രാഹുലിനെ പുറത്താക്കി കോൺഗ്രസിന്‍റെ മാതൃക

ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തുക, ബലാത്സംഗം ചെയ്യുക, നിർബന്ധിച്ചു ഗർഭച്ഛിദ്രം നടത്തിക്കുക തുടങ്ങിയ ആരോപണങ്ങൾ ഒരു ജനപ്രതിനിധിക്കു നേരേയാണ് ഉയർന്നിരിക്കുന്നത്
rahul sexual harrasment case

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന ആരോപണങ്ങളും കേസും വലിയ കോളിളക്കങ്ങളുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞവർഷം പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടി നിയമസഭയിലെത്തിയ രാഹുലിനെ അതിന്‍റെ ഒന്നാം വാർഷികത്തിൽ തന്നെ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്താക്കിയിരിക്കുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് അടക്കം രാഷ്‌ട്രീയ കക്ഷികൾ ഉയർത്തുന്നുമുണ്ട്. ചെറിയ പ്രായത്തിൽ തന്നെ രാഷ്‌ട്രീയത്തിലെ ഓരോ പടികളും അതിവേഗം കയറിയ രാഹുലിന്‍റെ പതനവും അസാധാരണ വേഗത്തിലായി. എഫ്ഐആറുകളിൽ പറയുന്നതനുസരിച്ചാണെങ്കിൽ ഞെട്ടിക്കുന്ന കുറ്റകൃത്യങ്ങളാണു രാഹുൽ മാങ്കൂട്ടത്തിൽ ചെയ്തിരിക്കുന്നത്. ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തുക, ബലാത്സംഗം ചെയ്യുക, നിർബന്ധിച്ചു ഗർഭച്ഛിദ്രം നടത്തിക്കുക തുടങ്ങിയ ആരോപണങ്ങൾ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കേണ്ട ഒരു ജനപ്രതിനിധിക്കു നേരേയാണ് ഉയർന്നിരിക്കുന്നത്. ഒന്നല്ല, രണ്ടാമതൊരു പീഡന കേസിലും എഫ്ഐആർ ആയിട്ടുണ്ടെന്നതും ഇതോടു ചേർത്തു കാണേണ്ടതാണ്.

ഈ ലൈംഗിക പീഡന ആരോപണങ്ങൾ പ്രധാന രാഷ്‌ട്രീയ ചർച്ചയായി കേരളം മുഴുവൻ ഉയരുന്ന പശ്ചാത്തലത്തിൽ രാഹുലിനെ പാർട്ടിയിൽ നിലനിർത്തുന്നതു വലിയ തിരിച്ചടിയുണ്ടാക്കുമെന്നു കോൺഗ്രസ് നേതാക്കൾ കരുതിക്കാണും. ആരോപണ വിധേയനെതിരേ സ്വീകരിച്ച കടുത്ത നടപടി യുഡിഎഫിനെ രക്ഷിക്കുമെന്ന പ്രതീക്ഷയും അവർക്കുണ്ടാവാം. രാഹുലിനെതിരായ കേസ് എൽഡിഎഫും ബിജെപിയും പ്രധാന വിഷയമായി ഉയർത്തിക്കൊണ്ടുവരുന്നതു സ്വാഭാവികമാണ്. പീഡന ആരോപണം സംബന്ധിച്ചുള്ള കേസിൽ അന്തിമ വിധി വരേണ്ടതു കോടതിയിൽ നിന്നാണ്. നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങട്ടെ. കോടതിയാണു കേസിൽ ശരി തെറ്റുകളെക്കുറിച്ചുള്ള അന്തിമ തീർപ്പു കൽപ്പിക്കേണ്ടത്. എന്നാൽ, പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു വ്യക്തമാക്കിയാണു വ്യാഴാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹർജി തള്ളിയിരിക്കുന്നതെന്നും ഓർക്കേണ്ടതുണ്ട്.

