കേന്ദ്ര സഹായത്തിനുള്ള നടപടികൾ വൈകരുത് | മുഖപ്രസംഗം

മാനസികാഘാതത്തിൽ നിന്നു തിരിച്ചുവരാനുള്ള വൈദ്യസഹായം മുതൽ വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിന് വീടും തൊഴിലും വരെ എല്ലാം നഷ്ടപ്പെട്ടവർക്കായി ഒരുക്കേണ്ടതുണ്ട്.
Do not delay the steps for central assistance wayanad landslide editorial
കേന്ദ്ര സഹായത്തിനുള്ള നടപടികൾ വൈകരുത് | മുഖപ്രസംഗം
Updated on

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം സർവവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന ജനങ്ങൾക്ക് വലിയ പ്രതീക്ഷകളാണു നൽകിയിരിക്കുന്നത്. ദുരന്തബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാംപുകളും സന്ദർശിച്ച മോദി ജനങ്ങളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞിട്ടുണ്ട്. ഇനിയെങ്ങനെ ജീവിക്കുമെന്നറിയാതെ പ്രധാനമന്ത്രിക്കു മുന്നിൽ കണ്ണീരോടെ നിന്നവരും തങ്ങളുടെ ഗതികേട് വിവരിച്ചവരും വാക്കുകൾ കിട്ടാതെ വിതുമ്പിയവരും സഹാനുഭൂതിയോടെ ചേർത്തുപിടിച്ച് എല്ലാം കേൾക്കുന്ന മോദിയെയാണു കണ്ടത്. ഉരുളിന്‍റെ ദൃശ്യങ്ങൾ ഇപ്പോഴും കണ്ണിൽ നിന്നു മായാത്തതിനാൽ ഉറങ്ങാൻ പോലും കഴിയാത്തവർ ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ബന്ധുക്കളും വീടും ഇതുവരെയുള്ള എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ടവരുണ്ട്. എല്ലാം ചോദിച്ചറിഞ്ഞ പ്രധാനമന്ത്രി വലിയ ആശ്വാസമാണ് പകർന്നു നൽകിയതെന്ന് അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിച്ചവർ പറയുന്നുണ്ട്.

ദുരന്തബാധിതരുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാൻ കേന്ദ്രത്തിന്‍റെ സഹായം വാഗ്ദാനം ചെയ്താണ് പ്രധാനമന്ത്രി വയനാട്ടിൽ നിന്നു മടങ്ങിയത്. മാനസികാഘാതത്തിൽ നിന്നു തിരിച്ചുവരാനുള്ള വൈദ്യസഹായം മുതൽ വീണ്ടും ജീവിതം കെട്ടിപ്പടുക്കുന്നതിന് വീടും തൊഴിലും വരെ എല്ലാം നഷ്ടപ്പെട്ടവർക്കായി ഒരുക്കേണ്ടതുണ്ട്. അതു രാജ്യത്തിനു മുന്നിലുള്ള വലിയ ഉത്തരവാദിത്വമാണ്. ഇക്കാര്യത്തിൽ ചെയ്യാവുന്ന മുഴുവൻ സഹായവും പ്രധാനമന്ത്രിയിൽ നിന്നു കേരളം പ്രതീക്ഷിക്കുകയാണ്. വയനാട് കലക്റ്ററേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും സാധ്യമായ എല്ലാ സഹായവും നൽകുമെന്നാണു മോദി പറഞ്ഞത്. പുനരധിവാസത്തിനു പണം തടസമാവില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് യാഥാർഥ്യമായി കാണാൻ കേരളം ആഗ്രഹിക്കുന്നു.

