
റഷ്യയുടെ യുക്രെയ്ൻ യുദ്ധം, ആഗോള സാമ്പത്തിക വ്യവസ്ഥയുടെ തിരിച്ചുവരവിനുള്ള വെല്ലുവിളികൾ തുടങ്ങിയ ആഗോള വിഷയങ്ങൾ മുന്നിലുള്ളപ്പോൾ ജി 20 അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ന്യൂഡൽഹിയിൽ ചേരുകയാണ്. ജി 20യുടെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്ത ശേഷമുള്ള ഒരു പ്രധാന സമ്മേളനം തന്നെയായി ഇതിനെ കാണണം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് തുടങ്ങിയവർക്കൊപ്പം ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻ ഗാങ്ങും ന്യൂഡൽഹിയിൽ എത്തുന്നുണ്ട് എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രാധാന്യം അർഹിക്കുന്നതാണ്. സമീപകാലത്തായി ഇന്ത്യ- ചൈന ബന്ധങ്ങളിലുണ്ടായിട്ടുള്ള അസ്വസ്ഥതകൾക്കു പരിഹാരം കാണാനുള്ള ശ്രമങ്ങളിൽ ക്വിൻ ഗാങ്ങിന്റെ സന്ദർശനം എതെങ്കിലും വിധത്തിൽ സഹായകരമാവുമോയെന്ന് ഉറ്റുനോക്കുന്ന നിരവധിയാളുകളുണ്ടാവും.
ലോകത്തെ പ്രധാന ശക്തികൾ എന്നതു മാത്രമല്ല അതിർത്തി പങ്കിടുന്ന അയൽ രാജ്യങ്ങൾ കൂടിയാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക മേഖലയിലെ കരുത്തുറ്റ രാജ്യങ്ങൾ എന്ന നിലയിൽ പരസ്പര സഹകരണത്തിലൂടെ കൂടുതൽ പുരോഗതി കൈവരിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കുമാവും. ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യങ്ങളും ഇന്ത്യയും ചൈനയുമാണ്. എന്നാൽ, അതിർത്തി പ്രശ്നങ്ങളടക്കം നിലവിലുള്ള തർക്കങ്ങൾക്കു പരിഹാരം കാണേണ്ടതുണ്ട്. ചൈനയുടെ കടന്നുകയറ്റവും ഏകപക്ഷീയമായ നടപടികളും ചെറുക്കേണ്ട അവസ്ഥയാണ് പലപ്പോഴും ഇന്ത്യയ്ക്കുണ്ടാവുന്നത്. സഹകരണത്തെക്കുറിച്ചു പറയുമ്പോഴും ഇന്ത്യയുടെ രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയർത്തുന്ന സമീപനം ചൈന ഉപേക്ഷിക്കേണ്ടതായിട്ടാണുള്ളത്. നേതാക്കളുടെ സന്ദർശനങ്ങളും ചർച്ചകളും ഇക്കാര്യത്തിൽ നിർണായക മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷ ക്വിൻ ഗാങ്ങിന് നിലനിർത്താൻ കഴിയണം.
2020 മേയ് മാസത്തിൽ ലഡാഖിലുണ്ടായ സൈനിക സംഘർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കിയിരുന്നു. പ്രശ്ന പരിഹാരത്തിനായി സൈനിക കമാൻഡർമാരുടെ തലത്തിൽ ഇതുവരെ 17 റൗണ്ട് ചർച്ചകളും നടത്തിക്കഴിഞ്ഞതാണ്. അതിർത്തിപ്രദേശങ്ങളിൽ സമാധാനം കൈവരിക്കും വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്തുക അസാധ്യമാവുമെന്നതാണ് ഇന്ത്യയുടെ നിലപാട്. ഏകപക്ഷീയമായി പ്രകോപനമുണ്ടാക്കുന്ന ചൈനക്കെതിരേ ശക്തമായി പ്രതികരിക്കേണ്ടി വരുന്നുണ്ട് ഇന്ത്യയ്ക്ക്. ഇതിനുള്ള അവസരം ഇല്ലാതാക്കാൻ ചൈനീസ് ഭാഗത്തുനിന്നു തന്നെയാണു നീക്കങ്ങളുണ്ടാകേണ്ടത്. ലോകത്ത് വ്യാവസായികമായി വികസിച്ചതും വളർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. അതിന്റെ അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ ഇരിക്കുമ്പോൾ സംഘടനയിലെ പ്രമുഖ അംഗം കൂടിയായ അയൽ രാജ്യവുമായുള്ള തർക്കങ്ങൾക്കു പരിഹാരം കാണാനുള്ള സാധ്യത തെളിഞ്ഞാൽ അതു സുപ്രധാനമായ നാഴികക്കല്ലാവും.
