
ഇത്രയേയുള്ളൂ പാക്കിസ്ഥാനിലെ ജനാധിപത്യം! സൈന്യം എത്രകാലം പിന്തുണയ്ക്കുന്നോ അത്രയും കാലം എന്തു കൃത്രിമവും ഒപ്പിച്ച് രാജ്യം ഭരിക്കാം. സൈനിക നേതൃത്വം പിണങ്ങിയാൽ, അധികാരത്തിൽ നിന്നു പുറത്താവുകയും അതു കാത്തിരിക്കുന്ന മറ്റു പാർട്ടികളുടെ നേതാക്കൾ ചേർന്ന് കൊത്തിക്കീറുകയും ചെയ്യും. പാക്കിസ്ഥാൻ മാത്രമല്ല രാജ്യത്തിനു പുറത്തുള്ള ക്രിക്കറ്റ് ആരാധകരും ഒരുകാലത്ത് ആവേശമായി കണ്ടിരുന്ന ഇമ്രാൻ ഖാനും ഒടുവിൽ ജയിലിൽ അടയ്ക്കപ്പെടുകയാണ്; അധികാരം നഷ്ടപ്പെട്ടതിനു പിന്നാലെ കേസുകളിൽ കുടുങ്ങുകയും തടവിലാകുകയുമൊക്കെ ചെയ്ത പാക് പ്രധാനമന്ത്രിമാരുടെ ലിസ്റ്റിൽ അവസാനക്കാരനായി.
ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ച ശേഷം രാഷ്ട്രീയത്തിലിറങ്ങുകയും തെഹ്രീക്-ഇ- ഇൻസാഫ് (പിടിഐ) പാർട്ടിയുടെ ചെയർമാനായി പ്രധാനമന്ത്രി സ്ഥാനത്തെത്തുകയും ചെയ്ത ഇമ്രാൻ സൈന്യവുമായി തെറ്റിയതോടെയാണ് കഴിഞ്ഞവർഷം ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്നു പുറത്താവുന്നത്. ഇമ്രാനെതിരേ ഒന്നിച്ചു പോരാടിയിരുന്ന പ്രതിപക്ഷ പാർട്ടികളുടെ സഖ്യം ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തുകയും ചെയ്തു. അന്നു മുതൽ ഇമ്രാനെ വേട്ടയാടുക പുതിയ സർക്കാരിന്റെ ലക്ഷ്യവുമായി. നൂറ്റിനാൽപ്പതിലേറെ കേസുകളാണ് ഇമ്രാനെതിരേ ഇതുവരെയായി എടുത്തിട്ടുള്ളതെന്നാണു പറയുന്നത്. അക്രമ പ്രവർത്തനവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നു എന്നതിലടക്കം കേസുകളുണ്ട്. അഴിമതി, അധികാര ദുർവിനിയോഗം, വഞ്ചന, ഈശ്വരനിന്ദ എന്നിങ്ങനെ ഇമ്രാൻ ചെയ്യാത്ത കുറ്റങ്ങളില്ല! ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ടു മാത്രം ഇരുപതിലേറെ കേസുകൾ പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിലായി ഇമ്രാനെതിരേയുണ്ടത്രേ!
മുൻപും ഇമ്രാനെ അറസ്റ്റ് ചെയ്യാൻ നിലവിലുള്ള സർക്കാർ ശ്രമിച്ചതാണ്. അനുയായികളുടെ സഹായത്തോടെ ചെറുത്തുനിന്നു അന്നൊക്കെ. ചോദ്യം ചെയ്യാൻ ഹാജരാകാതിരിക്കുകയും കോടതിയിൽ എത്താതിരിക്കുകയും ഒക്കെയായിരുന്നു പതിവ്. ഒടുവിൽ അഴിമതിക്കേസിൽ ഇസ്ലാമാബാദ് ഹൈക്കോടതിയിൽ എത്തിയപ്പോൾ പാക്കിസ്ഥാനിലെ അർധസൈനിക വിഭാഗമായ റെയ്ഞ്ചേഴ്സ് വളഞ്ഞുപിടിച്ച് അവരുടെ വാഹനത്തിൽ തള്ളിക്കയറ്റി റാഞ്ചിയെടുത്തിരിക്കുന്നു! സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വച്ചു നോക്കിയാൽ വളരെ മോശമായ വിധത്തിൽ തന്നെയാണ് സൈന്യം ഇമ്രാനെ പിടികൂടിയിരിക്കുന്നത്. നിരവധി സൈനികർ ചേർന്ന് ഒരു മുൻ പ്രധാനമന്ത്രിയെ കോളറിനു പിടിച്ച് തട്ടിക്കൊണ്ടുപോകുന്നു!
