ടീകോമിനു നഷ്ടപരിഹാരം: വ്യക്തതയുണ്ടാവണം | മുഖപ്രസംഗം

2003ൽ എ.കെ. ആന്‍റണി സർക്കാരിന്‍റെ കാലത്താണ് ഈ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്.
kochi smartcity tecom to step back from the project
ടീകോമിനു നഷ്ടപരിഹാരം: വ്യക്തതയുണ്ടാവണം | മുഖപ്രസംഗം
Updated on

വർഷങ്ങൾക്കു മുൻപ് മാനം മുട്ടുന്ന പ്രതീക്ഷയോടെയാണു കേരളം കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെ നോക്കിക്കണ്ടത്. അക്ഷരാർഥത്തിൽ കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായിരുന്നു അത്. സംസ്ഥാനത്തിന്‍റെ, പ്രത്യേകിച്ചു കൊച്ചിയുടെ, മുന്നേറ്റത്തിനു വിലപ്പെട്ട സംഭാവനകൾ നൽകാൻ കഴിയുന്ന പദ്ധതിയെന്ന നിലയിൽ സ്മാർട്ട് സിറ്റിയെ കണ്ട് യുവതലമുറ സ്വപ്നങ്ങൾ കൊരുത്തുകൂട്ടിയിരുന്നു. 2003ൽ എ.കെ. ആന്‍റണി സർക്കാരിന്‍റെ കാലത്താണ് ഈ പദ്ധതിയുടെ രൂപരേഖ തയാറാക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുകയും 2005ൽ ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. പിന്നീട് വി.എസ്. അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്കായുള്ള കരാർ ഒപ്പുവയ്ക്കുന്നതും തറക്കല്ലിടുന്നതടക്കം പ്രവർത്തനങ്ങൾ നടക്കുന്നതും. 2007 നവംബറിൽ തറക്കല്ലിട്ട പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം കഴിഞ്ഞത് 2016 ഫെബ്രുവരിയിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ്.

സംസ്ഥാന സർക്കാരും ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീകോം ഇൻവെസ്റ്റ്മെന്‍റ്സും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയിൽ സർക്കാരിന്‍റെ ഓഹരിപങ്കാളിത്തം 16 ശതമാനം മാത്രമാണെന്നാണു വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നത്. ബാക്കി 84 ശതമാനവും ടീം കോം മുടക്കേണ്ടതാണ്. 88 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കെട്ടിടങ്ങൾ, അതിൽ 60 ശതമാനം ഭാഗത്തും ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, 90,000 തൊഴിൽ അവസരങ്ങൾ എന്നിങ്ങനെയായിരുന്നു ഈ പദ്ധതിയിലൂടെ കേരളം കാത്തിരുന്നത്. എന്നാൽ, 10 ശതമാനത്തോളം പദ്ധതികൾ മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചതെന്നാണു പറയുന്നത്. സമയബന്ധിതമായി കാര്യങ്ങൾ നടന്നില്ല എന്നു മാത്രമല്ല പിന്നീട് പദ്ധതി തന്നെ സ്തംഭിക്കുകയും ചെയ്തു.

ഇപ്പോഴിതാ പദ്ധതിക്കായി ടീകോമിനു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിരിക്കുകയാണ്. പദ്ധതിയിൽ നിന്നു പിന്മാറാനുള്ള ടീകോമിന്‍റെ തീരുമാനത്തിനനുസരിച്ചാണു നടപടി. ഇതു പ്രകാരം 246 ഏക്കര്‍ ഭൂമിയാണു തിരിച്ചു പിടിക്കുന്നത്. സര്‍ക്കാരും ടീകോമും പരസ്പര ധാരണയോടെ പിന്മാറ്റനയം രൂപീകരിക്കുമത്രേ. ഫലത്തിൽ ഈ പദ്ധതിയിൽ കേരളത്തിനുണ്ടായിരുന്ന പ്രതീക്ഷകളപ്പാടെ പൊളിഞ്ഞു തകർന്നു എന്നു സാരം. ഇനിയെന്ത് എന്നതിന് ഉത്തരം കണ്ടെത്തേണ്ടതായിട്ടാണിരിക്കുന്നത്. അതു മാത്രമല്ല ടീകോമിനു നഷ്ടപരിഹാരം നൽകുന്നതു സംബന്ധിച്ച് രാഷ്‌​ട്രീയ വിവാദവും ഉയർന്നു കഴിഞ്ഞിട്ടുണ്ട്. ആരോടും ചർച്ച ചെയ്യാതെയാണ് സ്മാർട്ട് സിറ്റി പദ്ധതി അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ എട്ടു വർഷങ്ങളിൽ എന്താണു നടന്നതെന്ന് സർക്കാർ അന്വേഷിച്ചില്ലെന്നും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പദ്ധതിയെ തളർത്തിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. പദ്ധതി അട്ടിമറിച്ചതിലും നഷ്ടപരിഹാരം നൽകുന്നതിലും അവർ ദുരൂഹതയും ആരോപിക്കുന്നുണ്ട്.

