

ചെങ്കോട്ട സ്ഫോടനത്തിന്‍റെ ദൃശ‍്യങ്ങൾ
രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ട കാർ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകരർക്കു വിദേശ ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ഭീകര ശൃംഖലയുടെ വിദേശബന്ധം സംബന്ധിച്ച തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു എന്നാണു പറയുന്നത്. സംഘത്തിലെ കശ്മീരി ഡോക്റ്റർമാരായ ഉമർ നബിയും മുസാമിൽ ഷക്കീലും പാക് ഭീകര സംഘടന ജയ്ഷെ മുഹമ്മദിന്‍റെ കമാൻഡർമാരുമായി തുർക്കിയിൽ കൂടിക്കാഴ്ച നടത്തിയെന്നാണു സൂചന. ഇവരുടെ പാസ്പോർട്ടുകളിൽ തുർക്കിയുടെ ഇമിഗ്രേഷൻ സ്റ്റാംപുകൾ കണ്ടെത്തിയിട്ടുണ്ടത്രേ. അറസ്റ്റിലായ വനിതാ ഡോക്റ്റർ ഷഹീൻ സയീദ് അതിർത്തിക്കപ്പുറത്ത് ഭീകര സംഘടനയുടെ കമാൻഡർമാരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നെന്ന സൂചനകൾക്കു പിന്നാലെയാണ് കൂട്ടാളികളുടെ തുർക്കി യാത്രാ വിവരങ്ങളും പുറത്തുവരുന്നത്. ഭീകരാക്രമണം ആസൂത്രണം ചെയ്തതിലടക്കം വിദേശശക്തികൾക്കു പങ്കുണ്ടോയെന്നു കണ്ടെത്തേണ്ടിയിരിക്കുന്നു. ഭീകരർക്കു തുർക്കിയിൽ നിന്നു സഹായങ്ങൾ കിട്ടിയിട്ടുണ്ടെങ്കിൽ അതു പാക്കിസ്ഥാന്‍റെ താത്പര്യം പരിഗണിച്ചു തന്നെയാവണം.
നേരത്തേ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്‍റെ പങ്ക് പുറത്തുവന്ന സാഹചര്യത്തിൽ അതു നിഷേധിക്കാനുള്ള പാക് നീക്കങ്ങൾക്കു പിന്തുണ നൽകിയ രാജ്യമാണു തുർക്കി എന്നോർക്കണം. ഭീകരാക്രമണത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടപ്പോൾ തുർക്കി അതിനെ പിന്തുണച്ചു. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്ത ഇന്ത്യയുടെ നടപടിയെ വിമർശിക്കുകയും ചെയ്തു അവർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ പാക്കിസ്ഥാൻ ഉപയോഗിച്ച ഡ്രോണുകൾ തുർക്കിയിൽ നിർമിച്ചവയാണെന്നും കണ്ടെത്തിയിരുന്നു. ഇന്ത്യക്കെതിരേയുള്ള പാക് പടയൊരുക്കത്തിനു സൗകര്യങ്ങൾ ചെയ്തുകൊടുത്ത അതേ തുർക്കിയിൽ ജയ്ഷെ മുഹമ്മദിന്‍റെ കമാൻഡർമാരുമായി ഭീകരർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിൽ അതിന്‍റെ ഗൗരവം ഒട്ടും കുറച്ചുകാണാനാവില്ല.
