

കേരള പബ്ലിക് സർവീസ് കമ്മിഷൻ
സംസ്ഥാനത്തെ ലക്ഷക്കണക്കിനു യുവാക്കൾ സർക്കാർ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനുള്ള പരിശ്രമങ്ങളിൽ മുഴുകി കഴിയുകയാണ്. തൊഴിലവസരങ്ങൾ സംബന്ധിച്ച് ഓരോ തവണ കേരള പബ്ലിക് സർവീസ് കമ്മിഷൻ (പിഎസ്‌സി) വിജ്ഞാപനം ഇറക്കുമ്പോഴും എത്ര വലിയ പ്രതീക്ഷയോടെയാണ് തൊഴിൽ തേടുന്ന യുവാക്കൾ അതിനെ സമീപിക്കുന്നത്. ഓരോ തസ്തികയിലും അർഹതയുള്ളവർക്കു മാത്രം ജോലി ലഭിക്കുന്നു എന്നുറപ്പാക്കാനുള്ള ബാധ്യത അതുകൊണ്ടുതന്നെ പിഎസ്‌സിക്കുണ്ട്. രാഷ്‌ട്രീയ സ്വാധീനങ്ങളോ മറ്റേതെങ്കിലും വിധത്തിലുള്ള സമ്മർദങ്ങളോ അർഹരായവരെ നിശ്ചയിക്കുന്നതിൽ ഘടകമായിക്കൂടെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നേരായ വഴി ഉപേക്ഷിച്ച് പിന്നാമ്പുറങ്ങളിലൂടെ സർക്കാർ ജോലികളിൽ ആരെങ്കിലും എത്തിപ്പെട്ടാൽ അതുവഴി അവസരം നഷ്ടമാവുന്നത് അതിനുവേണ്ടി വർഷങ്ങളായി തയാറെടുപ്പുകൾ നടത്തിവന്ന, എല്ലാവിധ അർഹതയുമുള്ളവർക്കാണ്. ഒരു തരത്തിലും ന്യായീകരിക്കാവുന്നതോ അംഗീകരിക്കാവുന്നതോ അല്ല അത്.
പിഎസ്‌സിയിൽ അന്യായമായ നീക്കങ്ങൾക്കു കുടപിടിക്കുന്നവരുണ്ടെങ്കിൽ അവരെയെല്ലാം ഈ സംവിധാനത്തിന്‍റെ പടിക്കു പുറത്താക്കേണ്ടതാണ്. കള്ളത്തരങ്ങൾ കാണിച്ചവർക്കെതിരേ കർശനമായ നടപടിയെടുക്കുന്നതിൽ ഒരമാന്തവും ഉണ്ടായിക്കൂടാ. നൂറു ശതമാനവും ശരിയായ വിധത്തിലാണ് പിഎസ്‌സിയുടെ പ്രവർത്തനങ്ങളെന്നു സർക്കാർ ഉറപ്പാക്കണം. അർഹത മാത്രമാവണം സർക്കാർ ജോലിയുടെ മാനദണ്ഡം. പിഎസ്‌സി നടത്തുന്ന പരീക്ഷകളുടെ മൂല്യനിർണയത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നു എന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. യോഗ്യതയുള്ളവരെ പുറന്തള്ളി തങ്ങൾക്കു താത്പര്യമുള്ളവരെ തിരുകിക്കയറ്റാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുവെന്ന് ആരോപണം ഉയരുന്നുണ്ട്. എല്ലാം അന്വേഷിക്കപ്പെടേണ്ടതാണ്. കുറ്റക്കാരെ സംരക്ഷിക്കുന്നതാവില്ല ആ അന്വേഷണം എന്ന് ഉറപ്പാക്കേണ്ടതുമാണ്. ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള ആക്ഷേപത്തെക്കുറിച്ച് പിഎസ്‌സി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണം ആഭ്യന്തര വിജിലൻസിന്‍റേതാണ്. ആഭ്യന്തര അന്വേഷണം മതിയോ എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. കണ്ണിൽ പൊടിയിടാനുള്ള നീക്കം മാത്രമായി ഈ അന്വേഷണം മാറരുത്. നിയമനങ്ങളിലുള്ള ക്രമക്കേടുകളെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനു നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ട്. കമ്മിഷന്‍റെ വിശ്വാസ്യതയിൽ എത്രമാത്രമാണ് ഇടിവു സംഭവിക്കുന്നത് എന്നാണ് ഇതു കാണിക്കുക.