കരാർ പ്രകാരം സർക്കാരിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ മാത്രമാണു കമ്പനിക്കു നഷ്ടപരിഹാരം നൽകേണ്ടതെന്നു സർക്കാർ തീരുമാനത്തോടു വിയോജിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് അവരിൽ നിന്നാണു നഷ്ടപരിഹാരം ഈടാക്കേണ്ടതത്രേ. സമയബന്ധിതമായി പദ്ധതി പൂർത്തിയായില്ല എന്നതു യാഥാർഥ്യമാണ്. 10 വർഷം കൊണ്ട് പൂർത്തീകരിക്കേണ്ടതായിരുന്നു ഈ പദ്ധതി. പക്ഷേ, പദ്ധതിയിൽ ‍ഇതുവരെ തൊഴിൽ നൽകാനായത് 8,000​ത്തിൽ താഴെ പേർക്കു മാത്രമാണ്. അതിനുള്ള ജോലികളേ പൂർത്തിയായുള്ളൂ. ടീകോമിന്‍റെ ഭാഗത്താണു വീഴ്ചയെങ്കിൽ എന്തുകൊണ്ടാണു സർക്കാർ നഷ്ടപരിഹാരം നൽകേണ്ടിവരുന്നതെന്നതിന് ഇനിയും വ്യക്തതയുണ്ടാവേണ്ടതുണ്ട്. കരാർ വ്യവസ്ഥകൾക്കു വിരുദ്ധമായി അധിക ബാധ്യത ഏറ്റെടുക്കുകയാണോ സർക്കാർ ചെയ്യുന്നത് എന്ന സംശയം ജനങ്ങളിൽ ഉണ്ടാവാൻ പാടില്ല.

ടീകോമിനു നല്‍കേണ്ട നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനാണു സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് ഐടി മിഷന്‍ ഡയറക്റ്റര്‍, ഇന്‍ഫോപാര്‍ക്ക് സിഇഒ, ഒകെ ഐഎച്ച് (ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ്) എംഡി ഡോ. ബാജു ജോർജ് എന്നിവരടങ്ങുന്ന കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.‌ ടീകോമിനെ ഒഴിവാക്കിയ ശേഷം സ്മാർട്ട് സിറ്റിയിൽ പുതിയ നിക്ഷേപകരെ കണ്ടെത്തുമെന്നാണു പറയുന്നത്. നിരവധി കമ്പനികൾ ഭൂമിക്കായി കാത്തുനിൽക്കുകയാണെന്നു സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സ്മാർട്ട് സിറ്റി എന്ന ആശയത്തിൽ നിന്നു സർക്കാർ പിന്നോട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവും വ്യക്തമാക്കുന്നുണ്ട്. സ്മാർട്ട് സിറ്റി പദ്ധതിയുടെ പരാജയം വലിയൊരു പാഠമാണ്. അതു ബന്ധപ്പെട്ട എല്ലാവരും ഉൾക്കൊള്ളേണ്ടതുണ്ട്. സംസ്ഥാനത്തിന്‍റെ ഐടി ഭൂപടത്തിൽ പ്രമുഖ സ്ഥാനത്ത് അടയാളപ്പെടുത്തേണ്ടിയിരുന്ന പദ്ധതി ഈ നിലയിലായതിന് എന്തൊക്കെയാണു കാരണങ്ങളെന്നു വിശദമായി പഠിക്കേണ്ടതും വിലയിരുത്തേണ്ടതുമാണ്. ഇനി ഒരു പദ്ധതിക്കും ഈ ഗതി വരാതെ നോക്കേണ്ടതും അത്യാവശ്യമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com