
ജനാധിപത്യ സംവിധാനം അതിന്റെ പൂർണ ചൈതന്യത്തിൽ നിലനിൽക്കണമെങ്കിൽ ശക്തമായ ഭരണപക്ഷം മാത്രം പോരാ കെട്ടുറപ്പുള്ള പ്രതിപക്ഷവും ആവശ്യമാണ്. എതിർക്കാനും ചോദ്യം ചെയ്യാനും കരുത്തുള്ള പ്രതിപക്ഷമില്ലെങ്കിൽ ഭരണം നേർവഴിയിലൂടെ മാത്രമാണു നീങ്ങുന്നത് എന്നുറപ്പു വരുത്താൻ കഴിഞ്ഞെന്നു വരില്ല. ജനതാത്പര്യം അവഗണിച്ചുകൊണ്ടുള്ള ഓരോ ചെറിയ വ്യതിയാനങ്ങളും കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും ചെറുക്കപ്പെടേണ്ടതു തന്നെയാണ്. അതിനു നേതൃത്വം നൽകേണ്ടതു പ്രതിപക്ഷ കക്ഷികളുമാണ്. അതേസമയം, എന്തിനെയും എതിർക്കുക എന്നതല്ല പ്രതിപക്ഷത്തിന്റെ കർത്തവ്യവും. നല്ല കാര്യങ്ങൾ ചെയ്യുന്നതിന് സർക്കാരിനാവശ്യമായ പിന്തുണ നൽകേണ്ടതും അവരാണ്. രാജ്യത്തിനു മൊത്തത്തിൽ ഗുണകരമായ കാര്യങ്ങളിൽ, അതു സർക്കാരിനെതിരായാലും അനുകൂലമായാലും, ജനപിന്തുണ സമാഹരിക്കാൻ പ്രതിപക്ഷത്തു നേതൃസ്ഥാനം വഹിക്കുന്ന കക്ഷികൾക്കു കെൽപ്പുണ്ടാവണം.
അങ്ങനെയൊരു നേതൃസ്ഥാനം ഏറ്റെടുക്കാൻ കഴിയുന്ന പ്രതിപക്ഷ കക്ഷി കോൺഗ്രസ് മാത്രമാണ്. ബിജെപിക്കു പുറമേ രാജ്യവ്യാപകമായി സജീവ സാന്നിധ്യമുള്ള ഏക പാർട്ടി ഇപ്പോഴും കോൺഗ്രസാണല്ലോ. അതുകൊണ്ടുതന്നെ അവർ ശക്തരാകേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അത് അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പോ ഈ വർഷം ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളോ ഒന്നും കണ്ടു പറയുന്നതല്ല. മുഖ്യ പ്രതിപക്ഷ കക്ഷി എന്ന നിലയിൽ അവരുടെ റോൾ ഭംഗിയായി നിർവഹിക്കാൻ വേണ്ടി പറയുന്നതാണ്.
പാർട്ടി ഭരിക്കുന്ന ഛത്തിസ്ഗഡിലെ നവ റായ്പുരിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോൺഗ്രസ് പ്ലീനറി സമ്മേളനം പ്രവർത്തകർക്ക് ആവേശം പകരാനുള്ള ചില പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. അത് പ്രതിപക്ഷ ഐക്യം സംബന്ധിച്ചാണ്. 2004 മുതൽ 2014ലെ വരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേന്ദ്രം ഭരിച്ചത് യുപിഎ മുന്നണിയാണ്. അതേ രീതിയിൽ വീണ്ടും രാജ്യം ഭരിക്കാനുള്ള കരുത്തുണ്ടാക്കുമെന്നാണ് പ്ലീനറി സമ്മേളനം അവകാശപ്പെടുന്നത്. അതായത് കോൺഗ്രസ് നേതൃസ്ഥാനത്തു നിന്ന് പ്രതിപക്ഷ ഐക്യമുണ്ടാക്കാൻ ശ്രമിക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെപ്പോലുള്ളവർ ബിജെപിയും കോൺഗ്രസുമില്ലാത്ത മൂന്നാം മുന്നണിയെക്കുറിച്ചു പറയുന്നുണ്ട്. അരവിന്ദ് കെജരിവാളും മമത ബാനർജിയുമൊക്കെ പ്രധാനമന്ത്രിക്കസേര മോഹിച്ചുള്ള സഖ്യങ്ങൾക്ക് ആഗ്രഹിക്കുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തന്റെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. പ്രതിപക്ഷം പല തട്ടിലാണ് ഇപ്പോഴുള്ളത് എന്നാണിതു കാണിക്കുന്നത്.
