ധർമേന്ദ്ര ഇനി ആരാധക ഹൃദയങ്ങളിൽ

തന്‍റെ സിനിമകളിലൂടെ ധർമേന്ദ്ര ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല
Dharmendra special story

ധർമേന്ദ്ര

Updated on

കോടിക്കണക്കിന് ആരാധകരുടെ ഹൃദയത്തിലാണ് ഇനി ബോളിവുഡ് ഇതിഹാസം ധർമേന്ദ്രയ്ക്കു സ്ഥാനം. തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്നതിനു ദിവസങ്ങൾ മാത്രം ശേഷിക്കെ അദ്ദേഹം ഈ ലോകത്തുനിന്നു യാത്രയായിരിക്കുന്നു. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ ഒരു കാലഘട്ടത്തിന്‍റെ അന്ത്യം എന്ന നിലയിലാണ് ധർമേന്ദ്രയുടെ വിടവാങ്ങലിനെ രാജ്യം കാണുന്നത്. അഭിനയരംഗത്ത് തലമുറകൾക്കു പ്രചോദനമായ മാന്ത്രികൻ ഇനിയില്ലെന്നു ബോളിവുഡ് നിരാശയോടെ തിരിച്ചറിയുന്നു. അക്ഷയ് കുമാറും അജയ് ദേവ്ഗണും അല്ലു അർജുനും കരൺ ജോഹറും അടക്കമുള്ളവരുടെ അനുശോചനങ്ങളിൽ ആറര പതിറ്റാണ്ടു നീണ്ട ധർമേന്ദ്രയുടെ സിനിമാ ജീവിതത്തിന്‍റെ തിളക്കം ഓർമിക്കപ്പെടുന്നുണ്ട്. "സത്യകം' മുതൽ "ഷോലെ" വരെയുള്ള 300 സിനിമകളിലൂടെ ആരാധക ലക്ഷങ്ങളെ സമ്പാദിച്ച ധർമേന്ദ്ര ബോളിവുഡ് ഐക്കണായി അറിയപ്പെട്ടതു സ്വാഭാവികമായിരുന്നു.

തന്‍റെ സിനിമകളിലൂടെ ധർമേന്ദ്ര ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കുമെന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ബോളിവുഡിന്‍റെ ആത്മാവ് രൂപപ്പെടുത്തിയതിൽ അദ്ദേഹം വഹിച്ച പങ്ക് ആരും മറക്കാനും ഇടയില്ല. സിനിമാ ചരിത്രത്തിൽ സ്ഥാനം നേടുന്നതിനൊപ്പം "ഏറ്റവും നല്ല മനുഷ്യൻ' എന്ന പേര് ബോളിവുഡിൽ നേടിയെടുക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. അതുകൊണ്ടു തന്നെ സിനിമാ വ്യവസായത്തിലെ എല്ലാവരും അദ്ദേഹത്തെ ഇഷ്ടപ്പെട്ടിരുന്നു. പലരുടെയും ഓർമക്കുറിപ്പുകളിൽ അതു പരാമർശിക്കുന്നുമുണ്ട്. അദ്ദേഹം അഭിനയിച്ചതിൽ 74 സിനിമകൾ ഹിറ്റുകളായിട്ടുണ്ട്. ഇതില്‍ ഏഴു ബ്ലോക്ക്ബസ്റ്ററുകളും 13 സൂപ്പര്‍ ഹിറ്റുകളും ഉള്‍പ്പെടും. ഇത്രയേറെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടും സൂപ്പർ സ്റ്റാർ എന്നു വിളിക്കപ്പെടാതെപോയ നടനുമാണ് അദ്ദേഹം.

