തലപ്പത്തു തന്നെ പുഴുക്കുത്തുകളോ?| മുഖപ്രസംഗം

അൻവറിന്‍റെ വെളിപ്പെടുത്തൽ പ്രകാരം സുജിത് ദാസൊക്കെ ചെറിയ മീനാണ്
controversy against kerala police editorial
തലപ്പത്തു തന്നെ പുഴുക്കുത്തുകളോ?
Updated on

കേരള പൊലീസിന്‍റെ തലപ്പത്ത് എന്തൊക്കെയാണു നടക്കുന്നത്. നാട്ടിലെ ക്രമസമാധാനം പാലിക്കേണ്ട ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നവർ ക്രിമിനൽ പ്രവൃത്തികൾ ചെയ്യുന്നവരാണെന്ന് ഭരണകക്ഷി എംഎൽഎ തന്നെ പരസ്യമായി ആരോപിക്കുമ്പോൾ ഈ നാട് എങ്ങനെയാണു സമാധാനത്തോടെയിരിക്കുന്നത്. പി.വി. അൻവറിന്‍റെ വെളിപ്പെടുത്തലുകൾ അതീവ ഗൗരവമുള്ളതാണെന്നതിൽ ആർക്കും ഒരു സംശയവുമുണ്ടാവില്ല. ഇങ്ങനെയൊക്കെയാണ് പൊലീസെങ്കിൽ അതു നാടിന്‍റെ വല്ലാത്ത ഗതികേടു തന്നെ. ഇന്നലെ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് അച്ചടക്കമില്ലാത്തവരെ സേനയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ്. പക്ഷേ, തലപ്പത്തുപോലുമില്ല ഈ പറയുന്ന അച്ചടക്കം. പൊലീസ് സേനയെ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു എന്നു മാത്രമല്ല ഈ ശുദ്ധീകരണം തലപ്പത്തു നിന്നു തുടങ്ങണം എന്നതാണു പുതിയ വെളിപ്പെടുത്തലുകൾ കാണിക്കുന്നത്.

പത്തനംതിട്ട എസ്പി സുജിത് ദാസ് താനുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണല്ലോ പി.വി. അൻവർ കഴിഞ്ഞ ദിവസം വിവാദക്കൊടുങ്കാറ്റിനു തുടക്കമിട്ടത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയിൽ നിന്നു മരംമുറിച്ചു കടത്തിയെന്ന പരാതിയാണ് സുജിത് ദാസിനെതിരേയുള്ളത്. അൻവർ നൽകിയ ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹത്തെ എസ്പി ഫോണിൽ വിളിക്കുന്നതു തന്നെ. പരാതി പിൻവലിച്ചാൽ സർവീസിലുള്ളിടത്തോളം കാലം കടപ്പെട്ടവനായിരിക്കും എന്നാണ് ഫോൺ സംഭാഷണത്തിൽ പറയുന്നത്. എത്ര അച്ചടക്കമുള്ള പൊലീസ്! കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വർണം മലപ്പുറം എസ്പിയായിരിക്കെ സുജിത് ദാസ് അടിച്ചുമാറ്റിയെന്നും അൻവർ ആരോപിക്കുന്നുണ്ട്. കള്ളക്കടത്ത് സ്വർണം അടിച്ചുമാറ്റലാണ് പൊലീസിന്‍റെ ജോലിയെങ്കിൽ എത്ര നല്ല അച്ചടക്കമുള്ള സേനയാണത്!

