്ടാം പരീക്ഷ മേയിലും എന്ന രീതിയിലാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തുക. ആദ്യ പരീക്ഷ നിർബന്ധമായും എല്ലാ വിദ്യാർഥികളും എഴുതണം. ആദ്യ പരീക്ഷയിലെ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മേയിൽ വീണ്ടും പരീക്ഷയെഴുതാം. എന്നാൽ, ഒരു തവണ മാത്രമായിരിക്കും ഇന്‍റേണൽ അസസ്മെന്‍റ്. ആദ്യ പരീക്ഷയുടെ ഫലം ഏപ്രിലിലും രണ്ടാമത്തെ പരീക്ഷയുടെ ഫലം ജൂണിലും പ്രസിദ്ധീകരിക്കും. അധ്യയന വർഷം നഷ്ടപ്പെടുത്താതെ തന്നെ സ്വന്തം പ്രകടനം മെച്ചപ്പെടുത്താൻ അവസരം ലഭിക്കുന്നത് വിദ്യാർഥികളുടെ മാനസിക സംഘർഷം കുറയ്ക്കുമെന്നാണ് സിബിഎസ്ഇയുടെ വിലയിരുത്തൽ. രണ്ടാം ഘട്ട പരീക്ഷയിൽ ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം, ഭാഷകൾ എന്നിവയിൽ നിന്നുള്ള ഏതെങ്കിലും മൂന്നു വിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുത്താനാണ് വിദ്യാർഥികൾക്ക് അനുവാദമുണ്ടാകുക. രണ്ടു ഘട്ടത്തിലും ലഭിക്കുന്ന മാർക്കുകളിൽ കൂടുതൽ ഏതിനാണോ അത് അവസാന ഫലത്തിൽ പരിഗണിക്കും.
ഒരൊറ്റ പരീക്ഷ മാത്രം നടക്കുന്നതിന്‍റെ സമ്മർദത്തിൽ നിന്ന് വിദ്യാർഥികൾക്ക് ഇതുവഴി ആശ്വാസം കിട്ടുമെന്ന് സിബിഎസ്ഇ പറയുന്നു. അതേസമയം, ആദ്യഘട്ടത്തിൽ മൂന്നോ അതിൽ കൂടുതലോ വിഷയങ്ങളിൽ പരീക്ഷയെഴുതാത്ത വിദ്യാർഥികളെ രണ്ടാം പരീക്ഷയെഴുതാൻ അനുവദിക്കില്ല. ആദ്യ അവസരം ഗൗരവമായെടുക്കാതെ കുട്ടികൾ ഉഴപ്പുന്നതു നിയന്ത്രിക്കാനാണിത്. ഒന്നോ രണ്ടോ വിഷയങ്ങളിൽ പരീക്ഷ എഴുതാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്താൽ അവരെ "കംപാർട്ട്മെന്‍റ് ' വിഭാഗത്തിൽ ഉൾപ്പെടുത്തി രണ്ടാമത്തെ പരീക്ഷ എഴുതാൻ അനുവദിക്കും. രണ്ടാമതൊരു അവസരമുണ്ടെന്നത് വിദ്യാർഥികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കും. അവരുടെ അക്കാഡമിക് ഭാവി ശോഭനമാക്കാൻ ഇതു സഹായിക്കുമെന്നും സിബിഎസ്ഇ അവകാശപ്പെടുന്നുണ്ട്. വിദ്യാർഥി കേന്ദ്രീകൃതമായ സമീപനം സ്വീകരിക്കുകയാണു സർക്കാരെന്ന് രണ്ടു പരീക്ഷകളെ സ്വാഗതം ചെയ്തുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെടുകയുണ്ടായി. സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കുകയും ആഗോള വിദ്യാഭ്യാസ രീതികൾ പിന്തുടരുകയും ചെയ്യുക എന്നതാണു സർക്കാർ പദ്ധതി. രണ്ടു പരീക്ഷാ സംവിധാനത്തിൽ കായിക താരങ്ങൾ ഉൾപ്പെടെ പ്രത്യേക വിഭാഗങ്ങൾക്കു പ്രത്യേക സൗകര്യങ്ങൾ നൽകാനും തീരുമാനമുണ്ട്. കായിക മേളകൾ നടക്കുന്ന അതേ സമയത്താണ് ആദ്യ പരീക്ഷയെങ്കിൽ കായിക താരങ്ങൾക്ക് മേയിലെ പരീക്ഷ തെരഞ്ഞെടുക്കാം. കടുത്ത ശൈത്യം നേരിടുന്ന മേഖലകളിലെ വിദ്യാർഥികൾക്കും പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ടവർക്കും ഇത്തരത്തിൽ ഏതു പരീക്ഷയെഴുതണമെന്നു സ്വയം തീരുമാനിക്കാം.
തുടർച്ചയായ പഠനവും സ്വയം പുരോഗതിയും ഉറപ്പാക്കുന്നതിനു വിദ്യാർഥികളെ സഹായിക്കുന്നത് പുരോഗമനപരമായ ചുവടാണ് എന്നത്രേ പുതിയ നയത്തെ അനുകൂലിക്കുന്ന വിദഗ്ധരുടെ അഭിപ്രായം. പഠന സമ്പ്രദായങ്ങളിൽ വിദ്യാർഥി സൗഹൃദ സമീപനം സ്വീകരിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുമെന്നാണു വിലയിരുത്തൽ. എന്നാൽ, ഇതിന്‍റെ നടത്തിപ്പിൽ പ്രായോഗികമായ പ്രശ്നങ്ങളുണ്ടെന്നു ചൂണ്ടിക്കാണിക്കുന്നവരുമുണ്ട്. രണ്ടു പരീക്ഷ എന്നു പറയുമ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും അമിത ഭാരമാവുമെന്നാണ് ഇവർ പറയുന്നത്. രണ്ടു പരീക്ഷ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആസൂത്രണം എന്നിവയും ആവശ്യമാണ്. ബോർഡിനു തന്നെ കൂടുതൽ ഉത്തരവാദിത്വം വന്നു ചേരുന്നുണ്ട്. അക്കാഡമിക് കലണ്ടറിനെക്കുറിച്ചും വർക്ക് ലോഡ് മാനെജ്മെന്‍റിനെക്കുറിച്ചുമൊക്കെ ചില സ്കൂളുകൾ ആശങ്കപ്പെടുന്നുണ്ട്. പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനത്തെ പത്താം ക്ലാസിലെ രണ്ടു പരീക്ഷ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. പരീക്ഷാനടത്തിപ്പ് എത്രമാത്രം കാര്യക്ഷമമാവുന്നു എന്നത് പുതിയ സമ്പ്രദായത്തിന്‍റെ വിജയം നിശ്ചയിക്കും.