ചാറ്റുകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചാണു കോടതിയുടെ വിധിയുണ്ടായിരിക്കുന്നത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും നടന്നുവെന്നു സ്ഥാപിക്കാൻ ഡോക്റ്ററുടെ മൊഴി സഹിതമുള്ള രേഖകൾ പ്രോസിക്യൂഷന്‍ ഹാജരാക്കി. അടച്ചിട്ട കോടതി മുറിയിൽ ഇരുപക്ഷത്തിന്‍റെയും വിശദമായ വാദം കേട്ട ശേഷമായിരുന്നു ജാമ്യാപേക്ഷയിലെ തീർപ്പ്. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന ആളാണെന്നും ജാമ്യം നല്‍കുന്നതു കേസിന്‍റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. ഉഭയസമ്മത പ്രകാരമായിരുന്നു ശാരീരിക ബന്ധം എന്ന രാഹുലിന്‍റെ വാദം ഖണ്ഡിക്കാനാണ് വിവാഹ വാഗ്ദാനം നല്‍കി ഇരുപത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന പുതിയ കേസിലെ എഫ്‌ഐആര്‍ കൂടി പ്രോസിക്യൂഷന്‍ കോടതിയിൽ ഹാജരാക്കിയിരിക്കുന്നത്. എന്നാൽ, ഈ കേസും കെട്ടിച്ചമച്ചതാണെന്നു പ്രതിഭാഗം കോടതിയില്‍ ആരോപിക്കുകയുണ്ടായി. സെഷൻസ് കോടതിയുടെ വിധി അനുകൂലമല്ലാതെ വന്നതിനു പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യത്തിനു ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത ഇതുപോലുള്ള ആരോപണങ്ങൾ ഉയർന്നാൽ ആ വ്യക്തിയെ കണ്ണടച്ചു സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഏതു ഭാഗത്തുനിന്നായാലും ഉണ്ടാകാൻ പാടില്ലാത്തതാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ഉചിതമായ നടപടി എടുത്തു എന്നു പറയാം. മുൻകൂർ ജാമ്യഹർജി തള്ളിയ ഉടൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു രാഹുലിനെ പുറത്താക്കി. ഇതിനു മുൻപേ തന്നെ പുറത്താക്കേണ്ടിയിരുന്നു എന്ന അഭിപ്രായം സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ പല നേതാക്കൾക്കും ഉണ്ടായിരുന്നു എന്നതു വസ്തുതയാണ്. കാത്തിരിപ്പു ദോഷം ചെയ്തുവെന്ന് അവർ കരുതുന്നുണ്ടാവാം. എന്തായാലും മുൻപ് ലൈംഗിക പീഡന ആരോപണങ്ങളിൽ ശക്തമായ നടപടികൾ എടുക്കാത്ത പാർട്ടികൾക്ക് ഇതൊരു മാതൃകയാക്കാവുന്നതു തന്നെയാണ്. മോശമായ പെരുമാറ്റം സംബന്ധിച്ച് ആരോപണം ഉയർന്നുവന്നപ്പോഴേ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാഹുലിനു രാജിവയ്ക്കേണ്ടിവന്നു. പിന്നാലെ കോൺഗ്രസിൽ നിന്നു സസ്പെൻഡ് ചെയ്തു. പാർലമെന്‍ററി പാർട്ടിയിൽ നിന്നു പുറത്തായി. കഴിഞ്ഞ ദിവസം കെപിസിസിക്കു കിട്ടിയ പരാതി കൈയോടെ പൊലീസിനു കൈമാറി. ഇതൊക്കെ മാതൃകാപരമാണെന്നു പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

പാർട്ടിയിൽ വളർന്നുവരുന്ന കരുത്തനായ യുവനേതാവ് എന്നതായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതിച്ഛായ. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ കടന്നുവന്ന് കോൺഗ്രസിന്‍റെ തീപ്പൊരി നേതാവായി മാറാൻ രാഹുലിനു കഴിഞ്ഞു. 2023ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി. 2024ൽ മികച്ച വിജയത്തോടെ എംഎൽഎയായി. ലൈംഗിക പീഡന ആരോപ‍ണങ്ങൾ കേസിലേക്ക് എത്തുന്നു എന്നു കണ്ടപ്പോൾ ഒളിവിൽ പോയ രാഹുലിനെ തേടി പൊലീസ് ഇറങ്ങി. എത്ര പ്രാധാന്യമുള്ള നേതാവായാലും ആരോപണങ്ങൾ ഉയരുമ്പോൾ ധാർമികത ഉയർത്തിപ്പിടിക്കാൻ എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും കഴിയണം. പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം പരാതികൾക്കു വലിയ വില കൽപ്പിക്കേണ്ടതുണ്ട്. കുറ്റം ചെയ്തവർ ആരായാലും അവർ ശിക്ഷിക്കപ്പെടണം. ഒരു വിധത്തിലുള്ള സംരക്ഷണവും അവർക്കു കിട്ടരുത്. നിരപരാധികൾക്ക് അവരുടെ ഭാഗം തെളിയിക്കാൻ കോടതിയിൽ അവസരമുണ്ടല്ലോ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com