വഷളാവുന്ന തുർക്കി ബന്ധം

പാക് സൈന്യം ഇന്ത്യക്കെതിരേ ഡ്രോണുകളും മിസൈലുകളുമായി ഇറങ്ങിയപ്പോഴാണ് ഇന്ത്യയ്ക്കു തിരിച്ചടിക്കേണ്ടിവന്നത്.
Deteriorating Turkish relations

വഷളാവുന്ന തുർക്കി ബന്ധം

Updated on

ഭീകരരെ സഹായിക്കുന്ന പാക്കിസ്ഥാനെ പിന്തുണച്ച് ഇന്ത്യയുമായുള്ള നല്ല ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരിക്കുകയാണു തുർക്കി. പാക്കിസ്ഥാനു നൽകിയ സൈനിക സഹായം ആ രാജ്യത്തിന്‍റെ ടൂറിസത്തെയും ഇന്ത്യയുമായുള്ള വ്യാപാരത്തെയും ഗണ്യമായ വിധത്തിൽ ബാധിക്കും എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് എങ്ങനെ തുർക്കിയെ വിശ്വസിക്കുമെന്ന ചോദ്യമാണ് ഇന്ത്യയിൽ ഉയരുന്നത്.

ഇന്ത്യക്കെതിരേ നിലകൊണ്ടു എന്നതിനാൽ തന്നെ തുർക്കിയോടു ചങ്ങാത്തം വേണ്ട എന്നു പറയുന്നവർ ഇവിടെ ധാരാളമുണ്ട്. അത്തരം ആളുകളുടെ എണ്ണം കൂടിവരുകയുമാണ്. ഇക്കാര്യത്തിൽ എന്തൊക്കെ സംഭവ വികാസങ്ങളാണുണ്ടാവുന്നതെന്നു വരുംദിവസങ്ങളിൽ അറിയാനിരിക്കുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ നിരപരാധികളായ വിനോദ സഞ്ചാരികളെ മതം ചോദിച്ച് അതിക്രൂരമായി വെടിവച്ചുകൊന്ന ഭീകരർക്ക് അതിശക്തമായ തിരിച്ചടി നൽകേണ്ടത് ഇന്ത്യയുടെ ആവശ്യമായിരുന്നു.

പാക്കിസ്ഥാനിലും പാക് അധീന കശ്മീരിലുമായുള്ള ഒമ്പതു ഭീകര കേന്ദ്രങ്ങൾ തകർത്ത സൈനിക നടപടി ഭീകരർക്കുള്ള തിരിച്ചടി തന്നെയാണ്. ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ഈ നടപടിയിൽ പാക് സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചില്ല. സാധാരണ ജനങ്ങൾക്കു നേരേയും ആക്രമണമുണ്ടായില്ല. എന്നാൽ, ഭീകരർക്കെതിരേ നടപടിയെടുത്തപ്പോൾ പാക്കിസ്ഥാനു സഹിക്കാനായില്ല. പാക് സൈന്യം ഇന്ത്യക്കെതിരേ ഡ്രോണുകളും മിസൈലുകളുമായി ഇറങ്ങിയപ്പോഴാണ് ഇന്ത്യയ്ക്കു തിരിച്ചടിക്കേണ്ടിവന്നത്. പാക് വ്യോമ താവളങ്ങൾ തകർക്കേണ്ടിവന്നത്.

ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാൻ ഉപയോഗിച്ച ആയുധങ്ങളിൽ തുർക്കി നൽകിയവയും ഉൾപ്പെടുന്നു എന്നതാണ് ഇപ്പോൾ അവർക്കെതിരേ ജനരോഷം ഉയർത്തുന്നതും. പാക്കിസ്ഥാൻ ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണുകളിൽ ഏറെയും തുർക്കിയിൽ നിർമിച്ചവയാണെന്ന് വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍റെ സൈനികശേഷി വർധിപ്പിക്കുന്ന പങ്കാളിയായി തുർക്കി നിൽക്കുമ്പോൾ എങ്ങനെ ഇന്ത്യയ്ക്ക് അവരുമായി അടുത്ത ബന്ധം പുലർത്താനാവും എന്ന ചോദ്യമാണു പൊതുവേ ഉയരുന്നത്.

