നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങട്ടെ

പ്രമുഖ നടനും ചലച്ചിത്ര നിർമാതാവുമായ ദിലീപ് കേസിലെ എട്ടാം പ്രതിയായതു വലിയ കോളിളക്കങ്ങളുണ്ടാക്കി.
Let the law take its course

നിയമം നിയമത്തിന്‍റെ വഴിക്കു നീങ്ങട്ടെ

Updated on

കേരളം മുഴുവൻ കാത്തിരുന്ന ഒരു സുപ്രധാന കേസിൽ എട്ടു വർഷത്തിനു ശേഷം നിർണായക വിധിയുണ്ടായിരിക്കുന്നു. 2017 ഫെബ്രുവരിയിൽ എറണാകുളത്തു വച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ പ്രമുഖ നടി അതിക്രൂരമായി ആക്രമിക്കപ്പെട്ട കേസിലാണ് ആറു പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഏതു മനുഷ്യനെയും ഞെട്ടിക്കുന്ന, ഭീതിപ്പെടുത്തുന്ന, നീചമായ ആക്രമണമാണു നടിക്കെതിരേയുണ്ടായത്.

ക്വട്ടേഷൻ സംഘമാണ് നടിയുടെ വാഹനത്തിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തതെന്നാണു കേസ്. പ്രമുഖ നടനും ചലച്ചിത്ര നിർമാതാവുമായ ദിലീപ് കേസിലെ എട്ടാം പ്രതിയായതു വലിയ കോളിളക്കങ്ങളുണ്ടാക്കി. കോടതി വിധിയിലൂടെ ദിലീപ് ഇപ്പോൾ കുറ്റവിമുക്തനായിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെ തുടർന്ന് ബലാത്സംഗത്തിനു ക്വട്ടേഷൻ കൊടുത്തുവെന്നായിരുന്നു ദിലീപിനെതിരായ കേസ്.

എന്നാൽ, തന്നെ കേസിൽപ്പെടുത്തിയതാണെന്നും കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരേ ഹാജരാക്കിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം. കേസിലെ ഒന്നു മുതൽ ആറു വരെ പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി ഏഴു മുതൽ പത്തു വരെ പ്രതികളെ വെറുതെ വിടുകയായിരുന്നു. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്കെതിരേ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അവർക്കുള്ള ശിക്ഷ 12നു വിധിക്കുകയും ചെയ്യും. ദിലീപിനെതിരേ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് കേസിൽ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. തനിക്കെതിരേയാണു ഗൂഢാലോചന നടന്നതെന്നും, തന്നെ പ്രതിയാക്കാനും ജീവിതവും കരിയറും നശിപ്പിക്കാനും ഗൂഢാലോചന നടന്നു എന്നുമാണു വിധി വന്ന ശേഷം ദിലീപ് പ്രതികരിച്ചത്.

"ക്രിമിനൽ' പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞെടുത്ത് തന്നെ കേസിൽ പെടുത്തുകയായിരുന്നു എന്നു ദിലീപ് ആരോപിക്കുന്നുണ്ട്. കേസിലെ മുഖ്യപ്രതിയെയും ജയിലിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥ അടക്കമുള്ള പൊലീസ് സംഘം കള്ളക്കഥ മെനഞ്ഞതെന്നാണു ദിലീപ് പറയുന്നത്. സത്യത്തിനും നീതിക്കും ന്യായത്തിനും യോജിച്ച വിധിയാണു കോടതിയിൽ നിന്നുണ്ടായതെന്ന് ദിലീപിന്‍റെ ഭാഗത്തുള്ളവരും അഭിപ്രായപ്പെടുന്നു.

