
ഹ്രസ്വകാല വായ്പാ പലിശ നിരക്ക് റിസർവ് ബാങ്ക് വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്. സമീപകാലത്തായി കാണുന്ന പലിശ വർധന നയത്തിന്റെ തുടർച്ച. വർധിപ്പിക്കുന്നതിന്റെ തോത് കുറഞ്ഞു വരുന്നുണ്ട് എന്നതാണു മാറ്റമെന്നു പറയാവുന്നത്. മേയിൽ 0.40 ശതമാനവും ജൂണിലും ഓഗസ്റ്റിലും സെപ്റ്റംബറിലും അര ശതമാനം വീതവും പലിശ കൂട്ടിയ കേന്ദ്ര ബാങ്ക് ഡിസംബറിൽ 35 ശതമാനം വർധനയാണു റിപ്പോ നിരക്കിൽ വരുത്തിയത്. കഴിഞ്ഞ വർഷം മേയ് മാസം മുതലുള്ള തുടർച്ചയായ ആറാം വർധനയാണ് ഇന്നലത്തേത്. അത് കാൽ ശതമാനത്തിൽ (0.25 ശതമാനം) ഒതുങ്ങിയിരിക്കുന്നു. കൊവിഡ് കാലത്ത് 2020 മേയിൽ നാലു ശതമാനം വരെ കുറഞ്ഞ റിപ്പോ നിരക്കാണ് ഇപ്പോൾ ആറര ശതമാനത്തിലെത്തി നിൽക്കുന്നത്.
വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കാണ് ഇങ്ങനെ വർധിച്ചുകൊണ്ടിരിക്കുന്നത്. അതിനർഥം ബാങ്കുകൾക്കു ലഭിക്കുന്ന ഫണ്ടിനു ചെലവേറുന്നു എന്നതാണ്. ഈ അധികച്ചെലവ് സ്വാഭാവികമായും ബാങ്കുകൾ ഉപയോക്താക്കളിലേക്കു കൈമാറും. അങ്ങനെ ഭവന, വാഹന, കോർപ്പറേറ്റ്, വ്യക്തിഗത പലിശ നിരക്കുകളിലെല്ലാം വർധനയുണ്ടാവും. പല ഘട്ടങ്ങളിലായി ഇങ്ങനെ പലിശ വർധിച്ചുകൊണ്ടിരിക്കുമ്പോൾ അതിന്റെ ഭാരം താങ്ങേണ്ടിവരുന്നത് വീടു വാങ്ങാനും വാഹനം വാങ്ങാനും ബിസിനസ് നടത്താനുമൊക്കെ വായ്പയെടുത്ത് പലിശ സഹിതം തിരിച്ചടച്ചുകൊണ്ടിരിക്കുന്നവരാണ്. പ്രതിമാസ തിരിച്ചടവ് സംഖ്യ കൂടുന്നത് ബാങ്ക് വായ്പകളിൽ ജീവിതം കെട്ടിപ്പടുത്ത ശമ്പള വിഭാഗക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഈ പലിശ വർധനക്കാലം എത്ര നീളുമെന്ന് എല്ലാവരും ഉറ്റുനോക്കുന്നുണ്ട്.
ഉടനെയൊന്നും പലിശ കുറയ്ക്കുന്ന നയത്തിലേക്ക് കേന്ദ്ര ബാങ്ക് എത്തുമെന്നു തോന്നുന്നില്ല. കാരണം ഉയർന്ന നാണയപ്പെരുപ്പം കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് പലിശ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഫണ്ടു ലഭിക്കാൻ ചെലവേറുമ്പോൾ വിപണിയിൽ പണമൊഴുക്ക് കുറയും. അതു നാണയപ്പെരുപ്പം നിയന്ത്രിക്കാൻ ഉപകരിക്കും എന്നതാണു സിദ്ധാന്തം. വിലക്കയറ്റത്തോത് പലിശ വർധനത്തോത് പോലെ കുറഞ്ഞുവരുന്നുണ്ട് എന്നതിൽ ആശ്വസിക്കാം. കേന്ദ്ര ബാങ്ക് നിശ്ചയിച്ച പരമാവധി ഉയർന്ന പരിധിയായ ആറു ശതമാനത്തിനു മുകളിലായിരുന്നു മുൻപ് 15 മാസക്കാലം നാണയപ്പെരുപ്പം. നവംബറിലും ഡിസംബറിലും അത് ആറു ശതമാനത്തിൽ താഴെയായിട്ടുണ്ട്. നവംബറിൽ 5.72 ശതമാനവും ഡിസംബറിൽ 5.88 ശതമാനവുമായിരുന്നു ചില്ലറ വ്യാപാര നാണയപ്പെരുപ്പം.
