

വികസനമാവട്ടെ, തെരഞ്ഞെടുപ്പു വിഷയം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നലത്തെ കേരള സന്ദർശനം രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ്. മൂന്നു മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി കേരളത്തിലും തമിഴ്നാട്ടിലും സന്ദർശനത്തിനെത്തിയതും രാഷ്‌ട്രീയ പൊതുയോഗങ്ങളിൽ പ്രസംഗിച്ചതും. തിരുവനന്തപുരത്ത് പുത്തിരിക്കണ്ടം മൈതാനത്തും ചെന്നൈയ്ക്കു സമീപം മധുരാന്തകത്തും രാഷ്‌ട്രീയ യോഗങ്ങളിൽ പ്രസംഗിച്ച മോദി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒരവസരം നൽകാൻ രണ്ടു സംസ്ഥാനത്തെയും ജനങ്ങളോട് അഭ്യർഥിച്ചതു സ്വാഭാവികം. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബിജെപി ഇനിയും കരുത്തു കാണിക്കേണ്ട രണ്ടു സംസ്ഥാനങ്ങളാണല്ലോ കേരളവും തമിഴ്നാടും. കേരളത്തിൽ ബിജെപിയുടെ പൊതുയോഗത്തിനു മുൻപ് പുതിയ ട്രെയ്‌ൻ സർവീസുകൾ അടക്കം പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കുകയുണ്ടായി.
വികസിത കേരളം എന്നതാണു വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഉയർത്തിപ്പിടിക്കുന്നതെന്നു പൊതുയോഗത്തിലെ പ്രസംഗത്തിലൂടെ മോദി സൂചിപ്പിക്കുന്നുണ്ട്. വികസിത കേരളത്തിനു പുതിയ രാഷ്ട്രീയവും ഇരട്ട എൻജിൻ ഭരണവും പ്രധാനമന്ത്രി നിർദേശിക്കുന്നു. എന്തായാലും വികസനത്തിലൂന്നിയുള്ള രാഷ്‌ട്രീയ പ്രചാരണത്തിനു കേരളത്തിലെ മുഴുവൻ രാഷ്‌ട്രീയ കക്ഷികളും തയാറാവുന്നതാണു നാടിനു നല്ലത്. വർഗീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി രാഷ്‌ട്രീയ മുതലെടുപ്പു നടത്താനും ശ്രമങ്ങളുണ്ടാവുന്നത് ഏതു ഭാഗത്തുനിന്നായാലും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ജാതി, മത വേർതിരിവുകൾ പ്രോത്സാഹിപ്പിക്കുന്നത് അധികാരത്തിലെത്താനുള്ള എളുപ്പമാർഗമായി ഒരു രാഷ്‌ട്രീയ പാർട്ടിയും കാണാതിരിക്കണം. വികസന കാര്യങ്ങളിൽ കേരളത്തിനു വേണ്ടി എന്തു ചെയ്യാൻ കഴിയുമെന്ന് എല്ലാ രാഷ്‌ട്രീയ പാർട്ടികളും ആലോചിച്ചു തീരുമാനിച്ച് ജനങ്ങളെ അറിയിക്കട്ടെ.
കേന്ദ്ര സഹായത്തോടെയുള്ള കേരളത്തിന്‍റെ വികസനത്തിനു പുതിയൊരു ദിശാബോധം പകരുന്ന ദിവസമാണിതെന്നാണ് പുതിയ പദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ മോദി പറഞ്ഞത്. തിരുവനന്തപുരത്തെ വികസനത്തിന്‍റെ മാതൃകയാക്കി മാറ്റുമെന്നും അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ട്. കേരളത്തിന്‍റെ തലസ്ഥാനം സ്റ്റാർട്ടപ്പ് ഹബ്ബാക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. വികസിത ഭാരതത്തിനു വികസിത കേരളവും അനിവാര്യമാണെന്ന ചിന്ത എല്ലാവർക്കും ഉണ്ടാവുന്നതു നല്ലതാണ്.
തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ സ്ഥാപിക്കുന്ന ഇന്നോവേഷൻ ടെക്നോളജി ആൻഡ് ഓൺട്രപ്രനേർഷിപ്പ് ഹബ്ബിന്റെയും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലെ അത്യാധുനിക റേഡിയോ സർജറി സെന്ററിന്റെയും ശിലാസ്ഥാപനം ഇന്നലെ പ്രധാനമന്ത്രി നിർവഹിക്കുകയുണ്ടായി. പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫിസ് ഉദ്ഘാടനവും ഇതിനൊപ്പം നിർവഹിച്ചു. വഴിയോര കച്ചവടക്കാർക്ക് പലിശയിളവോടെ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള സ്വനിധി ക്രെഡിറ്റ് കാർഡ് പദ്ധതിക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. കേരളത്തിൽ തന്നെ ഇതിന്‍റെ ഗുണഭോക്താക്കളായി പതിനായിരം പേരുണ്ടെന്നാണു മോദി പറയുന്നത്.
