സിപിഎമ്മും പാർട്ടി കോൺഗ്രസും

സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിവസങ്ങളാണു പാർട്ടി കോൺഗ്രസുകളുടേത്
cpm party congress editorial

സിപിഎമ്മും പാർട്ടി കോൺഗ്രസും

file
Updated on

സിപിഎം ഇരുപത്തിനാലാമതു പാർട്ടി കോൺഗ്രസിനു തമിഴ്നാട്ടിലെ മധുരയിൽ തുടക്കമായിരിക്കുകയാണ്. 1972ൽ ഒമ്പതാം പാർട്ടി കോൺഗ്രസ് നടന്ന തമുക്കം മൈതാനത്ത് അഞ്ചു പതിറ്റാണ്ടു പിന്നിട്ട ശേഷമാണ് വീണ്ടുമൊരു പാർട്ടി കോൺഗ്രസ് നടക്കുന്നത്. അന്നത്തെയും ഇന്നത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്. ദേശീയ രാഷ്ട്രീയം കോൺഗ്രസ് പാർട്ടിയുടെയും ഇന്ദിര ഗാന്ധിയുടെയും നിയന്ത്രണത്തിൽ നിൽക്കുമ്പോഴാണ് മധുരയിൽ 1972ലെ സിപിഎം പാർട്ടി കോൺഗ്രസെങ്കിൽ ബിജെപിയാണ് ഇന്നത്തെ മുഖ്യഎതിരാളി. ബിജെപിയുടെ "ഏകാധിപത്യ'ത്തിനെതിരാണ് ഇന്നത്തെ ഇടതുപക്ഷ പോരാട്ടങ്ങൾ. അതിൽ എങ്ങനെ വിജയം കാണാനാവുമെന്നാണ് ദേശീയ തലത്തിൽ ഇടതുപക്ഷ കക്ഷികൾ ചിന്തിക്കുന്നത്. ബിജെപിക്കെതിരായ ബദൽ എങ്ങനെ ശക്തിപ്പെടുത്താമെന്ന ആഴത്തിലുള്ള ചിന്ത ഈ സമ്മേളനത്തിലും ഉണ്ടാവണമെന്ന് സിപിഎം അനുഭാവികൾ സ്വാഭാവികമായും ആഗ്രഹിക്കും. കോൺഗ്രസ് അടക്കം ബിജെപി- എൻഡിഎ ഇതര കക്ഷികളോടുള്ള സമീപനവും രാഷ്ടീയ ചിന്തയുടെ ഭാഗമാവും എന്നു കരുതണം.

സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ദിവസങ്ങളാണു പാർട്ടി കോൺഗ്രസുകളുടേത്. കോൺഗ്രസിൽ എടുക്കുന്ന നയങ്ങളും തീരുമാനങ്ങളുമാണ് പാർട്ടിയുടെ ലക്ഷ്യങ്ങളും മാർഗങ്ങളും നിർണയിക്കുന്നത്. വരും നാളുകളിൽ പാർട്ടിയെ മുന്നോട്ടു നയിക്കാനുള്ള നേതൃത്വത്തെ നിശ്ചയിക്കുന്നതും പാർട്ടി കോൺഗ്രസാണ്. ആ നിലയ്ക്ക് ലക്ഷക്കണക്കിനു സിപിഎം അനുഭാവികളെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ദിവസങ്ങളാണിത്. ഇന്ന് പാർട്ടിക്ക് ഏറ്റവുമധികം കരുത്തുള്ള സംസ്ഥാനം കേരളമാണ്. പാർട്ടി ഭരണമുള്ള ഏക സംസ്ഥാനവും കേരളം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഭരണത്തുടർച്ച നേടി ചരിത്രം കുറിക്കാൻ കേരളത്തിലെ പാർട്ടിക്കു കഴിഞ്ഞു എന്നത് ഇവിട​ത്തെ സിപിഎം പ്രവർത്തകരെയും നേതാക്കളെയും സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്. അടുത്ത വർഷം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ തുടർച്ചയായി മൂന്നാം തവണയും കേരള ഭരണം എന്ന ലക്ഷ്യം സിപിഎമ്മിനുണ്ട്. അതു നേടിയെടുക്കാൻ സംസ്ഥാന നേതൃത്വത്തിന് എല്ലാവിധ സഹായവും ദേശീയ നേതൃത്വത്തിൽ നിന്നു ലഭിക്കേണ്ടതുണ്ട്.