ഇന്ത്യയിലെ ഒമ്പതു വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ് സേവനം ചെയ്യുന്ന തുർക്കി കമ്പനി സെലെബിയെയും അതിന്‍റെ ഗ്രൂപ്പ് കമ്പനികളെയും അതിൽ നിന്നു വിലക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വ്യോമയാന മന്ത്രാലയം ഈ കമ്പനിയുടെ സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചിരിക്കുന്നു. 2022ൽ അനുവദിച്ച ഈ ക്ലിയറൻസ് പിൻവലിച്ചതോടെ കമ്പനിക്ക് ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടിവരും. രാജ്യസുരക്ഷ കണക്കിലെടുത്താണ് തുർക്കി കമ്പനിയെ വിലക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

കൊച്ചിയും കണ്ണൂരും ഡൽഹിയും മുംബൈയും ബംഗളൂരുവും ഹൈദരാബാദും ചെന്നൈയും അഹമ്മദാബാദും ഗോവയുമാണ് ഈ വിമാനത്താവളങ്ങൾ. ഇന്ത്യയിലെ സേവനം അവസാനിപ്പിക്കേണ്ടിവരുന്നത് തുർക്കി കമ്പനിക്കു കനത്ത തിരിച്ചടിയാണ്. രാജ്യത്തിന്‍റെയും പൗരന്മാരുടെയും സുരക്ഷയെക്കാൾ വലുതായി മറ്റൊന്നുമില്ലെന്നു മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. ദേശീയ താത്പര്യവും പൊതുസുരക്ഷയും കണക്കിലെടുത്തു വേണമല്ലോ പുറത്തുനിന്നുള്ളവരെ ആഭ്യന്തര കാര്യങ്ങളിൽ സഹകരിപ്പിക്കാൻ.

വ്യോമയാന മന്ത്രാലയം മാത്രമല്ല തുർക്കിക്കെതിരേ നടപടികളുമായി വന്നിട്ടുള്ളത്. രാജ്യത്തെ വിവിധ സർവകലാശാലകൾ തുർക്കിയിലെ സർവകലാശാലകളുമായുള്ള സഹകരണത്തിൽ നിന്നു പിന്മാറുമെന്നു വ്യക്തമാക്കിയിട്ടുണ്ട്. ജെഎൻയു, ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലകൾക്കു പുറമേ കാൺപുർ സർവകലാശാല, ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി, ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി, ഐഐടി റൂർക്കി, ഐഐടി ബോംബെ തുടങ്ങി പല സ്ഥാപനങ്ങളും തുർക്കിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണ്.

ഇതിനു പുറമേയാണ് തുർക്കിയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ വ്യാപാരികൾ രംഗത്തുവരുന്നത്. തുർക്കിയിലെ സിനിമാ ചിത്രീകരണം ഉപേക്ഷിക്കാൻ ഇന്ത്യൻ സിനിമാ മേഖലയിലും സമ്മർദമുണ്ട്. തുർക്കി സന്ദർശിക്കുന്നതിൽ നിന്ന് ഇന്ത്യൻ വിനോദ സഞ്ചാരികൾ വലിയ തോതിൽ പിന്മാറുന്നു. വ്യാപകമായി യാത്ര റദ്ദാക്കലുകൾ നടക്കുന്നുണ്ടെന്ന് ടൂർ ഓപ്പറേറ്റർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. തുർക്കിയിൽ നിന്നുള്ള ആപ്പിളും മാർബിളും ഡ്രൈഫ്രൂട്ട്സും പഴങ്ങളും മിനറൽ ഓയിലും സിമന്‍റും അടക്കം ഉത്പന്നങ്ങൾ ഇന്ത്യയിൽ വിൽക്കുന്നതിൽ നിന്നു വ്യാപാരികൾ പിന്തിരിയുകയാണ്.

പാക്കിസ്ഥാനെ പരസ്യമായി പിന്തുണച്ച തുർക്കിയുമായും അസർബൈജാനുമായും വ്യാപാരബന്ധം അവസാനിപ്പിക്കാൻ കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് തീരുമാനിച്ചിട്ടുണ്ട്. തുർക്കിയുടെ മുഴുവൻ ഉത്പന്നങ്ങളും ബഹിഷ്കരിക്കാനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദേശീയ സുരക്ഷാ ആശങ്കകൾ വർധിപ്പിക്കുന്ന നടപടികളെടുക്കുന്ന ഒരു രാജ്യവുമായി എങ്ങനെ സഹകരിക്കാനാവുമെന്നതാണ് ഇന്ത്യ-തുർക്കി ബന്ധത്തിൽ ഉയർന്നുനിൽക്കുന്ന ചോദ്യം.

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഈ വർഷം ഫെബ്രുവരി വരെയുള്ള കാലയളവിൽ 520 കോടി ഡോളറിന്‍റെ കയറ്റുമതിയാണ് ഇന്ത്യ തുർക്കിയിലേക്കു നടത്തിയത്. തുർക്കിയിൽ നിന്നുള്ള ഇറക്കുമതി 284 കോടി ഡോളറിന്‍റേതായിരുന്നു. തുർക്കിയുടെ ടൂറിസം വരുമാനത്തിൽ നല്ലൊരു പങ്കും ഇന്ത്യൻ വിനോദ സഞ്ചാരികളിൽ നിന്നു ലഭിക്കുന്നതാണ്. നല്ല നിലയിൽ മുന്നോട്ടുകൊണ്ടുപോകാമായിരുന്ന ഒരു ബന്ധമാണ് തുർക്കിയുടെ നടപടി മൂലം വഷളായിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com