
ഏതാനും വർഷങ്ങളായി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ യോജിച്ചുള്ള പ്രവർത്തനങ്ങൾ രാജ്യത്തുനിന്ന് മാവോയിസ്റ്റ് തീവ്രവാദം തുടച്ചുനീക്കുന്നതിനുള്ള പരിശ്രമങ്ങളിൽ വലിയ തോതിലുള്ള വിജയത്തിനു സഹായിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖലകൾ വളരെ ചുരുങ്ങിക്കഴിഞ്ഞതായി നക്സലുകളെ നേരിടാൻ നിയോഗിക്കപ്പെട്ട സേനകളുടെ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. കൊടും വനങ്ങളുടെ അകത്തു വരെ താവളങ്ങൾ തുറന്നുകൊണ്ട് സേനകൾ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾ നക്സലുകളെ അവരുടെ കേന്ദ്രത്തിൽ വച്ചു തന്നെ ഇല്ലാതാക്കുന്നതിനു സഹായിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവർ അവകാശപ്പെടുന്നത്. ഒരു പതിറ്റാണ്ടിനിടെ മാവോയിസ്റ്റ് ആക്രമണങ്ങൾ 77 ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴയതുപോലെ നേരിട്ടുള്ള ഏറ്റുമുട്ടലുകൾ നടത്താനോ ആക്രമണങ്ങൾക്കു പദ്ധതിയിടാനോ നക്സലുകൾക്ക് കരുത്തു കുറഞ്ഞിട്ടുണ്ട് എന്നത് രാജ്യത്തെ നക്സൽ ബാധിത മേഖലകളിൽ വലിയ ആശ്വാസമാണു പകർന്നിട്ടുള്ളത്.
2010ൽ 2213 മാവോയിസ്റ്റ് ആക്രമണങ്ങളുണ്ടായത് 2021ൽ 509 ആയി കുറഞ്ഞെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് പാർലമെന്റിനെ അറിയിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. ആക്രമണം മൂലമുള്ള മരണങ്ങൾ 85 ശതമാനം കുറഞ്ഞതായും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. 2010ൽ ജവാന്മാരും സാധാരണക്കാരുമായി 1005 പേരാണു മരിച്ചത്. 2021ൽ ഇതു 147 ആയി കുറഞ്ഞു. 96 ജില്ലകളിലെ 465 പൊലീസ് സ്റ്റേഷൻ പരിധികൾ നക്സൽ ബാധിതമായിരുന്നത് 46 ജില്ലകളിലെ 191 പൊലീസ് സ്റ്റേഷൻ പരിധികളിലേക്കു ചുരുങ്ങിയിട്ടുണ്ട്. കടുത്ത ഇടതു തീവ്രവാദം നേരിടുന്ന ജില്ലകളുടെ എണ്ണം 2018ൽ 35 ആയിരുന്നത് 2021ൽ 25 ആയെന്നും മന്ത്രി അറിയിച്ചിരുന്നു. അത്തരത്തിൽ മാവോയിസ്റ്റ് ഭീകരതയ്ക്ക് അറുതിവരുന്നുവെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണു രാജ്യത്തെ നടുക്കി ഛത്തിസ്ഗഡിൽ വീണ്ടും നക്സലാക്രമണമുണ്ടാകുന്നത്. തെക്കൻ ഛത്തിസ്ഗഡിലെ ബസ്തർ മേഖലയിൽ പത്തു പൊലീസുകാരും ഡ്രൈവറും അടക്കം 11 പേരുടെ ജീവനാണ് നക്സലുകളുടെ ഐഇഡി ആക്രമണത്തിൽ നഷ്ടപ്പെട്ടത്.