അൻവറിന്‍റെ വെളിപ്പെടുത്തൽ പ്രകാരം സുജിത് ദാസൊക്കെ ചെറിയ മീനാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാറാണത്രേ വലിയ മീൻ. അജിത് കുമാർ "നൊട്ടോറിയസ് ക്രിമിനലാ'ണെന്ന് അൻവർ ആരോപിക്കുന്നു. സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹിമിനെ അദ്ദേഹം മാതൃകയാക്കുന്നുവെന്നും അൻവർ ആരോപിക്കുകയാണ്. മന്ത്രിമാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും മാധ്യമ പ്രവർത്തകരുടെയും ഫോൺ ചോർത്തുന്നു എന്നത് മറ്റൊരു ആരോപണമാണ്. തൃശൂർ പൂരം പൊലീസ് അലങ്കോലമാക്കിയത് എഡിജിപിയുടെ നിർദേശ പ്രകാരമാണ് എന്നതാണ് മറ്റൊരു ആരോപണം. സോളാർ കേസ് അട്ടിമറിച്ചത് അജിത് കുമാറാണെന്നും ഇന്നലെ അൻവർ ആരോപിച്ചിട്ടുണ്ട്. പല പ്രമുഖരെയും സോളാർ കേസിൽ നിന്ന് അദ്ദേഹം രക്ഷപെടുത്തിയത്രേ. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിനടുത്ത് അജിത് കുമാർ‌ കോടികൾ വിലയുള്ള കണ്ണായ സ്ഥലം വാങ്ങി "കൊട്ടാരം' നിർമിക്കുകയാണെന്നും അൻവർ വെളിപ്പെടുത്തുകയുണ്ടായി. ഈ വീടു പണി നടക്കുന്നതിന്‍റെ ദൃശ്യങ്ങൾ പിന്നീട് ദൃശ്യമാധ്യമങ്ങൾ പുറത്തുകൊണ്ടുവരുകയും ചെയ്തു.

ഇതുപോലൊരു കൊട്ടാരം പണിയാൻ ഈ പൊലീസ് ഓഫിസർക്ക് എവിടെ നിന്നു പണം കിട്ടി എന്ന അൻവറിന്‍റെ ചോദ്യം പൊതുസമൂഹവും ആവർത്തിക്കാതിരിക്കില്ല. അതിനു കൃത്യമായ മറുപടി ലഭിക്കേണ്ടതുണ്ട്. വിശദമായ അന്വേഷണം നടക്കേണ്ടതുണ്ട്. അജിത് കുമാറിന്‍റെ നേതൃത്വത്തിൽ കരിപ്പൂർ വഴി വൻ തോതിൽ സ്വർണം കടത്തുന്നുവെന്ന അൻവറിന്‍റെ ആരോപണത്തിനൊപ്പം തന്നെയാണ് "കൊട്ടാരം' നിർമാണവും. അൻവറിന്‍റെ ആരോപണങ്ങളൊന്നും സർക്കാർ നിഷേധിച്ചിട്ടില്ല. ഇത്രകാലവും ഇതൊന്നും സർക്കാരിന് അറിവില്ലായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനും പ്രയാസം. ആഭ്യന്തര വകുപ്പ് ശരിക്കും വെട്ടിലായിരിക്കുകയാണ്. ജനങ്ങൾക്കു മുന്നിൽ എല്ലാ യാഥാർഥ്യവും വെളിപ്പെടേണ്ടതുണ്ട്. പൊലീസിലെ കള്ളന്മാരും ക്രിമിനലുകളും പിടിക്കപ്പെടേണ്ടതുണ്ട്. ഭരണകക്ഷിയിലെ പ്രമുഖ നേതാവാണ് അൻവർ. മുഖ്യമന്ത്രിയുടെ ഓഫിസിനെയടക്കം അദ്ദേഹം പ്രതിക്കൂട്ടിലാക്കുമ്പോൾ അത് വെറും ആരോപണങ്ങളായി തള്ളിക്കളയാനാവില്ല. അസാധാരണമായ സാഹചര്യം തന്നെയാണു സർക്കാരിനു മുന്നിലുള്ളത്. ആർക്കെതിരേയും മുഖം നോക്കാതെ നടപടിയെടുക്കാൻ കേരള പൊലീസിന് ഇന്ന് ആരെയും പേടിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പൊലീസിലെ പുഴുക്കുത്തുകൾക്കെതിരേ എത്ര ശക്തമായ നടപടികളാണ് ഇനി വരാനിരിക്കുന്നതെന്നാണ് ആദ്യം അറിയേണ്ടത്.

Trending

No stories found.

Latest News

No stories found.