അപകടകരമായ ഡിജിറ്റൽ ആസക്തി

മൊബൈൽ ഫോണുകളോടും സോഷ്യൽ മീഡിയയോടുമുള്ള അമിതമായ ആസക്തി കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം.
Dangerous digital addiction

അപകടകരമായ ഡിജിറ്റൽ ആസക്തി

Updated on

ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വികാസം നമ്മുടെ ജീവിതരീതികളെ പാടേ മാറ്റിക്കഴിഞ്ഞു. മൊബൈൽ ഫോണുകളും മറ്റു ഡിജിറ്റൽ ഉപകരണങ്ങളും നിത്യജീവിതത്തിന്‍റെ ഭാഗമായിരിക്കുകയാണ്. ആശ‍യവിനിമയത്തിനുള്ള പ്രധാന ഉപാധിയാണ് ഇന്‍റർനെറ്റ് ഇന്ന്. അതിവിശാലമായൊരു ലോകമാണ് ഇന്‍റർനെറ്റിലൂടെ തുറന്നുകിട്ടുന്നത്. ബാങ്ക് ഇടപാടുകൾ വരെ ഫോൺ വഴിയായിരിക്കുന്നു. ഫോണും നെറ്റും സോഷ്യൽ മീഡിയയും ഒന്നുമില്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കാൻ വയ്യ. പുതിയ സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നതു നല്ലതാണ്. എന്നാൽ, ഡിജിറ്റൽ ആസക്തി എന്ന നിലയിലേക്കു കാര്യങ്ങൾ പോകുന്നത് അപകടകരമാവാം. പ്രത്യേകിച്ചു കുട്ടികളിലെ ഡിജിറ്റൽ ആസക്തി നിയന്ത്രിക്കേണ്ടതു തന്നെയാണ്. ഒരുപരിധി വിട്ടാൽ അതു ജീവിതം തകർക്കും. നല്ലതും ചീത്തയും തിരിച്ചറിയാനുള്ള പ്രായമെത്തും മുൻപ് ഡിജിറ്റൽ ലഹരിയിൽ മുങ്ങിപ്പോവുന്നതു കുട്ടികളുടെ ഭാവിയെ ബാധിക്കാം. ഉദാഹരണങ്ങൾ പലതുണ്ട് നമ്മുടെ മുന്നിൽ. ചോറ്റാനിക്കരയിൽ പതിനാറുകാരി ആദിത്യയുടെ ആത്മഹത്യ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട, സംഗീതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞു വിഷമം സഹിക്കവയ്യാതെയാണു ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ ആദിത്യ എഴുതിയിരുന്നു.

ദുരൂഹതകളുള്ള ഒരു ഇൻസ്റ്റ അക്കൗണ്ട് ആദിത്യ ഫോളോ ചെയ്തിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. കൊറിയൻ മോഡലുകളുടെ ചിത്രങ്ങൾ അടക്കമുള്ള അക്കൗണ്ടാണിത്. സമൂഹമാധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും കൊറിയൻ സിനിമയുമെല്ലാം ആദിത്യ ഇഷ്ടപ്പെട്ടിരുന്നു എന്നും സൂചനകളുണ്ട്. കുട്ടിയുടെ പുസ്തകത്തില്‍ നിന്ന് കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയെന്നും പറയുന്നു. കൊറിയൻ സുഹൃത്ത് എന്ന പേരിൽ ആരെങ്കിലും ആദിത്യയെ പറ്റിച്ചതാണോ എന്ന സംശയവും പൊലീസ് പ്രകടിപ്പിക്കുകയുണ്ടായി. എല്ലാം പൊലീസ് അന്വേഷിക്കുകയാണ്. ആദിത്യയുടെ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നു. ഏതാനും ദിവസം മുൻപാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പന്ത്രണ്ടും പതിനാലും പതിനാറും വയസുള്ള മൂന്നു സഹോദരിമാർ കെട്ടിടത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്തത്. കൊറിയൻ ഗെയിമുകളോടും സംഗീതത്തോടുമുള്ള അമിതമായ ആസക്തി കാരണം ഫോണുകൾ പിടിച്ചുവാങ്ങിയതാണ് കുട്ടികളുടെ ആത്മഹത്യയ്ക്കു കാരണമായതെന്നു റിപ്പോർട്ടുകളുണ്ട്. ഈ പെൺകുട്ടികളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ പേരുകളും കൊറിയൻ ആയിരുന്നു എന്നാണു സൂചന. ഈ സംഭവത്തിലും പൊലീസ് അന്വേഷണം തുടരുകയാണ്.

മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഓൺലൈൻ ഗെയിമുകളിൽ കുട്ടികൾ കുടുങ്ങിപ്പോകാതെ നോക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. ഗെയിമുകൾ സൃഷ്ടിക്കുന്ന സാങ്കൽപ്പിക ലോകത്ത് എത്തിപ്പെടുമ്പോൾ യ‍‍ഥാർഥ ജീവിതത്തിൽ നിന്ന് അകലുകയാണു ചെയ്യുന്നത്. അധ്യാപകരും മാതാപിതാക്കളും ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. മൊബൈൽ ഫോണുകളോടും സോഷ്യൽ മീഡിയയോടുമുള്ള അമിതമായ ആസക്തി കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. കുട്ടികൾക്കിടയിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ചു വിശദമായ പഠനം നടത്തുമെന്ന് ഏതാനും ദിവസം മുൻപ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുകയുണ്ടായി. നിയമനിർമാണം ആവശ്യമുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയുടെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കുന്ന കാര്യവും മന്ത്രി അറിയിച്ചു. സമിതി ഈ വിഷയം അതീവ ഗൗരവത്തോടെ പഠിക്കുമെന്നും ഉചിതമായ നടപടികൾ നിർദേശിക്കുമെന്നും പ്രതീക്ഷിക്കാം.

ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ അമിതമായ ഉപയോഗം കൗമാരക്കാരിലുണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഏതാനും ദിവസം മുൻപ് രാജ്യസഭയിൽ കോൺഗ്രസ് അംഗം ജെബി മേത്തറും സംസാരിക്കുകയുണ്ടായി. യഥാർഥ ലോകവും ഫാന്‍റസി ലോകവും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കൗമാരക്കാർ എത്തിപ്പെടുന്നതു വലിയ അപകടം തന്നെയാണ്. അമിതമായ ഡിജിറ്റൽ ആസക്തി ഏകാന്തതയും ഒറ്റപ്പെടലും കുട്ടികളെ ബാധിക്കാനും അതവരുടെ ജീവിതത്തിന്‍റെ താളം തെറ്റിക്കാനും കാരണമാവാം.

സർക്കാരിന്‍റെ ഗൗരവമായ ശ്രദ്ധ ഇക്കാര്യത്തിൽ ആവശ്യമുണ്ടെന്നു ചൂണ്ടിക്കാണിച്ച ജെബി‌ മാനസികാരോഗ്യ പ്രശ്നങ്ങളെ അക്കാഡമിക് വിഷയങ്ങളുമായി സംയോജിപ്പിക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. രണ്ടാഴ്ച മുൻപ് പാർലമെന്‍റിന്‍റെ മേശപ്പുറത്തുവച്ച സാമ്പത്തിക സർവെയും ഡിജിറ്റൽ ഉപകരണങ്ങളോടുള്ള ആസക്തി ഗുരുതരമായ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണെന്നു മുന്നറിയിപ്പു നൽകുന്നുണ്ട്. കുട്ടികൾക്കിടയിലും കൗമാരക്കാർക്കിടയിലുമുള്ള പ്രധാന ആരോഗ്യ പ്രശ്നമായി അതു വളരുന്നു എന്നാണു മുന്നറിയിപ്പ്. സൈബർ സുരക്ഷാ വിദ്യാഭ്യാസം, മാതാപിതാക്കൾക്കു പരിശീലനം തുടങ്ങി പല പരിഹാര മാർഗങ്ങളും സർവെ നിർദേശിക്കുന്നുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈ വിഷയം അതീവ ഗൗരവമായി കാണുമെന്നു തന്നെ കരുതാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com