

വിവാദമുയരുന്ന തൊഴിലുറപ്പു പദ്ധതി
പുതിയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പാക്കുന്നതിനുള്ള ബിൽ കേന്ദ്ര മന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമാണു പുതിയ നിയമ പ്രകാരമുള്ള "വികസിത് ഭാരത് ഗ്യാരന്‍റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ- ഗ്രാമീൺ' പദ്ധതി വരുന്നത്. രാഷ്‌ട്രപിതാവിന്‍റെ പേര് പദ്ധതിയിൽ നിന്നു മാറ്റുന്നതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. പാർലമെന്‍റിലും പുറത്തും പ്രതിപക്ഷ കക്ഷികൾ സർക്കാരിനെതിരേ രംഗത്തുവന്നിരിക്കുകയാണ്. ആർഎസ്എസിന്‍റെയും സംഘപരിവാറിന്‍റെയും അജൻഡയുടെ ഭാഗമായാണ് മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്നു മാറ്റുന്നത് എന്നാണ് അവരുടെ ആരോപണം. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ തൊഴിലുറപ്പു പദ്ധതി ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ തുടങ്ങിയെന്നും അതിന്‍റെ തുടർച്ചയാണ് പുതിയ ബില്ലെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇന്നു രാജ്യവ്യാപകമായ പ്രതിഷേധത്തിനു കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതിയ പദ്ധതി നടപ്പാവുമ്പോൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക ബാധ്യത വലിയ തോതിൽ ഉയരുമെന്നതും വിമർശനത്തിനു കാരണമായിട്ടുണ്ട്. കേരളം പോലെ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്കു തൊഴിലുറപ്പു പദ്ധതി മുന്നോട്ടുകൊണ്ടുപോകുക പ്രശ്നമായി മാറുമെന്നാണു വിമർശകർ ചൂണ്ടിക്കാണിക്കുന്നത്. "വിബി- ജി റാം ജി' എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പദ്ധതി കേന്ദ്ര സർക്കാരിന്‍റെ ദീർഘകാല വികസന കാഴ്ചപ്പാടിന് അനുയോജ്യമായുള്ളതാണെന്നാണു ബിജെപി അവകാശപ്പെടുന്നത്. ഇപ്പോഴത്തെ തൊഴിലുറപ്പു പദ്ധതിയിൽ വർഷം 100 തൊഴിൽ ദിനങ്ങളാണ് ഉറപ്പുനൽകുന്നതെങ്കിൽ പുതിയ ബിൽ പ്രകാരം 125 തൊഴിൽ ദിനങ്ങളായി ഉയരും. തൊഴിലെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ വേതനം നൽകണം. പരമാവധി 15 ദിവസത്തിൽ കൂടുതൽ വേതനം നൽകുന്നതു നീണ്ടുപോകരുത്. തൊഴില്‍ ആവശ്യപ്പെട്ട് 15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ തൊഴിലില്ലായ്മാ വേതനം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. ഇതു നല്‍കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. പുതിയ പദ്ധതിയുടെ ചെലവിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം എന്നതാണു വ്യവസ്ഥ. ഇതു സംസ്ഥാനങ്ങളുടെ ചെലവു വർധിപ്പിക്കുകയാണ്. മെറ്റീരിയൽ ഘടകത്തിന്‍റെ 25 ശതമാനം തുക മാത്രമാണ് ഇപ്പോൾ സംസ്ഥാനം വഹിക്കേണ്ടിവരുന്നത്.