വെള്ളിത്തിരയില്‍ ഹീറോയിസത്തെയും വികാരങ്ങളെയും പുനര്‍നിര്‍വചിച്ച "ഹീ-മാൻ' എന്നാണ് ധർമേന്ദ്രയെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്‍റെ ആദ്യ സിനിമ 1960 നവംബര്‍ നാലിന് റിലീസ് ചെയ്ത "ദില്‍ ഭി തേരാ, ഹം ഭി തേരേ' ആണ്. 1961ല്‍ പുറത്തിറങ്ങിയ "ഷോ ഔര്‍ ഷബ്‌നം' നല്ല വിജയം നേടിയ ചിത്രമായി. 1964ല്‍ പുറത്തിറങ്ങിയ "ആയേ മിലന്‍ കി ബേല' ആദ്യ സൂപ്പര്‍ ഹിറ്റുമായി.1966ല്‍ പുറത്തിറങ്ങിയ "ഫൂല്‍ ഔര്‍ പഥര്‍' എന്ന ചിത്രത്തിലെ തകര്‍പ്പന്‍ വേഷത്തിലൂടെ ധര്‍മേന്ദ്ര മികച്ച നടനെന്ന ഖ്യാതി നേടി. 1963ല്‍ പുറത്തിറങ്ങിയ ബന്ദിനി, 1966ല്‍ ഇറങ്ങിയ "അനുപമ' എന്നിവയ്ക്കും ശേഷമാണ് 1969ല്‍ "സത്യകം' ഇറങ്ങുന്നത്. ഈ ചിത്രങ്ങളൊക്കെ ധര്‍മേന്ദ്രയെന്ന നടന്‍റെ ഇമോഷണല്‍ റേഞ്ചിന്‍റെ ആഴം വെളിപ്പെടുത്തുന്നതായിരുന്നു. പിന്നീടാണ് ഷോലെയും (1975), യാദോം കി ബാരാത്തും (1973), ധരം വീറും (1977), ദ ബേണിങ് ട്രെയ്‌നും (1980) പോലുള്ള ആക്‌ഷന്‍ ചിത്രങ്ങൾ പ്രേക്ഷകരുടെ മനസിൽ ഇടം പിടിക്കുന്നത്. ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഏറ്റവും വിജയകരമായ സിനിമകളിൽ ഒന്നാണു ഷോലെ. അതിന്‍റെ സുവർണ ജൂബിലി ഏതാനും മാസങ്ങൾക്കു മുൻപാണ് ആഘോഷിച്ചത്. ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും ധര്‍മേന്ദ്രയും നായക വേഷങ്ങളിലെത്തിയപ്പോൾ ധര്‍മേന്ദ്രയ്ക്കാണു കൂടുതല്‍ പ്രതിഫലം ലഭിച്ചത്. ചുപ്‌കെ ചുപ്‌കെ (1975), സീത ഔര്‍ ഗീത (1972), രാജാ ജാനി (1972) തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യവും ധര്‍മേന്ദ്രയ്ക്ക് അനായാസം വഴങ്ങുന്നതായിരുന്നു.

ധര്‍മേന്ദ്രയുടെ സിനിമാ ജീവിതം ഹിന്ദി സിനിമയുടെ തന്നെ നാള്‍വഴിയായി കണക്കാക്കുന്നവരുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് സാമൂഹിക നാടകങ്ങള്‍ മുതല്‍ ഇന്ത്യൻ സിനിമ കടന്നുവന്ന ഓരോ ഘട്ടത്തെയും ധർമേന്ദ്ര പ്രതിനിധാനം ചെയ്തു. രണ്ടായിരത്തിനു ശേഷമുള്ള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ "ലൈഫ് ഇന്‍ എ മെട്രോ', അപ്‌നെ, 2023ൽ പുറത്തിറങ്ങിയ റോക്കി ഔര്‍ റാണി കീ പ്രേം കഹാനി എന്നീ ചിത്രങ്ങളിൽ ധര്‍മേന്ദ്ര വേഷമിട്ടിരുന്നു. അദ്ദേഹം അവസാനമായി അഭിനയിച്ച "ഇക്കിസ്' ഡിസംബർ 25ന് തിയെറ്ററുകളിൽ എത്തുമെന്നാണു പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സിനിമയുടെ ക്യാരക്റ്റർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത് അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപാണ്. 2012ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ച ധർമേന്ദ്ര 2004ൽ രാജസ്ഥാനിലെ ബിക്കാനറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ഇന്ത്യൻ സിനിമയ്ക്കു ധർമേന്ദ്ര നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടും. പകരക്കാരനില്ലാത്തതിനാൽ ബോളിവുഡിൽ അദ്ദേഹത്തിന്‍റെ കസേര ഒഴിഞ്ഞുകിടക്കുകയും ചെയ്യും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com