
സാമൂഹികമായും സാംസ്കാരികമായും ഉയർന്ന നിലവാരം പുലർത്തുന്നുവെന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് അടുത്തകാലത്ത് സർവരെയും നടുക്കിയ നരബലികൾ ഉണ്ടായത്. ആഭിചാര ക്രിയകളിലൂടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാമെന്ന അപരിഷ്കൃത ചിന്ത ഇക്കാലത്തും അതിന്റെ ഏറ്റവും മോശമായ രീതിയിൽ കേരളത്തിൽ നിലനിൽക്കുന്നുവെന്നതു ഞെട്ടിക്കുന്നതു തന്നെയായിരുന്നു. പത്തനംതിട്ട ഇലന്തൂരിലെ ദമ്പതികൾ സമ്പത്തും ഐശ്വര്യവുമുണ്ടാകുന്നതിന് മന്ത്രവാദി ചമഞ്ഞയാളുടെ പ്രേരണയാൽ രണ്ടു സ്ത്രീകളെ ബലി നൽകിയെന്ന കണ്ടെത്തൽ അസ്വസ്ഥപ്പെടുത്താത്ത കുടുംബങ്ങൾ കേരളത്തിലുണ്ടാവുമോ? അതു കഴിഞ്ഞ ശേഷവും ഇത്തരം ദുർമന്ത്രവാദികൾക്ക് ഇവിടെ ഇടം കിട്ടുന്നു എന്നു വരുന്നത് എത്ര വിചിത്രമാണ്. കടമറ്റം നമ്പ്യാരുപടിയിലെ ദുർമന്ത്രവാദി കഴിഞ്ഞ ദിവസം പുത്തൻകുരിശ് പൊലീസിന്റെ പിടിയിലായ ശേഷം പുറത്തുവരുന്ന റിപ്പോർട്ടുകൾ എന്തുമാത്രം ആഴത്തിലാണ് അന്ധവിശ്വാസങ്ങൾ വേരോടിയിട്ടുള്ളത് എന്നു കാണിക്കുന്നുണ്ട്.
ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മുപ്പത്തെട്ടുകാരൻ തട്ടുകട നടത്തി നഷ്ടമായപ്പോൾ പണമുണ്ടാക്കാൻ കണ്ടെത്തിയ ജോലിയായിരുന്നു ജ്യോത്സ്യവും മന്ത്രവാദവുമത്രേ! ജ്യോതിഷാലയം നടത്തി നാലുവർഷമാണ് ഇയാൾ ആളുകളെ വഞ്ചിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് ഇടപെട്ട് ഒരിക്കൽ ജ്യോതിഷാലയം അടപ്പിച്ചെങ്കിലും വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ ഇയാൾ രക്ഷപെട്ടു എന്നാണു പറയുന്നത്. അയാൾ അങ്ങനെയൊരു "കട' തുറന്നുവച്ചു എന്നതിനെക്കാൾ ഞെട്ടിക്കുന്നത് സമൂഹത്തിലെ ഉന്നത ശ്രേണിയിൽപ്പെട്ട പലരും ഇവിടെ നിത്യ സന്ദർശകരായിരുന്നു എന്നു പറയുന്നതാണ്. രാത്രികാലങ്ങളിൽ മുന്തിയ വാഹനങ്ങളിൽ ആളുകൾ എത്താറുണ്ടായിരുന്നുവെന്നും രാത്രി വൈകിയും കോഴിവെട്ടും മണികൊട്ടും പൂജയും ആഭിചാര വേലകളും നടക്കാറുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നുണ്ട്. പൂജയ്ക്കു ശേഷം ഇറച്ചി കച്ചവടം ചെയ്യുന്നതിനു ശിങ്കിടികളും ഇയാൾക്കുണ്ടായിരുന്നുവത്രേ.
ദോഷം മാറ്റാനുള്ള പൂജയ്ക്കാണെന്നു പറഞ്ഞ് ഒരു പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിലാണ് ഒടുവിൽ ഇയാൾ പിടിയിലാവുന്നത്. ഓടി രക്ഷപെട്ട പെൺകുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. എത്രപേരെ ഏതൊക്കെ തരത്തിൽ ഇയാൾ കബളിപ്പിച്ചിട്ടുണ്ടാവണം. അതിനൊക്കെ നിന്നു കൊടുത്തവർ എത്രമാത്രം അന്ധവിശ്വാസികളും ആയിരുന്നിരിക്കണം. നരബലി സംഭവത്തിനു ശേഷവും ദുർമന്ത്രവാദത്തിൽ വിശ്വസിച്ച് ഇത്തരം കള്ളനാണയങ്ങളുടെ കെണിയിൽ അകപ്പെടാൻ ആളെക്കിട്ടുന്നു എന്നത് ഏറെ ദുഃഖകരമാണ്. ആഭിചാര ക്രിയകളുടെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നവർക്കെതിരേ അതിശക്തമായ നടപടി തന്നെ സംസ്ഥാനമൊട്ടുക്കും ഉണ്ടാവണം.