മൂന്നാം മുന്നണി ബിജെപിക്കു ഗുണകരമാവും എന്നു വ്യക്തമാക്കിയ പ്ലീനറി സമ്മേളനത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രസംഗത്തിൽ പ്രതിപക്ഷ ഐക്യത്തിനായി എന്തു ത്യാഗത്തിനും തയാറാണ് എന്നും പറയുന്നുണ്ട്. ത്യാഗം എന്നു പറയുന്നത് പ്രധാനമന്ത്രി സ്ഥാനാർഥിത്വം മറ്റുള്ളവർക്കു വിട്ടുകൊടുക്കാൻ തയാറാണ് എന്നതു കൂടിയാണോ എന്നു വ്യക്തമല്ല. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ ഐക്യചർച്ചകളുടെ ഭാഗമായി പിന്നീട് ഉണ്ടാവുമെന്നാണു കരുതേണ്ടത്. പ്രതിപക്ഷം ഐക്യം എങ്ങനെ വേണമെന്നതു സംബന്ധിച്ച് കോൺഗ്രസ് എത്രയും വേഗം തീരുമാനമെടുക്കണമെന്നാണല്ലോ കഴിഞ്ഞ ദിവസം നിതീഷ് കുമാർ ആവശ്യപ്പെട്ടിരിക്കുന്നത്. കൃത്യമായൊരു തീരുമാനമെടുക്കാൻ കോൺഗ്രസിനു കഴിയുമോ എന്നതു തെരഞ്ഞെടുപ്പു കാലത്തു നിർണായകമാവും. മറ്റു കക്ഷികൾ എന്തുമാത്രം സഹകരിക്കുമെന്നതും പ്രധാനമാണ്.
ഭിന്നിച്ചു നിൽക്കുന്ന പ്രതിപക്ഷത്തെ ഒന്നിപ്പിക്കാൻ കഴിഞ്ഞാൽ അതു കോൺഗ്രസിന്റെ വലിയ നേട്ടമായി മാറും. എന്നാൽ അത് അത്ര എളുപ്പമല്ല. വ്യക്തിപരമായ താത്പര്യങ്ങൾക്കു മുൻഗണന നൽകുന്ന നേതാക്കൾ പലരുണ്ട് പ്രതിപക്ഷത്ത് എന്നതാണു കാരണം. എന്തായാലും പ്രതിപക്ഷ ഐക്യം ശക്തമാവുന്നു എന്നു വന്നാൽ ബിജെപിയും അതിനനുസരിച്ച് ശക്തിയാർജിക്കാനുള്ള പരിശ്രമങ്ങളുണ്ടാവും. ഭരിക്കുന്ന പാർട്ടി ഏതായാലും പ്രതിപക്ഷത്തിന്റെ ശക്തി അവരെയും സ്വാധീനിക്കുമല്ലോ. ആരു ജയിക്കണം, ആരു ഭരിക്കണം എന്നൊക്കെ അന്തിമമായി തീരുമാനിക്കുന്നതു ജനങ്ങളാണ്. അവർക്ക് തെരഞ്ഞെടുക്കാനാവുന്ന സാധ്യതകൾ ഒരുക്കിക്കൊടുക്കുക എന്നതാണു രാഷ്ട്രീയ കക്ഷികൾക്കു ചെയ്യാനുള്ളത്.
കോൺഗ്രസ് അണികൾക്കും അനുഭാവികൾക്കും മൊത്തത്തിൽ പ്രതിപക്ഷത്തിനും പ്രതീക്ഷ പകരാൻ മല്ലികാർജുൻ ഖാർഗെയുടെ പുതിയ ടീമിനു കഴിയട്ടെ. പ്രവർത്തക സമിതി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനും പട്ടികജാതി, പട്ടികവർഗം, വനിത, ന്യൂനപക്ഷം, യുവാക്കൾ എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് 50 ശതമാനം സംവരണം നൽകാനുമുള്ള തീരുമാനം ശ്രദ്ധേയമായ മാറ്റമാണ്. പാർട്ടിയുടെ പരമോന്നത ഘടകത്തിൽ കൂടുതൽ നേതാക്കൾ ഉൾപ്പെട്ടതുകൊണ്ടു മാത്രമായില്ല, തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്നതാവാതെ കൂട്ടായി ആലോചിച്ച് എടുക്കുന്നതു കൂടിയാവണം. മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളെയും നോമിനേഷനിലൂടെ നിശ്ചയിക്കുന്നതു തന്നെ പാർട്ടിയിലെ പലരെയും നിരാശപ്പെടുത്തിയിട്ടുണ്ടാവും.