ആസൂത്രണ ബോർഡിലെ മൂന്ന് ചീഫ് ലെവൽ തസ്തികകളിലേക്കുള്ള നിയമനങ്ങൾക്കു പിഎസ്‌സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ വീഴ്ച സംഭവിച്ചുവെന്നാണു കണ്ടെത്തിയിരിക്കുന്നത്. 100 മാർക്കിനുള്ള പരീക്ഷയിൽ 58 മാർക്കിനുള്ള ഉത്തരങ്ങളും പിഎസ്‌സി പരിശോധിച്ചില്ല. 228 ഉദ്യോഗാർഥികളാണ് ഉണ്ടായിരുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഓൺ സ്ക്രീൻ മാർക്കിങ് വഴിയായിരുന്നു. ഒമ്പതു മുതൽ 18 വരെയുള്ള ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. മൂല്യനിർണയത്തിൽ പരാതിയുള്ളവർ ഉത്തരക്കടലാസിന്‍റെ പകർപ്പിനായി അപേക്ഷ നൽകിയെങ്കിലും ഒരു വർഷത്തോളമെടുത്താണ് പിഎസ്‌സി അതു നൽകിയത്. ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്‍റെ പകർപ്പു പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ക്രമക്കേടു വെളിച്ചത്തുവന്നത്. ഇതിനിടെ വിവാദ റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശയും നൽകി. ഇടതുപക്ഷ സംഘടനയുടെ സജീവ പ്രവർത്തകനാണ് ഒന്നാം റാങ്കിൽ എത്തിയതത്രേ. ഒഴിവാക്കിയ 10 ചോദ്യങ്ങളുടെ ഉത്തരം പരിഗണിച്ചിരുന്നുവെങ്കിൽ റാങ്ക് പട്ടികയിൽ മാറ്റം വരുമായിരുന്നു. ആരുടെ താത്പര്യം സംരക്ഷിക്കാനാണ് പിഎസ്‌സി ഈ ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത് എന്നാണു കണ്ടെത്തേണ്ടത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ റാങ്ക് പട്ടിക റദ്ദാക്കാനും പുനർമൂല്യ നിർണയം നടത്താനും പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. അപ്പോഴും എന്തുകൊണ്ട് ഇത്തരത്തിൽ മൂല്യനിർണയം നടന്നു എന്നതിൽ ദുരൂഹത തുടരുകയാണ്.
ഒന്നേകാൽ ലക്ഷം രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ഉയർന്ന പദവികളിലേക്കാണു ക്രമക്കേട് ആരോപിക്കപ്പെടുന്ന പരീക്ഷ നടന്നത്. സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ), ചീഫ് (പെഴ്സ്പെക്റ്റീവ് പ്ലാനിങ്), ചീഫ് (പ്ലാനിങ് കോർഡിനേഷൻ) എന്നിവയായിരുന്നു ഈ തസ്തികകൾ. പിഎസ്‌സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കിക്കൊണ്ട് പിൻവാതിൽ നിയമനങ്ങൾ വൻതോതിൽ നടക്കുന്നു എന്ന ആക്ഷേപം എൽഡിഎഫ് സർക്കാരിന്‍റെ കാലത്തു കേൾക്കേണ്ടിവന്നിട്ടുണ്ട്. ആയിരക്കണക്കിനാളുകൾക്കു പലവിധ സ്വാധീനങ്ങളാൽ പിൻവാതിൽ നിയമനങ്ങൾ ലഭിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറി കാത്തിരിക്കുന്നവർ കബളിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടായി. പിൻവാതിൽ നിയമനങ്ങൾക്കെതിരേ ഇന്നത്തെ ഭരണപക്ഷമായ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവും അന്ന് ഉണ്ടായിട്ടുണ്ട്. പിഎസ്‌സിയുടെ വിലകളയുന്ന നടപടികൾക്കെതിരേ രംഗത്തുവന്നവരാണ് ഇന്നു ഭരിക്കുന്നത് എന്നതിനാൽ ഓരോ പരാതികളും അവർ അതിന്‍റെ ഗൗരവത്തിൽ കാണണം. രാഷ്‌ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് പിഎസ്‌സിയെ ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കരുത്.