കൊവിഡ് വാക്സിൻ: ഞെട്ടിക്കുന്ന സമ്മതം | മുഖപ്രസംഗം

ആരോഗ്യമേഖലയിലെ അതീവ ഗൗരവമുള്ള വിഷയമായി ഇതിനെ കാണണം.
Covishield can cause rare side effect read editorial
vaccine file
Updated on

ഓക്സ്ഫഡ് സർവകലാശാലയുമായി സഹകരിച്ച് ബ്രിട്ടിഷ് ഔഷധ നിർമാതാക്കളായ ആസ്ട്രസെനക വികസിപ്പിച്ചെടുത്ത് ലോകവ്യാപകമായി വിതരണം ചെയ്ത കൊവിഡ് വാക്സിൻ (കൊവിഷീൽഡ്) കുത്തിവയ്പ്പ് എടുത്തവരിൽ ചിലർക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുവെന്ന ആരോപണം നേരത്തേ ഉയർന്നിട്ടുള്ളതാണ്. ഇന്ത്യയിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച് വിതരണം ചെയ്ത ഈ വാക്സിനാണ് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി പകുതിയിലേറെ പേർക്കും നൽകിയിട്ടുള്ളത്. രക്തം കട്ടപിടിക്കുന്നതുപോലുള്ള ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിനുണ്ടെന്ന ആരോപണം പക്ഷേ, ഇതുവരെ കമ്പനിയും ബന്ധപ്പെട്ട അധികൃതരും നിഷേധിക്കുകയായിരുന്നു. ബഹുഭൂരിപക്ഷം ജനങ്ങളും സ്വാഭാവികമായും ഔദ്യോഗിക വിശദീകരണങ്ങളിലാണു വിശ്വസിക്കുന്നതും. കൊവിഡിനു ശേഷം നിരവധിയാളുകൾ കുഴഞ്ഞുവീണും മറ്റും മരിക്കുന്നതിൽ‌ വാക്സിനെ പഴിചാരുന്ന വിമർശകർ ഇപ്പോഴുമുണ്ട്. അതെല്ലാം വെറും ആരോപണങ്ങൾ മാത്രമായി കണ്ടുവന്നവരെ ഞെട്ടിക്കുകയാണ് ആസ്ട്രസെനക യുകെയിലെ കോടതിയിൽ സമർപ്പിച്ച രേഖകളെക്കുറിച്ചുള്ള ഇപ്പോഴത്തെ റിപ്പോർട്ടുകൾ.

തങ്ങളുടെ വാക്സിൻ അപൂർവമായി ഗുരുതരമായ പാർശ്വഫലം ഉണ്ടാക്കുന്നുണ്ടെന്ന് ആസ്ട്രസെനക കോടതിയിൽ സമ്മതിച്ചു എന്നാണു റിപ്പോർട്ടുകളിൽ കാണുന്നത്. അപൂർവ അവസരങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിൻ കാരണമാവാമെന്നാണ് കമ്പനി വെളിപ്പെടുത്തുന്നതത്രേ. നൂറു കോടിയിലേറെ ഡോസ് ഇന്ത്യയിൽ തന്നെ അവർ വിതരണം ചെയ്തിട്ടുണ്ടാവും. ആ നിലയ്ക്ക് ലോകവ്യാപകമായി എത്രയോ കോടി ഡോസിന്‍റെ ഉപയോഗമാണ് ഉണ്ടായിരിക്കുന്നത്. അതിൽ അത്യപൂർവം എന്നു പറഞ്ഞാൽ തന്നെ എത്രയാളുകളെ ബാധിക്കാം എന്ന ചോദ്യമുണ്ട്. അങ്ങനെയാണെങ്കിൽ വാക്സിൻ ഇന്ത്യയിൽ ആർക്കെങ്കിലും ദോഷകരമായിട്ടുണ്ടോ എന്ന ആശങ്കയും സ്വാഭാവികമായും ഉയരുന്നു. ഇതേക്കുറിച്ചു വിശദമായ പരിശോധനയും പഠനവും ആവശ്യമാണ്. ആരോഗ്യമേഖലയിലെ അതീവ ഗൗരവമുള്ള വിഷയമായി ഇതിനെ കാണണം. പാർശ്വഫലങ്ങൾ നീണ്ടുനിൽക്കുന്നതാണോ, അങ്ങനെയെങ്കിൽ എന്താണു പരിഹാരം എന്നൊക്കെ അടിയന്തരമായി പഠിക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാവണം.

