കണ്ണൂരിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റായിരുന്ന (എഡിഎം) നവീൻ ബാബു മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സംഭവത്തിൽ ദുഃഖവും രോഷവും പ്രതിഷേധവുമൊക്കെ ഉയരുകയാണു സംസ്ഥാനത്ത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അസാധാരണമായൊരു നടപടിയാണ് പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ നവീൻ ബാബു തൂങ്ങിമരിക്കാൻ ഇടയാക്കിയത് എന്ന ആരോപണമാണ് ഉയരുന്നത്. പ്രത്യേകിച്ച് പ്രതിപക്ഷ കക്ഷികളും സർവീസ് സംഘടനകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരേ രംഗത്തുവന്നിട്ടുണ്ട്.
കണ്ണൂരിൽ നിന്നു പത്തനംതിട്ടയിലേക്കു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ അവിടെ ജോലിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയായിരുന്നു നവീൻ ബാബു. അതിനു മുൻപ് കണ്ണൂർ കലക്റ്ററേറ്റിൽ നടന്ന യാത്രയയപ്പു ചടങ്ങിലേക്ക് ക്ഷണിക്കാതെയെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അവിടെ വച്ച് എഡിഎമ്മിനെതിരേ പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുന്ന തരത്തിൽ സംസാരിച്ചു എന്നാണു പറയുന്നത്. ഒരു പെട്രോൾ പമ്പിന് എന്‍ഒസി നൽകുന്നതു മാസങ്ങൾ വൈകിച്ചുവെന്നും ഒടുവിൽ അതു കൊടുത്തത് എങ്ങനെയാണെന്ന് അറിയാമെന്നും ദിവ്യ പറഞ്ഞുവെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഉപഹാരം സമർപ്പിക്കുന്നതിനു മുൻപ് ഇറങ്ങിപ്പോവുകയാണെന്നു പ്രഖ്യാപിച്ച അവർ അതിനുള്ള കാരണം രണ്ടു ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും എന്നും പറഞ്ഞത്രേ. നവീൻ ബാബു ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അതിൽ 98,500 രൂപ സംഘടിപ്പിച്ചു നൽകിയെന്നും പെട്രോൾ പമ്പിന് അപേക്ഷിച്ചിരുന്ന പ്രശാന്തും ആരോപിക്കുന്നുണ്ട്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടുണ്ടെന്നും പറയുന്നു.
എന്നാൽ, പരിയാരം മെഡിക്കൽ കോളെജിൽ ജോലി ചെയ്യുന്ന പ്രശാന്ത് പെട്രോൾ പമ്പ് ഇടപാടിൽ ബിനാമി മാത്രമാണെന്നാണു പ്രതിപക്ഷം ആരോപിക്കുന്നത്. ചില സിപിഎം നേതാക്കൾക്ക് പെട്രോൾ പമ്പിൽ പങ്കാളിത്തമുണ്ടെന്ന ആരോപണവും പ്രതിപക്ഷ നേതാക്കൾ ഉയർത്തുന്നുണ്ട്. പെട്രോൾ പമ്പ് തുടങ്ങാൻ ആവശ്യമായ ലക്ഷക്കണക്കിനു രൂപയുടെ സ്രോതസെന്ത് എന്നതും പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യമാണ്. കൈക്കൂലി കൊടുത്തുവെന്നു പരസ്യമായി പറയുന്നതും കുറ്റകരമല്ലേ എന്നതും പ്രസക്തമായ ചോദ്യം. പ്രശാന്തിനെതിരേ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് പരിയാരം മെഡിക്കൽ കോളെജിലെ എൻജിഒ അസോസിയേഷൻ ഇന്നലെ ആവശ്യപ്പെടുകയുണ്ടായി.