കേരളത്തിനു പുതിയ നാല് ട്രെയ്‌ൻ സർവീസുകൾ കിട്ടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളും ഒരു പാസഞ്ചറും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയുണ്ടായി. നാഗർകോവിൽ- മംഗളൂരു, തിരുവനന്തപുരം- ചെർലാപ്പള്ളി (ഹൈദരാബാദ്), തിരുവനന്തപുരം- ചെന്നൈ താംബരം എന്നീ അമൃത് ഭാരത് എക്സ്പ്രസുകൾ പ്രതിവാര സർവീസായാണു നടത്തുന്നത്. ഇതിൽ ചെന്നൈയിലേക്കുള്ള ട്രെയ്‌ൻ നാഗർകോവിൽ, മധുര വഴിയാണ്. എങ്കിലും തിരുവനന്തപുരത്തും സമീപ ജില്ലകളിലുമുള്ളവർക്ക് ഉപകാരപ്പെടും. ഇന്ത്യൻ റെയ്‌ൽവേയുടെ ഏറ്റവും പുതിയ ട്രെയ്നാണ് അമൃത് ഭാരത് ശ്രേണിയിലുള്ളത്. സാധാരണക്കാരുടെ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുക എന്നതാണ് ഈ ട്രെയ്‌നുകളുടെ ലക്ഷ്യം. ഇതിലുള്ളതു മുഴുവൻ നോൺ എസി കോച്ചുകളാണ്. അതേസമയം, പുഷ്- പുൾ അടക്കം അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതുമാണ്. സ്ലീപ്പർ, ജനറൽ കോച്ചുകൾ ഈ ദീർഘദൂര ട്രെയ്‌നുകളിലുണ്ട്. 110 മുതൽ 130 വരെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കും. സാധാരണക്കാർക്കു താങ്ങാനാവുന്ന നിരക്കാണ് ഇതിന്. അതുകൊണ്ടു തന്നെ വലിയ സ്വീകാര്യത അമൃത് ഭാരത് എക്സ്പ്രസുകൾക്കു ലഭിക്കുന്നു. കൂടുതൽ വേഗവും ആഡംബരവും ആഗ്രഹിക്കുന്നവർക്കുള്ള വന്ദേ ഭാരത് ട്രെയ്‌നുകൾക്കു പിന്നാലെ അമൃത് ഭാരത് ട്രെയ്‌നുകൾ കൂടി കേരളത്തിലേക്ക് എത്തുന്നു എന്നതു യാത്രക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. തൃശൂർ- ഗുരുവായൂർ റൂട്ടിൽ പുതിയൊരു പാസഞ്ചർ കൂടി കിട്ടുന്നത് ക്ഷേത്ര ദർശനത്തിനു പോകുന്നവർക്ക് വളരെയേറെ ഉപകാരപ്രദമാവും.
റെയ്‌ൽവേ വികസനവുമായി ബന്ധപ്പെട്ട് ഇനിയും പല പദ്ധതികൾ കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. അതിവേഗ റെയ്‌ൽപ്പാത അതിലൊന്നാണ്. സംസ്ഥാന സർക്കാരിന്‍റെ സിൽവർ ലൈൻ പദ്ധതി തള്ളിക്കളഞ്ഞ റെയ്‌ൽവേ പക്ഷേ, അതിവേഗ റെയ്‌ൽപ്പാത എന്ന ആശയം തള്ളിയിട്ടില്ല എന്നാണ് അറിയുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ അതിവേഗ റെയ്‌ൽപ്പാത നിർമിക്കാൻ ആലോചിക്കുന്നു എന്നാണു പറയുന്നത്. ഇതിന്‍റെ ഡിപിആർ തയാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മെട്രൊ മാൻ ഇ. ശ്രീധരന്‍റെ നേതൃത്വവും ഇതിനുണ്ടാവും. ഇതുമായി ബന്ധപ്പെട്ട് ഡിഎംആർസിയുടെ ഓഫിസ് പൊന്നാനിയിൽ തുടങ്ങുകയാണെന്നും പറയുന്നുണ്ട്. മണിക്കൂറിൽ 200 കിലോ മീറ്റർ വേഗം ഉറപ്പാക്കുന്ന വിധത്തിലുള്ള പാതയാവും നിർമിക്കുക. എത്രയും വേഗം ഇതിന്‍റെ നടപടികളും പുരോഗമിച്ചു കാണാൻ കേരളം ആഗ്രഹിക്കുന്നുണ്ട്.