ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയരുത് | മുഖപ്രസംഗം

കുറ്റക്കാരായി ചൂണ്ടിക്കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്
ഭക്ഷ്യസുരക്ഷയിൽ വിട്ടുവീഴ്ചയരുത് | മുഖപ്രസംഗം

സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ഓഫിസുകളിൽ ഏതാനും ദിവസം മുൻപ് വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകളാണു കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യുന്ന കച്ചവടക്കാരെ കണ്ടെത്തിയാലും അവർക്കെതിരേ നടപടിയെടുക്കാതിരിക്കുന്ന ചില ഉദ്യോഗസ്ഥർ വകുപ്പിലുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാരെ സംരക്ഷിക്കുന്നവർക്ക് അതിനു തക്ക “സമ്മാനങ്ങളും’ ലഭിക്കുന്നുണ്ടാവണം. അങ്ങനെ ക്രമക്കേടു കാണിക്കുന്നവരും അതു പിടിക്കേണ്ടവരും ചേർന്ന് ഉപയോക്താക്കളെ വഞ്ചിക്കുകയാണ്. എത്ര ഗുരുതരമായ കുറ്റമാണ് ഈ ഉദ്യോഗസ്ഥർ കാണിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിക്കേണ്ടിവരുന്ന ജനങ്ങൾക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല, തങ്ങളുടെ താത്പര്യങ്ങളാണു മുഖ്യം എന്നു കരുതുന്ന ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. സാധാരണ ഉപയോക്താക്കളെ മായം കലർന്ന ഭക്ഷണം വീണ്ടും വീണ്ടും കഴിപ്പിക്കുന്നവരാണല്ലോ അവർ.

ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ 67 ഓഫിസുകളിലാണു വിജിലൻസ് പരിശോധന നടത്തിയത്. അതുകൊണ്ടു തന്നെ കണ്ടെത്തിയ ക്രമക്കേടുകൾ ഒറ്റപ്പെട്ടതെന്നു പറയാനാവില്ല. ഒരിടത്ത് പരിശോധനയ്ക്കെത്തിയപ്പോൾ ഓഫിസ് തന്നെ പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തിയത്രേ! മറ്റൊരു ഓഫിസിൽ സാംപിളുകൾ സൂക്ഷിച്ചിരുന്നത് കേടായ ഫ്രിഡ്ജിലാണ്. ഹോട്ടൽ, റിസോർട്ട് ഉടമകളിൽ നിന്ന് ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി പണം സ്വീകരിച്ചതാണു മറ്റൊന്ന്. ചെറുകിടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകി വൻകിടക്കാരെ സഹായിക്കുന്ന ഉദ്യോഗസ്ഥരുള്ള ഓഫിസുകളും കണ്ടെത്തി. 12 ലക്ഷത്തിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ളവർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകേണ്ട ലൈസൻസിനു പകരമാണ് ചെറുകിടക്കാർക്കുള്ള രജിസ്ട്രേഷൻ നൽകി അവരെ സഹായിക്കുന്നത്. ഇതുവഴി വലിയ നഷ്ടമുണ്ടാകുന്നത് സർക്കാർ ഖജനാവിനാണ്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ചെറുകിട ഹോട്ടലുകാർക്ക് സർക്കാർ നൽകുന്ന സൗജന്യ പരിശീലനം വൻകിട ഹോട്ടലുകളിലെ ജീവനക്കാർക്കു സൗജന്യമായി നൽകുന്നതും വിജിലൻസ് കണ്ടെത്തി. നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടികൂടിയിട്ടും പരിശോധനാ ഫലവും ബന്ധപ്പെട്ട ഫയലുകളും പൂഴ്ത്തിവച്ച് തട്ടിപ്പുകാരെ സഹായിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ പലവിധത്തിലാണ് ഉദ്യോഗസ്ഥർ വഴിവിട്ട പ്രവർത്തനങ്ങൾ നടത്തുന്നത്. വകുപ്പിൽ തന്നെയുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കൂടി പേരു ചീത്തയാക്കുകയാണ് ഇത്തരക്കാർ. അവരെ കയറൂരി വിട്ടുകൊണ്ടിരുന്നാൽ ഭക്ഷ്യസുരക്ഷ വാക്കുകളിൽ മാത്രം ഒതുങ്ങിനിൽക്കുമെന്ന് ഉറപ്പാണ്.

മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വ്യാപകമായ കാലമാണിത്. ഹോട്ടലുകളിൽ നിന്നു ഭക്ഷ്യവിഷബാധയുണ്ടാവുന്നതും ഷവർമ കഴിച്ച് മരണമടയുന്നതും വരെ കണ്ടുകഴിഞ്ഞു. പുറത്തുനിന്നു കൊണ്ടുവരുന്ന പല ഭക്ഷ്യവസ്തുക്കളിലും വിഷാംശം കലർന്നിട്ടുണ്ടെന്നും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ പരിശോധനയും സാംപിൾ ശേഖരണവും സാംപിൾ പരിശോധനയുമൊക്കെ കുറ്റമറ്റ രീതിയിലാക്കിയില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്കു സാധ്യതയുള്ളതാണ്. ആവശ്യത്തിനു ജീവനക്കാരില്ലാത്തതടക്കം പരിമിതികൾ ഈ വകുപ്പിനുണ്ട്. എല്ലാം കൃത്യമായി നോക്കാൻ വകുപ്പിനാവുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ആയിരക്കണക്കിനു ഭക്ഷണശാലകൾ ഇവിടെയുണ്ട്. വീട്ടിലിരിക്കുന്നവരും ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നതാണു പുതിയ കാലഘട്ടം. അതിനനുസരിച്ച് പുതിയ ഹോട്ടലുകളും തുറന്നുകൊണ്ടിരിക്കുന്നുണ്ട്. എല്ലായിടത്തും വേണ്ടപോലെ പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പിനു സൗകര്യങ്ങളില്ല. ദുരന്തങ്ങളുണ്ടാകുമ്പോൾ മാത്രമാണു പരിശോധനകൾ കാര്യക്ഷമമാവുന്നതെന്ന ആക്ഷേപം നേരത്തേ തന്നെയുള്ളതാണ്. ഇത്തരത്തിൽ ആവശ്യത്തിൽ കൂടുതൽ പരിമിതികളുള്ളപ്പോഴാണ് ഉള്ള ഓഫിസുകൾ തന്നെ തട്ടിപ്പുകൾക്കു കൂട്ടുനിൽക്കുന്നത്.

എന്തായാലും ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് സമർപ്പിക്കുന്ന റിപ്പോർട്ട് വളരെ ഗൗരവത്തിൽ സർക്കാർ കാണേണ്ടതുണ്ട്. കുറ്റക്കാരായി ചൂണ്ടിക്കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുമുണ്ട്. കാലം ആവശ്യപ്പെടുന്ന കാര്യക്ഷമത ഭക്ഷ്യസുരക്ഷാ വകുപ്പിൽ അടിയന്തരമായി ഉറപ്പാക്കണം. ആവശ്യമായ അത്രയും സാംപിളുകൾ ശേഖരിക്കാൻ പോലും മെനക്കെടാത്തവരുണ്ട് എന്നാണ് വിജിലൻസ് വൃത്തങ്ങൾ പറയുന്നത്. നിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാതിരിക്കുക, ഫയലുകൾ വച്ച് താമസിപ്പിച്ച് നിലവാരം കുറഞ്ഞവ വിറ്റുപോകുന്നതിന് അവസരം നൽകുക, കുറ്റക്കാരെ പ്രോസിക്യൂഷൻ നടപടികളിൽ നിന്നു രക്ഷപെടുത്തുക തുടങ്ങിയ നടപടികൾ സമൂഹത്തോടു ചെയ്യുന്ന വഞ്ചനയാണ്.

Trending

No stories found.

Latest News

No stories found.