മാവേലിക്കരയിൽ യുവതിയെ "ജിന്ന്' ബാധിച്ചെന്ന് ആരോപിച്ച് ഒഴിപ്പിക്കുന്നതിനായി മന്ത്രവാദം നടത്തിയ സംഭവത്തിൽ ഭർത്താവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തതു കഴിഞ്ഞ മാസമാണ്. മന്ത്രവാദത്തിനിടെ യുവതിയെ വാൾ ഉപയോഗിച്ചു മുറിപ്പെടുത്താൻ വരെ ശ്രമിച്ചു എന്നാണു പറയുന്നത്. മറ്റു രണ്ടു തവണ അതിക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചു. മർദനം സഹിക്കാതെ വന്നപ്പോഴായിരുന്നു യുവതി പൊലീസിനെ സമീപിച്ചത്. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്ന് സമീപവാസികളെ പറഞ്ഞുവിശ്വസിപ്പിച്ച ശേഷമാണു പരിഹാരമായി ദുർമന്ത്രവാദം നടത്തിയിരുന്നതത്രേ!
തിരുവനന്തപുരം വെള്ളായണിയിൽ ദുർമന്ത്രവാദി ഒരു കുടുംബത്തിന്റെ 55 പവൻ സ്വർണവും ഒന്നര ലക്ഷം രൂപയും കബളിപ്പിച്ചെടുത്ത വാർത്ത പുറത്തുവന്നതും അടുത്തിടെയായിരുന്നല്ലോ. വീട്ടിലുണ്ടായ ദുർമരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുടുംബം പൂജയ്ക്കായി ഒരു ആൾ ദൈവത്തെ സമീപിച്ചത്. സ്വർണവും പണവും പൂജാമുറിയിലെ അലമാരയിൽ വച്ചു പൂട്ടുകയും ആ മുറിയിൽ ദേവിയും കരിനാഗവുമുണ്ടെന്നു വിശ്വസിപ്പിക്കുകയും ചെയ്താണ് കബളിപ്പിക്കൽ നടത്തിയത്. അലമാര തുറക്കാൻ വീട്ടുകാർ ഭയപ്പെട്ടതിനാൽ സ്വർണവും പണവും തട്ടിയെടുത്തത് അറിയാൻ വൈകുകയായിരുന്നു.
2013ൽ ദുർമന്ത്രവാദ നിർമാർജന നിയമം പ്രാബല്യത്തിൽ വന്ന സംസ്ഥാനമാണു മഹാരാഷ്ട്ര. എന്നിട്ടും അവിടെയും ഇതൊന്നും പൂർണമായി അവസാനിപ്പിക്കാനായിട്ടില്ല എന്നതാണു വസ്തുത. കുട്ടികളുണ്ടാവുന്നതിന് ഇരുപത്തെട്ടുകാരിയെ നിർബന്ധിച്ച് മനുഷ്യന്റെ അസ്ഥി പൊടിച്ച് വെള്ളത്തിൽ കലർത്തി കുടിപ്പിച്ച വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നതു പൂനെയിൽ നിന്നാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ദുർമന്ത്രവാദം നടത്തിയ സ്ത്രീയും അറസ്റ്റിലായിട്ടുണ്ട്. നിയമം കൊണ്ടു മാത്രം ദുർമന്ത്രവാദികളെ തീർത്തും ഒഴിവാക്കാനാവില്ല എന്നതാണ് ഇതിൽ തെളിയുന്നത്. അപ്പോഴും കുറ്റക്കാർക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കാൻ ശക്തമായൊരു നിയമം കേരളത്തിലും കൊണ്ടുവരണമെന്ന ആവശ്യം അവഗണിക്കേണ്ടതല്ല. ആഭിചാര കൊലപാതകങ്ങളും അനാചാരങ്ങളും തടയാനുള്ള നിയമം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് നരബലി സംഭവം പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന ഭരണപക്ഷത്തുനിന്നു തന്നെ ആവശ്യമുയർന്നത്. അനാചാരങ്ങൾക്കെതിരേ ബഹുജന മുന്നേറ്റം, ബോധവത്കരണം എന്നൊക്കെ പറഞ്ഞുകേട്ടെങ്കിലും അതൊക്കെ എത്രമാത്രം നടപ്പിലായെന്ന് ഓർക്കേണ്ടതാണ്.