
കേന്ദ്രം സഹായിക്കട്ടെ കേരള ടൂറിസത്തെ
ടൂറിസം രംഗത്ത് വളരെയധികം സാധ്യതകളുള്ള സംസ്ഥാനമാണു കേരളം. നമ്മുടെ പ്രകൃതി സൗന്ദര്യവും ആയുർവേദവും പാരമ്പര്യ കലാരൂപങ്ങളും എല്ലാം ടൂറിസ്റ്റുകളെ ആകർഷിക്കുന്നതാണ്. പർവത നിരകളും നദികളും കായലുകളും സമുദ്രവും ഒക്കെ ചേർന്ന് ടൂറിസത്തിന്‍റെ വളർച്ചയ്ക്കു വേണ്ട ഘടകങ്ങളൊരുക്കുന്നുണ്ട്. അതു വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിലാണു സർക്കാരുകൾ ശ്രദ്ധ നൽകേണ്ടത്. സമീപകാലത്തായി ടൂറിസം വളർച്ചയ്ക്ക് സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യം കാണിക്കുന്നുണ്ട്. അതിന്‍റെ ഫലവും കാണാനാവുന്നുണ്ട്. അതിനൊപ്പം കൂടുതൽ കേന്ദ്ര സഹായം കൂടി ലഭിച്ചാൽ രാജ്യത്ത് ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി കേരളത്തെ വളർത്തിയെടുക്കാനാവും. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ യോജിച്ച പ്രവർത്തനത്തിലൂടെ നല്ലൊരു മാതൃക സൃഷ്ടിക്കാൻ കേരളത്തിനു കഴിയണം.
സംസ്ഥാന സർക്കാർ സമർപ്പിച്ച 169.05 കോടി രൂപയുടെ രണ്ടു വൻ ടൂറിസം പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭിച്ചതു കഴിഞ്ഞ ദിവസമാണ്. ആലപ്പുഴയിലെ ജലടൂറിസം പദ്ധതിക്കും മലമ്പുഴ ഉദ്യാനവും പാർക്കും സൗന്ദര്യവത്കരിക്കുന്നതിനുമാണ് ഈ പദ്ധതികൾ. 2026 മാർച്ച് 31നു മുൻപ് പൂർത്തീകരിക്കുക ലക്ഷ്യമിട്ടാണ് രണ്ടു പദ്ധതികളും മുന്നോട്ടുപോകുന്നത്. ആലപ്പുഴയിലെ പദ്ധതിക്ക് 93.17 കോടി രൂപയും മലമ്പുഴയിലെ പദ്ധതിക്ക് 75.87 കോടി രൂപയും സ്വദേശ് ദർശൻ 2.0 സ്കീമിൽ ഉൾപ്പെടുത്തി കേന്ദ്രം അനുവദിക്കുന്നു. കായൽ ടൂറിസത്തിൽ ആലപ്പുഴയുടെ സാധ്യതകൾ പതിന്മടങ്ങു വർധിപ്പിക്കാൻ ഈ കേന്ദ്ര സഹായം ഉപകരിക്കും. മലമ്പുഴയുടെ സമഗ്ര വികസനമാണ് കേന്ദ്ര സഹായം കൊണ്ട് സാധ്യമാവുന്നത്. ഇനിയും നിരവധിയായ പദ്ധതികളിൽ ഇത്തരത്തിലുള്ള കേന്ദ്ര സഹായം ഉണ്ടാവണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.
അടുത്തിടെ തിരുവനന്തപുരത്തു ചേർന്ന സംസ്ഥാനത്തെ ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയും പങ്കെടുത്തിരുന്നു. രാജ്യത്തിന്‍റെ ടൂറിസം വളർച്ചയ്ക്കു നിർണായക സംഭാവന നൽകുന്ന സംസ്ഥാനമായാണ് കേരളത്തെ ഷെഖാവത്ത് വിശേഷിപ്പിച്ചത്. സംസ്ഥാനം നടപ്പാക്കുന്ന പദ്ധതികൾക്ക് കേന്ദ്രത്തിന്‍റെ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. ബീച്ച്, ആയുർവേദം, വെൽനസ്, ഹെറിറ്റേജ്, പിൽഗ്രിം, സ്പിരിച്വൽ തുടങ്ങിയ മേഖലകളിൽ കേരളത്തിനുള്ള സാധ്യതകളെക്കുറിച്ചും കേന്ദ്രമന്ത്രി പറഞ്ഞു. ബീച്ച്, ആയുർവേദം മേഖലകളിലെ വികസനത്തിന് കേരളത്തിനു പ്രത്യേക പാക്കെജ് വേണമെന്ന് സംസ്ഥാന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് യോഗത്തിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. ഈ ആവശ്യം കേന്ദ്ര സർക്കാർ പരിഗണിക്കേണ്ടതാണ്.