പതിറ്റാണ്ടുകളായി പാക്കിസ്ഥാനുമായി ശക്തമായ ബന്ധം പുലർത്തുന്ന രാജ്യമാണു തുർക്കി. അവരുമായി പാക്കിസ്ഥാൻ ആയുധ ഇടപാടും നടത്തുന്നുണ്ട്. പാക് നാവിക സേനയെ ആധുനികവത്കരിക്കുന്നതിൽ തുർക്കി വലിയ പങ്കു വഹിച്ചിരുന്നു. ചെങ്കോട്ട സ്ഫോടനത്തിന്‍റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ തുർക്കിയുടെ പാക് ബന്ധങ്ങളും പരിഗണനയിൽ വരേണ്ടതാണ്. തുർക്കിയിലുള്ള "ഉകാസ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഭീകരനാണ് ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട ഗുഢാലോചനയ്ക്കു പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നു റിപ്പോർട്ടുകളുണ്ട്. ജയ്ഷെ മുഹമ്മദിനും ഇന്ത്യയിൽ സ്ഫോടനം ആസൂത്രണം ചെയ്ത ഭീകരർക്കും ഇടയിൽ കണ്ണിയായി പ്രവർത്തിച്ചത് "ഉകാസ'യാണത്രേ. "ഉകാസ'യുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്തുന്നതിന് വിദേശ അന്വേഷണ ഏജൻസികളുടെ സഹകരണം അന്വേഷണ സംഘം തേടിയിട്ടുണ്ടെന്നും പറയുന്നു. എന്തായാലും ഏതു തരത്തിലൊക്കെയാണു ഭീകരർക്കു സഹായം ലഭിച്ചിരിക്കുന്നതെന്നു വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ. ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും പിന്തുണ നൽകിയവരെയും മുഴുവൻ അതിവേഗം കണ്ടെത്തുന്നതിനു നടപടികൾ എടുക്കേണ്ടതുണ്ട്. ഇനിയും അവർക്ക് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള അവസരം നിഷേധിക്കുന്നതിന് അത് ആവശ്യമാണ്.
ഡൽഹിയടക്കം ഉത്തരേന്ത്യയിൽ വലിയ തോതിലുള്ള ഭീകരാക്രമണത്തിനാണ് ഈ ഭീകരസംഘം ലക്ഷ്യമിട്ടിരുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഏറെ നാളായി ഇതിനുള്ള തയാറെടുപ്പുകളിലായിരുന്നു ഇവരത്രേ. അറസ്റ്റിലായ ഡോ. മുസാമിലും ചാവേറായ ഡോ. ഉമർ നബിയും പലതവണ ചെങ്കോട്ടയടക്കം ഡൽഹിയിലെ തിരക്കേറിയ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലും ദീപാവലി ദിനത്തിലും സ്ഫോടനത്തിന് ഇവർ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടുവെന്നാണു കരുതുന്നത്. ഡിസംബർ ആറിനു ബാബറി മസ്ജിദ് വാർഷികത്തിൽ വലിയ സ്ഫോടന പരമ്പരയ്ക്ക് ഇവർ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. വിവിധ സ്ഥലങ്ങളിൽ ആക്രമണത്തിനായി 32 വാഹനങ്ങൾ തയാറാക്കാൻ ഭീകരർ പദ്ധതിയിട്ടിരുന്നുവത്രേ. പഴയ വാഹനങ്ങൾ വാങ്ങി സ്ഫോടക വസ്തുക്കൾ നിറച്ചുള്ള ആക്രമണമായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.
ഡൽഹിക്കു പുറമേ അയോധ്യയും വാരാണസിയും ഭീകരരുടെ ലിസ്റ്റിൽ ഉണ്ടായിരുന്നതായാണു പറയുന്നത്. രാജ്യത്തുടനീളം വർഗീയ വേർതിരിവുണ്ടാക്കുകയും ഭീതി പരത്തുകയുമായിരുന്നു ഇവരുടെ ഉദ്ദേശ്യം. ജമ്മു കശ്മീര്‍ പൊലീസ് ഹരിയാന പൊലീസുമായി സഹകരിച്ച് ഹരിയാനയിലെ ഫരീദാബാദില്‍ തിങ്കളാഴ്ച നടത്തിയ ഓപ്പറേഷനിലൂടെ ഈ ആക്രമണ പദ്ധതിയാണു തകർത്തത്. 2900 കിലോഗ്രാം സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത പൊലീസ് ഭീകര സംഘത്തിലുൾപ്പെട്ട മൂന്നു ഡോക്റ്റർമാരടക്കം എട്ടുപേരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു ചെങ്കോട്ട സ്ഫോടനമുണ്ടായത്. ഭീകരർക്കെതിരേ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് ഈ സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്.