അതേസമയം, അന്തിമ വിധി വരുന്നതു വരെ അതിജീവിതയ്ക്കൊപ്പം എന്നാണു സർക്കാർ ഭാഗത്തു നിന്നുള്ള വിശദീകരണം. മേൽക്കോടതിയിൽ അപ്പീൽ പോകാനാണു സർക്കാർ തീരുമാനമെന്നും അറിയിച്ചിട്ടുണ്ട്. തന്‍റെ കരിയർ നശിപ്പിച്ചവർക്കെതിരേ ഇനി പോരാടുമെന്നാണു ദിലീപിന്‍റെ നിലപാട്. അതായത്, നിയമ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല എന്നാണ് ഇത് അർഥമാക്കുന്നത്. നിയമം അതിന്‍റെ വഴിക്കു തന്നെ നീങ്ങട്ടെ.

അതിജീവിതയ്ക്കു പൂർണ നീതി കിട്ടണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഒരു സ്ത്രീയോട് ഇത്രയും ക്രൂരമായി പെരുമാറിയ ക്രിമിനലുകൾ ആരായാലും ശിക്ഷിക്കപ്പെടട്ടെ. ഗൂഢാലോചനയുണ്ടായിട്ടുള്ളത് എവിടെയാണോ അതു തെളിയിക്കപ്പെടട്ടെ. അതിനൊപ്പം തന്നെ പ്രധാനമാണു നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നതും. എല്ലാം തെളിയേണ്ടതു കോടതിയിൽ തന്നെയാണ്. മേൽക്കോടതിയിൽ ഈ വിധി പരിശോധിക്കപ്പെടും എന്നതു കൊണ്ടു തന്നെ അന്തിമ വിധി വരെയുള്ള പോരാട്ടം എന്നു പറയുന്നതിൽ പ്രസക്തിയുണ്ട്.

മലയാള സിനിമാ മേഖലയിൽ വലിയ തോതിലുള്ള ചർച്ചകളും പ്രത്യാഘാതങ്ങളും ഉണ്ടാക്കാൻ നടിക്കെതിരായ നീചമായ ആക്രമണം കാരണമായി. നടിക്കു നേരേയുണ്ടായ അതിക്രമത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമാ വ്യവസായത്തിലെ വനിതകളുടെ കൂട്ടായ്മ എന്ന നിലയിൽ വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) എന്ന സംഘടന രൂപം കൊണ്ടത്. മലയാള സിനിമാ ലോകത്തു നിലനിൽക്കുന്ന സ്ത്രീവിരുദ്ധതയെക്കുറിച്ചും അസമത്വത്തെക്കുറിച്ചും വലിയ ചർച്ചകളുണ്ടായി.

സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ജസ്റ്റിസ് ഹേമ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചതും ഇതിനു ശേഷമാണ്. കേസില്‍ അതിജീവിത സ്വീകരിച്ച ശക്തമായ നിലപാടുകൾ വിഷയം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാൻ കാരണമായി. അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിച്ച കേസായി ഇതു മാറി. 2017ൽ കുറ്റപത്രം സമർപ്പിച്ചു മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ വിചാരണ തുടങ്ങിയത്.

നടിയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയെ തന്നെ ഹൈക്കോടതി വിചാരണയ്ക്കു നിയോഗിച്ചു. താരങ്ങൾ അടക്കം 28 പേർ കേസിൽ മൊഴിമാറ്റി പറഞ്ഞു. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടക്കുവച്ച് ഒഴിവായതും വിചാരണയുടെ വേഗത്തെ ബാധിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ എത്തിയിരിക്കുന്ന ഈ വിധിയുടെ വിശദാംശങ്ങൾ വരും ദിവസങ്ങളിലും ചർച്ച ചെയ്യപ്പെടും. ഇതുപോലൊരു ഏതിക്രമം ഇനിയുണ്ടാവാതിരിക്കാൻ സ്വീകരിക്കേണ്ട ശക്തമായ നടപടികളെക്കുറിച്ച് അതിനൊപ്പം സർക്കാരും ബന്ധപ്പെട്ടവരും ആത്മാർഥമായി ചർച്ച ചെയ്യട്ടെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com