ഉരുൾപൊട്ടലിന്‍റെ വ്യാപ്തി സംബന്ധിച്ചു വിശദമായ കണക്കുകൾ സഹിതമുള്ള മെമ്മോറാണ്ടം സമർപ്പിക്കാനാണ് പ്രധാനമന്ത്രി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തകർന്ന വീടുകൾ എത്ര, മറ്റു നാശനഷ്ടങ്ങൾ എത്ര, പുനരധിവാസം ഏതു രീതിയിലാണു നടത്തുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ മെമ്മോറാണ്ടത്തിൽ കൃത്യമായി വിശദീകരിക്കേണ്ടതുണ്ട്. നടപടിക്രമ‍ങ്ങളുടെ ഭാഗമാണിത്. ഈ മെമ്മോറാണ്ടം അനുസരിച്ചാവും സംസ്ഥാനത്തിനുള്ള സഹായം പ്രഖ്യാപിക്കാൻ പോകുന്നത് എന്നുവേണം ധരിക്കാൻ. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്കു സംസ്ഥാന സർക്കാർ കടന്നിട്ടുണ്ടെന്നാണു സൂചന. റവന്യൂവും കൃഷിയും മൃഗസംരക്ഷണവും വൈദ്യുതിയും പൊതുമരാമത്തും തുടങ്ങി വിവിധ വകുപ്പുകൾ നഷ്ടങ്ങളെക്കുറിച്ചു വിശദമായ റിപ്പോർട്ടുകൾ തയാറാക്കേണ്ടതുണ്ട്. അതിന്‍റെയെല്ലാം അടിസ്ഥാനത്തിലാവണമല്ലോ കേന്ദ്രത്തിനു സമർപ്പിക്കാനുള്ള റിപ്പോർട്ട് തയാറാക്കുക. ഒട്ടും സമയം കളയാതെ നമ്മുടെ ആവശ്യങ്ങൾ കാര്യകാരണ സഹിതം ബോധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥതലത്തിലും രാഷ്ട്രീയ നേതൃത്വത്തിലും ആത്മാർഥമായ ശ്രമമുണ്ടാവണം. പുനർനിർമാണത്തിന് 2,000 കോടിയും നഷ്ടപരിഹാരത്തിന് 1,200 കോടിയും രൂപ വേണ്ടിവരുമെന്നാണു പ്രാഥമികമായി കണക്കാക്കിയിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. അന്തിമ റിപ്പോർട്ട് തയാറായ ശേഷം അതിന്‍റെ അടിസ്ഥാനത്തിൽ ലെവൽ മൂന്ന് ദേശീയ ദുരന്തമായി കണക്കാക്കി അതിനനുസരിച്ചുള്ള സഹായം വയനാടിനു കിട്ടേണ്ടതാണ്.

മറ്റു പല സംസ്ഥാനങ്ങളിലും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോൾ നൽകിയതുപോലുള്ള സഹായം കേരളത്തിനു കിട്ടിയിട്ടില്ലെന്ന പരാതി നിലവിലുണ്ട്. ഈ സാമ്പത്തിക വർഷം പ്രകൃതി ദുരന്തങ്ങൾ നേരിടാൻ കേന്ദ്രം ഏറ്റവും കൂടുതൽ തുക അനുവദിച്ചത് മഹാരാഷ്ട്രയ്ക്കാണ്. മുൻവർഷങ്ങളിലെ നീക്കിയിരിപ്പ് അടക്കം 2,984 കോടി രൂപ കേന്ദ്ര സർക്കാർ അവർക്കു നൽകിയിട്ടുണ്ട്. ഉത്തർപ്രദേശിന് 1,791 കോടിയും മധ്യപ്രദേശിന് 1,686 കോടിയും രാജസ്ഥാന് 1,372 കോടിയും ഒഡീഷയ്ക്ക് 1,485 കോടിയും ഗുജറാത്തിന് 1,226 കോടിയും അനുവദിച്ചു. ഉത്തരഖണ്ഡിന് 868 കോടി, തമിഴ്നാടിന് 944 കോടി, കർണാടകയ്ക്ക് 732 കോടി എന്നിങ്ങനെയാണു ലഭിച്ചത്. എന്നാൽ, കേരളത്തിനു പ്രകൃതി ദുരന്തം നേരിടാൻ അനുവദിച്ചത് 291 കോടി രൂപ മാത്രമാണ്. കാലാവസ്ഥാ വ്യതിയാനം വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങൾക്കു കാരണമാവുന്ന സാഹചര്യമാണ് ഇപ്പോൾ കേരളത്തിലുള്ളത്. അപ്രതീക്ഷിത പ്രകൃതി ക്ഷോഭങ്ങൾ നേരിടാൻ പ്രത്യേകമായ കേന്ദ്ര സഹായം തന്നെ സംസ്ഥാനത്തിന് ആവശ്യമായി വന്നിരിക്കുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനും പഠനത്തിനും ദുരന്ത സാധ്യതകൾ മുൻകൂട്ടി കാണാനും കഴിയുന്ന അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതടക്കം കാര്യങ്ങളിൽ കേന്ദ്രം കേരളത്തെ പ്രത്യേകമായി പരിഗണിക്കേണ്ടതുണ്ട്.

Trending

No stories found.

Latest News

No stories found.