Complacency should not hinder railway development

റെയ്‌ൽവേ വികസനത്തിന് അലംഭാവം തടസമാവരുത്

റെയ്‌ൽവേ വികസനത്തിന് അലംഭാവം തടസമാവരുത്

ഭൂമി ഏറ്റെടുക്കലിനായി റെയ്‌ൽവേ സംസ്ഥാന സർക്കാരിന് 2,112 കോടി രൂപ അനുവദിച്ചിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തുന്നുണ്ട്.
Published on

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തു നിന്നുണ്ടാവുന്ന അലംഭാവം കേരളത്തിലെ റെയ്‌ൽവേ വികസനം തടസപ്പെടുത്തുന്നുവെന്നാണ് കേന്ദ്ര റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറയുന്നത്. അങ്കമാലി - എരുമേലി ശബരി റെയ്‌ൽ പാത അടക്കമുള്ള പദ്ധതികളെ ഭൂമി ഏറ്റെടുക്കൽ തടസപ്പെട്ടിരിക്കുന്നതു ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മൂലം വൈകുന്ന ചില പ്രധാന പദ്ധതികളുടെ വിശദാംശങ്ങളും കേന്ദ്ര മന്ത്രി പാർലമെന്‍റിൽ അറിയിക്കുകയുണ്ടായി. സംസ്ഥാനത്തെ റെയ്‌ൽവേ പദ്ധതികൾക്ക് ആവശ്യമായ ആകെ ഭൂമി 476 ഹെക്റ്ററാണ്. ഇതിൽ ഏറ്റെടുത്തത് 73 ഹെക്റ്റർ മാത്രമാണെന്നു മന്ത്രി പറയുന്നു. അതായത് ആവശ്യമുള്ളതിന്‍റെ15 ശതമാനം ഭൂമി മാത്രമാണ് ഏറ്റെടുത്തിട്ടുള്ളത്. 403 ഹെക്റ്റർ ഭൂമി (85%) ഇനിയും ഏറ്റെടുത്തു നൽകാനുണ്ടത്രേ. ഭൂമി ഏറ്റെടുക്കലിനായി റെയ്‌ൽവേ സംസ്ഥാന സർക്കാരിന് 2,112 കോടി രൂപ അനുവദിച്ചിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തുന്നുണ്ട്.

റെയ്‌ൽവേ മന്ത്രാലയത്തിന്‍റെ അവഗണനയെക്കുറിച്ചു നിരന്തരം സംസാരിക്കാറുണ്ട് കേരളം. കേന്ദ്ര ബജറ്റുകളിൽ അടക്കം കേരളത്തോടു കാണിക്കുന്ന അവഗണനയിൽ ശക്തമായി പ്രതിഷേധിക്കാറുമുണ്ട്. ഓരോ തവണ കേരളം തഴയപ്പെടുമ്പോഴും ഇവിടുത്തെ വാർത്താമാധ്യമങ്ങൾ അടക്കം അതിനെതിരേ ശബ്ദിക്കുന്നതു പതിവാണ്. അതേസമയം കേരള സർക്കാരിന്‍റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടാവുന്നുണ്ടെങ്കിൽ അതും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. സർക്കാർ അപാകതകൾ പരിഹരിക്കേണ്ടതുമുണ്ട്. എന്താണു വാസ്തവമെന്നു സംസ്ഥാന സർക്കാർ വിശദീകരിക്കുന്നതു സംശയങ്ങൾ ഒഴിവാക്കാൻ നല്ലതാണ്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരിയും കുറ്റപ്പെടുത്തിയും നാളുകൾ കഴിച്ചതുകൊണ്ട് പദ്ധതികൾ നടപ്പാവില്ല. ഇരു ഭാഗത്തും ആത്മാർഥതയുണ്ടാവണം. എവിടെയാണോ തടസങ്ങളുള്ളത് അതു ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹരിക്കണം.