ദേശീയ നേതൃത്വത്തിൽ കേരളത്തിന്‍റെ പ്രാതിനിധ്യം വർധിക്കാനുള്ള സാധ്യത ഈ പാർട്ടി കോൺഗ്രസിൽ കാണുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ. ബേബിയുടെ പേര് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പറഞ്ഞുകേൾക്കുന്നു. സീതാറാം യെച്ചൂരിയുടെ മരണശേഷം പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കുന്നത് പാർട്ടി കോൺഗ്രസിലാണ്. ഇപ്പോൾ ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ പാർട്ടി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കുന്നത് മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ടാണ്; പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ എന്ന നിലയിൽ. ഇഎംഎസിനു ശേഷം കേരള ഘടകത്തിൽ നിന്ന് ഒരു നേതാവ് സിപിഎമ്മിന്‍റെ കേന്ദ്ര നേതൃത്വത്തെ നയിക്കാൻ എത്തുമോയെന്ന് സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരെല്ലാം ഉറ്റുനോക്കുന്നുണ്ട്. യെച്ചൂരിക്കു ശേഷം ബേബിയുടെ സാധ്യത നേരത്തേ തന്നെ പറഞ്ഞു കേട്ടിരുന്നതാണ്.

2012 മുതൽ പിബിയിലുള്ള നേതാവാണു ബേബി. ഡൽഹി കേന്ദ്രീകരിച്ചാണ് അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളും. ഡൽഹിയിലെ സീനിയർ നേതാക്കളോടൊത്തു പ്രവർത്തിച്ചിട്ടുള്ള പരിചയം അദ്ദേഹത്തിനു ഗുണകരമാവും. പ്രായപരിധിയിൽ ഇളവു നൽകി വൃന്ദ കാരാട്ടിനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കണമെന്നു ചിലർ നിർദേശിക്കുന്നുണ്ട്. രാഘവുലു, അശോക് ധാവ്ള തുടങ്ങിയ പേരുകളും കേൾക്കുന്നുണ്ട്. പ്രായപരിധി കർശനമായി നടപ്പാക്കിയാൽ പിബിയിൽ നിന്നു പലരും ഒഴിയേണ്ടിവരും. മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ് പ്രായപരിധിയിൽ ഇളവു ലഭിക്കുന്നതെങ്കിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, സുഭാഷിണി അലി, ജി. രാമകൃഷ്ണന്‍ എന്നിവരൊക്കെ പിബിയിൽ നിന്ന് ഒഴിവാകും. യെച്ചൂരിയുടെ ഒഴിവും നികത്താനുണ്ട്. ഈ ഒഴിവുകളിലേക്കെല്ലാം പുതുമുഖങ്ങൾ എത്തുമ്പോൾ കേരളത്തിനു കൂടുതൽ പ്രാതിനിധ്യം ലഭിച്ചേക്കാം.

ദേശീയ തലത്തിലെ രാഷ്ട്രീയത്തിൽ നിന്നു വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യങ്ങൾ. ഇവിടെ ഇപ്പോഴും മുഖ്യ എതിരാളി കോൺഗ്രസാണ്. അതുകൊണ്ടു തന്നെ ബിജെപിയെ എതിർക്കാൻ കോൺഗ്രസുമായുള്ള രാഷ്ട്രീയ സഖ്യം കേരളത്തിൽ നടക്കില്ല. കേരളത്തിൽ കോൺഗ്രസിനെ എതിർക്കുകയും സംസ്ഥാനത്തിനു പുറത്ത് അവരുമായി ധാരണയുണ്ടാക്കുകയും ചെയ്യുന്ന നയം തുടരേണ്ടിവരും. ഇന്ത്യാ സഖ്യം, കോൺഗ്രസുമായുള്ള സഖ്യം എന്നിവയിലൊക്കെ തുടർന്നുള്ള നിലപാട് എന്തായിരിക്കുമെന്നു പാർട്ടി കോൺഗ്രസ് വ്യക്തത വരുത്തേണ്ടതുണ്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും തെരഞ്ഞെടുപ്പുകളിൽ തകർന്നു തരിപ്പണമായ സിപിഎമ്മും ഇടതുപക്ഷവും ദേശീയതലത്തിൽ തീർത്തും ദുർബലമായ ബ്ലോക്കായിട്ടുണ്ട്. കേരളത്തിൽ ഭരണം നിലനിർത്തുന്നതോടൊപ്പം പശ്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ തിരിച്ചുവരവും പാർട്ടിക്കു ഗൗരവമായി ചർച്ച ചെയ്യണം.

