
നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ഇക്കഴിഞ്ഞ ഒമ്പതു വർഷത്തിനിടെ അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി വലിയ തോതിൽ പണം ചെലവഴിച്ചിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയമായ പുരോഗതിയാണ് ദേശീയപാതാ വികസനത്തിലുണ്ടായത്. ഒമ്പതു വർഷത്തിനിടെ അമ്പതിനായിരത്തോളം കിലോമീറ്റർ ദേശീയ ഹൈവേ പുതുതായി നിർമിക്കപ്പെട്ടുവെന്നാണ് കണക്ക്. 2014-15ൽ 97,830 കിലോമീറ്റർ ദേശീയ പാതയാണ് രാജ്യത്തുണ്ടായിരുന്നത്. ഇപ്പോൾ അത് 1,45,155 കിലോമീറ്ററായിരിക്കുന്നു. 2014-15ലെ കണക്കുപ്രകാരം ദിവസം 12.1 കിലോമീറ്റർ റോഡാണ് നിർമിച്ചിരുന്നതെങ്കിൽ 2021-22ൽ അത് 28.6 കിലോമീറ്ററായി മാറിയെന്ന് ഔദ്യോഗിക കണക്കുകൾ കാണിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ നിർണായക പങ്കു വഹിക്കുന്നതാണ് ദേശീയ പാതകൾ അടക്കം റോഡുകൾ. ജനജീവിതം സുഗമമാക്കുന്നതിനും സാമ്പത്തിക- സാമൂഹിക പുരോഗതിക്കും നല്ല റോഡുകൾ ആവശ്യമാണ്. രാജ്യത്തിന്റെ ധമനികളായാണ് റോഡുകളെ കണക്കാക്കുന്നത്. യാത്രക്കാർ 85 ശതമാനവും ഉപയോഗിക്കുന്നത് റോഡുകളെയാണ്. 70 ശതമാനം ചരക്കുനീക്കവും റോഡ് വഴി. ഇതിൽ നിന്നു തന്നെ റോഡുകളുടെ പ്രാധാന്യം വ്യക്തമാകുന്നതാണ്.
രാജ്യത്ത് മൊത്തം 63.73 ലക്ഷം കിലോമീറ്റർ റോഡ് ശൃംഖലയാണുള്ളതെന്നാണു പറയുന്നത്. റോഡ് അളവിൽ ലോകരാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. യാത്രയും ചരക്കുനീക്കവും സുഗമമാക്കുന്നതിൽ വളരെ നിർണായകമായ പങ്കാണ് ദേശീയ പാതകൾ വഹിക്കുന്നത്. ജനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപാധിയും സാമ്പത്തിക പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിനുള്ള മാർഗവും. എത്ര മാത്രം നല്ല ഹൈവേകൾ ഉണ്ടാകുന്നോ ദീർഘദൂര യാത്രകൾ അത്രയും സുഗമമാവുകയാണ്. യാത്രകൾക്കു വേണ്ട സമയവും ഇന്ധനവും ലാഭിക്കുകയുമാണ്. പ്രതിരോധ മേഖലയും നല്ല റോഡുകൾ ആവശ്യപ്പെടുന്നുണ്ട്. സർക്കാർ ഇക്കാര്യത്തിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 2025ഓടെ രണ്ടു ലക്ഷം കിലോമീറ്റർ ദേശീയ പാത എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലക്ഷ്യത്തിലേക്ക് എത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനുള്ളതും. അടിസ്ഥാന സൗകര്യ വികസനത്തിനായി 10 ലക്ഷം കോടി രൂപയാണ് ഇത്തവണ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ മാറ്റിവച്ചിരിക്കുന്നത്. അതിൽ 2.70 ലക്ഷം കോടി രൂപ റോഡ് ഗതാഗത, ഹൈവേ മേഖലയ്ക്കുള്ളതാണ്. മുൻ വർഷം അത് രണ്ടു ലക്ഷം കോടി രൂപയിൽ താഴെയായിരുന്നു. ഓരോ വർഷവും ഹൈവേ നിർമാണത്തിനുള്ള വിഹിതം വർധിപ്പിച്ചു വരുന്നുണ്ട്.
സമയബന്ധിതമായി റോഡ് ഗതാഗത സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ ഭാരത് മാല പരിയോജന പ്രകാരമാണ് ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ നിർമിച്ചത്. 1,386 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി- മുംബൈ എക്സ്പ്രസ് വേയുടെ ആദ്യ ഘട്ടം (ഡൽഹി-ദൗസ-ലാൽസോട്ട് സ്ട്രെച്ച്) മൂന്നു മാസം മുൻപാണ് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചത്. പുതുതായി നിർമിച്ച ഹൈവേകളിലൂടെ കശ്മീരിൽ നിന്ന് കന്യാകുമാരിയിലേക്ക് അടുത്ത വർഷത്തോടെ യാത്ര ചെയ്യാനാവുമെന്ന് ഗഡ്കരി അടുത്തിടെയാണു പ്രഖ്യാപിച്ചത്. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഹൈവേകളെ തമ്മിൽ ബന്ധിപ്പിച്ചുള്ള ഈ പാത ഒരു സ്വപ്ന പദ്ധതിയായാണ് കേന്ദ്ര സർക്കാർ കാണുന്നത്. കേരളത്തിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് 804.76 കോടി രൂപ കേന്ദ്രം അനുവദിച്ചത് അടുത്തിടെയാണ്. അടിമാലി-കുമളി ദേശീയപാതയുടെ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് 350.75 കോടിയും ദേശീയപാത 766ൽ മലാപ്പറമ്പ്- പുതുപ്പാടി റോഡിന് 454.1 കോടി രൂപയുമാണ് അനുദിച്ചിരിക്കുന്നത്. ഇതിനു പുറമേ ആയിരക്കണക്കിനു കോടി രൂപയുടെ ദേശീയപാതാ വികസന പ്രവർത്തനങ്ങളും സംസ്ഥാനത്തു നടന്നുവരുന്നു.
രാജ്യത്തെ സൂപ്പർ പവർ ആക്കാനുള്ള നിരവധി പദ്ധതികൾ ഈ ഒമ്പതു വർഷക്കാലം കൊണ്ട് മോദി സർക്കാർ ആവിഷ്കരിച്ചുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. കർഷകർക്കും വനിതകൾക്കും യുവാക്കൾക്കുമായുള്ള പദ്ധതികൾ, സാങ്കേതിക വിദ്യാ വികാസം, പാവപ്പെട്ടവർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമുള്ള ക്ഷേമ പദ്ധതികൾ എന്നിവയെല്ലാം ഇതിലുൾപ്പെടുന്നുണ്ട്. ഇങ്ങനെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയുമ്പോൾ അതിൽ ഏറ്റവും ശ്രദ്ധേയമായിട്ടുള്ളതാണ് ദേശീയപാതാ വികസനം.