പലതും പറഞ്ഞു പെരുപ്പിക്കുന്നതാവാം. എന്നാൽ, കമ്പനി തന്നെ ചെറിയ അപകട സാധ്യത പറയുമ്പോൾ അതു ഗൗരവമുള്ള വിഷയമാവുന്നു. വാക്സിൻ എടുത്ത് രണ്ടും മൂന്നും വർഷം കഴിഞ്ഞ് പാർശ്വഫലങ്ങളെക്കുറിച്ചു സമ്മതിക്കുന്നതു കൊണ്ട് എടുത്ത വാക്സിൻ പിൻവലിക്കാനാവില്ല. പക്ഷേ, കാര്യങ്ങൾ കൃത്യമായി ജനങ്ങളെ ധരിപ്പിക്കാനെങ്കിലും സർക്കാരിനും ഉത്തരവാദപ്പെട്ട വിദഗ്ധർക്കും കഴിയും. ആസ്ട്രസെനകയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി അഭിപ്രായങ്ങൾ പ്രചരിക്കുന്നുണ്ട്. സത്യവും അസത്യവുമെല്ലാം ചേർന്ന് ജനങ്ങൾ വല്ലാതെ ഭയപ്പെടുന്ന അവസ്ഥയുണ്ടാകാം. അധികൃതരുടെ കൃത്യമായ ഇടപെടൽ അതിനാൽ തന്നെ ആവശ്യമാണ്.

ആസ്ട്രസെനകയുടെ വാക്സിൻ എടുത്തതു മൂലം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരവധി പേർ യുകെയിൽ കോടതിയെ സമീപിച്ചിരുന്നു. 2021 ഏപ്രിൽ 21ന് വാക്സിൻ എടുത്തതിനു പിന്നാലെ മസ്തിഷ്കാഘാതം സംഭവിച്ച ജയ്മി സ്കോട്ട് എന്നയാളാണ് നിയമനടപടികൾക്കു തുടക്കം കുറിക്കുന്നത്. വാക്സിൻ എടുത്തതിനു ശേഷം തന്‍റെ രക്തം കട്ടപിടിക്കുന്നുവെന്നും പ്ലേറ്റ് ലെറ്റുകൾ ഗണ്യമായി കുറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചത് മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ്. ഈ ആരോപണങ്ങൾ ആദ്യം തള്ളിക്കളഞ്ഞ ആസ്ട്രസെനക അപൂർവം കേസുകളിൽ പ്രശ്നമാവുന്നുണ്ടെന്ന് ഇപ്പോൾ സമ്മതിക്കുകയാണത്രേ. ദശലക്ഷക്കണക്കിനു പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാക്സിന്‍റെ ഇരകളെന്നു പറയുന്നവരുടെ 51 കേസുകൾ യുകെ ഹൈക്കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ നൂറുക‍ണക്കിനു പുതിയ കേസുകൾ യുകെയിൽ കമ്പനിക്കെതിരേ ഉണ്ടാവാം.

വിവിധ രാജ്യങ്ങളിലെ റഗുലേറ്ററി അഥോറിറ്റികളും ലോകാരോഗ്യ സംഘടനയും സുരക്ഷിതമെന്നു കണ്ടെത്തി ജനങ്ങളിൽ ഉപയോഗിച്ച വാക്സിനാണ് അത്യപൂർവമായിട്ടായാലും ജീവനു ഭീഷണി ഉയർത്താമെന്നു വരുന്നത്. ലോകം കൊവിഡ് വ്യാപനത്തെ ഭീതിയോടെ കണ്ടുവന്നിരുന്ന സമയത്ത് വാക്സിൻ വികസിപ്പിക്കേണ്ടത് നിലനിൽപ്പിന് അനിവാര്യം എന്ന സ്ഥിതിയായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം ഇറങ്ങിയ കൊവിഡ് വാക്സിനുകൾ അത്യാവേശത്തോടെയാണ് രാജ്യങ്ങൾ സ്വീകരിച്ചത്. ആ സമയത്ത് പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ കുറവു സംഭവിച്ചിട്ടുണ്ടാവുമോ ഇല്ലയോ എന്നു തീരുമാനിക്കാൻ സാധാരണക്കാരനു കഴിയുകയുമില്ല. സർക്കാരും ആരോഗ്യ വിദഗ്ധരും കമ്പനികളും പറയുന്നതു വിശ്വസിക്കുക എന്നതാണല്ലോ ഏക മാർഗം. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളെക്കുറിച്ച് ഇന്ത്യക്കാരോടു വിശദീകരിക്കേണ്ടതും ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരം കാണേണ്ടതും ഇവിടുത്തെ കേന്ദ്ര സർക്കാരും ആരോഗ്യ വിദഗ്ധരും കമ്പനികളുമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com