അതേസമയം, ഭക്ഷ്യവസ്തുക്കൾ, ഇന്ധനം പോലെ വില ചാഞ്ചാടുന്ന ഉത്പന്നങ്ങൾ മാറ്റിനിർത്തിയുള്ള കാതലായ നാണയപ്പെരുപ്പം ഇപ്പോഴും 6.1 ശതമാനമാണെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. നാണയപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയാക്കുക എന്ന ലക്ഷ്യം കൈവരിക്കും വരെ ഉയർന്ന പലിശ നൽകേണ്ടിവരും എന്നു വേണം കരുതാൻ. ആഗോള തലത്തിൽ വിലക്കയറ്റത്തിനു നേരിയ ശമനമുണ്ടായിട്ടുണ്ടെന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളവും പ്രതീക്ഷ നൽകുന്നതാണ്.
താരതമ്യേന കുറഞ്ഞതും സ്ഥിരതയുള്ളതുമായ പലിശയാണ് രാജ്യത്തെ വ്യവസായ മേഖല പൊതുവേ താത്പര്യപ്പെടുന്നത്. സ്വകാര്യ മൂലധന മുതൽമുടക്ക് പ്രോത്സാഹിപ്പിക്കണമെങ്കിൽ കുറഞ്ഞ പലിശ അനിവാര്യമാണ്. സാമ്പത്തിക വളർച്ചയുടെ പ്രധാന ഘടകം മുതൽമുടക്കാണുതാനും. എന്നാൽ, വളർച്ചയ്ക്കുവേണ്ടി കുറഞ്ഞ ചെലവിൽ ഫണ്ട് നൽകുന്നത് നാണയപ്പെരുപ്പം വർധിപ്പിക്കാം. നാണയപ്പെരുപ്പവും വളർച്ചയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുകയാണ് കേന്ദ്ര ബാങ്കിന്റെ നയങ്ങളുടെ ലക്ഷ്യവും.
ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം സാമ്പത്തിക വളർച്ച ഈ ഉയർന്ന പലിശ നിരക്കു കാലത്തും കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നു എന്നത് മോശം കാര്യമല്ല. ഈ വർഷം ഏഴു ശതമാനം വളർച്ചയും റിസർവ് ബാങ്കിന്റെ നിഗമനത്തിലുണ്ട്. ആഗോള തലത്തിൽ വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും ഭീഷണി ഉയർത്തുമ്പോഴും ഈ വളർച്ചാനിരക്ക് സാധ്യമാവുന്നു എന്നതിനർഥം രാജ്യത്തെ അടിസ്ഥാന സാമ്പത്തിക ഘടകങ്ങൾ ശക്തമായ നിലയിലാണ് എന്നതാണ്. പ്രമുഖ ലോക രാജ്യങ്ങളിൽ സ്ഥിതി മെച്ചപ്പെടുന്നുവെന്നത് നമ്മുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുമുണ്ട്. എന്നാലും മഴക്കാറൊഴിഞ്ഞ് മാനം തെളിഞ്ഞു എന്നു പറയാറായിട്ടില്ല. പലിശ വർധനക്കാലം എന്ന് അവസാനിക്കുമെന്ന് കാത്തിരുന്നു തന്നെ അറിയേണ്ടിവരും.