ഇതുവരെ അഴിമതിയാരോപണം ഉയരുകയോ സർവീസിൽ ചീത്തപ്പേരു കേൾപ്പിക്കുകയോ ചെയ്യാത്ത ഉദ്യോഗസ്ഥനാണു നവീൻ ബാബുവെന്നാണു സഹപ്രവർത്തകർ പറയുന്നത്. അദ്ദേഹം കൈക്കൂലി വാങ്ങിയെന്ന് അവരാരും വിശ്വസിക്കുന്നില്ല. അപമാനം സഹിക്കാനാവാതെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നും അവർ ആരോപിക്കുന്നു. നവീൻ ബാബു അഴിമതിക്കാരനല്ലെന്ന് പത്തനംതിട്ടയിലെ സിപിഎം നേതാക്കൾ തന്നെ പരസ്യമായി പറയുന്നുണ്ട്. സിപിഎമ്മുമായി ബന്ധമുള്ള കുടുംബമാണ് അദ്ദേഹത്തിന്‍റേത്. പാവങ്ങൾക്കു വേണ്ടി പരമാവധി സഹായം ചെയ്യുന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി അഭിപ്രായപ്പെടുകയുണ്ടായി. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും ഒരു പരാതിയും അദ്ദേഹത്തിനെതിരേ ലഭിച്ചിരുന്നില്ലെന്നും തന്‍റെ വ്യക്തിപരമായ ബോധ്യം വച്ച് റവന്യൂ മന്ത്രി കെ. രാജനും പറയുകയുണ്ടായി. എന്തായാലും നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും നീങ്ങേണ്ടതുണ്ട്. എന്താണു സംഭവിച്ചത് എന്നതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഒരുദ്യോഗസ്ഥന്‍റെ ജീവനെടുത്ത അഴിമതിയാരോപണം ആരെങ്കിലും പദ്ധതിയിട്ട പ്രതികാരത്തിന്‍റെ ഭാഗമാണെങ്കിൽ അവർക്കെതിരേ നടപടിയുണ്ടാവണം. പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുവരണം.
നവീൻ ബാബു അഴിമതി നടത്തിയതായി തെളിവുണ്ടെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നു ബന്ധപ്പെട്ടവർ ചെയ്യേണ്ടിയിരുന്നത്. ക്ഷണിക്കാത്ത ചടങ്ങിലേക്കു കടന്നുചെന്ന് ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് ഉത്തരവാദപ്പെട്ട ആർക്കും യോജിച്ചതല്ല. അതും യാത്രയയപ്പു പോലുള്ള ഒരു ചടങ്ങിൽ. സിപിഎം നേതാവു കൂടിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്. നവീൻ ബാബുവിനെ സംബന്ധിച്ച് അവർക്കുള്ള പരാതികൾ സർക്കാരിനെയും രാഷ്‌ട്രീയ നേതൃത്വത്തെയും അറിയിക്കുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. അഴിമതി കർശനമായി തടയേണ്ടതു തന്നെയാണ്. പക്ഷേ, അതിനു സ്വീകരിക്കേണ്ട നടപടികളും നിയമാനുസൃതമാവണം. ആരെയും അവഹേളിക്കാനുള്ള ആയുധമായി അതു മാറരുത്.
ഇത്തരത്തിലുള്ള ആരോപണങ്ങളൊക്കെ കേട്ടാൽ പുല്ലുപോലെ തട്ടിക്കളയാനുള്ള തൊലിക്കട്ടിയുള്ളവരുണ്ടാകാം. എന്ത് ആരോപണം നേരിട്ടാലും അഴിമതി അവകാശമായി കൊണ്ടുനടക്കുന്നവരുമുണ്ടാകാം. വേണ്ടതു കൈയിൽ കിട്ടിയില്ലെങ്കിൽ എത്രകാലം വേണമെങ്കിലും ഏതു ഫയലും പിടിച്ചുവയ്ക്കുന്നവരും കാണാം. എന്നാൽ, എല്ലാവരും അതുപോലെ ആകണമെന്നില്ല. ഇത് ഒരനുഭവ പാഠമാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ അതേ ഉത്തരവാദിത്വ ബോധത്തോടെ വേണം വിഷയങ്ങളെ സമീപിക്കുന്നതിന്. അനവസരത്തിൽ എടുത്തുചാടിയുള്ള പെരുമാറ്റം മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ജീവന്‍റെ വില, അതു മറ്റെന്തിനെക്കാൾ വലുതാണ്. റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടതു പോലെ ജനപ്രതിനിധികൾ പൊതുസമൂഹത്തിലെ ഇടപെടലുകളിലും സംസാരത്തിലും പക്വത കാണിക്കേണ്ടത് അത്യാവശ്യമാണ്.