നേരത്തേ തന്നെ മരിച്ചുകഴിഞ്ഞ പാക് ജനാധിപത്യത്തിന്റെ സംസ്കാരച്ചടങ്ങ് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കുന്നവരുണ്ട്. റെയ്ഞ്ചേഴ്സിന്റെ വൻ സംഘമാണ് ഇമ്രാനെ വളഞ്ഞു പിടികൂടുന്നത്. കോടതിയിൽ കയറി സൈന്യം ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇമ്രാൻ അനുകൂലികൾ ആരോപിക്കുന്നത്. ഇമ്രാനെയും അദ്ദേഹത്തിന്റെ അഭിഭാഷകരെയും മർദിച്ചതായും ആരോപണമുണ്ട്. എന്തുകൊണ്ട് കോടതിയിൽ നിന്ന് അറസ്റ്റു ചെയ്തുവെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ആരാഞ്ഞതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാനിൽ സൈന്യം ഒന്നു വിചാരിച്ചാൽ പിന്നെ എന്തു കോടതി എന്നതാണ് അതിനുള്ള ഉത്തരം. പിടികിട്ടാപ്പുള്ളിയായ കൊടുംക്രിമിനലിനോടെന്നവണ്ണം ഒരു മുൻ ഭരണാധികാരിയോടു പെരുമാറേണ്ടതുണ്ടോ എന്ന ചോദ്യം പാക്കിസ്ഥാനിൽ മാത്രമല്ല പുറത്തും ഉന്നയിക്കപ്പെടുന്നുണ്ട്.
ഈ വർഷം രണ്ടാം പകുതിയിൽ പാക്കിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പു നടക്കേണ്ടതാണ്. അതിൽ ഇമ്രാന്റെ സാന്നിധ്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് അധികാരമേറിയതു മുതൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരും സൈന്യവും ചേർന്നു നടത്തുന്നതെന്നാണ് ആരോപണം. ഒപ്പം സൈന്യത്തിന്റെ താത്പര്യങ്ങളുമുണ്ട്. തന്നെ വധിക്കാൻ പാക് ചാരസംഘടനയായ ഐഎസ്ഐ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി ഏതാനും ദിവസം മുൻപു നടന്ന റാലിയിൽ ഇമ്രാൻ ആരോപിച്ചിരുന്നു. ഇതിനെതിരേ ശക്തമായ ഭാഷയിലാണ് പാക് സൈന്യം പ്രതികരിച്ചത്. തെളിവില്ലാതെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നു സൈന്യം കുറ്റപ്പെടുത്തിയിരുന്നു. ഇമ്രാൻ സൈന്യത്തെയും ഇന്റലിജൻസ് ഏജൻസികളെയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതികരിച്ചിരുന്നു. സൈന്യത്തിന്റെ ഇമ്രാനോടുള്ള അതൃപ്തി പുറത്തുവന്നതിനു പിന്നാലെയാണ് അഴിമതിക്കേസിലെ അറസ്റ്റും.
ഇമ്രാന്റെ അറസ്റ്റ് പാക്കിസ്ഥാനിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമോയെന്ന ആശങ്ക പരക്കെയുണ്ട്. ഇപ്പോൾത്തന്നെ അവിടെയുള്ള രാഷ്ട്രീയ സംഘർഷം വർധിക്കാനാണു സാധ്യത. സാമ്പത്തികമായി തകർന്നു തരിപ്പണമായ രാജ്യമാണത്. ക്രമസമാധാന നില മോശമാവുക കൂടി ചെയ്താൽ പ്രശ്നങ്ങൾ രൂക്ഷമാകും. രാജ്യവ്യാപകമായുണ്ടാവുന്ന അസ്വസ്ഥതകൾ ഭീകര പ്രവർത്തകർ മുതലെടുക്കാനും ശ്രമിച്ചേക്കാം. ഇത്തരം സാഹചര്യങ്ങൾ മുന്നിൽക്കണ്ട് ഇന്ത്യയുടെ അതിർത്തിയിലും ജാഗ്രത പുലർത്തേണ്ടിവരും.