ഇന്ത്യയ്ക്കു മാത്രമല്ല യുഎസ് അടക്കം പല അംഗരാജ്യങ്ങൾക്കും ചൈനീസ് നയങ്ങളോടു പല കാര്യങ്ങളിലും വിയോജിപ്പാണ്. ജനാധിപത്യ വിരുദ്ധമായ ചൈനീസ് നീക്കങ്ങൾ ലോക രാജ്യങ്ങൾക്കു പൊതുവിൽ ഉയർത്തുന്ന ഭീഷണികൾ പലപ്പോഴും വിഷയമായി ഉയർന്നുവന്നിട്ടുണ്ട്. അങ്ങനെയൊരു സാഹചര്യം നിലനിൽക്കുമ്പോഴും സമ്മേളനങ്ങളിലെ ചൈനീസ് സാന്നിധ്യം ജി 20 കൂട്ടായ്മയുടെ പ്രസക്തിയെയാണു കാണിക്കുന്നത്. ലോകം നേരിടുന്ന പൊതുവായ പ്രശ്നങ്ങളിൽ ഒറ്റക്കെട്ടായ നടപടികൾ ഉണ്ടാവുക എന്നതാണല്ലോ ആവശ്യമായിട്ടുള്ളത്.
അതേസമയം തന്നെ റഷ്യയുടെ യുക്രെയ്ൻ ആക്രമണം പോലുള്ള വിഷയങ്ങളിൽ നയപരമായ ഭിന്നിപ്പുകൾ തുടരുന്ന സാഹചര്യവുമുണ്ടെന്നതു വിസ്മരിക്കാനാവില്ല. ഏതാനും ദിവസം മുൻപാണ് ജി 20 രാജ്യങ്ങളിലെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും ബംഗളൂരുവിൽ ചേർന്നത്. യുക്രെയ്ൻ യുദ്ധം സംബന്ധിച്ച നിലപാടിൽ പാശ്ചാത്യ ശക്തികളും റഷ്യ-ചൈന സഖ്യവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം മൂലം സംയുക്ത പ്രസ്താവനയിറക്കുന്നതിൽ ഈ യോഗം പരാജയപ്പെട്ടു. ഭക്ഷ്യ- ഊർജ സുരക്ഷ, വികസനത്തിലെ സഹകരണം, ഭീകര പ്രവർത്തനത്തിനെതിരായ നീക്കങ്ങൾ, പുതിയ വെല്ലുവിളികൾ, മനുഷ്യത്വപരമായ സഹായങ്ങൾ തുടങ്ങിയ വിഷയങ്ങൾ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്. സാമ്പത്തിക മാന്ദ്യം, നാണയപ്പെരുപ്പം, ഡിമാൻഡ് ഇടിവ് തുടങ്ങി സാമ്പത്തിക വിഷയങ്ങളും ചർച്ചയുടെ ഭാഗമാവും. യുക്രെയ്ൻ യുദ്ധമാണ് വീണ്ടും വിയോജിപ്പിന്റെ സാധ്യതകൾ ഉയർത്തുന്നത്. സംയുക്ത പ്രസ്താവനയ്ക്ക് ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തുമെങ്കിലും പൊതുവിൽ യോജിക്കുന്ന നിലപാട് കണ്ടെത്തേണ്ടതുണ്ട്. റഷ്യയുടെ യുക്രെയ്ൻ ആക്രമണം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. യുദ്ധം നീണ്ടുപോകുന്നത് എത്രയും പെട്ടെന്ന് അവസാനിപ്പിക്കുക എന്നതാണ് ലോകം ആഗ്രഹിക്കുന്നതും.