ടൂറിസം രംഗത്തു നിരവധി നേട്ടങ്ങൾ സമീപകാലത്തു കേരളത്തിനുണ്ടായിട്ടുണ്ട്. ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ അന്താരാഷ്ട്ര- ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തി. അന്താരാഷ്‌ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് 2023ല്‍ ലോകത്ത് സഞ്ചരിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചതില്‍ പതിമൂന്നാമതായി കേരളവും ഇടം പിടിച്ചിരുന്നു. ഇവിടുത്തെ ഉത്സവങ്ങള്‍, അനുഭവവേദ്യ ടൂറിസം, ഉത്തരവാദിത്ത ടൂറിസം എന്നിവ ഈ നേട്ടം സ്വന്തമാക്കാന്‍ കേരളത്തിനു സഹായകരമായി. പട്ടികയിലെ ആദ്യ 15 സ്ഥലങ്ങളിൽ ജപ്പാനും ഭൂട്ടാനും പുറമേ ഏഷ്യയിൽനിന്നു കേരളം മാത്രമാണുണ്ടായിരുന്നത്. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരളത്തെ ലോകത്തു കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയിൽ മുൻപ് നാഷണൽ ജിയോഗ്രാഫിക് മാഗസിനും ഉൾപ്പെടുത്തിയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സന്ദർശിക്കേണ്ട നൂറു സ്ഥലങ്ങളിലൊന്നായി ട്രാവൽ ആൻഡ് ലീഷർ മാഗസിനും കേരളത്തെ അടയാളപ്പെടുത്തിയിരുന്നതാണ്. 2022ൽ ലോകത്തു സന്ദർശിക്കേണ്ട 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ ടൈം മാഗസിൻ കേരളത്തെ ഉൾപ്പെടുത്തുകയുണ്ടായി. കൊവിഡാനന്തര ടൂറിസത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള ഇന്ത്യ ടുഡേയുടെ അവാർഡും കേരളത്തിനു ലഭിച്ചിരുന്നു. കാരവൻ ടൂറിസം അടക്കം സംസ്ഥാന സർക്കാരിന്‍റെ നവീനമായ പദ്ധതികൾ മികച്ച ചുവടുകളായി ഇന്ത്യ ടുഡേ ചൂണ്ടിക്കാണിച്ചതാണ്. ലണ്ടനിൽ നടന്ന വേൾഡ് ട്രേഡ് മാർട്ടിൽ ഉത്തരവാദിത്വ ടൂറിസം പ്രവർത്തനങ്ങൾക്കാണ് കേരളത്തിനു പുരസ്കാരം ലഭിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ടൂറിസം വ്യാപാര മേളയായി അറിയപ്പെടുന്ന ബെർലിൻ ഐടിബിയിൽ ടൂറിസം മേഖലയിലെ ഓസ്കർ എന്നറിയപ്പെടുന്ന ഗോൾഡൻ സിറ്റി ഗേറ്റ് അവാർഡും അടുത്തിടെ കേരളം നേടുകയുണ്ടായി. കേരള ടൂറിസം വിജയകരമായി നടപ്പാക്കിയ "കം ടുഗതർ ഇൻ കേരള'യ്ക്ക് നൂതനമായ മാർക്കറ്റിങ് ക്യാംപെയ്നുള്ള സിൽവർ അവാർഡു ലഭിച്ചു. ഡെസ്റ്റിനേഷൻ വെഡ്ഡിങ് പദ്ധതിയുടെ ഭാഗമായി തയാറാക്കിയ "ശുഭമാംഗല്യം' ക്യാംപെയ്ന് എക്സലന്‍റ് അവാർഡും ലഭിക്കുകയുണ്ടായി. സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന കേരളത്തിന്‍റെ പ്രകൃതി ആസ്വദിക്കുന്നതിന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്നതാണ് "കം ടുഗതർ ഇൻ കേരള' ക്യാംപെയ്ൻ. സഞ്ചാരികളെ വലിയ തോതിൽ ആകർഷിക്കാൻ ഈ ക്യാംപെയ്ന് സാധിച്ചിട്ടുണ്ട്. കേരളത്തെ ഏറ്റവും മികച്ച വെഡ്ഡിങ് ഡെസ്റ്റിനേഷനാക്കി അവതരിപ്പിക്കുന്നതിന് "ശുഭമാംഗല്യം' ക്യാംപെയ്ൻ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേന്ദ്ര സർക്കാരിന്‍റെ മികച്ച ഗ്രാമീണ ടൂറിസം വില്ലേജ് അവാർഡ് സംസ്ഥാനം നേടുകയുണ്ടായി. കടലുണ്ടിയും കുമരകവും കാന്തല്ലൂരുമെല്ലാം കേന്ദ്ര സർക്കാരിന്‍റെ ടൂറിസം പുരസ്കാരങ്ങൾ സ്വന്തമാക്കിയ സ്ഥലങ്ങളാണ്.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് വിവിധങ്ങളായ പ്രവർത്തനങ്ങളാണു കേരളത്തിൽ നടന്നുവരുന്നത്. കേന്ദ്ര സർക്കാർ കൂടി സഹായിച്ചാൽ ഇത്തരം പ്രവർത്തനങ്ങളുടെ ഫലം പല മടങ്ങു വർധിപ്പിക്കാനാവും. ടൂറിസത്തിൽ കേരളത്തിനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ തിരിച്ചറിയുക എന്നതാണ് ഈ അവസരത്തിൽ പ്രധാനമായിട്ടുള്ളത്. കേന്ദ്ര പദ്ധതികൾ വിജയകരമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരും പ്രതിജ്ഞാബദ്ധമായിരിക്കുകയും വേണം. ടൂറിസം വികസനത്തിലൂടെ മൊത്തത്തിലുള്ള വികസനം സാധ്യമാകാവുന്ന സംസ്ഥാനമാണു കേരളം. അതു മുന്നിൽക്കണ്ടുള്ളതാവണം നമ്മുടെ പ്രവർത്തനങ്ങൾ. വിനോദ സഞ്ചാര മേഖലയെ ജനങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കാനുള്ള സർക്കാർ ശ്രമങ്ങൾ കണ്ടുവരുന്നുണ്ട്. സാധാരണ ജനങ്ങളെ കൂടി ഉൾപ്പെടുത്തിയുള്ള ജനകീയ ടൂറിസം പദ്ധതികളിലെ സർക്കാരിന്‍റെ ഊന്നലിനെ ഈ രീതിയിലാണു കാണേണ്ടത്.