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം നടക്കാനിരിക്കുകയാണ്. പരിതാപകരമായ അവസ്ഥയിലാണ് അവിട​ത്തെ പാർട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നേടാൻ പാർട്ടിക്കു കഴിഞ്ഞില്ല. വോട്ട് വിഹിതം അഞ്ചു ശതമാനത്തിൽ താഴെയാവുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ആറു ശതമാനത്തിനടുത്ത് വോട്ടു നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. കോൺഗ്രസുമായി ധാരണയിൽ മത്സരിച്ചാലും രക്ഷപെടാനാവാത്ത അവസ്ഥയാണ് അവിടെ കാണുന്നത്. ത്രിപുരയിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടാണു കിട്ടിയത്. അവിട​ത്തെ രണ്ടു സീറ്റും നേടിയതു ബിജെപിയാണ്. അറുപതംഗ ത്രിപുര നിയമസഭയിലേക്ക് 2023ൽ നടന്ന തെരഞ്ഞെടുപ്പിൽ 11 സീറ്റും 25 ശതമാനത്തോളം വോട്ടുമാണു സിപിഎമ്മിനു കിട്ടിയത്. പശ്ചിമ ബംഗാളിനെക്കാൾ ഭേദമാണെങ്കിലും അധികാരത്തിൽ തിരിച്ചെത്താൻ അവിടെയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട്.

ഇതിനപ്പുറം മറ്റൊരു സംസ്ഥാനത്തും സ്വാധീനം വർധിപ്പിക്കാൻ സിപിഎമ്മിനു കഴിയുന്നില്ലെന്നു മാത്രമല്ല തകർച്ചയാണു കാണുന്നതും. കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 52 സ്ഥാനാർഥികളെ നിർത്തിയ സിപിഎമ്മിന് കിട്ടിയതു നാലേ നാലു സീറ്റുകൾ. അതിൽ ഒന്നാണു മധുര. തമിഴ്നാട്ടിലെ തന്നെ ദിണ്ടിഗലും കേരളത്തിലെ ആലത്തൂരും രാജസ്ഥാനിലെ സിക്കാറുമാണ് മറ്റു മൂന്നു സീറ്റുകൾ. 2019ൽ മൂന്ന് എംപിമാർ മാത്രമേ സിപിഎമ്മിന് ലോക്സഭയിൽ ഉണ്ടായിരുന്നുള്ളൂ. അതു നാലായി എന്നത് ഒട്ടും ആശ്വസിക്കാൻ വക നൽകുന്നതല്ല. ബിജെപിക്കും നരേന്ദ്ര മോദിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം നഷ്ടപ്പെട്ടപ്പോഴും സിപിഎമ്മിനു മെച്ചപ്പെട്ട നിലയുണ്ടായില്ല എന്നത് ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്നുണ്ട്. മൊത്തത്തിലുള്ള ഒരു തിരിച്ചുവരവിനു പാർട്ടിയെ പാകപ്പെടുത്താൻ നേതാക്കൾക്കു വ്യക്തവും കൃത്യവുമായ പദ്ധതി തന്നെയുണ്ടാവണം. ആ പദ്ധതി ജനങ്ങൾ അംഗീകരിക്കുന്നതും വിശ്വസിക്കുന്നതുമായിരിക്കുകയും വേണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com