
മഴ വിട്ടുമാറിയിട്ടില്ലാത്ത കേരളത്തിൽ പല തരത്തിലുള്ള പകർച്ചപ്പനികളും കുറവില്ലാതെ കാണുന്നുണ്ട് എന്നത് പൊതുജനാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് ആശങ്ക ഉയർത്തുന്നതാണ്. ഒക്റ്റോബറിലും എറണാകുളത്ത് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവർ ഏറെയാണ്. ആലപ്പുഴ ജില്ലയിൽ എലിപ്പനിക്കെതിരേ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നു. മറ്റു ജില്ലകളിലുമുണ്ട് പകർച്ചപ്പനികളുടെ ഭീഷണി. പകർച്ചവ്യാധികൾ പടരുന്നതിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു എന്നതാണു കണക്കുകളിൽ കാണുന്നത്. രാജ്യത്ത് ഏറ്റവും അധികം ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം കേരളമാണ്. നീതി ആയോഗിന്റെ ആരോഗ്യ സൂചികയിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ തന്നെയാണ് പകർച്ച വ്യാധികളുടെ കാര്യത്തിലും നാം മുൻപന്തിയിലാവുന്നത്. എന്തുകൊണ്ടാണ് ഈ സ്ഥിതിവിശേഷം മറികടക്കാൻ കഴിയാത്തത് എന്നതിനെക്കുറിച്ചു കൂടുതൽ ഗൗരവത്തിലുള്ള ചർച്ചകൾ ആവശ്യമാണ്. കർശനമായ നടപടികളും ഉണ്ടാവേണ്ടിയിരിക്കുന്നു.
സർക്കാർ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിലും സ്വീകരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കൊതുകു നശീകരണം, മാലിന്യ നിർമാർജനം, പൊതുസ്ഥലങ്ങളിലെ ശുചിത്വം തുടങ്ങി രോഗകാരണങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികളിൽ അവകാശപ്പെടുന്നതുപോലുള്ള കാര്യക്ഷമത ഉണ്ടാവുന്നില്ലെന്നതു യാഥാർഥ്യമാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ടത്ര ഫലപ്രദമായില്ലെന്നു തന്നെ പറയണം. ശക്തമായ മഴയിൽ തോടുകളിലൂടെയും ഓവുചാലുകളിലൂടെയും മാലിന്യം നിറഞ്ഞൊഴുകുന്നതും വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതും നേരിൽ കാണുന്നവരാണ് നാമൊക്കെ. നേരത്തേ മഴ ശക്തമായപ്പോൾ ആശുപത്രികളിൽ തുറന്ന പനി വാർഡുകളിൽ രോഗബാധിതർ തിങ്ങിനിറഞ്ഞിരിക്കുകയായിരുന്നു. പകർച്ചവ്യാധികളുടെ പിടിയിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാൻ എല്ലാ പോരായ്മകളും പരിഹരിച്ചുകൊണ്ടുള്ള വിപുലമായ പ്രവർത്തനങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. അടുത്ത മഴക്കാലത്തിനു മുൻപ് ഇക്കാര്യത്തിൽ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു തീരുമാനിക്കേണ്ടതുണ്ട്.
ആലപ്പുഴ ജില്ലയിൽ എലിപ്പനി പടരുന്നതിന്റെ വാർത്തകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ഏതാനും ദിവസങ്ങൾക്കിടയിൽ ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലായി മൂന്നുപേർ എലിപ്പനി ബാധിച്ചു മരിച്ചു. ഇതോടെയാണ് ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയത്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നാണു നിർദേശം. ഇടവിട്ടു മഴ പെയ്യുന്നതു പലയിടങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനു കാരണമാവുന്നു. ഇങ്ങനെ കെട്ടിനിൽക്കുന്ന വെള്ളം എലിപ്പനി അടക്കം രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുകയാണ്. മണ്ണുമായി ബന്ധപ്പെടുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം ഈ മാസം എറണാകുളം ജില്ലയിൽ എഴുനൂറിലേറെ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 12,000ൽ ഏറെ പനിബാധിതർ ചികിത്സ തേടി. ഔദ്യോഗിക കണക്കിൽ ഉള്ളതിനെക്കാൾ എത്രയോ അധികം വരും യഥാർഥ കണക്കുകൾ എന്നതു കൂടി ഇതിനൊപ്പം ചിന്തിക്കേണ്ടതാണ്. കഴിഞ്ഞ മാസവും എറണാകുളം ജില്ലയിൽ വലിയ തോതിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇത്തവണ മഴക്കാലത്ത് പലവിധത്തിലുള്ള പകർച്ചപ്പനികൾക്കു സംസ്ഥാനത്തു ചികിത്സ തേടിയവർ ഇരുപത്തഞ്ചു ലക്ഷത്തോളം വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. അതിൽ തന്നെ ആയിരക്കണക്കിനാളുകൾക്കു ഡെങ്കി പിടിപെട്ടിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇക്കുറി സംസ്ഥാനത്തു ഡെങ്കിപ്പനി ബാധിച്ചതെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മാസം മാത്രം ഇരുപതിലേറെ പേർ ഡെങ്കിപ്പനി ബാധിച്ച് സംസ്ഥാനത്തു മരിച്ചു. ഒരു വർഷത്തിനിടെ 12,000 പേർക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. മൂവായിരവും നാലായിരവും ഒക്കെയായിരുന്നു മുൻവർഷങ്ങളിലെ ഡെങ്കി ബാധിതർ. മൂന്നും നാലും ഇരട്ടി വർധനയാണ് ഡെങ്കിപ്പനിയുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.
കൊതുകു നിർമാർജനം കർശനമായി നടപ്പാക്കുകയാണ് ഡെങ്കി തടയുന്നതിൽ മുഖ്യം. അതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെയേറെയാണ്. പലയിടത്തും അതു ഫലപ്രദമായി ചെയ്യുന്നില്ല എന്നത് ഇനിയും ലാഘവത്തോടെ കാണാനാവുന്നതല്ല. കൊതുകുകൾ വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നത് പൊതുജനങ്ങളുടെയും അധികൃതരുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെ വേണം. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടത്തുന്നതിനും സർക്കാർ സംവിധാനങ്ങൾ മുന്നിട്ടിറങ്ങേണ്ടതുണ്ട്.