റെയ്‌ൽവേയുടെ ഒരു വികസന പദ്ധതിക്കും കേരളം എതിരല്ലെന്നു നേരത്തേ സർക്കാർ വ്യക്തമാക്കിയിട്ടുള്ളതാണ്. പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാതെ റെയ്‌ൽവേ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് മുൻപ് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. പ്രത്യേകിച്ച് ശബരി പാതയുടെ കാര്യത്തിൽ അ‍നങ്ങാപ്പാറ സമീപനം കേന്ദ്രത്തിന്‍റേതാണെന്നും സംസ്ഥാന സർക്കാർ കുറ്റപ്പെടുത്തുന്നുണ്ട്. അതിനിടെയാണ് സംസ്ഥാന സർക്കാരിന്‍റെ വീഴ്ചകൾ സംബന്ധിച്ച് അശ്വിനി വൈഷ്ണവ് വീണ്ടും വെളിപ്പെടുത്തുന്നത്. 111 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി പാതയ്ക്കു വേണ്ടത് 416 ഹെക്റ്റർ ഭൂമിയാണ്. അതിൽ 24 ഹെക്റ്റർ മാത്രമാണ് ഏറ്റെടുത്തു നൽകിയിട്ടുള്ളതെന്ന് കേന്ദ്ര മന്ത്രി പറയുന്നുണ്ട്. 1997-98ൽ അനുവദിച്ചതാണ് ഈ പദ്ധതി. ഇതിൽ അങ്കമാലി- കാലടി ഏഴു കിലോമീറ്റർ നിർമാണവും കാലടി- പെരുമ്പാവൂർ 10 കിലോമീറ്ററിലെ ലോങ് ലീഡ് പ്രവൃത്തികളും ഏറ്റെടുത്തു.

ഭൂമി ഏറ്റെടുക്കലിനുണ്ടായ തടസം, പദ്ധതിക്കെതിരേ ഫയൽ ചെയ്ത കേസുകൾ, സംസ്ഥാന സർക്കാരിന്‍റെ അപര്യാപ്തമായ പിന്തുണ എന്നിവ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ തടസമായെന്നാണ് മന്ത്രി വിശദീകരിക്കുന്നത്. പദ്ധതിക്കായി സംസ്ഥാന ഗവൺമെന്‍റ്, റെയ്‌ൽവേ മന്ത്രാലയം, ആർ‌ബി‌ഐ എന്നിവ തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പിടാൻ കേരളത്തോട് അഭ്യർഥിച്ചുവെന്നും അതിനു കേരള സർക്കാർ വിസമ്മതിച്ചുവെന്നും അശ്വിനി വൈഷ്ണവ് പറയുന്നു.

87 കിലോമീറ്റർ നീളത്തിൽ തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 41 ഹെക്റ്റർ ഭൂമിയാണ് ആവശ്യമുള്ളത്. അതിൽ 36 ഹെക്റ്റർ ഏറ്റെടുത്തിട്ടുണ്ട്. ഷൊർണൂർ- വള്ളത്തോൾ നഗർ പാത ഇരട്ടിപ്പിക്കലിനു വേണ്ട അഞ്ചു ഹെക്റ്ററിൽ ഭൂമി ഏറ്റെടുക്കൽ നടന്നിട്ടില്ല. എറണാകുളം - കുമ്പളം, കുമ്പളം- തുറവൂർ പാതകളുടെ ഇരട്ടിപ്പിക്കലിന് ഇനി വളരെ കുറച്ചു ഭൂമി മാത്രമാണ് ഏറ്റെടുക്കാനുള്ളത്. എന്തായാലും ഭൂമി ഏറ്റെടുത്തു നൽകാത്തത് പദ്ധതികൾക്കു തടസമാണെന്ന വാദം ആവർത്തിക്കാനുള്ള അവസരം ഇനിയും റെയ്‌ൽവേയ്ക്കു നൽകാതിരിക്കേണ്ടതുണ്ട്.

കേന്ദ്രമായാലും സംസ്ഥാനമായാലും വികസന പ്രവർത്തനങ്ങളെ രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കാണാതിരിക്കണം. കേരളത്തിലെ റെയ്‌ൽവേ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും സുരക്ഷാ പ്രവർത്തനങ്ങൾക്കുമുള്ള ബജറ്റ് വിഹിതം 2009-14 കാലയളവിൽ പ്രതിവർഷം 372 കോടി രൂപയായിരുന്നത് 2025-26 ബജറ്റിൽ 3,042 കോടി രൂപയായിട്ടുണ്ടെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാണിക്കുന്നു. വിഹിതത്തിലുണ്ടായിട്ടുള്ള എട്ടു മടങ്ങു വർധന കേരളത്തോടു വിവേചനമില്ലെന്നതിനു തെളിവാണെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. റെയ്‌ൽവേ സ്റ്റേഷനുകളുടെ മോടി കൂട്ടുന്നതും പുതുക്കുന്നതും പോലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്നതു വിസ്മരിക്കാനാവില്ല. എന്നാൽ, പുതിയ പാതകൾ പോലുള്ള പദ്ധതികൾ തടസപ്പെട്ടു കിടക്കുന്നതിനു പരിഹാരമുണ്ടാവുക തന്നെ വേണം.

logo
Metro Vaartha
www.metrovaartha.com