ദന്തേവാഡയിലെ ആരൺപുർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നക്സൽ സാന്നിധ്യത്തെക്കുറിച്ചു വിവരം കിട്ടിയതിനെത്തുടർന്നുള്ള പരിശോധനയ്ക്കു ശേഷം മടങ്ങുകയായിരുന്ന ഛത്തിസ്ഗഡ് പൊലീസിലെ ജില്ലാ റിസർവ് ഗാർഡ് സംഘത്തിനു നേരേയായിരുന്നു ആക്രമണം. പൊലീസുകാർ സഞ്ചരിച്ചിരുന്ന വാഹനം 50 കിലോഗ്രാമിലേറെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് തീവ്രവാദികൾ തകർത്തത്. ദേശസുരക്ഷയ്ക്കു വേണ്ടി നിയോഗിക്കപ്പെടുന്ന ധീരസേനാംഗങ്ങളുടെ ജീവൻ തീവ്രവാദികൾ കവർന്നെടുക്കുന്നത് രാജ്യത്ത് എവിടെയായാലും അത് അതീവ ദുഃഖകരമാണ്. സേനാംഗങ്ങൾ അടക്കം ആരുടെയും ജീവൻ അപഹരിക്കാൻ നക്സലുകൾ ഉൾപ്പെടെ ഒരു തീവ്രവാദിക്കും കഴിയുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ് നമുക്ക് ആവശ്യമായിട്ടുള്ളതും.
ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്ന് ഇടതു തീവ്രവാദം ഏറെക്കുറെ പൂർണമായും ഇല്ലാതാക്കിയെന്നു കേന്ദ്ര സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഛത്തിസ്ഗഡിൽ ഇനിയും വെല്ലുവിളികൾ അവസാനിച്ചിട്ടില്ല. ഇക്കഴിഞ്ഞ മൂന്നാലു വർഷങ്ങൾക്കിടെ തന്നെ ഇവിടെ പല ആക്രമണങ്ങളുണ്ടായി. 2020 മാർച്ചിലാണ് സുക്മയിൽ ഡിആർജിയിലെ 17 ജവാന്മാർക്കു വീരമൃത്യു സംഭവിച്ച മാവോയിസ്റ്റുകളുടെ ആക്രമണം. അടുത്ത വർഷം, 2021 ഏപ്രിലിൽ ബസ്തർ മേഖലയിൽ നക്സലുകളുടെ ആക്രമണത്തിൽ 22 ജവാന്മാർക്കു വീരമൃത്യു സംഭവിച്ചു. 2022 ജൂണിൽ ഛത്തിസ്ഗഡ്- ഒഡീഷ അതിർത്തിയിൽ മാവോയിസ്റ്റുകൾ സിആർപിഎഫ് പോസ്റ്റിനു നേരേ നടത്തിയ ആക്രമണത്തിൽ മൂന്നു ജവാന്മാരാണു മരിച്ചത്.
മറ്റു സംസ്ഥാനങ്ങളിൽ മാത്രമല്ല കേരളത്തിലെ വനങ്ങളിലും മാവോയിസ്റ്റ് സാന്നിധ്യം സംബന്ധിച്ച് ഇപ്പോഴും ചില റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. വയനാട്ടിൽ ആയുധങ്ങളുമായി മാവോയിസ്റ്റുകൾ എത്തിയെന്നു നാട്ടുകാർ വെളിപ്പെടുത്തിയതു കഴിഞ്ഞ മാസമാണ്. പടിഞ്ഞാറത്തറയിലെ ഒരു ആദിവാസി കോളനിയിൽ എത്തിയ മാവോയിസ്റ്റുകൾ ഭക്ഷണ സാധനങ്ങൾ കവർന്നെടുത്തെന്നു പറയുന്നുണ്ട്. വയനാട്ടിൽ തന്നെ നാലംഗ സായുധ മാവോയിസ്റ്റ് സംഘം തൊണ്ടർനാട് അരിമല കോളനിയിലെത്തി ആശയ പ്രചരണ ലഘുലേഖകൾ വിതരണം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിനകത്തും പുറത്തും നിന്നുള്ള ഒളിപ്പോരാളികൾ വയനാട്ടിലെ കാടുകളിൽ ഉണ്ടെന്നാണു കരുതുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വയനാടൻ കാടുകളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയനാട്ടിലെ തമിഴ്നാട്, കർണാടക അതിർത്തികളിൽ പൊലീസ് ചെക് പോസ്റ്റുകൾ ആരംഭിക്കുന്നുമുണ്ട്. മാവോയിസ്റ്റ് സാന്നിധ്യത്തിനെതിരായ ജാഗ്രത കേരളത്തിലും തുടരണമെന്നാണ് ഇതു കാണിക്കുന്നത്.