പുതിയ ബിൽ അനുസരിച്ച് ചില പ്രത്യേക സംസ്ഥാനങ്ങൾക്കു മാത്രം (വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാലയൻ സംസ്ഥാനങ്ങൾ, നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശങ്ങൾ) 90 ശതമാനം ചെലവും കേന്ദ്രം വഹിക്കും എന്നാണു പറയുന്നത്. നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ 100 ശതമാനം ചെലവും കേന്ദ്രത്തിന്‍റേതാണ്. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന അടിസ്ഥാന സൗകര്യങ്ങൾ, ജലസുരക്ഷ, പ്രകൃതി ദുരന്ത പ്രതിരോധം എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണു തൊഴിൽ നൽകേണ്ടത്. ഗ്രാമപ്രദേശങ്ങളിലെ തൊഴിലും വരുമാനവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിക്കാൻ പുതിയ നിയമം കൂടുതൽ സഹായിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. വിത്തുവിതയ്ക്കൽ- വിളകൊയ്യൽ പോലുള്ള കാർഷിക സീസണുകളിൽ തൊഴിലുറപ്പു പദ്ധതി അനുവദിക്കില്ല. കാർഷിക തൊഴിലാളികളുടെ ക്ഷാമം കൃഷിയെ ബാധിക്കാതിരിക്കാനാണിതെന്നു സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഈ വ്യവസ്ഥയോടും എതിർപ്പ് ഉയരുന്നുണ്ട്. തൊഴിലാളികളെ ഭൂവുടമകളുടെ ആശ്രിതരാക്കി മാറ്റാനാണു നീക്കം എന്നാണ് ആരോപണം. ഗ്രാമപഞ്ചായത്തുകളുടെ ആവശ്യം കണക്കിലെടുത്ത് പദ്ധതി തയാറാക്കാനുള്ള സ്വാതന്ത്ര്യം നഷ്ടമാവുമെന്ന ആരോപണവും പുതിയ പദ്ധതിയെ എതിർക്കുന്നവർ ഉയർത്തുന്നു.
പുതിയ പദ്ധതി നടപ്പാവുമ്പോൾ കേരളത്തിനു വർഷം 1,600 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാവുമെന്നാണു സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്. പ്രതിവർഷം ശരാശരി 4,000 കോടി രൂപയാണ് സംസ്ഥാനത്തു തൊഴിലുറപ്പു പദ്ധതി ചെലവായി വരുന്നത്. അതിന്‍റെ 40 ശതമാനം സംസ്ഥാന സർക്കാർ വഹിക്കേണ്ടി വരുമ്പോഴാണ് 1,600 കോടിയുടെ ബാധ്യത. തൊഴിൽ ദിനങ്ങൾ വർധിക്കുകയാണെങ്കിൽ അതിനനുസരിച്ച് ഈ ചെലവു കൂടുകയും ചെയ്യും. ഈ ബിൽ ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നു കേരളമാണെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2005ലാണ് അന്നത്തെ യുപിഎ സർക്കാർ ഇപ്പോഴത്തെ തൊഴിലുറപ്പു പദ്ധതി കൊണ്ടുവരുന്നത്. ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി കോടിക്കണക്കിന് അവിദഗ്ധ തൊഴിലാളികൾക്കു ഗുണകരമായി മാറി എന്നതു യാഥാർഥ്യമാണ്. ദാരിദ്ര്യ നിർമാർജനത്തിൽ നല്ലൊരു പങ്ക് പദ്ധതി വഹിച്ചിട്ടുണ്ട്. കേരളത്തിൽ 40.42 ലക്ഷം കുടുംബങ്ങളിലായി 59.4 ലക്ഷം തൊഴിലാളികൾ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 19.37 ലക്ഷം സജീവ കുടുംബങ്ങളാണെന്നു സർക്കാർ കണക്കുകളിൽ പറയുന്നു. 22.61 ലക്ഷം സജീവ തൊഴിലാളികളുണ്ട്. തൊഴിലുറപ്പു പദ്ധതിയുടെ പ്രാധാന്യം എത്ര വലുതാണെന്ന് ഇതിൽ നിന്നു വ്യക്തമാണല്ലോ. പദ്ധതിയുടെ പ്രയോജനം കുറയുന്ന ഒരു നടപടിയും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. കോടിക്കണക്കിനു ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയം എന്ന നിലയിലുള്ള ഗൗരവം ഈ പദ്ധതിക്കു നൽകേണ്ടതുണ്ട്.